ചെലവ് ചുരുക്കല്‍ (Cost Cutting) എന്ന തന്ത്രം നടപ്പിലാക്കേണ്ടത് ബിസിനസ് മോശമാകുന്ന അവസ്ഥയിലാണ് എന്ന കാഴ്ചപ്പാട് സംരംഭകര്‍ക്കുണ്ട്. വില്പന കുറയുന്ന സന്ദര്‍ഭങ്ങളിലും ചെലവുകള്‍ നിയന്ത്രണങ്ങള്‍ ഭേദിച്ച് കുതിച്ചുയരുന്ന സമയങ്ങളിലും ഗൗരവകരമായി കണക്കിലെടുക്കുന്ന ഒരു തന്ത്രമാണ് ചെലവ് ചുരുക്കല്‍. ഇത്തരത്തിലൊരു ചിന്ത തന്നെ മനസ്സില്‍ ഉടലെടുക്കുന്നത് പ്രതികൂലമായ ബിസിനസ് സന്ദര്‍ഭങ്ങളിലാണ്. യഥാര്‍ത്ഥത്തില്‍ ചെലവ് ചുരുക്കല്‍ പ്രതികൂല കാലാവസ്ഥകളില്‍ മാത്രം സ്വീകരിക്കേണ്ട ഒരു തന്ത്രമല്ല മറിച്ച് വളരെ അനുകൂലമായ കാലാവസ്ഥകളിലും അനുവര്‍ത്തിക്കേണ്ട ഒരു സംസ്‌ക്കാരമാണ്.
വിജയകരമായും ലാഭകരമായും ഒരു ബിസിനസ് മുന്നോട്ട് പോകുമ്പോള്‍ ചെലവ് ചുരുക്കല്‍ സംരംഭകരുടെ അജണ്ടയിലില്ല. ഇവിടെ ശ്രദ്ധ വില്പനയിലും ലാഭത്തിലുമാണ്. ബിസിനസ് ഇത്തരത്തില്‍ സമൃദ്ധിയായി മുന്നോട്ട് പോകും എന്ന ആത്മവിശ്വാസത്തിലാണ് നാം. പലപ്പോഴും ചെലവ് ചുരുക്കല്‍ ഇത്തരം അവസരങ്ങളില്‍ നിഷേധപ്രതികരണം ഉളവാക്കുമോ എന്ന് സംരംഭകര്‍ ഭയപ്പെടുന്നു. അനാവശ്യ നിയന്ത്രണങ്ങള്‍ ബിസിനസിന്റെ സുഗമമായ ഒഴുക്കിനെ തടയുമോ എന്ന് സന്ദേഹപ്പെടുന്നു. നന്നായി നടക്കുന്ന ഒരു ബിസിനസില്‍ ചെലവ് ചുരുക്കല്‍ മനസ്സിലേക്ക് കടന്നു വരുന്നില്ല എന്നതാണ് വാസ്തവം. ചെലവ് ചുരുക്കലും (Cost Cutting) ചെലവ് നിയന്ത്രണവും (Cost Control) ചില പ്രത്യേക സന്ദര്‍ഭങ്ങളില്‍ മാത്രം പ്രയോഗിക്കേണ്ട തന്ത്രമല്ല മറിച്ച് അതിലൂന്നിയ ഒരു ബിസിനസ് സംസ്‌ക്കാരം രൂപപ്പെടേണ്ടതുണ്ട്. ഇതിലൂടെ ഭാവിയില്‍ വളര്‍ച്ചയ്ക്ക് പിന്‍തുണയാവുന്ന നീക്കിയിരിപ്പ് (Savings) സംഘടിപ്പിക്കുവാന്‍ സംരംഭകര്‍ക്കാവും.
ചെലവ് ചുരുക്കല്‍ എന്ന തന്ത്രം
ബിസിനസ് ലാഭകരമായി മുന്നോട്ട് പോകുന്നുണ്ടോ. എങ്കില്‍ ചെലവ് ചുരുക്കല്‍ എന്ന തന്ത്രം വിജയകരമായി പരീക്ഷിക്കുവാന്‍ പറ്റിയ സമയം ഇതു തന്നെയാണ്. പരമാവധി കുറഞ്ഞ ചെലവില്‍ കൂടുതല്‍ ലാഭം നേടുക എന്നതാണ് ബിസിനസിന്റെ വിജയമന്ത്രം. ബിസിനസ് ലാഭം കൊയ്യുമ്പോള്‍ പലപ്പോഴും ചെലവുകള്‍ ചരട് പൊട്ടിയ പട്ടം പോലെയാകുന്നു. നിയന്ത്രണരേഖകള്‍ കടന്ന് അതു കുതിച്ചുയരുന്നു. ബിസിനസിന്റെ മോശം സമയത്ത് ഇവ നിയന്ത്രണത്തിലാക്കുകയോ കുറക്കുകയോ ചെയ്യുന്നത് വളരെ ക്ലേശകരമായ പ്രവര്‍ത്തിയായി മാറുന്നു. എന്നാല്‍ തികച്ചും നിയന്ത്രിതമായ രീതിയില്‍ ചെലവുകള്‍ മുന്നോട്ട് കൊണ്ടുപോയാല്‍ ഏതൊരവസ്ഥയിലും ബിസിനസിന്റെ വിജയത്തിന് പിന്നിലെ ശക്തമായ ഒരു തന്ത്രമായി അത് നിലകൊള്ളും.
വരുമാനവും നിക്ഷേപവും പരസ്പര പൂരകങ്ങളാണ്
വരുമാനം ഉയരുമ്പോള്‍ ആനുപാതികമായി ബിസിനസിലെ നിക്ഷേപത്തിനും മാറ്റം വരുന്നു. കൂടുതല്‍ വരുമാനം നേടുവാനായി കൂടുതല്‍ നിക്ഷേപം (Investment) ആവശ്യമാണ്. വില്പന ഉയരുമ്പോള്‍ അതിനാനുപാതികമായി ഉത്പാദനവും, സ്റ്റോക്കും, ഡെബ്‌റ്റേഴ്‌സും ഉയരുന്നു.
സ്ഥാപനത്തിന്റെ മൊത്തം ചെലവുകളില്‍ ശക്തമായ സ്വാധീനമാണ് വില്പന ചെലുത്തുന്നത്. ചെലവുകളില്‍ വര്‍ദ്ധനവ് ഇല്ലാതെ വില്പന വര്‍ദ്ധിപ്പിക്കുക അസാദ്ധ്യം. അതുകൊണ്ടു തന്നെ ലഭിക്കുന്ന വരുമാനത്തിന്റെ വലിയൊരു പങ്ക് ബിസിനസിലേക്ക് തന്നെ നിക്ഷേപമായി തിരികെ പോകുന്നു.
ചെലവ് ചുരുക്കുക വരുമാനം വര്‍ദ്ധിപ്പിക്കുക
പരമാവധി ചെലവ് ചുരുക്കുക എന്ന മന്ത്രം നടപ്പിലാക്കപ്പെടണം. വരുമാനം വര്‍ദ്ധിക്കുന്ന സമയത്ത് ചെലവുകളില്‍ കര്‍ശ്ശനമായ നിയന്ത്രണം കൊണ്ടുവരാന്‍ ഈ മനോഭാവത്തിന് കഴിയും. നിയന്ത്രിക്കുവാന്‍ കഴിയുന്ന ചെലവുകള്‍ (Controllable Costs) മുഴുവന്‍ നിയന്ത്രിക്കപ്പെടണം. ചെലവുകള്‍ക്ക് ലക്ഷ്മണരേഖകള്‍ വരക്കപ്പെടണം. ചെലവുകളെ ഫിനാന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് സൂക്ഷ്മമായി നിരീക്ഷിക്കുകയും നിയന്ത്രണ വിധേയമാക്കുകയും വേണം.
അനാവശ്യച്ചെലവുകള്‍ തീര്‍ച്ചയായും കണ്ടെത്താം
ബിസിനസ് തുടങ്ങി കാലം കടന്നു പോകുന്നതോടു കൂടി സംരംഭകന്റെ ശ്രദ്ധയില്‍പ്പെടാത്ത അനാവശ്യച്ചെലവുകള്‍ ഏതു ബിസിനസിലും ഉണ്ടാകും. പ്രത്യേകിച്ച് നന്നായി നടന്നുപോകുന്ന ബിസിനസില്‍ കാര്യമായ ശ്രദ്ധ ഈ മേഖലയില്‍ നല്കാന്‍ സംരംഭകര്‍ വിട്ടു പോകാറുണ്ട്. കാലാകാലങ്ങളായി ഇങ്ങിനെ കടന്നു കൂടിയിട്ടുള്ള അനാവശ്യച്ചെലവുകള്‍ കണ്ടെത്തുവാനും നിയന്ത്രിക്കുവാനും കഴിയണം. ഇതിനായി ചെലവുകള്‍ സൂഷ്മമായി പഠിക്കുകയും വിശകലനം ചെയ്യുകയും വേണം. ആരും കൈകൊണ്ട് പോലും തൊട്ട് നോക്കാതെ പത്രങ്ങളും മാസികകളും ചിതറിക്കിടക്കുന്നത് നമുക്ക് കാണാം. വലിയൊരു ബിസിനസില്‍ ഇത് വലിയൊരു ചെലവല്ല. പക്ഷേ അത് നിയന്ത്രിക്കാവുന്നതാണ്. ഇത് വളരെ ലളിതമായ ഒന്നാണ്. ലളിതമായതും ചെറുതും ആണെങ്കില്‍ പോലും അതും നിയന്ത്രിക്കപ്പെടേണ്ടതാണ്. ഏറ്റവും ലളിതമായ ഒന്ന് ഉദാഹരണമായി ചൂണ്ടിക്കാട്ടി എന്നുമാത്രം.
ഭീമമായ ചെലവുകള്‍
ബിസിനസിനെ സംബന്ധിച്ചിടത്തോളം ഭീമമായ ചെലവുകള്‍ വരുന്ന മേഖലകള്‍ ധാരാളമുണ്ട്. പര്‍ച്ചേസും, ഉത്പാദനവും, സ്റ്റോക്കും, ഡെബ്‌റ്റേഴ്‌സും, ശമ്പളവും, മറ്റു എക്സ്റ്റാബ്‌ളിഷ്‌മെന്റ് ചെലവുകളും അവയില്‍ ചിലതു മാത്രം. ചെറിയൊരു ശ്രദ്ധക്കുറവ് മതി ഈ മേഖലകളിലെ അമിതച്ചെലവുകള്‍ ബിസിനസിനെ താളം തെറ്റിക്കാന്‍. അതിക്കര്‍ശ്ശനമായ നിയന്ത്രണങ്ങള്‍ ഭീമമായ ചെലവ് വരുന്ന മേഖലകളില്‍ നടപ്പിലാക്കുവാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
വാങ്ങല്‍ വില (Purchase Price) സസൂഷ്മം നിരീക്ഷിക്കപ്പെടേണ്ട അതീവ പ്രാധാന്യമുള്ള ചെലവിനമാണ്. ഇവിടെ പരമാവധി ലാഭം നേടാന്‍ കമ്പനിക്ക് കഴിയണം. വാങ്ങല്‍ വിലയിലുള്ള വ്യത്യാസങ്ങള്‍ സ്റ്റോക്കിലും ഡെബ്‌റ്റേഴ്‌സിലും വില്പനയിലും പ്രതിഫലിക്കും. വാങ്ങല്‍ വിലയില്‍ വരുന്ന ഒരു ചെറിയ വര്‍ദ്ധനവ് മതി ബിസിനസിലെ നിക്ഷേപത്തില്‍ വലിയൊരു മാറ്റം കൊണ്ടുവരാന്‍. ചെലവുകള്‍ അവയുടെ ഉത്ഭവത്തില്‍ (Source) തന്നെ നിയന്ത്രിക്കപ്പെടണം.
ചെലവുകള്‍ക്ക് ഒരേ മുഖം
ചെലവുകള്‍ക്ക് ഒരേ മുഖമാണ്. അത് ചെറുത് വലുത് എന്നൊന്നുമില്ല. ഓരോ ചെലവും വരുമാനത്തില്‍ നിന്നും മൈനസ് ആകുന്ന സ്വഭാവവിശേഷതയുള്ള ഒരു ഘടകമാകുന്നു. അതുകൊണ്ട് തന്നെ ഇത് ചെറിയ ചെലവല്ലെ അത് അവഗണിക്കാം എന്ന കാഴ്ചപ്പാട് സംരംഭകന്‍ മാറ്റണം. അനാവശ്യച്ചെലവുകള്‍ ഒഴിവാക്കുക ബിസിനസിന്റെ സംസ്‌ക്കാരമാണ്.
എന്നാല്‍ പലപ്പോഴും സംഭവിക്കുക ഒരു പഴഞ്ചൊല്ല് പോലെയാണ്. ‘കടുക് ചോരുന്നതറിയാം പക്ഷെ തേങ്ങ ചോരുന്നതറിയില്ല.’ പല സംരംഭകരും ഇത് പോലെയാണ്. ചെറിയ കാര്യങ്ങള്‍ക്കൊക്കെ വലിയ സൂഷ്മതയാണ്. ചെറിയ ചെലവുകള്‍ക്കൊക്കെ കര്‍ശ്ശന നിയന്ത്രണമാകും. പക്ഷേ മറ്റു വഴികളിലൂടെ ഭീമമായ പണം ചോരുന്നത് അവര്‍ അറിയില്ല. ചെലവുകളോട് സംരംഭകന്റെ മനോഭാവം ഒന്നുതന്നെയാവണം. ബിസിനസിന്റെ ഒഴുക്കിനെ തടസ്സപ്പെടുത്താതെ, മറ്റുള്ളവരെ പ്രകോപിപ്പിക്കാതെ, അനാവശ്യ കെട്ടുപാടുകള്‍ എന്നു മറ്റുള്ളവര്‍ക്ക് തോന്നിപ്പിക്കാതെ, തികച്ചും യാഥാര്‍ത്ഥ്യബോധത്തോടെ, തന്മയത്വത്തോടെ ചെലവ് ചുരുക്കല്‍ സംരംഭകന്‍ ആസൂത്രണം ചെയ്യണം.
ചെലവുകള്‍ മൂന്നായി തിരിക്കാം
ചെലവുകളെ മൂന്ന് വിഭാഗങ്ങളാക്കി തിരിക്കാം. സ്ഥാപനത്തിലെ ഏറ്റവും വലിയ ചെലവുകളെ ‘A’ വിഭാഗത്തില്‍പ്പെടുത്താം. ഇവയ്ക്ക് അതിക്കര്‍ശ്ശനമായ നിരീക്ഷണമാണ് ആവശ്യം. തൊട്ടുതാഴെ വരുന്ന ചെലവുകളെ ‘B’ ഗണത്തില്‍ പ്പെടുത്താം. ഇവയ്ക്ക് അല്പം കൂടി ശക്തി കുറഞ്ഞ നിരീക്ഷണം ഏര്‍പ്പെടുത്താം. ചെറിയ ചിലവുകളെ ‘C’ ഗണത്തില്‍പ്പെടുത്തി, നിരീക്ഷിക്കാം. ‘A’, ‘B’ വിഭാഗങ്ങളെ തുടര്‍ച്ചയായി നിരീക്ഷിച്ച് വ്യതിയാനങ്ങള്‍ നിയന്ത്രണത്തിലാക്കണം. വില്പനപോലെ തന്നെ പ്രാധാന്യമാണ് ചെലവ് ചുരുക്കലും നിയന്ത്രണവും.
ബിസിനസ് ലാഭകരമായി മുന്നോട്ട് പോകുന്നുണ്ടോ. മടിക്കേണ്ട, ചെലവുകളിലൂടെ ഒന്ന് കണ്ണോടിക്കൂ. തീര്‍ച്ചയായും ചില അനാവശ്യച്ചെലവുകള്‍ കണ്ടെത്താം. ചെലവുകള്‍ ചുരുക്കല്‍ ഒരു സംസ്‌ക്കാരം തന്നെയാവട്ടെ.