ഉറക്കത്തില്‍ പോലും നമ്മെ ഉണര്‍ന്നിരിക്കുകയാണോ എന്ന വിഭ്രമത്തിലാഴ്ത്തുന്ന ചില കലാസൃഷ്ട്ടികളുണ്ട്. അവ നമുക്കൊപ്പം നടക്കുകയാണ്. നാം കാണുന്ന കാഴ്ചകളില്‍, നാം ചെന്നെത്തുന്ന ഇടങ്ങളില്‍, നാം പരിചയപ്പെടുന്ന വ്യക്തികളില്‍, നമ്മുടെ അനുഭവങ്ങളില്‍ എല്ലാം അവ ഇഴചേര്‍ന്ന് കിടക്കുകയാണ്. നാം അറിയാതെ കൂടെകൂട്ടുന്ന ഇത്തരം സഹയാത്രികര്‍ നമുക്ക് തീഷ്ണങ്ങളായ അനുഭൂതികള്‍ നല്‍കിയിട്ടുണ്ട്. അവസാനശ്വാസം വരെ അത് നമ്മെ അനുഗമിക്കുകയും ചെയ്യും.
കൊച്ചിന്‍ ഫിലിം സൊസൈറ്റിയുടെ അംഗമായിരുന്ന കാലഘട്ടത്തിലാണ് വിറ്റോറിയ ഡി സിക്കയുടെ ബൈസിക്കിള്‍ തീവ്‌സ് എന്ന സിനിമ കാണുന്നത്. ജീവിതത്തില്‍ നിന്നും മുറിച്ചെടുത്ത ഒരു ചീന്ത്. മലമുകളില്‍ കയറി നിന്ന് ആകാശത്തേക്ക് നോക്കി നില്‍ക്കുമ്പോള്‍ കാല്‍ വഴുതി ആഴങ്ങളിലേക്ക് പതിക്കുന്ന ഒരവസ്ഥ. പറക്കുകയാണ്, അറിയാത്ത താഴ്വാരം തേടി. അവിടെ മനസ്സില്ല പകരം ശൂന്യമായ നിശബ്ധത മാത്രം. വീഴ്ചയുടെയും തിരിച്ചറിവിന്റെയും അവസ്ഥകള്‍ പകര്‍ന്ന മഹത്തായ കലാസൃഷ്ട്ടി.
ആന്റോണിയ കടുത്ത ദാരിദ്ര്യത്തിലാണ്. ഭാര്യയേയും മകനെയും പോറ്റാന്‍ ജോലി തേടി നടന്ന അയാള്‍ക്ക് സിനിമാ പോസ്റ്ററുകള്‍ ഒട്ടിക്കുന്ന ഒരു ജോലി ലഭിക്കുന്നു. ഉണ്ടായിരുന്ന ഒരു സൈക്കിള്‍ പണയത്തിലാണ്. അത് തിരിച്ചെടുത്താലെ ജോലിക്ക് പോകുവാന്‍ കഴിയൂ. ഭാര്യ വീട്ടിലെ ബെഡ്ഷീറ്റുകള്‍ എല്ലാം പെറുക്കി പകരം പണയം നല്കി സൈക്കിള്‍ തിരിച്ചെടുത്തു. വലിയ പ്രതീക്ഷകളുമായി ജീവിതം തിരികെ പിടിക്കുവാന്‍ ജോലിക്ക് പോയ അയാളുടെ സൈക്കിള്‍ ആദ്യദിനം തന്നെ ഏതോ ഒരു കള്ളന്‍ മോഷ്ട്ടിക്കുകയാണ്. പോലീസിന്റെ സഹായം തേടുന്ന അയാള്‍ അവരില്‍ നിന്നും ഒന്നും പ്രതീക്ഷിക്കാനാവില്ല എന്ന് കാണുന്നതോടെ നിരാശനായി സ്വയം അന്വേഷിക്കുവാന്‍ തുനിയുന്നു. മകനായ കുട്ടി ബ്രൂണോയും അയാളെ സഹായിക്കുവാന്‍ കൂടെ കൂടുന്നു.
സൈക്കിളിനായുള്ള അന്വേഷണം അയാളെ പല പ്രശ്‌നങ്ങളിലും അബദ്ധങ്ങളിലും കുടുക്കുന്നുണ്ട്. അയാള്‍ക്ക് കള്ളനെ പിടികൂടുവാന്‍ കഴിയുന്നില്ല. കടുത്ത ദുഃഖം അയാളെ കീഴടക്കുന്നു. സകല പ്രതീക്ഷകളും നഷ്ട്ടപ്പെട്ട് ഒരു ഫുട്‌ബോള്‍ സ്റ്റേഡിയത്തിന്റെ പുറത്ത് നിരാശനായി ഇരിക്കുമ്പോള്‍ അവിടെ പാര്‍ക്ക് ചെയ്ത് വെച്ച അനേകം സൈക്കിളുകള്‍ അയാള്‍ കാണുകയാണ്. ഏതോ ഒരു ശപിക്കപ്പെട്ട നിമിഷത്തില്‍ അതില്‍ നിന്നൊരെണ്ണം മോഷ്ട്ടിക്കുവാന്‍ അയാള്‍ തുനിയുകയും പിടിക്കപ്പെടുകയും ചെയ്യുന്നു. കോപാകുലരായ ജനക്കൂട്ടം അയാളെ മര്‍ദ്ദിക്കുന്നു. സൈക്കിള്‍ ഉടമയുടെ കാരുണ്യത്താല്‍ രക്ഷപ്പെട്ട അയാള്‍ മകനൊപ്പം കുനിഞ്ഞ ശിരസ്സുമായി നടന്നകലുന്നു.
ദാരിദ്ര്യത്തില്‍ ഉഴലുന്ന നിസ്സഹായനായ ഒരു മനുഷ്യന്റെ പച്ചയായ ജീവിതചിത്രം നമുക്കിവിടെ ചലച്ചിത്രകാരന്‍ സമ്മാനിക്കുകയാണ്. ആന്റോണിയ നമ്മളിലോരാളാണ് അല്ല നമ്മള്‍ തന്നെയാണ്. പട്ടിണിയില്‍ നിന്നും തന്റെ കുടുംബത്തെ കരകയറ്റാനുള്ള ഒരു പോരാട്ടത്തില്‍ അയാള്‍ സഹിക്കുന്ന അപമാനങ്ങളും യാതനകളും നമ്മളില്‍ പലരും എവിടെയൊക്കെയോ അനുഭവിച്ചതാണ്. സൈക്കിള്‍ നഷ്ട്ടപ്പെടുന്നത് മുതല്‍ അയാള്‍ വേറെ ഏതോ ലോകത്താണ്. തന്റെ ജീവിതം ആ സൈക്കിളുമായി ഒരു ചരടാല്‍ അഭേദ്യമായി ബന്ധിക്കപ്പെട്ടിരിക്കുന്നു എന്നയാള്‍ വിശ്വസിച്ചു.
അയാള്‍ക്കൊപ്പം ഈ ദുരിതപാതയില്‍ മകനുമുണ്ട്. തന്റെ പിതാവിന്റെ ജീവിതം ഒരു സിനിമ എന്ന പോലെ അവന്‍ കാണുന്നു. ജീവിതത്തിന്റെ ആ പോരാട്ടത്തില്‍ അവന്‍ പിതാവിനൊപ്പം ഉറച്ചുനില്‍ക്കുന്നു. എന്നാല്‍ അയാള്‍ അവനെ കാണുന്നില്ല. അയാളുടെ ചിന്തകളില്‍ മുഴുവന്‍ നഷ്ട്ടപ്പെട്ട സൈക്കിള്‍ മാത്രമാണ്. ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട സമ്പത്ത് തന്റെ കൂടെ കയ്യില്‍ തൂങ്ങി നടക്കുന്ന മകനാണ് എന്ന യാഥാര്‍ത്ഥ്യം അയാള്‍ തിരിച്ചറിയുന്നേയില്ല.
സൈക്കിള്‍ ഇവിടെ ഒരു പ്രതീകമാണ്. നഷ്ട്ടപ്പെട്ടത്തിന്റെ പ്രതീകം. നാം ഓരോരുത്തരും നഷ്ട്ടപ്പെട്ടതിനെ തിരഞ്ഞുകൊണ്ടേയിരിക്കുകയാണ്. നമുക്കൊപ്പം നടക്കുന്നവരെ നാം ശ്രദ്ധിക്കുന്നതേയില്ല. തന്റെ മകനാണ് തന്റെ യഥാര്‍ത്ഥ സമ്പത്ത് എന്നത് മറന്നു പോകുന്ന ആന്റോണിയയാണ് നാമും. നമുക്കൊപ്പം കൈപിടിച്ച് നടക്കുന്ന നമ്മുടെ കുഞ്ഞുങ്ങളാണ് നമ്മുടെ യഥാര്‍ത്ഥ സമ്പത്ത് എന്ന് നമ്മെ ഈ ചലച്ചിത്രകാവ്യം തിരിച്ചറിയിക്കുന്നു. അത് തന്നെയാണ് ഈ സിനിമയുടെ സൗന്ദര്യവും നമുക്ക് പകര്‍ന്ന് നല്‍കുന്ന പാഠവും.
നമ്മുടെ യാത്രകള്‍ ഇതുവരെ അവസാനിച്ചിട്ടില്ലല്ലോ. തിരിച്ചറിവുകള്‍ അതിനെ കൂടുതല്‍ സുന്ദരമാക്കും.