വളരെ വര്‍ഷങ്ങള്‍ക്ക് ശേഷമാണെങ്കിലും മുരുകന്റെ ശബ്ധം കേട്ടപ്പോള്‍ ഞാന്‍ തിരിച്ചറിഞ്ഞു. ഇടറിയുള്ള അല്‍പ്പം സ്‌ത്രൈണ ഭാവം ഉള്ള ശബ്ദമാണ് മുരുകന്റെത്. തമിഴനായ മുരുകന്‍ കേരളത്തിലാണ് വര്‍ഷങ്ങളോളം ജോലി ചെയ്തിരുന്നത്. ആ സമയത്താണ് ഞാന്‍ മുരുകനെ പരിചയപ്പെടുന്നത്. അമ്മക്ക് അസുഖം കൂടിയപ്പോള്‍ മുരുകന്‍ കേരളം വിട്ട് സ്വദേശത്തേക്ക് തിരികെ പോയി. പിന്നീട് ഞങ്ങള്‍ തമ്മില്‍ ബന്ധം ഒന്നും ഉണ്ടായിരുന്നില്ല. പെട്ടെന്ന് മുരുകന്റെ ശബ്ധം ഫോണിലൂടെ കേട്ടപ്പോള്‍ വലിയ സന്തോഷം തോന്നി.
മുരുകന്‍ വിശേഷങ്ങളൊക്കെ പങ്കുവെച്ചു. അമ്മ മരിച്ചു. മുരുകന്‍ വിവാഹം കഴിച്ചു രണ്ട് കുട്ടികളായി. നാട്ടില്‍ തന്നെ ജോലിയെടുത്ത് കഴിയുന്നു. എന്തോ ആവശ്യത്തിന് കൊച്ചിയില്‍ വന്നതാണ്. വന്നപ്പോള്‍ എന്നെ വിളിക്കണം എന്ന് തോന്നി. ”സുഖം തന്നെയല്ലേ മുരുകാ” ഞാന്‍ ചോദിച്ചു. ”നന്നായിരുക്ക് സര്‍, നന്നായിരുക്ക്” മുരുകന്‍ ആഹ്‌ളാദത്തോടെ മറുപടി പറഞ്ഞു.
”എപ്പടിയിരുക്ക് സര്‍” മുരുകന്‍ തിരികെ ചോദിച്ചു. ”കുഴപ്പമില്ല മുരുകാ, അങ്ങിനെ പോകുന്നു” ഞാന്‍ മറുപടി പറഞ്ഞു. എന്റെ വിശേഷങ്ങളൊക്കെ ചോദിച്ച് വീണ്ടും വിളിക്കാം എന്ന് വാഗ്ദാനം നല്കി മുരുകന്‍ ഫോണ്‍ വെച്ചു. നാം മറന്നുപോയ ചില ബന്ധങ്ങള്‍ ചിലപ്പോഴൊക്കെ തിരികെ വരും. അവ നമ്മെ ഭൂതകാലത്തിലേക്ക് കൈപിടിച്ച് മെല്ലെ കൂട്ടിക്കൊണ്ടു പോകും. കയ്പ്പും മധുരവും കലര്‍ന്ന ചില ഓര്‍മ്മകള്‍ തിരികെ തരും.
അന്ന് ഉറങ്ങാന്‍ കിടന്നപ്പോള്‍ മുരുകനുമായുള്ള സംഭാഷണം വീണ്ടും എന്നെ തേടി വന്നു. എന്റെ ചോദ്യത്തോടുള്ള മുരുകന്റെ ഉത്തരവും മുരുകന്റെ ചോദ്യത്തോടുള്ള എന്റെ ഉത്തരവും എന്റെ മനസില്‍ കിടന്നു ഉരുകുവാന്‍ തുടങ്ങി. എല്ലാം നന്നായിരിക്കുന്നു എന്ന് മുരുകന്‍ ആഹ്‌ളാദത്തോടെ പറഞ്ഞപ്പോള്‍ ഞാന്‍ പറഞ്ഞു കുഴപ്പമില്ല അങ്ങിനെ പോകുന്നു. എന്തൊരു വൈരുദ്ധ്യം. യഥാര്‍ത്ഥ സന്തോഷവാനും ഒരിക്കലും തൃപ്തനാവാത്തവനും തമ്മിലുള്ള വ്യത്യാസം.
ഞാന്‍ മാത്രമല്ല. നാം സംവേദിക്കുന്നവരില്‍ ബഹുഭൂരിപക്ഷം പേരും ഇങ്ങിനെയൊക്കെ തന്നെയാണ്. ജീവിതം എങ്ങിനെയുണ്ട്” എന്നാരെങ്കിലും ചോദിച്ചാല്‍ നമ്മുടെയൊക്കെ ഉത്തരം ഏതാണ്ട് ഇതുപോലെയൊക്കെ തന്നെയാണ്. അതില്‍ സന്തോഷമില്ല. ഇനിയും കിട്ടാത്തതിനെക്കുറിച്ചുള്ള ദുഃഖം അതില്‍ വിങ്ങിനില്ക്കുന്നു. ഇങ്ങനെയൊക്കെ കഴിഞ്ഞു പോകുന്നു എന്ന ഉത്തരം യാന്ത്രികമായി ചുണ്ടുകളില്‍ നിന്ന് കൊഴിഞ്ഞു വീണുകൊണ്ടേയിരിക്കുന്നു.
”നന്നായിരിക്കുന്നു” എന്നു പറയാന്‍ നമ്മള്‍ മറന്നു പോയിരിക്കുന്നു എന്നതാണ് വാസ്തവം. കാരണം നമ്മുടെ ചിന്തകള്‍ കിട്ടാത്ത സൗഭാഗ്യങ്ങള്‍ക്ക് പിന്നാലെ ഒരു കുതിരയെപ്പോലെ പാഞ്ഞു കൊണ്ടിരിക്കുകയാണ്. കിട്ടാത്തവയെക്കുറിച്ചുള്ള ദുഃഖം നിറഞ്ഞു നില്‍ക്കുമ്പോള്‍ നന്നായിരിക്കുന്നു എന്ന് പറയാന്‍ മനസ് തയ്യാറാവുന്നതെങ്ങിനെ? ആഗ്രഹിക്കുന്നത് കിട്ടിയാല്‍ പിന്നീട് സന്തോഷിക്കുവാനായി ഇന്നത്തെ സന്തോഷം നാം മാറ്റിവെച്ചിരിക്കുകയാണ്. പക്ഷേ ഒരിക്കലും നന്നായിരിക്കുന്നു എന്ന് നാം പറയാന്‍ സാദ്ധ്യത വളരെ വിദൂരത്തിലാണ്. കാരണം ആഗ്രഹങ്ങള്‍ക്ക് അതിരുകളില്ല എന്നത് തന്നെ.
മിട്ടായിക്ക് വേണ്ടി വാശി പിടിച്ച് കരഞ്ഞ മകന് അച്ഛന്‍ മിട്ടായി വാങ്ങി നല്കി. മിട്ടായി കിട്ടിയിട്ടും മുഖം തെളിയാത്ത മകനോട് അച്ഛന്‍ ചോദിച്ചു ”നിനക്ക് മിട്ടായി വാങ്ങി തന്നല്ലോ ഇനിയെന്താണ് പ്രശ്‌നം.” മകന്‍ തൊട്ടപ്പുറത്ത് നിന്ന കുട്ടിയുടെ കൈയ്യിലിരിക്കുന്ന മിട്ടായി ചൂണ്ടിക്കാട്ടി അച്ഛനോട് പറഞ്ഞു ”എന്റെതിനേക്കാള്‍ വലിയ മിട്ടായിയാണ് അവന്റെ കയ്യില്‍. എനിക്ക് അതുപോലത്തെ വേണം.”
ഈ കുട്ടിയുടെ അവസ്ഥയിലാണ് നമ്മള്‍. ഉള്ളതില്‍ തൃപ്തി പോരാ. മറ്റുള്ളവരുടെത് പോലെ ആയാലേ നമുക്ക് തൃപ്തി വരൂ. എന്നാല്‍ അതും സന്തോഷം കൊണ്ടുവരുമോ. ഒരിക്കലുമില്ല. ആഗ്രഹങ്ങള്‍ ശമിക്കുകയും തൃപ്തി എത്തുകയും ഇല്ല. ഇത് മനുഷ്യന്റെ സഹജമായ സ്വഭാവമാണ്. ഇത് നിലനില്ക്കുന്ന കാലത്തോളം നാമെങ്ങനെ ”നന്നായിരിക്കുന്നു” എന്ന് പറയും.
മുരുകന്‍ എന്നെ ഒരുപാട് ചിന്തിപ്പിച്ചു. മുരുകന്‍ എന്റെ മുന്നില്‍ നിവര്‍ന്ന് നില്‍ക്കുന്ന ഒരു മഹാവൃക്ഷമായി എനിക്ക് തോന്നി. ചെറിയ വാക്കുകളില്‍ മുരുകന്‍ ഒതുക്കിയ വലിയ തത്വശാസ്ത്രം എന്നെ ഒരു തീരുമാനം എടുപ്പിച്ചു. ഇനി ഞാന്‍ ”നന്നായിരിക്കുന്നു” എന്നേ പറയൂ. അതില്‍ ഒരു ഊര്‍ജ്ജം അടങ്ങിയിട്ടുണ്ട്. എന്റെയും നിങ്ങളുടെയുമെല്ലാം ജീവിതത്തെ സ്വാധീനിക്കുവാന്‍ കഴിയുന്ന വലിയൊരു പോസിറ്റീവ് എനര്‍ജി. അതുമായി ഒരു കാറ്റുപോലെ കടന്നുവന്ന മുരുകന്‍ ഗുരുവാകുന്നു. മേല്‍ക്കൂരയില്ലാത്തെ ലോകമെന്ന പള്ളിക്കൂടത്തിലെ അനേകം ഗുരുക്കന്മാരില്‍ ഒരാള്‍.