മലയാളിയുടെ മനസ്സ് വിഷലിപ്തമായിക്കഴിഞ്ഞോ?
മുന്‍പെല്ലാം കേരളത്തിലെ പൊതു ടോയിലെറ്റുകളിലും ട്രെയിനുകളിലെ ടോയിലെറ്റുകളിലും ആയിരുന്നു മലയാളി തന്റെ അസംതൃപ്തമായതോ ശമനം വരാത്തതോ ആയ ലൈഗിക തൃഷ്ണ വാക്കുകളാലും ചിത്രങ്ങളാലും കോറിയിട്ടിരുന്നത്. എന്നാല്‍ ഇന്ന് പൊതുഇടങ്ങള്‍ മലയാളിയുടെ ആ കലാവിരുതില്‍ നിന്നും രക്ഷപ്പെട്ടിരിക്കുന്നു. പകരം ആ സ്ഥാനം സോഷ്യല്‍ മീഡിയ തട്ടിയെടുത്തിരിക്കുന്നു.
ആര്‍ക്കും എന്തും എഴുതാം. ആരേയും അപമാനിക്കാം. വേട്ടയാടാം. വേട്ടയാടല്‍ ഒറ്റക്കല്ല കൂട്ടമായി. ആരും അതില്‍ നിന്നും രക്ഷപ്പെടില്ല. കാരണം സൈബര്‍ പോരാളികള്‍ ഒരുങ്ങിയിരിക്കുകയാണ്. കുലം വെച്ച്, വര്‍ഗ്ഗം വെച്ച്, മതം വെച്ച്, രാഷ്ട്രീയം വെച്ച്, നിലപാടുകള്‍ വെച്ച് വേട്ടപ്പട്ടികള്‍ ഇരയെ പിന്തുടരുന്നതുപോലെ, ആക്രമിക്കുന്നത് പോലെ ഇവര്‍ തങ്ങള്‍ക്കിഷ്ട്ടമില്ലാത്തവരെ വേട്ടയാടുന്നു. ഇരയുടെ സ്വകാര്യതയില്‍ വരെ നുഴഞ്ഞുകയറാനും ഇവര്‍ മടിക്കുന്നില്ല.
ഇതിന്റെ ഏറ്റവും ഭയാനകമായ രൂപമാണിപ്പോള്‍ നാം കണ്ടുകൊണ്ടിരിക്കുന്നത്. സിനിമ ദേശീയ അവാര്‍ഡുമായി ബന്ധപ്പെട്ട വിവാദം ഉയര്‍ന്നുവന്നപ്പോള്‍ ഈ വേട്ടപ്പട്ടികള്‍ ഉണര്‍ന്നു. സിനിമക്ക് എന്ത് മതം, എന്ത് രാഷ്ട്രീയം. അവാര്‍ഡിന് എന്ത് മതം, എന്ത് രാഷ്ട്രീയം. പക്ഷേ അവാര്‍ഡ് ചടങ്ങ് ബഹിഷ്‌ക്കരണം മതത്തെയും രാഷ്ട്രീയത്തെയും സിനിമയിലേക്ക് കൂട്ടിക്കൊണ്ട് വന്നു. അതിന് സൈബര്‍ പോരാളികളായ വേട്ടപ്പട്ടികള്‍ വഹിച്ച പങ്ക് നിസ്സാരമല്ല.
അറുപത്തി എട്ട് പേര്‍ അവാര്‍ഡ്ദാന ചടങ്ങ് ബഹിഷ്‌ക്കരിച്ചപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ഒരു വിഭാഗം വേട്ടപ്പട്ടികളുടെ ഹേറ്റ് കാംപെയിന്‍ ലക്ഷ്യം വെച്ചത് ഫഹദ് ഫാസില്‍ എന്ന അത്യല്യ നടനെ. മറ്റ് അറുപത്തിഏഴുപേരുടെ നിലപാടുകള്‍ അവിടെ അപ്രസക്തമായി. ഫഹദിന്റെ മതം ചൂഴ്‌ന്നെടുത്ത് നിലപാടിനെ മതവുമായി ബന്ധിപ്പിച്ചു. തികച്ചും മനശാസ്ത്രപരവും ബുദ്ധിപരവുമായ നീക്കം. ഫഹദിന് അദ്ദേഹവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ നിലപാടെടുക്കുവാന്‍ സ്വാതന്ത്ര്യമില്ലേ? മലയാളിയുടെ മനസ്സിനെ മലിനമാക്കുവാന്‍ എന്തിന് മറ്റായുധങ്ങള്‍ മതവും രാഷ്ട്രീയവും തന്നെ ധാരാളം.
മറ്റൊരു വിഭാഗം വേട്ടപ്പട്ടികള്‍ ലക്ഷ്യം വെച്ചത് യേശുദാസിനെയും ജയരാജിനേയും. അവര്‍ക്കൊപ്പം അവാര്‍ഡ് വാങ്ങിയ എ ആര്‍ റഹ്മാനെ ബുദ്ധിപൂര്‍വ്വം വിട്ടുകളഞ്ഞ് ഇവര്‍ രണ്ടുപെര്‍ക്കുമെതിരേ ഒരാക്രമണത്തിന്റെ പകല്‍പ്പൂരം. അവിടേയും മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും മനശാസ്ത്രപരമായ തിരഞ്ഞെടുപ്പ്. എരിതീയില്‍ എണ്ണ പകരാന്‍ സെല്‍ഫി വിവാദവും. പഴയ ടോയിലെറ്റ് സര്‍ഗ്ഗസൃഷ്ട്ടികള്‍ തോറ്റുപോകും. മലയാള ഭാഷയ്ക്ക് പുതിയ പദസമ്പത്തുകള്‍ നല്കി മുന്നേറുകയാണ് സോഷ്യല്‍ മീഡിയയിലെ ടോയിലെറ്റ് സാഹിത്യകാരന്മാര്‍.
ഇരകളെ ഇവര്‍ തിരഞ്ഞെടുക്കുകയാണ്. ലക്ഷ്യവും വളരെ സുവ്യക്തമാണ്. തങ്ങളുടെ നയങ്ങള്‍ക്ക്, നിലപാടുകള്‍ക്ക് എതിരെ നില്‍ക്കുന്നവനെ നശിപ്പിക്കുക. അവന്റെ സോഷ്യല്‍ സ്റ്റാറ്റസ് ഇല്ലായ്മ ചെയ്യുക. എഴുതുന്നത് സത്യമാണോ അസത്യമാണോ എന്ന് പോലും അറിയാതെ എന്തും എഴുതുക. ട്രോളുകള്‍ എന്ന നിര്‍ദ്ദോഷിതമായ ഫലിതത്തിന്റെ മറവില്‍ മനസ്സുകളില്‍ വിഷം കുത്തിവെക്കുക. മതം കൊണ്ടും രാഷ്ട്രീയം കൊണ്ടും സോഷ്യല്‍ മീഡിയ മലീമസമായിരിക്കുന്നു. അത് വായിച്ച് വിശ്വസിക്കുന്ന മനസ്സുകളും വിഷത്താല്‍ നിറയുന്നു.
പാപ്പരാസികളുടെ ദൗത്യം സോഷ്യല്‍ മീഡിയയിലെ വേട്ടപ്പട്ടികള്‍ ഏറ്റെടുത്തിരിക്കുന്നു. സോഷ്യല്‍ മീഡിയയില്‍ എല്ലാവരും ജേര്‍ണലിസ്റ്റുകളാണ്. ആധികാരികമായി അഭിപ്രായം പറയാന്‍ കഴിവുള്ളവരാണ്. അല്ലെങ്കില്‍ അങ്ങിനെ സ്വയം വിശ്വസിക്കാനാണ് ഇവര്‍ക്ക് താല്പ്പര്യം. ഓരോ വാക്കും മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും തട്ടില്‍ വെച്ച് തുലനം നോക്കി ഇവര്‍ വാളിന്റെ മൂര്‍ച്ചകൂട്ടുന്നു. മനുഷ്യരെ പരസ്പ്പരം വെറുക്കാന്‍ പരിശീലിപ്പിക്കുന്ന ഒരു പള്ളിക്കൂടമായി സോഷ്യല്‍ മീഡിയ മാറിക്കഴിഞ്ഞിരിക്കുന്നു.
വായനശാലകളില്‍, നാടകക്കളരികളില്‍, കലാക്ഷേത്രങ്ങളില്‍, സാഹിത്യോത്സവങ്ങളില്‍, സാംസ്‌കാരിക സമ്മേളനങ്ങളില്‍, സിനിമാ കൊട്ടകകളില്‍, ചെറു വര്‍ത്തമാനങ്ങളില്‍ അലഞ്ഞും മുഴുകിയും നടന്ന മലയാളി ഇന്ന് ഈ വിഷകുംഭത്തില്‍ വീണ് കൈകാലിട്ടടിക്കുകയാണ്. പരസ്പ്പരം വെറുക്കുന്ന സമുദായങ്ങളെ കെട്ടിപ്പടുക്കുവാന്‍ നവമാധ്യമമങ്ങളിലെ വേട്ടപ്പട്ടികള്‍ അഹോരാത്രം പണിയെടുക്കുകയാണ്. സോഷ്യല്‍ മീഡിയയിലൂടെ ഒരു ഹര്‍ത്താല്‍ സംഘടിപ്പിക്കുവാന്‍, കലാപം അഴിച്ചുവിടുവാന്‍ ഈ വെട്ടപ്പട്ടികള്‍ക്ക് കഴിഞ്ഞുവെങ്കില്‍ നാം അറിയേണ്ട ഒന്ന് വിഷം എത്ര ആഴത്തില്‍ മലയാളിയുടെ സിരകളില്‍ പടര്‍ന്നിരിക്കുന്നു എന്നതാണ്.
കേള്‍ക്കുന്നതും കാണുന്നതുമായ പലതും യാഥാര്‍ത്ഥ്യമല്ല. വേട്ടപ്പട്ടികള്‍ മെനയുന്ന ഓരോ കഥക്കും ഓരോ ലക്ഷ്യങ്ങളുണ്ട്. സ്വയം ചിന്തിക്കുവാനും വിശകലനം ചെയ്യുവാനും നാം തുനിഞ്ഞില്ലെങ്കില്‍ നമ്മുടെ തലച്ചോറ് വേട്ടപ്പട്ടികളുടെ അധീനതയിലാവും. കൂട്ടായ ആക്രമണങ്ങളില്‍ ഇരയുടെ നിലവിളി ആരും കേള്‍ക്കാതെ പോകുന്നു. ടോയിലെറ്റിന്റെ ചുമരുകളല്ല നമ്മുടെ മനസ്സുകള്‍ എന്ന് തിരിച്ചറിയുക. പകലിനെ പകലായും രാത്രിയെ രാത്രിയായും തിരിച്ചറിയാന്‍ പാകത്തില്‍ നമ്മുടെ കണ്ണുകള്‍ തുറന്നിരിക്കട്ടെ.
വേട്ടപ്പട്ടികളും ഉണര്‍ന്നിരിക്കുകയാണ്.