അന്ധര്‍ വഴികാട്ടുമ്പോള്‍

 

സുഹൃത്ത് രോഗശൈയ്യയിലാണ്. തളര്‍ന്ന് താമരത്തണ്ടുപോലെ വാടിയ കൈ എടുത്ത് എന്റെ ഉള്ളംക്കൈയ്യില്‍ വെച്ച് ഞാന്‍ അടുത്തിരുന്നു. ആരോഗ്യദൃഡഗാത്രനായിരുന്ന, സുന്ദരനായിരുന്ന ആള്‍ നന്നേ ക്ഷീണിച്ചുപോയിരിക്കുന്നു. കണ്ണുകള്‍ രണ്ടു വലിയ കുഴികളിലേക്ക് ആഴ്ന്നു പോയത് പോലെ. എന്നും ചിരി നിറഞ്ഞുനിന്നിരുന്ന മുഖത്ത് കെട്ടിനില്‍ക്കുന്ന വിഷാദം. അവിടെയിരിക്കുമ്പോള്‍ അയാളുടെ മനസ്സില്‍ നിറഞ്ഞുനിന്ന കാര്‍മേഘം എന്റെ മനസ്സിലേക്കും മെല്ലെ പടരുന്ന പോലെ.

വലിയൊരു ദൈവവിശ്വാസിയാണ് അയാള്‍. തികഞ്ഞ സാധകനും. ആത്മീയതയിലേക്ക് മനസ്സിനെയും ശരീരത്തേയും നയിച്ചുകൊണ്ടിരിക്കുന്ന ഒരാള്‍. ഈ ലോകം മായയാണ് എന്നും ആഗ്രഹങ്ങളാണ് ദു:ഖത്തിന് നിദാനമെന്നും ഈ ശരീരം നശ്വരം എന്നാല്‍ ആത്മാവ് അനശ്വരം എന്നും മറ്റുള്ളവരെ പഠിപ്പിക്കുന്നോരാളായിരുന്നു ആ സുഹൃത്ത്. ഭാവിയില്‍ അയാള്‍ വലിയൊരു യോഗിയാകും എന്ന് വിശ്വസിച്ചിരുന്നവരായിരുന്നു ഞങ്ങളില്‍ ഭൂരിഭാഗംപേരും.

ക്ഷീണം മൂലം അനങ്ങാന്‍ വയ്യാതെ കിടന്ന സുഹൃത്ത് അടുത്തിരുന്ന എന്നെ ദയനീയമായി നോക്കി. ”ഞാന്‍ മരിക്കുമോ” അയാള്‍ എന്നോട് ചോദിച്ചു. ആ മുഖത്ത് ഇരച്ചുകയറിയ ഭയം ഞാന്‍ കണ്ടു. ജീവിതം ആത്മീയതക്ക് സമര്‍പ്പിച്ച, ശരീരം ഒരു മിഥ്യയാണ് എന്ന് വിശ്വസിച്ചിരുന്ന ഒരാള്‍ മരണത്തെ എന്തിന് ഭയപ്പെടുന്നു. മരണത്തെ മുന്നില്‍ കാണുന്ന ഒരാളില്‍ നിന്ന് ആത്മീയത ഒരു ഉറപോലെ ഊര്‍ന്നുപോകുന്നത് ഞാന്‍ കണ്ടു. ഇപ്പോള്‍ അയാള്‍ ജീവിതയാഥാര്‍ത്ഥ്യത്തിന് മുന്നില്‍ പകച്ച് നിക്കുന്ന വെറുമൊരു മനുഷ്യന്‍ മാത്രമായി. ദാര്‍ശനികതയില്ലാത്ത, ദൈവത്തെ അവിശ്വസിക്കുന്ന, മരണത്തെ ഭയക്കുന്ന ഒരാള്‍.

പലര്‍ക്കും ആത്മീയത ഒരു മുഖംമൂടിയാണ്. ആഴത്തില്‍ വേരുകളൂന്നാത്ത ഒരു മരം കാറ്റില്‍ ഉലഞ്ഞുലഞ്ഞു നില്‍ക്കുന്നത്‌പോലെ ദുര്‍ബലമായ വിശ്വാസം. ചിലപ്പോള്‍ അത് ജീവനോപാധിയായി മാറുന്നു. ജീവിതത്തിലെ പരാജയങ്ങള്‍ മറച്ചുവെക്കുവാനുള്ള ഒരു രൂപമാറ്റമാകുന്നു ചിലപ്പോളത്. വിരക്തി വാക്കുകളില്‍ മാത്രമാണ്. അവരുടെ ഉപദേശങ്ങള്‍ മറ്റുള്ളവര്‍ എങ്ങിനെ ജീവിക്കണം എന്നുള്ളതാകുന്നു. സ്വന്തം സ്വത്വത്തെ, അത്മത്തെ കണ്ടെത്തുവാന്‍ ഇക്കൂട്ടര്‍ക്ക് സാധിക്കാതെ വരുന്നു. കയ്‌പ്പേറിയ ജീവിതയാഥാര്‍ത്ഥ്യങ്ങള്‍ മുന്നിലെത്തുമ്പോള്‍ വാവിട്ടുകരയുന്ന തികച്ചും ബലഹീനനായ ഒരു മനുഷ്യന്‍ മാത്രമായി മാറുന്നു ഇവരില്‍ പലരും.

വര്‍ഷങ്ങളായി സന്യാസജീവിതം നയിക്കുന്ന ഒരു മഹത് വ്യക്തിയെ പരിചയപ്പെട്ടു. മധുരമായ സംഭാഷണം. ഗഹനമായ അറിവ്. മുഖത്ത് അസാമാന്യ തേജസ്സ്. തുടര്‍ച്ചയായ സന്ദര്‍ശനങ്ങള്‍ കൊണ്ട് അദ്ദേഹവുമായി വലിയൊരു ആത്മബന്ധം ഉടലെടുത്തു. കാര്യങ്ങള്‍ പരസ്പ്പരം തുറന്ന് സംസാരിക്കാനുള്ള മടി ആ പരിചിതത്വം തുടച്ചുമാറ്റി. ഒരിക്കല്‍ അദ്ദേഹം മനസ്സ് തുറന്നു. അദ്ദേഹത്തിന്റെ വലിയൊരു പേടി അദ്ദേഹം എന്നോട് തുറന്ന് പറഞ്ഞു. പ്രായമാകുമ്പോള്‍ പരിചരിക്കാനും ശുശ്രൂഷിക്കാനും ആരുണ്ടാവും. അപ്പോള്‍ ആഹാരം എങ്ങിനെ ലഭിക്കും? ലൗകിക സുഖങ്ങള്‍ വെടിഞ്ഞു ദൈവത്തില്‍ അഭയം പ്രാപിച്ചിരിക്കുന്ന അദ്ദേഹം ഭാവിയെക്കുറിച്ചുള്ള വലിയൊരു ഉത്ക്കണ്ടയിലാണ്. ഓരോ നിമിഷവും ഇത് മനസ്സിനെ മദിച്ചുകൊണ്ടിരിക്കുന്നു. ഞാനെന്ന സാധാരണക്കാരനും അദ്ദേഹവും തമ്മില്‍ എന്ത് വ്യത്യാസം? ഭയത്തിന്റെ കടലില്‍ നീന്തുന്ന രണ്ടു ചെറുമീനുകള്‍.

ദൈവത്തെ സംശയിക്കുന്നവരാണ് ഇവരെല്ലാം തന്നെ. ജീവിതം ദൈവത്തില്‍ അര്‍പ്പിക്കുകയും ദൈവത്തെ വിശ്വസിക്കാതിരിക്കുകയും ചെയ്യുക. അതിരസകരമായ ഒരു കടങ്കഥയാകുന്നു അത്. സന്യാസവസ്ത്രത്തില്‍ ചരിക്കുന്നവരേക്കാള്‍ ഉത്തമരായ ഗൃഹസ്ഥന്മാര്‍ ധാരാളമുണ്ട്. ഒരേ സമയം സന്യാസിയും ഭാവിയെക്കുറിച്ചും മരണത്തെക്കുറിച്ചും ഭയമുള്ളവരായി ജീവിക്കുകയും ചെയ്യുക. അവര്‍ നമ്മെ ഉപദേശിക്കും ആത്മീയതയിലേക്ക് നയിക്കും. വഴി അറിയാത്ത ഒരാള്‍ വഴികാട്ടുന്നത് പോലെ. പോകുന്നവനും നയിക്കുന്നവനും അറിയുന്നില്ല ഈ യാത്രയുടെ ലക്ഷ്യം.

”മായ എന്ന വൃക്ഷത്തിന്റെ അടിവേരാണ് ‘ഞാന്‍’ എന്ന ചിന്ത. ആ ചിന്തയെ നശിപ്പിച്ചാല്‍ അഥവാ ആ ചിന്ത വെടിഞ്ഞാല്‍ മായ അസ്തമിക്കും. വേര് വെട്ടിമുറിച്ചാല്‍ ഏതു വന്‍വൃക്ഷവും കടപുഴകി വീഴുന്നപോലെ. അഹം എന്ന ബോധത്തെ ഉന്മൂലനം ചെയ്യാന്‍ ഉതകുന്ന മാര്‍ഗ്ഗങ്ങളാണ് ഭക്തി, ജ്ഞാനം, യോഗ, ധ്യാനം എന്നിവ.” രമണ മഹര്‍ഷിയുടെ വാക്കുകളാണിവ.

”ഞാന്‍” എന്ന ചിന്ത വെടിഞ്ഞ എത്ര സന്യാസിമാരെ നമുക്ക് കാണുവാന്‍ കഴിയും. ഉത്തമരായവരെ കണ്ടെത്തുക വിഷമം തന്നെ. സ്വയം കണ്ടെത്താത്തത് മറ്റുള്ളവര്‍ക്ക് അവര്‍ കാണിച്ചുകൊടുക്കുന്നതെങ്ങിനെ? ഉദര നിമിത്തം ബഹുകൃതവേഷം അത്രതന്നെ പലര്‍ക്കും. വേഷമോ വാക്കുകളോ അല്ല ഒരു യഥാര്‍ത്ഥസന്യാസിയെ തിരിച്ചറിയാന്‍ മാര്‍ഗ്ഗം. അത് ജീവിതത്തോട് അവര്‍ എങ്ങിനെ ഇടപെടുന്നു എന്നുള്ളതാണ്. ആത്മീയത ഒരാളുടെ സ്വന്തം വിഷയമാണ്. വഴികാട്ടുന്നവന്റെ കയ്യില്‍ വെളിച്ചമില്ലെങ്കില്‍ നാം നയിക്കപ്പെടുന്നത് കടുത്ത അന്ധകാരത്തിലേക്കായിരിക്കും.

 

 

 

Share

Leave a comment