സാന്തിയാഗോ എന്ന ഇടയബാലന്‍ എന്റെ ഹൃദയത്തിലേക്ക് ഒരുപറ്റം ആടുകളെ തെളിച്ചുകൊണ്ട് കയറിവന്നത് പത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പായിരുന്നു. സ്‌പെയിനില്‍ നിന്നും ഈജിപ്ത്തിലേക്ക് നിധി തേടിപ്പോയ അവന്റെ യാത്ര ഇന്നും മായാതെ ഓര്‍മ്മയുടെ ബ്ലാക്ക് ബോര്‍ഡില്‍ തെളിഞ്ഞു നില്‍ക്കുകയാണ്. ”ദി ആല്‍ക്കെമിസ്റ്റ്” എന്ന നോവലിലെ സാന്തിയാഗോ എന്ന കഥാപാത്രം ഞാന്‍ അല്ലെങ്കില്‍ നാം ഓരോരുത്തരും തന്നെയല്ലേ?. ജീവിതത്തിലെ ഏതൊക്കെയോ നിധി തേടി അലയുന്ന ഓരോ പഥികനും സ്വയം കഥാപാത്രവുമായി അലിഞ്ഞുചേരുന്ന നിമിഷത്തില്‍ കഥാപാത്രവും അയാളും ഒന്നാവുകയാണ്. അതുകൊണ്ട് തന്നെ ഒരു കണ്ണാടിയില്‍ പ്രതിബിംബിക്കുന്ന നമ്മുടെ പ്രതിരൂപം തന്നെയാകുന്നു സാന്തിയാഗോ.
താന്‍ സ്വപ്നത്തില്‍ കണ്ട നിധി തേടി സാന്തിയാഗോ യാത്രയാവുകയാണ്. തന്റെ തലവര എന്തെന്ന് അവന് അറിയുകയില്ല. പക്ഷേ അവന്റെ ഹൃദയവും പ്രതീക്ഷകളും അവന്‍ പൂര്‍ണ്ണമായും ആ നിധിയില്‍ അര്‍പ്പിക്കുന്നു. അതിനായി തന്റെ ഭയത്തെ അവന്‍ കീഴടക്കുന്നു. അറിയാത്ത ദേശങ്ങള്‍ താണ്ടുവാന്‍ അവന്‍ ധൈര്യപ്പെടുന്നു. തന്റെ സഞ്ചാരപഥത്തില്‍ ധാരാളം പ്രതിബന്ധങ്ങള്‍ അവനെ തേടി വരുന്നുണ്ട്. ഈ പ്രതിബന്ധങ്ങളെയെല്ലാം അവന്‍ മറികടക്കുന്നു. തന്റെ ലക്ഷ്യം കണ്ടെത്തുന്നു.
ഒരാള്‍ക്ക് തന്റെ ലക്ഷ്യത്തോട് അദമ്യമായ അഭിനിവേശം ഉണ്ടെങ്കില്‍ ഈ പ്രപഞ്ചം മുഴുവന്‍ അത് സാക്ഷാത്ക്കരിക്കുവാന്‍ അവനൊപ്പം നില്‍ക്കും എന്ന് പൗലൊ കൊയിലൊ എന്ന എഴുത്തുകാരന്‍ തന്റെ അക്ഷരങ്ങളിലൂടെ നമ്മളുമായി സംവേദിക്കുന്നു. ലക്ഷ്യത്തോടുള്ള അടങ്ങാത്ത ആ അഭിനിവേശം തന്നെയാണ് പ്രധാനം. ലക്ഷ്യം നേടുവാനുള്ള ശ്രമത്തില്‍ പ്രതിബന്ധങ്ങള്‍ നമ്മെ തടുക്കുന്നില്ല. പ്രശ്‌നങ്ങളേയും പ്രതിബന്ധങ്ങളേയും നേരിടുവാനുള്ള ശക്തി പ്രപഞ്ചം നമുക്ക് നല്‍കുന്നു. ലക്ഷ്യത്തിലേക്ക് മനസ്സും ശരീരവും അര്‍പ്പിച്ച ഒരാളെ കീഴടക്കുവാന്‍ ഒന്നിനുമാവില്ല.
സാന്തിയാഗോ ഒരു ആട്ടിടയനാണ്. വിദ്യാസമ്പന്നനോ പരിഷ്‌ക്കാരിയോ ആയ ഒരാളേയല്ല. തന്റെ സ്വപ്നത്തെ പിന്തുടരാന്‍ അവന്‍ കാണിക്കുന്ന ആര്‍ജ്ജവത്വമാണ് അവനെ വ്യത്യസ്തനാക്കുന്നത്. തന്റെ സ്വപ്നത്തെ മനസിന്റെ വെറുമൊരു തോന്നലായി മാത്രം അവന്‍ കാണുന്നില്ല. തന്റെ സ്വപ്നം തന്റെ വിധിയാണ് എന്ന് അവന്‍ തിരിച്ചറിയുന്ന നിമിഷം അവന്റെ ജീവിതം മാറുകയാണ്. തന്റെ ലക്ഷ്യം അവന്‍ തിരിച്ചറിഞ്ഞു കഴിഞ്ഞു. ഇനി അത് നേടുകയാണ് മുഖ്യം. അതിനായ് പ്രവര്‍ത്തിക്കുകയാണ് വേണ്ടത്.
സ്വപ്നസാക്ഷാത്ക്കാരത്തിനായി പ്രപഞ്ചം സാന്തിയാഗോക്ക് ഒപ്പമുണ്ട്. കാരണം അവന്റെ ലക്ഷ്യത്തോട് അവനുള്ള അഭിനിവേശം അത്ര തീവ്രമാണ്. താന്‍ ജീവനുതുല്യം സ്‌നേഹിച്ച തന്നെ പോറ്റുന്ന ആട്ടിന്‍പറ്റത്തെ തന്റെ യാത്രക്കായി അവന് വില്‍ക്കേണ്ടി വരുന്നു. യാത്രക്കിടയില്‍ അവന്റെ പണം മുഴുവന്‍ മോഷ്ട്ടിക്കപ്പെടുന്നുണ്ട്. കയ്യില്‍ ഒരു നാണയം പോലുമില്ലാതെ ഈ ലോകത്തിന്റെ നടുവില്‍ പകച്ച് അവന്‍ നില്‍ക്കുന്നു. പക്ഷേ ഇതൊന്നും അവനെ തളര്‍ത്തുന്നില്ല. ഈ പ്രതികൂല സാഹചര്യങ്ങളെല്ലാം അവന്‍ മറികടക്കുന്നു. തന്റെ ലക്ഷ്യത്തോടുള്ള അവന്റെ പ്രേമം അത്ര ആഴത്തിലുള്ളതാണ്. ഒരു പ്രതിബന്ധത്തിനും തടുത്ത് നിര്‍ത്താന്‍ കഴിയാത്ത ആഴമുള്ളത്.
നിരന്തരം പ്രയത്‌നിക്കുന്ന ഒരാളെയാണ് സാന്തിയാഗോയില്‍ നാം ദര്‍ശിക്കുക. ഒരു നിമിഷം പോലും അവന്‍ അലസനാകുന്നില്ല. അല്ലെങ്കില്‍ ഉള്ളില്‍ നീറി നില്‍ക്കുന്ന ആഗ്രഹത്തിന്റെ അഗ്‌നി അവനെ അലസനാകുവാന്‍ അനുവദിക്കുന്നില്ല. അലസനായ ഒരുവനെ പ്രപഞ്ചം പിന്തുണക്കുമോ? തോന്നുന്നില്ല. പ്രപഞ്ചം നിരന്തരം പ്രവര്‍ത്തിക്കുന്നവരുടെ കൂടെയാണ്. ഈ ലോകത്തിന്റെ നിലനില്‍പ്പ് തന്നെ ചലനത്തിലാണ്. നിരന്തരം ചലിക്കുന്ന, മാറുന്ന കണികകള്‍. അവക്കിടയില്‍ പ്രവര്‍ത്തനം ഇല്ലാതെ നില്‍ക്കുക അസ്വഭാവികമായ ഒന്നാണ്.
ഒരു യാത്രയും വ്യര്‍ത്ഥമാകുന്നില്ല, ഒരു ജീവിതവും. നമ്മുടെ സ്വപ്നങ്ങളെ പിന്തുടരുവാനുള്ള ധൈര്യം നാം കാട്ടണം എന്നുമാത്രം. ഈ ജീവിതം ഒന്നേയുള്ളൂ എന്ന തിരിച്ചറിവാണ് നമ്മുടെ സ്വപ്നങ്ങളെ പിന്തുടരുവാന്‍ നമുക്ക് വഴികാട്ടിയാകുന്നത്. ഉപേക്ഷിക്കപ്പെടുന്ന സ്വപ്നങ്ങള്‍ മുളക്കാത്ത വിത്തുകള്‍ പോലെയാണ്. സ്വപ്നങ്ങളെ മാറോടണക്കുക. അവക്കായി നിരന്തരം പ്രവര്‍ത്തിക്കുക. മുള്ളുകളില്ലാത്ത റോസാചെടികള്‍ക്കായുള്ള പ്രാര്‍ത്ഥന നിരര്‍ത്ഥകമാണ്. മുള്ളുകളെ മറികടക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുകയാണ് മുഖ്യം.
സാന്തിയാഗോ എന്ന ആട്ടിടയന്‍ നമുക്ക് മുന്നില്‍ തെളിച്ച് തരുന്ന വഴി പ്രയത്‌നത്തിന്റെയും സഹനത്തിന്റെയുമാണ്. സ്വപ്നം കണ്ട് അത് സ്വാഭാവികമായി സംഭവിക്കും എന്ന ധാരണയില്‍ അലസനായി മൂടിപ്പുതച്ചുറങ്ങുവാനാണ് നാം തീരുമാനിക്കുന്നതെങ്കില്‍ അതൊരു യാത്രയേയല്ല. ചലിക്കുന്ന പ്രപഞ്ചത്തിലെ നിശ്ച്‌ചേതനമായ ഒരു വസ്തുവായി നാം മാറ്റപ്പെടുന്നു. തന്റെ ലക്ഷ്യത്തിനായി പോരാടുന്ന പോരാളിയായി നാം മാറണം. അപ്പോള്‍ ഈ പ്രപഞ്ചം നമുക്കൊപ്പം നില്ക്കും. നമ്മുടെ സ്വപ്നങ്ങള്‍ നാം നേടുകയും ചെയ്യും.
സ്വപ്നങ്ങളെ വിശ്രമിക്കുവാന്‍ അനുവദിക്കരുത്. ഉറക്കത്തില്‍ നിന്നും നാം ഉണരുക. പ്രവര്‍ത്തിച്ച് തുടങ്ങുക. ഈ പ്രപഞ്ചം നമുക്കൊപ്പമുണ്ട്. ഇനിയും സമയം വൈകിയിട്ടില്ല.