അര്‍ജന്റീനയുടെ കളി കണ്ടിരിക്കുകയാണ്. പ്രിയപ്പെട്ട ടീം തോല്‍ക്കുകയാണ്. മനസ്സില്‍ വിഷാദം നിറയുന്നു. പുറത്തേക്കുള്ള വാതില്‍ ഇതാ തുറന്ന് കഴിഞ്ഞു. ഗാലറികളില്‍ നിന്നും ഉയരുന്ന ആരവങ്ങള്‍ക്കിടയില്‍ കാല്‍പ്പന്തുകളിയുടെ വന്യസൗന്ദര്യം പകരുന്ന നീലയും വെള്ളയും ധരിച്ച കുപ്പായക്കാര്ക്കിനി കണ്ണീരോടെ പടിയിറക്കം.
ലോകത്തിന്റെ നെറുകയില്‍ നില്ക്കുന്നവര്. ആരെയും കീഴടക്കാന്‍ കെല്‍പ്പുള്ളവര്‍. അര്‍ജന്റീനയും ജര്‍മനിയും പോര്‍ച്ചുഗലും എല്ലാം വിശ്വഫുട്ബാളിലെ പകരം വെക്കുവാനാവാത്ത പ്രതിഭകളുടെ സംഗമമാണ്. കാല്‍പ്പന്തുകളിയുടെ മാസ്മരികത കൊണ്ട് ലോകത്തിന്റെ ഹൃദയം കവര്‍ന്നവര്‍. അവരുടെ മടക്കം അവിശ്വസനീയമാകുന്നു.
ഇതാണ് ഈ ലോകം. ഇവിടെ ആരും അപരാജിതരല്ല. ജീവിതം ജയവും തോല്‍വിയും ഇടകലര്‍ന്നതാണ് എന്ന് നമ്മെ പഠിപ്പിക്കുന്ന പാഠങ്ങള്‍ ഇടയ്ക്ക് പ്രകൃതി നമുക്ക് നല്കുന്നു. ഒന്നും ഒരിക്കലും അതേപോലെ നിലനില്ക്കുന്നില്ല. ഒന്നും അവിശ്വസനീയവുമല്ല. പ്രകൃതിയുടെ നിലവറയില്‍ സൂക്ഷിച്ചിരിക്കുന്ന അനേകം അത്ഭുതങ്ങളുണ്ട്. അവ പ്രതീക്ഷകളെ തകിടം മറിക്കുന്നു. നാം പ്രതീക്ഷിക്കാത്ത വിജയങ്ങള്‍ നമുക്ക് സമ്മാനിക്കുന്നു. മനുഷ്യന് വെറുമൊരു കാഴ്ച്ചക്കാരന് മാത്രമാണെന്ന മഹാസത്യം ഇവിടെ ഇതള്‍ വിരിയുന്നു.
അര്‍ജന്റീനയും ജര്‍മനിയും പോര്‍ച്ചുഗലും തിരിച്ചെത്തും. അവര്‍ വീണ്ടും കളിക്കും. വീണ്ടും ജയവും തോല്‍വിയും ഏറ്റുവാങ്ങും. ഒരു തോല്‍വിയില്‍ ഒന്നും അവസാനിക്കുന്നില്ല. ഓരോ തോല്‍വിയും വീണ്ടും തിരിച്ചുവരാനുള്ള ഒരു പാത മാത്രമാണ്. ഈ കാലചക്രം തുടര്‍ന്നുകൊണ്ടേയിരിക്കും. ഇതിന് മാറ്റമില്ല. ഒരു ടീമും ജീവിതകാലം മുഴുവന്‍ തോല്ക്കുന്നില്ല. ജയിക്കുന്നുമില്ല.
തോല്‍ക്കുന്നിടത്ത് നിന്ന് തിരിച്ച് വരികയാണ് നാം ചെയ്യേണ്ടത്. തോല്‍വിയും ജയവും പ്രകൃതിയുടെ നിയമങ്ങളാണ് എന്ന് മനസ്സിലാക്കുന്നിടത്ത് നാം വിജയിക്കുന്നു. നമ്മുടെ പ്രതീക്ഷകള്‍ക്കനുസരിച്ച് കാര്യങ്ങള്‍ നടക്കാത്തതിനെ നാം തോല്‍വി എന്ന് വിളിക്കുന്നു. അവിടെ പ്രകൃതിയുടെ നിയമത്തെ അംഗീകരിക്കാന്‍ നാം മടിക്കുന്നു. ഓരോ തോല്‍വിയും ഓരോ പാഠങ്ങളാണ്. ഓരോ പാഠവും നമ്മുടെ വിജയങ്ങളാണ്. ഓരോ തോല്‍വിയിലും നാം വിജയിക്കുന്ന പാഠങ്ങള്‍ മനസ്സിലാക്കുകയല്ലേ നല്ലത്.
പരീക്ഷയില്‍ തോറ്റ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്യുന്നു. ചിലര്‍ പ്രിയപ്പെട്ട ടീം തോല്‍ക്കുമ്പോള്‍ മനംനൊന്ത് ജീവിതം അവസാനിപ്പിക്കുന്നു. തന്റെ ഇച്ഛക്കനുസരിച്ച് ജീവിതം മുന്നോട്ട് പോകാത്തപ്പോള്‍ ഈ ജീവിതം തനിക്ക് വേണ്ട എന്ന് ചിലര്‍ തീരുമാനിക്കുന്നു. എത്ര വിഡ്ഢിത്തമായ തീരുമാനം. ഇവര്‍ ലോകം വിട്ടാലും ഇവിടെ ഇനിയും തോല്‍വികള്‍ സംഭവിച്ചുകൊണ്ടേയിരിക്കും. വ്യക്തികളും സംഭവങ്ങളും സാഹചര്യങ്ങളും മാറുന്നുവെന്നേയുള്ളൂ പ്രകൃതിയുടെ നിയമങ്ങള്‍ നടന്നുകൊണ്ടേയിരിക്കും.
പകലും രാത്രിയും പോലെ പരസ്പ്പരപൂരകങ്ങളാണ് ജയവും തോല്‍വിയും. ഇവയെ കാണുന്ന മനസ്സിന്റെ അവസ്ഥയും നൈമിഷികമാണ്. നമ്മുടെ ദുഃഖം കൂടുതല്‍ സമയം നീണ്ടുനില്‍ക്കുന്നില്ല. പ്രിയപ്പെട്ടൊരാള്‍ ജീവിതത്തില്‍ നിന്നും വിട്ടുപോകുന്ന ഒരു നിമിഷം നമുക്ക് തോന്നുന്ന ദുഃഖം അതേ അളവില്‍, അഗാതതയില്‍ നിലനില്ക്കുന്നില്ല എന്നതാണ് വാസ്തവം. കാലം ഒഴുകുന്ന ഒരു നദി പോലെയാണ്. അത് കടന്ന് പോകും. ആ നദിയില്‍ ഒഴുകുന്ന ഒരു വഞ്ചി മാത്രമാണ് നാം. ആ നിമിഷം കടന്ന് പോകുകയാണ് പ്രധാനം. അതിനായി കാത്തിരിക്കാന്‍ നാം പഠിക്കേണ്ടതുണ്ട്.
അര്‍ജന്റീനയും ജര്‍മനിയും പോര്‍ച്ചുഗലും വെറുതെയിരിക്കാന്‍ പോകുന്നുണ്ടോ? ഒരിക്കലുമില്ല. അവര്‍ തങ്ങളുടെ തോല്‍വികളെ വിലയിരുത്തും. തെറ്റുകള്‍ മനസ്സിലാക്കും. അത് തിരുത്തുവാനുള്ള തന്ത്രങ്ങള്‍ തീര്‍ക്കും. കൂടുതല്‍ ശക്തരായി വിജയിക്കുവാനുള്ള തീഷ്ണതയോടെ അവരൊക്കെ ഇനിയും തിരിച്ചെത്തും. അവര്‍ തോറ്റത് ഒരു ലോകകപ്പില്‍ മാത്രമാണ്. എല്ലാ ലോകകപ്പിലുമല്ല. ഈ ലോകത്തില്‍ ഒന്നും അവസാനിക്കുന്നില്ല. എല്ലാം തുടക്കം മാത്രമാണ്. അസ്തമയം ഉദയത്തിനായുള്ള തുടക്കം പോലെ.
തോല്‍വിയുടെ നിമിഷത്തെ നാം കടന്നെടുക്കണം. ചിന്തകളും ദുഃഖവും നൈമിഷികമാണ്. തോല്‍ക്കാതെ ജയിച്ചവരില്ല ഈ ലോകത്ത്. നാം അവരുടെ ജയം മാത്രമേ കാണുന്നുള്ളൂ. അവര്‍ ഭാഗ്യവാന്മാര് എന്നും നാം നിര്ഭാഗ്യവാന്മാര് എന്നും ചിന്തിക്കുന്നിടത്ത് തുടങ്ങുന്നു നമ്മുടെ മനസ്സിന്റെ വിങ്ങല്‍. തോല്‍വിയെ ജീവിതത്തിന്റെ ഭാഗമായി കാണാന്‍ നാം പഠിക്കണം. അതിന്റെ പാഠങ്ങള്‍ മനസ്സിലാക്കണം. വീണ്ടും തിരിച്ചുവരണം. തോല്‍വികള്‍ ജീവിതം അവസാനിപ്പിക്കുവാനുള്ള സിഗ്നല്‍ അല്ല. മറിച്ച് ജീവിതം തുടങ്ങുവാനുള്ള അടയാളമാണ്. കൂടുതല്‍ ശക്തരായി, കൂടുതല്‍ തിരിച്ചറിവുള്ളവരായി.