ഉയര്‍ന്ന ഒരു പാറക്കെട്ടിന്റെ മുകളില്‍ കയറി നിന്ന് കുറുനരികളുടെ നേതാവ് താഴേക്ക് നോക്കി. അവിടെ ആയിരക്കണക്കിന് കുറുനരികള്‍ തങ്ങളുടെ പ്രിയപ്പെട്ട നേതാവിന്റെ വാക്കുകള്‍ കേള്‍ക്കാനായി അക്ഷമരായി കാത്തുനില്‍ക്കുന്നു. സന്തോഷഭരിതനായ നേതാവ് കണ്ഠശുദ്ധി വരുത്താനായി ആകാശത്തേക്ക് നോക്കി ഓരിയിട്ടു. അനുയായികളും നേതാവിന്റെ പിന്നാലെ ഓരിയിട്ടു. ആയിരക്കണക്കിന് കുറുനരികളുടെ ശബ്ധം കാടിനെ പ്രകമ്പനം കൊള്ളിച്ചു.
നേതാവ് അണികളെ നോക്കി ഗൗരവത്തില്‍ സംസാരിച്ചു തുടങ്ങി ”കാട്ടിലെ ഏറ്റവും ബുദ്ധിയുള്ള, കൗശലമുള്ള ഒരു ജനതയാണ് നാം. ഈ ഗുണങ്ങളിലൊന്നും നമ്മോട് കിടപിടിക്കുവാന്‍ പോന്ന ഒരു വര്‍ഗ്ഗത്തേയും ദൈവം കാട്ടില്‍ സൃഷ്ട്ടിച്ചിട്ടില്ല. ബൗദ്ധികതയില്‍ മറ്റുള്ളവരേക്കാള്‍ മുമ്പില്‍ നില്‍ക്കുന്ന തികച്ചും വ്യത്യസ്തരായ ഒരു വംശം തന്നെയാണ് എന്ന് നാം തിരിച്ചറിയേണ്ടതുണ്ട് . നമുക്ക് നമ്മുടേതായ വിശ്വാസങ്ങളും പെരുമാറ്റരീതികളും ആചാരാനുഷ്ടാനങ്ങളും ഉണ്ട്. കാട്ടിലെ മറ്റ് ജീവികളുമായുള്ള ചങ്ങാത്തവും പെരുമാറ്റവും സംവേദനവുമെല്ലാം നാം ഒഴിവാക്കേണ്ടതുണ്ട്. മറ്റ് വിശ്വാസങ്ങളുള്ള, പെരുമാറ്റരീതികളുള്ള, വ്യത്യസ്ത ചിന്താഗതികളുള്ള മൃഗങ്ങളെ നാം നമ്മുടെ അധീനതയിലുള്ള ഈ സാമ്രാജ്യത്തില്‍ പ്രവേശിപ്പിക്കുവാന്‍ പാടുള്ളതല്ല. നമ്മുടെ വിശ്വാസങ്ങളില്‍ വെള്ളം ചേര്‍ക്കുവാനോ എതിര്‍ ചിന്തകളെ അതുമായി കലര്‍ത്തുവാനോ നാം അനുവദിച്ചു കൂടാ. അതുകൊണ്ട് നാം നമ്മുടെ സമൂഹവുമായി മാത്രം ഇടപഴകുക. മറ്റുള്ളവരുമായുള്ള ചങ്ങാത്തങ്ങളും കൂട്ടുകെട്ടുകളും ഉപേക്ഷിച്ച് നമ്മുടെ സമൂഹത്തില്‍ മാത്രം നിലകൊള്ളുക. ഇന്ന് മുതല്‍ നാമിത് കര്‍ശനമായി പാലിക്കേണ്ടതാണ്.”
അണികള്‍ ആവേശത്തോടെ ഓരിയിട്ട് നേതാവിന്റെ വാക്കുകള്‍ ഹൃദയത്തില്‍ സ്വീകരിച്ചു. അന്നുമുതല്‍ അവര്‍ ഇരതേടാന്‍ മാത്രം കാടിന്റെ മറ്റ് ഭാഗങ്ങളിലേക്ക് പോകുകയും തിരികെ വന്ന് തങ്ങളുടെ സമൂഹവുമായി മാത്രം ഇടപഴകുവാനും തുടങ്ങി. തങ്ങളുടെ അധീനതയിലുള്ള ആ പ്രദേശത്തേക്ക് അവര്‍ മറ്റ് മൃഗങ്ങളെ പ്രവേശിപ്പിക്കാതായി. അവരുടെ സംഭാഷണങ്ങളും ചര്‍ച്ചകളും പ്രവര്‍ത്തനങ്ങളും അവരുടെ വിശ്വാസങ്ങള്‍ക്കും അനുഷ്ട്ടാനങ്ങള്‍ക്കും അനുസൃതമായി മാത്രം നടക്കുവാന്‍ തുടങ്ങി. മറ്റുള്ളവരുടെ വിശ്വാസങ്ങളോ, അഭിപ്രായങ്ങളോ, വിമര്‍ശനങ്ങളോ അവരെ സംബന്ധിച്ചിടത്തോളം അപ്രസക്തമായി. തങ്ങള്‍ക്ക് ചുറ്റും അദൃശ്യമായ ഒരു മതില്‍ അവര്‍ തീര്‍ത്തു.
കാലം കഴിഞ്ഞു പോകെ ജീവിതം മരുഭൂമി പോലെ വിരസമായിത്തുടങ്ങി. എന്നും സംസാരിക്കുന്നത് ഒരേ ആളുകളോട്. ഒരേ വിശ്വാസങ്ങള്‍ സൂക്ഷിക്കുന്നവരോട്. വ്യത്യസ്തതയില്ലാത്ത ജീവിതത്തിന്റെ മടുപ്പ് അവരിലേക്ക് കടന്നു വന്നു. തങ്ങളുടെ പ്രമാണങ്ങള്‍ ചര്‍ച്ച ചെയ്ത് ചെയ്ത് ഇനി ചര്‍ച്ച ചെയ്യാന്‍ ഒന്നുമില്ലാതെയായി. ഒരേ രീതിയില്‍ മാത്രം ചിന്തിക്കുന്നവര്‍ എന്ത് ചര്‍ച്ച ചെയ്യാന്‍? സാവധാനം ബൗദ്ധിക തലത്തിലുള്ള ചര്‍ച്ചകളും വാദപ്രതിവാദങ്ങളും അപ്രത്യക്ഷമായി. ഒരേ രീതിയില്‍ ചരിക്കുന്ന ചിന്തകള്‍ പുതിയതിനെ സ്വീകരിക്കാതായി. സംവേദനത്തിന്റെ തീഷ്ണത കുറഞ്ഞു വന്നു.
കൂട്ടത്തിലുള്ള ഒരു ചെറിയ കുറുക്കന് ഈ കെണിയുടെ ആപത്ത് മനസിലായി. എതിര്‍ശബ്ധങ്ങളില്ലാത്ത, മറ്റ് വിശ്വാസങ്ങളില്ലാത്ത, മറ്റ് ചിന്തകള്‍ക്ക് ഇടം നല്‍കാത്ത ഒരു സമൂഹത്തിന് വളര്‍ച്ചയോ നിലനില്‍പ്പോ ഇല്ല എന്നവന് ബോധ്യപ്പെട്ടു തുടങ്ങി. കുറുനരി വര്‍ഗ്ഗത്തിന്റെ അവസാനമാകും മറ്റ് സമൂഹങ്ങളില്‍ നിന്നുള്ള ഈ ഒറ്റപ്പെടല്‍ എന്നവന് മനസിലായി. ആഹാരവും സെക്‌സും ആചാരങ്ങളും മാത്രമായി കാട്ടിലെ ഏറ്റവും ബുദ്ധിയുള്ള ജനത ഒതുങ്ങുന്നു. ബഹുസ്വരതയെ സ്വീകരിക്കുന്ന ഒരു സമൂഹം മാത്രമേ വളരൂ. അതിനെ ദീര്‍ഘകാലം നിലനില്പ്പുള്ളൂ. ഇത്തരം ചിന്തകള്‍ അവനെ തലയുയര്‍ത്തി നിന്ന് സത്യം പറയുവാന്‍ പ്രേരിപ്പിച്ചു.
അവന്‍ നേതാവിന്റെ മുന്നിലെത്തി ”താങ്കള്‍ ഈ ചെയ്യുന്നത് വിഡ്ഢിത്തമാണ്” അവന്‍ പറഞ്ഞു. ”മറ്റ് മൃഗങ്ങളുമായി സംസര്‍ഗ്ഗമില്ലാതെ, വ്യത്യസ്തങ്ങളായ അഭിപ്രായങ്ങള്‍ക്കും ചിന്തകള്‍ക്കും ഇടം നല്‍കാതെ നിങ്ങള്‍ ലോകത്തെ ഏറ്റവും ബുദ്ധിയുള്ള ഒരു സമൂഹത്തെ നശിപ്പിക്കുകയാണ്. ചിന്തിക്കുന്ന ഒരു ജനതക്കേ ഈ ലോകത്തെ പുരോഗതിയിലേക്ക് നയിക്കുവാന്‍ കഴിയൂ. ഒരേ രീതിയില്‍ മാത്രം ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നവര്‍ ഈ ലോകത്തിന്റെ നിയമങ്ങള്‍ക്കെതിരെയാണ് സഞ്ചരിക്കുന്നത്. അതുകൊണ്ട് നാം മറ്റുള്ളവരുമായി ഇടപഴകണം. അവരുടെ വിശ്വാസങ്ങളും ചിന്തകളും അഭിപ്രായങ്ങളും വിമര്‍ശനങ്ങളും ഉള്‍ക്കൊള്ളണം. അല്ലെങ്കില്‍ നമ്മുടെ സമൂഹം നശിച്ചു പോകും.”
തന്നെ ധിക്കരിക്കുന്ന കുട്ടിക്കുറുക്കനെ നേതാവ് ക്രുദ്ധനായി നോക്കി. വര്‍ദ്ധിച്ച ദേഷ്യത്തോടെ, ക്രൗര്യത്തോടെ നേതാവ് അവന്റെ മേല്‍ ചാടി വീണു. ഉയര്‍ന്ന എതിര്‍ശബ്ധം അവിടെ മരിച്ചു വീണു. അവരുടെ ചുറ്റും നിന്ന കുറുനരികള്‍ നിശബ്ദരായി പിരിഞ്ഞു പോയി.
ഒരേ രാഷ്ട്രീയം, ഒരേ പ്രത്യയശാസ്ത്രം, ഒരേ മതം, ഒരേ വിശ്വാസങ്ങള്‍ ലോകത്തെ മുരടിപ്പിക്കും. ബഹുസ്വരതയില്ലാത്ത ഒരു സമൂഹം വളരുകയില്ല. ഭിന്ന സ്വരങ്ങള്‍ ഉടലെടുക്കണം, വ്യത്യസ്തങ്ങളായ അഭിപ്രായങ്ങള്‍ ഉയരണം, വിമര്‍ശനങ്ങള്‍ ഉണരണം, ചിന്തകളെ അലയാന്‍ വിടണം. സമൂഹത്തിന്റെ വളര്‍ച്ചയും മുന്നേറ്റവും വ്യത്യസ്തതയുടെ ഉത്പന്നങ്ങളാണ്.
സൂര്യന്‍ ഭൂമിയെ ചുറ്റുന്നു എന്ന് വിശ്വസിച്ചിരുന്ന ഒരു ജനത മാറി ചിന്തിച്ചു തുടങ്ങിയത് ഭൂമിയാണ് സൂര്യനെ ചുറ്റുന്നത് എന്ന ഭ്രാന്തമായ ഒരു ചിന്തയുടെ കടന്നുവരവോട് കൂടിയാണ്. വ്യത്യസ്ത ശബ്ദങ്ങളെ ഇല്ലായ്മ ചെയ്യുന്നത് അറിവില്ലായ്മയുടെ ലക്ഷണമാണ്. അനേകത്വമാണ് ചിന്തകളെ ഉണര്‍ത്തുകയും ഉത്തേജിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്നത്. വിഡ്ഢികളേ അത് ഇല്ലാതാക്കുവാന്‍ ശ്രമിക്കൂ.