അബ്ദുള്ള അതിസമ്പന്നന്‍ ആയിരുന്നു. അബ്ദുള്ളയുടെ കുടുംബം പാരമ്പര്യമായി കര്‍ഷകരും ബിസിനസുകാരും ആയിരുന്നു. കണ്ണെത്താദൂരത്തോളം നീണ്ടുകിടക്കുന്ന കൃഷിഭൂമി, രാജ്യത്തും വിദേശങ്ങളിലുമായി പടര്‍ന്നു പന്തലിച്ച ബിസിനസുകള്‍, കാറുകള്‍, വീടുകള്‍, നൂറുകണക്കിന് ജോലിക്കാര്‍, സുന്ദരിയായ ഭാര്യയും മിടുമിടുക്കികളായ മക്കളും അങ്ങനെ അബ്ദുള്ളയുടെ ജീവിതം ഒരു രാജാവിന് സമമായിരുന്നു. സകല സൗഭാഗ്യങ്ങളും ദൈവം കനിഞ്ഞ് അബ്ദുള്ളക്ക് നല്‍കിയിരുന്നു.
ചിലപ്പോള്‍ പണത്തിന്റെ ആധിക്യം എന്തെങ്കിലും ദുഃഖം നല്‍കുമോ? അറിയില്ല. പക്ഷേ അബ്ദുള്ളയുടെ മനസില്‍ എന്തോ ഒന്ന് വിങ്ങിനില്‍ക്കുന്നുണ്ടായിരുന്നു. എല്ലാം ഉണ്ടായിട്ടും എന്തൊക്കെയോ കുറവുള്ളത് പോലെ. എന്തോ ഒരു ദുഃഖം മനസില്‍ ഉണ്ട്. അതെന്താണ് എന്ന് മനസിലാകുന്നുമില്ല. അതിന് കാരണം എന്തെങ്കിലും ഉണ്ടോ എന്നു ചോദിച്ചാല്‍ ഒന്നുമില്ല. രാവിലെ ഉണരുന്നു വര്‍ഷങ്ങളായി ചെയ്തു പോരുന്നതൊക്കെ ചെയ്യുന്നു. സമ്പന്നത കുമിഞ്ഞു കൂടുന്നു.
എല്ലാ കാര്യങ്ങളും നോക്കി നടത്തുവാന്‍ ഏറ്റവും മിടുക്കരായ ജോലിക്കാര്‍ ഉണ്ട്. അതുകൊണ്ട് തന്നെ ഒന്നും പേടിക്കാനില്ല. മീറ്റിങ്ങുകളും ചര്‍ച്ചകളും യാത്രകളുമൊക്കെയായി ഒരു തീവണ്ടി പോലെ ദിവസങ്ങള്‍ പാഞ്ഞു പോകുന്നു. ഇതിനിടയില്‍ ചിന്തിക്കാന്‍ പോലും സമയമില്ല. പക്ഷേ ഏതോ ഒരു അസംതൃപ്തി മനസില്‍ കെട്ടിക്കിടപ്പുണ്ട്. എല്ലാ സൗഭാഗ്യങ്ങളും ഉള്ളപ്പോള്‍ തന്നെ അത് ആസ്വദിക്കാന്‍ മടിക്കുന്ന മനസ്. കുറവുള്ള എന്തിനോ വേണ്ടി അത് തേങ്ങിക്കൊണ്ടിരിക്കുന്നു. ചിരിക്കുമ്പോള്‍ പോലും മനസില്‍ ഒരു കൊളുത്തുടക്കി നില്‍ക്കുന്ന പോലെ.
അബ്ദുള്ളയുടെ ജീവിതം അങ്ങനെ മുന്നോട്ട് പോകുമ്പോളാണ് ഒരു യാത്രക്കിടയില്‍ അബ്ദുള്ള ആ സന്യാസിയെ കണ്ടുമുട്ടുന്നത്. പൊക്കം കുറഞ്ഞ് തേജസ്വിയായ ഒരാള്‍. കടല്‍ പോലെ പരന്നൊഴുകുന്ന ചിരി. ഉടുത്തിരിക്കുന്ന വസ്ത്രം മാത്രം ഭാരമായിട്ടുള്ള ആ സന്യാസിയെ കണ്ട അബ്ദുള്ളക്ക് ആശ്ചര്യം തോന്നി. ഒന്നുമില്ലാത്ത ഈ സന്യാസിക്കെങ്ങിനെ ഇങ്ങനെ സന്തോഷിക്കുവാന്‍ കഴിയുന്നു. സ്വര്‍ണ്ണക്കരണ്ടിയുമായി ജനിച്ച തനിക്ക് മനസിലെ വിങ്ങല്‍ മാറുന്നില്ല. ഒന്നുമില്ലാത്ത, കൈകള്‍ ശൂന്യമായ ഒരു സന്യാസി. അദ്ദേഹത്തിന്റെ ശരീരം മുഴുവന്‍ സന്തോഷം നിറഞ്ഞു തുളുമ്പി നില്‍ക്കുന്നു.
അബ്ദുള്ള സന്യാസിയെ പരിചയപ്പെട്ടു. തന്റെ കാര്യങ്ങള്‍ മുഴുവന്‍ അബ്ദുള്ള സന്യാസിയോട് പറഞ്ഞു. തനിക്ക് തിരിച്ചറിയാനാവാത്ത, മനസിന്റെ ഏതോ ഒരു കോണില്‍ ഒളിച്ചിരിക്കുന്ന ആ അസംതൃപ്തിയെപ്പറ്റിയും അയാള്‍ സന്യാസിയോട് പറഞ്ഞു. ഒരു കുട്ടിയുടെ ജിജ്ഞാസയോടെ സന്യാസി അയാള്‍ പറയുന്നതു കേട്ടിരുന്നു. ഒരു മഴ പെയ്തു തീര്‍ന്നപോലെയുള്ള അബ്ദുള്ളയുടെ സംഭാഷണം തീര്‍ന്നപ്പോള്‍ സന്യാസി അയാളോട് പറഞ്ഞു. ”കുറച്ച് ദിവസം എനിക്കൊപ്പം ആശ്രമത്തില്‍ വന്ന് നില്‍ക്കൂ. ചിലപ്പോള്‍ ഒരു മാറ്റം നല്ലതിനാവാം”.
അബ്ദുള്ള സന്യാസിക്കൊപ്പം ആശ്രമത്തിലേക്ക് യാത്രയായി. ആശ്രമത്തിലെ ജീവിതം അയാളെ സംബന്ധിച്ചിടത്തോളം അതികഠിനമായിരുന്നു. ചുറ്റും പരിചാരകരുണ്ടായിരുന്ന ഒരാള്‍ ആശ്രമത്തില്‍ കഴിയുന്നത് ചിന്തിച്ചു നോക്കൂ. പട്ടുമെത്തയില്‍ കിടന്നുറങ്ങിയിരുന്ന അബ്ദുള്ള വെറും നിലത്ത് പായ വിരിച്ച് കിടക്കാന്‍ ശീലിച്ചു. വിഭവസമൃദ്ധമായ സ്വാദിഷ്ടമായ രാജകീയ ഭോജനം കഴിച്ചിരുന്ന അബ്ദുള്ള സ്വയം തയ്യാര്‍ ചെയ്യുന്ന കഞ്ഞി കുടിച്ച് വിശപ്പടക്കി. പുറത്തുനിന്ന് കാണുന്ന ഒരാള്‍ക്ക് അബ്ദുള്ളയുടെ അവിടുത്തെ ജീവിതം നരകതുല്യമായി തോന്നുമായിരുന്നു.
തണുത്ത കാറില്‍ ചുറ്റി നടന്നിരുന്ന അബ്ദുള്ള തോട്ടത്തില്‍ ചെടിക്ക് നനക്കുവാനും വളമിടാനും തുടങ്ങി. സന്യാസിയുടെ ശിഷ്യര്‍ക്കൊപ്പം അയാള്‍ വിറക് തേടി വനത്തിലേക്ക് പോകാന്‍ ശീലിച്ചു. ശേഖരിക്കുന്ന വിറകുകള്‍ തലച്ചുമടായി ആശ്രമത്തിലേക്കെത്തിച്ചു. പശുവിന്റെ അകിട്ടില്‍ നിന്നും കറന്നെടുത്ത ചൂടുപാല്‍ അയാള്‍ കൈകളിലെടുത്ത് മൊത്തിക്കുടിച്ചു. തന്റെ മറ്റ് ശിഷ്യര്‍ക്കൊപ്പം കളിച്ചു നടക്കുന്ന അയാളെ സന്യാസി ഒരു പുഞ്ചിരിയോടെ നോക്കി നിന്നു.
സന്യാസി അയാളെ ധ്യാനിക്കാന്‍ പഠിപ്പിച്ചു. ധ്യാനത്തിലൂടെ കടന്നുപോയിത്തുടങ്ങിയപ്പോള്‍ അയാള്‍ തന്റെ ജീവിതത്തെ വിശകലനം ചെയ്യുവാന്‍ തുടങ്ങി. ആദ്യമൊക്കെ അത് അയാളെ വല്ലാതെ വേട്ടയാടി. തനിക്ക് നഷ്ട്ടപ്പെട്ട എന്തൊക്കെയോ തിരിച്ചുകിട്ടുന്നതായി അയാള്‍ക്ക് തോന്നി. താന്‍ ഓടിക്കൊണ്ടിരുന്ന ഒരു യന്ത്രം മാത്രമായിരുന്നു എന്നയാള്‍ എപ്പോഴോ തിരിച്ചറിഞ്ഞു. തന്റെ ദുഃഖവും സന്തോഷവുമെല്ലാം യാന്ത്രികമായിരുന്നു എന്നയാള്‍ക്ക് തോന്നി. തന്നെ താന്‍ കണ്ടെത്തുന്ന അസുലഭ നിമിഷങ്ങള്‍ ഇതാണ് എന്നയാള്‍ക്ക് മനസിലായി.
ധ്യാനത്തിന്റെ നിമിഷങ്ങളെ അയാള്‍ പ്രിയപ്പെട്ടതായി കരുതിത്തുടങ്ങി. തന്നെ താന്‍ തന്നെ സ്‌നേഹിക്കാന്‍ തുടങ്ങി എന്ന സത്യം അയാളുടെ മനസിലേക്ക് ഒരു മിന്നല്‍ പോലെ കടന്നുവന്നു. ഇന്നുവരെ താന്‍ കാംക്ഷിച്ചിരുന്നത് മറ്റുള്ളവരുടെ സ്‌നേഹവും അംഗീകാരവും പ്രശംസയുമൊക്കെയായിരുന്നു. എന്നാല്‍ ഇപ്പോള്‍ താന്‍ തന്നെ സ്വയം തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു. തന്നെക്കാള്‍ മനോഹരമായ ഒരു വസ്തു ഭൂമിയില്‍ വേറെ ഇല്ല എന്നയാള്‍ക്ക് തോന്നാന്‍ തുടങ്ങി. സ്വയം സാമീപ്യം ആസ്വദിക്കുന്ന ഒരു തലത്തിലേക്ക് അബ്ദുള്ള മാറി.
തനിക്ക് നഷ്ട്ടപ്പെട്ടത് എന്തായിരുന്നു എന്നയാള്‍ കണ്ടെത്തി. അതുതന്നെയായിരുന്നു തന്റെ തിരിച്ചറിയാതെ മനസില്‍ വിങ്ങിക്കിടന്ന ദുഃഖം എന്നും അയാള്‍ക്ക് മനസിലായി. സ്വയം നഷ്ട്ടപ്പെട്ട ഒരാളായിരുന്നു അബ്ദുള്ള. തിരക്കുകളില്‍, ഭാരിച്ച ഉത്തരവാദിത്വങ്ങളില്‍ മുഴുകിയപ്പോള്‍ സ്വയം കണ്ടെത്താന്‍ അയാള്‍ക്ക് കഴിഞ്ഞിരുന്നില്ല. അത്ഭുതമെന്ന് പറയട്ടെ ഇപ്പോള്‍ ഇവിടെ ഈ മണ്ണിന്റെ നനവില്‍ കാലുകള്‍ അമര്‍ത്തി നില്‍ക്കുമ്പോള്‍, ഒരു കൊച്ചുകുട്ടിയെപ്പോലെ പൂഴിയില്‍ ഓടിനടക്കുമ്പോള്‍, ചെടികളോട് കുശലം പറഞ്ഞ് ഉലാത്തുമ്പോള്‍, സ്വയം ആഹാരം ഉണ്ടാക്കുമ്പോള്‍, ധ്യാനത്തിന്റെ നിലയില്ലാക്കയത്തില്‍ ഊളിയിടുമ്പോള്‍ താന്‍ ഇന്നുവരെ അനുഭവിക്കാത്ത ഒരു സന്തോഷം അബ്ദുള്ള അനുഭവിച്ചുതുടങ്ങി.
അയാള്‍ സന്യാസിയോട് പറഞ്ഞു ”ഗുരോ, ഇവിടെ അങ്ങയുടെ ശിഷ്യനായി കഴിഞ്ഞുകൂടുവാന്‍ അങ്ങ് എന്നെ അനുവദിക്കണം. ധനം മാത്രമല്ല ജീവിതത്തിലാവശ്യം എന്ന് ഞാന്‍ മനസിലാക്കി. മറ്റുള്ളവര്‍ക്ക് സേവ ചെയ്യുമ്പോള്‍, സ്വയം മനസിലാക്കുമ്പോള്‍ മാത്രമാണ് നമ്മിലെ മനുഷ്യന്‍ സന്തോഷവാനാകൂ എന്ന് എനിക്ക് തോന്നുന്നു. എന്റെ അഭ്യര്‍ത്ഥന അങ്ങ് കൈക്കൊള്ളണം.”
സന്യാസി ചിരിച്ചു. എന്നിട്ടു പറഞ്ഞു. ”നിന്നെ നിനക്ക് മനസിലാക്കിത്തരിക എന്ന ലക്ഷ്യം മാത്രമേ എനിക്കുണ്ടായിരുന്നുള്ളൂ. നിന്റെ തിരക്കുകള്‍ക്കിടയില്‍ നീ സ്വയം നഷ്ട്ടപ്പെട്ട ഒരാളായിരുന്നു. ഈ ആശ്രമം അത് കണ്ടെത്താന്‍ നിന്നെ സഹായിച്ച വെറുമൊരു ഇടത്താവളം മാത്രമാണ്. നീ പ്രകൃതിയുമായി ഇണങ്ങി ജീവിക്കുമ്പോള്‍, നിന്റെ ധനം മറ്റുള്ളവര്‍ക്കായി പങ്ക് വെക്കുമ്പോള്‍, നിനക്കായി നീ അല്‍പ്പ സമയം മാറ്റിവെക്കുമ്പോള്‍, തുടര്‍ച്ചയായി ചെയ്തുകൊണ്ടിരിക്കുന്നവയില്‍ നിന്നും വ്യത്യസ്തമായി എന്തെങ്കിലും ചെയ്തു തുടങ്ങുമ്പോള്‍, കുട്ടികള്‍ക്കൊപ്പം കളിച്ചു തുടങ്ങുമ്പോള്‍ കിട്ടുന്ന ഈ സന്തോഷം ലോകത്ത് എവിടേയും സാധ്യമാണ്. അതിനായി നീ ഈ ആശ്രമം തന്നെ ഉപയോഗിക്കണം എന്നില്ല. നിനക്ക് നിന്റെ കുടുംബവും ഉത്തരവാദിത്വങ്ങളും ഉണ്ട്. അവയ്‌ക്കൊപ്പം ഇതൊക്കെക്കൂടി ചേരണം. അപ്പോള്‍ നിനക്ക് നഷ്ട്ടപ്പെടുന്ന സന്തോഷം തിരികെ എത്തും. നീ നിന്നെ കാത്തിരിക്കുന്നവര്‍ക്കരികിലേക്ക് മടങ്ങിപ്പോകുക. സന്തോഷം സ്വയം കണ്ടെത്തുക.”
നാം എവിടെയാണോ അവിടെയാണ് സന്തോഷം. ജീവിതം മുഴുവന്‍ ആര്‍ത്തിപിടിച്ചു ധനം സമ്പാദിച്ച്, ഒന്ന് ചിരിക്കാന്‍ പോലുമാകാതെ വെറും കൈയ്യോടെ മടങ്ങിപ്പോകുവാനുള്ള ഒരു ദൗത്യത്തിലല്ല നാം. തിരക്കുകള്‍ നമ്മുടെ സന്തോഷം മോഷ്ട്ടിക്കുവാന്‍ നാം അനുവദിക്കരുത്. നമുക്ക് നമ്മെ സ്‌നേഹിക്കുവാന്‍ കഴിഞ്ഞില്ലെങ്കില്‍ അതിന് മറ്റാര്‍ക്ക് കഴിയും. സ്വയം കണ്ടെത്താന്‍ നമുക്ക് കഴിയണം. ഒന്നിനും നേടിത്തരാന്‍ കഴിയാതെ ശാന്തിയും സമാധാനവും സന്തോഷവും അത് കൊണ്ടുതരും. ധനം ജീവിതത്തില്‍ വളരെ പ്രധാനപ്പെട്ടത് തന്നെ. അതുപോലെ തന്നെ പ്രധാനപ്പെട്ടതാണ് മനസമാധാനവും സന്തോഷവും. ഇതെല്ലാം നേടി ഈ ജീവിതം കടന്നുപോകുവാന്‍ നമ്മെ സഹായിക്കുവാന്‍ ആ സന്യാസിയുടെ വാക്കുകള്‍ക്ക് കഴിയട്ടെ.