വഴിയിലൂടെ അലസമായി എന്തൊക്കെയോ ആലോചിച്ചു നടക്കുകയായിരുന്നു. എതിരെ വന്ന വികാരിയച്ചനെ കണ്ടില്ല. അച്ചന്‍ എന്നെ പേരെടുത്ത് ഉറക്കെ വിളിച്ചു. ഒരു സ്വപ്നത്തില്‍ നിന്നും ഞെട്ടിയുണര്‍ന്ന പോലെ ഞാന്‍ അച്ചനെ നോക്കി.
വികാരിയച്ചനും ഞാനും നല്ല സുഹൃത്തുക്കളാണ്. എന്റെ മിക്ക ലേഖനങ്ങളും വായിച്ച് അഭിപ്രായങ്ങള്‍ പറയാറുള്ള ഒരാള്‍. അന്നും അച്ചന്‍ പറഞ്ഞു ”നീ ഇന്നലെ ഫേസ്ബുക്കില്‍ ഇട്ടിരുന്ന ലേഖനം വായിച്ചു. നന്നായിട്ടുണ്ട്. പക്ഷേ ചില കാര്യങ്ങളില്‍ മാറ്റങ്ങള്‍ ആവശ്യമുണ്ട്.”
ഈ അച്ചനിങ്ങനെയാണ് നല്ലത് പറയും അതിനൊപ്പം ഒരു കുത്തും. അല്‍പ്പം ചൊറിച്ചിലോടെ ഞാന്‍ പറഞ്ഞു ”അച്ചോ, എന്റെ ലേഖനങ്ങള്‍ വായിച്ചിട്ട് ഒരുപാടു പേര്‍ അഭിപ്രായം പറയാറുണ്ട്. അവരൊക്കെ നല്ലത് മാത്രമാണ് പറയുന്നത്. അച്ചനെ എപ്പോള്‍ കണ്ടാലും അച്ചന്‍ എന്തെങ്കിലും കുറ്റങ്ങള്‍ കണ്ടുപിടിച്ചു കൊണ്ടുവരും. ഈ സ്വഭാവം പാതിരിമാര്‍ക്ക് അത്ര നല്ലതല്ല.”. സത്യത്തില്‍ അച്ചന്റെ അടുത്ത് അത്ര സ്വാതന്ത്ര്യമുള്ളതു കൊണ്ട് മാത്രം പരുക്കനായി പറഞ്ഞതാണ്.
എന്റെ മുഖം കറുത്തത് കണ്ടിട്ടും അച്ചന് ഭാവവ്യത്യാസം ഒന്നുമില്ല. അച്ചന്‍ തലയാട്ടിക്കൊണ്ട് പറഞ്ഞു ”നിന്റെ ചുറ്റും നിന്നെക്കുറിച്ച് നല്ലത് പറയാനും പ്രകീര്‍ത്തിക്കാനും ധാരാളം ആളുകള്‍ ഉണ്ടാകും. പക്ഷേ ഞങ്ങളെപ്പോലെ ചിലരെ ളോഹയും തന്ന് കര്‍ത്താവ് ഭൂമിയിലേക്ക് പറഞ്ഞയച്ചിട്ടുള്ളത് നിനക്കൊക്കെ തെറ്റുകള്‍ പറ്റുമ്പോള്‍ ചൂണ്ടിക്കാണിക്കാനും അത് തിരുത്തുവാന്‍ അവസരം നല്‍കുവാനും മാത്രമായിട്ടാണ്. അതുകൊണ്ട് ഞാന്‍ എന്റെ സ്വഭാവം മാറ്റുമെന്ന് നീ വിചാരിക്കേണ്ട. ഞാന്‍ ഇനിയും ഇതു പറഞ്ഞുകൊണ്ടിരിക്കും.”
അച്ചനും ഞാനും ഒരുമിച്ച് ചിരിച്ചു. ഞാന്‍ തിരിഞ്ഞു അച്ചനൊപ്പം കുറച്ചുനേരം സംസാരിച്ചു നടന്നു. അച്ചന്‍ ഏതോ വീട്ടിലേക്ക് പോകുകയാണ്. അവിടെയെത്തിയപ്പോള്‍ അച്ചന്‍ യാത്ര പറഞ്ഞു പിരിഞ്ഞു. അച്ചന്റെ വാക്കുകള്‍ മനസിന്റെ വറചട്ടിയിലിട്ട് ചൂടാക്കി ഞാന്‍ മെല്ലെ സഞ്ചാരം തുടര്‍ന്നു.
നമ്മെ പ്രകീര്‍ത്തിക്കാന്‍ ധാരാളം ആളുകള്‍ നമുക്ക് ചുറ്റുമുണ്ട്. നാമെന്ത് ചെയ്യുമ്പോഴും അവര്‍ നമ്മെ പ്രോത്സാഹിപ്പിക്കും, കയ്യടിക്കും. തീര്‍ച്ചയായും ജീവിതത്തില്‍ മുന്നേറ്റങ്ങള്‍ ഉണ്ടാക്കുവാന്‍ നമുക്ക് പ്രചോദനമാകുന്നത് അത്തരം വാക്കുകളാണ്. നമുക്കൊപ്പം ആത്മാര്‍ത്ഥതയോടെ അവരുണ്ട്. നമ്മള്‍ ചെയ്യുന്ന നന്‍മകളെ തിരിച്ചറിയാന്‍, ഇനിയും അത് തുടരാന്‍ പ്രേരിപ്പിക്കുന്നവര്‍.
അച്ചന്‍ പറഞ്ഞതും ശരിയാണ്. ഒരു ചെറിയ വിഭാഗം ആളുകളുണ്ട്. നമ്മെ വിമര്‍ശിക്കുവാന്‍, നമ്മുടെ തെറ്റുകളെ ചൂണ്ടിക്കാണിക്കുവാന്‍, ചിലപ്പോള്‍ നാം ചെയ്യുന്നത് ശരിയല്ല എന്ന് മുഖത്ത് നോക്കി വിളിച്ചു പറയാന്‍ തന്റേടം കാട്ടുന്നവര്‍. പക്ഷേ ഇവര്‍ നമ്മുടെ ശത്രുപക്ഷത്താണ്. പ്രകീര്‍ത്തിക്കുന്നവരെ നാം ഇഷ്ട്ടപ്പെടുകയും അവരുടെ സാമീപ്യം കൊതിക്കുകയും ചെയ്യുന്നു. തെറ്റുകള്‍ ചൂണ്ടിക്കാട്ടുന്നവരെ അകറ്റി നിര്‍ത്താനും അവര്‍ക്കെതിരെ മുഖം തിരിക്കാനും നാം ശ്രദ്ധിക്കുന്നു.
തീര്‍ച്ചയായും ഇത് രണ്ടും ആവശ്യമല്ലേ? നമ്മുടെ തെറ്റുകള്‍ ചൂണ്ടിക്കാട്ടുന്നവര്‍ എല്ലാം നമ്മുടെ നാശം ആഗ്രഹിക്കുന്നവരാണോ? അങ്ങനെയല്ല എന്നുള്ളതാണ് വാസ്തവം. നാം ഇനിയും കൂടുതല്‍ മികച്ച ഒരാളാവണം എന്ന ആത്മാര്‍ത്ഥമായ ഒരാഗ്രഹം ചിലപ്പോള്‍ അതിന് പിന്നിലുണ്ടാകാം. തികച്ചും സൃഷ്ട്ടിപരമായ, കാര്യകാരണസഹിതമുള്ള അത്തരം വിമര്‍ശനങ്ങളെ നാം അംഗീകരിക്കുകയും ആവശ്യമായ മാറ്റങ്ങള്‍ വരുത്തുകയുമല്ലേ ശരിയായ വഴി.
ഗുരുവിനോട് ശിഷ്യന്‍ ചോദിച്ചു ”എങ്ങിനെയാണ് ചില മനുഷ്യര്‍ നല്ലവരായും ചിലര്‍ മോശക്കാരായും മാറുന്നത്”
ഗുരു പറഞ്ഞു ”ആരും പൂര്‍ണ്ണമായി നല്ലവരോ മോശക്കാരോ ആകുന്നില്ല. ഓരോരുത്തരുടെ നന്‍മയും തിന്‍മയും നാം ഒരു ത്രാസിലിട്ട് തൂക്കിയാല്‍ നന്‍മയുടെ തട്ട് അല്‍പ്പം ഭാരം കൂടിയവര്‍ നന്മയുള്ളവരായും തിന്‍മയുടെ തട്ട് അല്‍പ്പം ഭാരം കൂടിയവര്‍ മോശക്കാരായും നമുക്ക് തോന്നും. യഥാര്‍ത്ഥത്തില്‍ നന്മുയുള്ളവരില്‍ തിന്‍മയും തിന്മയുള്ളവരില്‍ നന്മയുമുണ്ട്. ഇതിലൊന്നിന് മാത്രമായി മനുഷ്യജന്മത്തില്‍ നിലനില്‍പ്പില്ല.”
ജീവിതത്തിന്റെ വലിയൊരു പാഠമാണ് ഗുരു ശിഷ്യന് പകര്‍ന്ന് നല്‍കിയത്. നാം പൂര്‍ണ്ണമായും നന്മയുള്ളവര്‍ അല്ല. അതുപോലെ തന്നെ നാം പൂര്‍ണ്ണമായും തിന്മയുള്ളവരും അല്ല. ഒരു വ്യക്തിയില്‍ അന്തര്‍ലീനമായി നന്‍മയും തിന്‍മയും അടങ്ങിയിരിക്കുന്നത് കൊണ്ട് സാഹചര്യങ്ങള്‍ക്കനുസൃതമായി തെറ്റുകള്‍ സംഭവിക്കാം. ആ തെറ്റുകള്‍ ചൂണ്ടിക്കാട്ടുന്നവര്‍ ശത്രുക്കളല്ല.
ഇനി ഒരാള്‍ നമുക്ക് നേരെ വിരല്‍ ചൂണ്ടുമ്പോള്‍ അതിനെ കുറ്റപ്പെടുത്തും മുന്‍പ് ഒരു നിമിഷം ചിന്തിക്കുക ”എനിക്ക് മാറ്റമെന്തെങ്കിലും ആവശ്യമുണ്ടോ?”