ക്ഷേത്രത്തിന്റെ വാതിലിലൂടെ അവന് അകത്ത് കടന്നു. ശ്രീകോവിലില്‍ ഇരിക്കുന്ന ഭഗവാനെ തൊഴുത് ക്ഷേത്രം വലം വെക്കുന്നതിനിടയില്‍ അവന് ആ കാഴ്ച കണ്ടു.
ക്ഷേത്രത്തിന്റെ ഒരു വശത്ത് നിറയെ തൊങ്ങലുകളുമായി തൂങ്ങിയാടുന്ന ഇടയ്ക്ക. അവന് മെല്ലെ അതിനടുത്തേക്ക് നടന്നു. കരുതലോടെ, ആഹ്ളാദത്തോടെ അവന് ആ ഇടയ്ക്ക കൈകളിലേക്കെടുത്തു. സംഗീതത്തില്‍ അവന് നിപുണനായിരുന്നു. മെല്ലെ അവന് ഇടയ്ക്കയില്‍ താളമിട്ടു. നിര്‍വൃതിയുടെ നിമിഷങ്ങളില്‍ മുങ്ങി കണ്ണുകള്‍ അടച്ച് അവന് ആ ഇടയ്ക്ക വായിച്ചു.
ഒരു അലര്‍ച്ച കേട്ടാണ് അവന് കണ്ണുകള്‍ തുറന്നത്. അവന്റെ മുന്നില്‍ ദേഷ്യത്താല്‍ തുള്ളി വിറച്ച് ക്ഷേത്രത്തിലെ മാരാര്‍ നില്ക്കുന്നു. അവന് ഇടയ്ക്ക എടുത്തതും വായിച്ചതും അയാള്ക്കിഷ്ട്പ്പെട്ടില്ല. നിന്റെ ജാതിക്ക് തോട്ടശുദ്ധമാക്കുവാനും വായിക്കാനുമുള്ളതല്ല ക്ഷേത്രത്തിലെ ഇടയ്ക്ക എന്നയാള്‍ ആക്രോശിച്ചു. ജാതിയുടെ പേരിലുള്ള ആ അധിക്ഷേപം അവന്റെ ഹൃദയത്തില്‍ ആഴത്തിലുള്ള ഒരു മുറിവ് സമ്മാനിച്ചു.
പിന്നീട് അവന് സ്കൂളില്‍, ജോലി സ്ഥലത്ത്, സമൂഹത്തില്‍ പലയിടങ്ങളില്‍ പലപ്പോഴായി ഇത് അനുഭവിച്ചു. താഴ്ന്ന ജാതിയില്‍ ജനിച്ചവനെ സമൂഹം എങ്ങിനെയാണ് കാണുന്നത് എന്ന യാഥാര്‍ത്ഥ്യത്തിലൂടെ അവന് കടന്ന് പോകുകയായിരുന്നു. ചെറുപ്പത്തില്‍ ക്ഷേത്രത്തില്‍ കണ്ട മാരാരുടെ മുഖം സമൂഹത്തിലെ പല മുഖങ്ങളില്‍ പ്രതിബിംബിച്ചു. ചിലപ്പോള്‍ അത് അധ്യാപകന്റെ രൂപത്തിലായിരുന്നു. ചിലപ്പോള്‍ അത് കൂട്ടുകാരുടെ രൂപത്തിലായിരുന്നു. ചിലപ്പോള്‍ അത് മേലധികാരികളുടെ രൂപത്തിലായിരുന്നു.
പിന്നീട് അവന് ഇംഗ്ലണ്ടിലേക്ക് പോയി. കുടുംബവുമൊത്ത് അവിടെ താമസമായി. ഇംഗ്ലണ്ടിലെ യൂണിവേഴ്സിറ്റികളില്‍ അവന് ഇപ്പോള്‍ സംഗീതം പഠിപ്പിക്കുകയാണ്. അവിടെ അവന് വേര്‍തിരിവുകള്‍ കാണുന്നില്ല. മത വംശീയ അധിക്ഷേപങ്ങള്‍ അനുഭവിക്കുന്നില്ല. പക്ഷേ മനസ്സിലേറ്റ മുറിവുകള്‍ ഉണങ്ങില്ല. ചില ദിവസങ്ങളില്‍ അവന് എന്നെ വിളിക്കാറുണ്ട്. ഈ അധിക്ഷേപങ്ങള്‍ ഓര്‍ത്ത് കരയാറുണ്ട്. നമ്മുടെ നാട് എന്തുകൊണ്ട് ഇങ്ങിനെയാകുന്നു എന്നോര്‍ത്ത് പരിതപിക്കാറുണ്ട്.
ഇത് അവന്റെ മാത്രം കഥയല്ല. ഓരോ അധ:സ്ഥിതന്റെയും കഥയാണ്. ജാതിപരമായ അധിക്ഷേപങ്ങളും അപമാനങ്ങളും സഹിക്കാത്ത ഒരു അധ:സ്ഥിതനും ഇവിടെ ഉണ്ടാവില്ല. സമൂഹം എത്ര പരിഷ്കരിക്കപ്പെട്ടാലും മാറ്റപ്പെട്ടാലും ഇന്നും ജാതി വേര്‍തിരിവുകളും അധിക്ഷേപങ്ങളും നിലനില്ക്കുന്നു. മനുഷ്യനെ മനുഷ്യനായി കാണുവാന്‍ കഴിയാത്തിടത്തോളം ഏത് സമൂഹവും അപരിഷ്ക്രിതം തന്നെ.
”ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്” എന്ന് പറഞ്ഞ ശ്രീ നാരായണഗുരുവിന്റെ നാട് ഇന്ന് മതത്തിന്റെയും ജാതിയുടെയും പേരില്‍ പരസ്പരം കൊലവിളി നടത്തുന്ന അപരിഷ്കൃത സമൂഹമായി അധ:പ്പതിച്ചിരിക്കുന്നു. ജാതിയുടെ പേരില്‍ മനുഷ്യനെ വിലയിരുത്തുന്ന, അതിന്റെ പേരില്‍ അവനെ വേര്‍തിരിക്കുന്ന ഈ നാട് നമുക്ക് അഭിമാനിക്കാന്‍ ഒന്നും നല്‍കുന്നില്ല.
ഇന്നും സ്കൂളുകളില്‍, ജോലിസ്ഥലങ്ങളില്‍, ആരാധനാലയങ്ങളില്‍, സമൂഹത്തിലെ മറ്റിടങ്ങളില്‍ എല്ലാം ജാതിയുടെ പേരില്‍ അപമാനിക്കപ്പെടുന്നവരുണ്ട്. ഇത് സൃഷ്ട്ടിക്കുന്ന വേദനയും, അപമാനവും, അപകര്‍ഷതാബോധവുമെല്ലാം വിവരണാതീതമാണ്. പല മതങ്ങളും മതങ്ങള്‍ക്കുള്ളിലെ ജാതികളും കൂടിച്ചേര്‍ന്ന് മനുഷ്യനെ പല ഭൂഖണ്ഡങ്ങളാക്കിയിരിക്കുന്നു. ശരീരം കൊണ്ട് ഒരു സമൂഹത്തിലും മനസ്സ് കൊണ്ട് പല ധ്രുവങ്ങളിലും ജീവിക്കുന്നവരായി നാം മാറിക്കഴിഞ്ഞു.
സമൂഹം എത്ര ആധുനികവത്കരിക്കപ്പെട്ടാലും അത് പരിഷ്കൃതമാകുന്നില്ല എന്നതിന് ഉത്തമ ഉദാഹരണമാകുന്നു നമ്മള്. വിവരസാങ്കേതികവിദ്യ എത്ര നാം സ്വീകരിച്ചാലും എത്ര പരിഷ്ക്കാരികള്‍ ആയി നാം മാറിയാലും സമ്പൂര്‍ണ്ണ സാക്ഷരത നാം നേടിയാലും ലോകത്തിന്റെ ഏത് നെറുകയില്‍ നാം എത്തിയാലും ഇന്നും ജാതിചിന്തകള്‍ വെടിയാത്ത, സഹജീവികളെ ജാതിയാല്‍ അധിക്ഷേപിക്കുന്ന, വേര്‍തിരിക്കുന്ന നമ്മള് അപരിഷ്കൃത സമൂഹം തന്നെയാണ്.
ആധുനികവത്കരിക്കപ്പെടെണ്ടത് സമൂഹം മാത്രമല്ല. മനസ്സുകള്‍ കൂടിയാണ്. മനസ്സില്‍ മാലിന്യങ്ങള്‍ കുന്നുകൂടിക്കിടക്കുമ്പോള്‍ റോഡുകള്‍ മാത്രം വൃത്തിയുള്ളതായിട്ട് കാര്യമില്ല. വേര്‍തിരിവുകളില്ലാതെ മനുഷ്യന് മനുഷ്യനെ കാണുന്ന ഒരു കാലത്ത് മാത്രമേ ആധുനികവത്ക്കരിക്കപ്പെട്ട, പരിഷ്കൃതമായ ഒരു സമൂഹമായി നമുക്ക് നമ്മളെ വിലയിരുത്താന്‍ കഴിയൂ. അതിന് മനസ്സുകള്‍ ആധുനികവത്ക്കരിക്കപ്പെടണം.