എളിമയെ കീഴടക്കിയുള്ള വിജയം താല്‍ക്കാലികമാണ്. അത് പതനത്തിന്റെ വേഗത വര്‍ദ്ധിപ്പിക്കുക മാത്രമാണ് ചെയ്യുന്നത്
നല്ല തണുപ്പുള്ള സമയം കാടിന്റെ ഒരു ഭാഗത്ത് കുറച്ചു കുരങ്ങന്‍മാര്‍ കൂടി കരിയിലകള്‍ കൂട്ടിയിട്ട് കത്തിക്കുവാന്‍ ശ്രമിക്കുകയാണ്. ഒരു മിന്നാമിന്നിയെ പിടിച്ച് കൂട്ടിയിട്ട കരിയിലകള്‍ക്കിടയില്‍ വെച്ച് അവര്‍ ഊതാന്‍ തുടങ്ങി. അതുവഴി പറന്നു വന്ന ഒരു കുരുവി ഇവരുടെ ശ്രമം കണ്ട് അടുത്ത മരച്ചില്ലയില്‍ വന്നിരുന്ന് കുരങ്ങന്‍മാരോട് പറഞ്ഞു. ‘നിങ്ങള്‍ എത്ര പരിശ്രമിച്ചിട്ടും കാര്യമില്ല. അതൊരു മിന്നാമിനുങ്ങാണ്. അതില്‍ നിന്നും തീ ലഭിക്കുകയില്ല. അതുകൊണ്ട് ഈ പാഴ്ശ്രമം നിര്‍ത്തുകയാണ് നല്ലത്. എന്നാല്‍ കുരുവിയുടെ ഉപദേശം പുച്ഛത്തോടെ ശ്രവിച്ച് കുരങ്ങന്‍മാര്‍ ശ്രമം തുടര്‍ന്നു. കുറച്ചുസമയം കഴിഞ്ഞപ്പോള്‍ കുരുവി വീണ്ടും വാക്കുകള്‍ ആവര്‍ത്തിച്ചു. കുരുവിയെ ക്രുദ്ധരായി നോക്കി കുരങ്ങന്‍മാര്‍ വീണ്ടും വീണ്ടും ഊതി കത്തിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. കുരങ്ങന്‍മാരുടെ ഈ ശ്രമം സഹതാപത്തോടെ കണ്ടിരുന്ന കുരുവി വീണ്ടും സ്‌നേഹത്തോടെ ഉപദേശിച്ചു. തുടര്‍ച്ചയായ ഉപദേശത്തില്‍ മടുത്ത കുരങ്ങന്‍മാര്‍ പാവം കുരുവിയെ ചാടിപിടിച്ച് കഴുത്തു ഞെരിച്ചുകൊന്ന് കരിയില കൂട്ടത്തിലേക്കിട്ടു. നമ്മളും പലപ്പോഴും ഇങ്ങനെയാണ്. നമ്മുടെ നന്മ മാത്രം കണക്കാക്കുന്ന നല്ല ഉപദേശങ്ങള്‍ നല്‍കുന്നവരേക്കാള്‍ നമുക്ക് പ്രിയം നമ്മളെ പുകഴ്ത്തുന്ന നമ്മള്‍ എന്തൊക്കെയോ ആണെന്നു നമ്മെ ഉദ്‌ബോധിപ്പിക്കുന്ന ചില വ്യക്തിത്വങ്ങളെയാണ്.
ഇവര്‍ക്കുവേണ്ടി നാം പാവം കുരുവികളെ വകവരുത്തിക്കൊണ്ടിരിക്കുന്നു.
ബിസിനസിലെ വിജയം പലപ്പോഴും നമ്മുടെ സമനില തെറ്റിക്കുന്നു. സ്തുതിപാഠകരായ ചിലര്‍ നമുക്കു ചുറ്റും വന്നുചേരുന്നു. നിരന്തരം നമ്മെ സ്തുതിക്കുന്ന ഇവര്‍ നമുക്കേറ്റവും പ്രിയങ്കരാകുന്നു. സ്ഥാനത്തും അസ്ഥാനത്തും ഇടപെടുന്ന ഈ കൂട്ടര്‍ ബിസിനസുകാരനെ സ്വന്തം അസ്തിത്വത്തില്‍ നിന്നും അകറ്റുന്നു. ബിസിനസില്‍ വിജയം കൈവരിക്കുമ്പോഴും ഉയരങ്ങളില്‍ എത്തിപ്പെടുമ്പോഴും ബിസിനസുകാരന്‍ കൈവിടരുതാത്ത അമൂല്യമായ ഒരു സ്വഭാവസവിശേഷതയുണ്ട്. താന്‍ എത്തപ്പെട്ട ഉയരത്തില്‍ നിന്നും വീണ്ടുമുയരുവാനും വിജയങ്ങള്‍ നിലനിര്‍ത്തുവാനും ബിസിനസുകാരനെ പ്രാപ്തനാക്കുന്ന ഒരു രഹസ്യമന്ത്രം. തന്റെ സ്തുതിപാഠകരില്‍ നിന്നുമകന്ന് തിരിച്ചറവിന്റെ ലോകത്തേക്കെത്തി സ്വയം പരിശീലിക്കേണ്ട ‘എളിമ’ എന്ന മൂന്നക്ഷരങ്ങള്‍ വിജയത്തിന്റെ കൊടുമുടികള്‍ കീഴടക്കുവാന്‍ ബിസിനസുകാരനെ സഹായിക്കുന്നു.
ഇന്ത്യയിലെ ആദ്യത്തെ വാണിജ്യ എയര്‍ലൈന്‍ സ്ഥാപിച്ചത് ജെആര്‍ഡി ടാറ്റ എന്ന അതികായനായിരുന്നു. ടാറ്റ എയര്‍ലൈന്‍സ് എന്ന ആ സംരംഭമാണ് പില്‍ക്കാലത്ത് എയര്‍ ഇന്ത്യ എന്ന പബ്ലിക് കമ്പനിയായി മാറിയത്. ഒരിക്കല്‍ തിരുപ്പതിയിലേക്ക് പോകുവാന്‍ സെക്യൂരിറ്റി ചെക്ക്-ഇന്‍ ചെയ്യാന്‍ ക്യൂ നിന്ന ലക്ഷ്മികാന്ത് പ്യാരെലാല്‍ തന്റെ മുന്നില്‍ ഒരു സ്യൂട്ട്‌കെയ്‌സുമായി ക്യൂ നില്‍ക്കുന്ന വ്യക്തിയെ കണ്ട് ഞെട്ടി. തൊട്ടടുത്തു നിന്ന തന്റെ മകന്‍ ഗൗതമിനോട് അദ്ദേഹം പറഞ്ഞു. ”നമ്മുടെ മുന്നില്‍ നില്‍ക്കുന്ന ഈ വ്യക്തിയുടെ പേരാണ് ജെആര്‍ഡി ടാറ്റ. ഈ എയര്‍പോര്‍ട്ട് അദ്ദേഹത്തിന്റെ സ്വന്തമാണ്. ഇവിടെയുള്ള ഏതൊരു വിമാനത്തിലേക്കും അദ്ദേഹത്തിന് നേരിട്ട് നടന്നുചെല്ലാം. പക്ഷേ, അദ്ദേഹം ഇവിടെ മറ്റുള്ളവരെപ്പോലെ ക്യൂ നില്‍ക്കുന്നു.” താരതമ്യം ചെയ്യുവാന്‍ പോലും കഴിയാത്ത രീതിയില്‍ അന്യാദൃശ്യമായ വ്യക്തിത്വത്തിനു ഉടമയായിരുന്നു ടാറ്റ. അദ്ദേഹത്തിന്റെ ബിസിനസ് വിജയങ്ങളെക്കാള്‍ അദ്ദേഹത്തെ മഹത്വവല്‍ക്കരിക്കുന്ന സ്വഭാവസവിശേഷതയായി മാറുന്നു എളിമ.
സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ എന്ന ക്രിക്കറ്റ് ദൈവത്തെ നോക്കൂ. അദ്ദേഹത്തിന്റെ പ്രതിഭയ്ക്ക് മകുടം ചാര്‍ത്തുന്നു എളിമ എന്ന സ്വഭാവസവിശേഷത. തികച്ചും മാന്യമായ, ശാന്തമായ, അസാമാന്യ പക്വതയോടുകൂടിയുള്ള 24 വര്‍ഷങ്ങള്‍. കളിക്കളത്തില്‍ ആക്രോശിക്കുന്ന, മറ്റുള്ളവരെ പ്രകോപിപ്പിക്കുന്ന, തമ്മില്‍ ആരോപണങ്ങള്‍ ഉന്നയിക്കുന്ന, മാന്യമല്ലാത്ത പെരുമാറ്റങ്ങളിലൂടെ മറ്റുള്ളവരില്‍ വിരോധമുളവാക്കുന്ന കളിക്കാരില്‍ നിന്നും വ്യത്യസ്തനായ ഒരാള്‍. സച്ചിന്‍ തെണ്ടുല്‍ക്കര്‍ എന്ന മഹാപ്രതിഭ എളിമ എന്ന വാക്കിന്റെ പ്രതിരൂപമാകുന്നു.
നമ്മളെ ഒന്നു നോക്കുക. അല്‍പ്പസമയം കൂടുതല്‍ ക്യൂവില്‍ നില്‍ ക്കേണ്ടിവരുകയോ നാം പ്രതീക്ഷിക്കുന്ന ശ്രദ്ധ ലഭിക്കാതെ വരുകയോ ചെയ്താല്‍ നാം അസ്വസ്ഥരാവുന്നു.
നാം സ്വയം എന്തോ ആണെന്ന തോന്നല്‍ നമ്മുടെ എളിമയെ കഴുത്തു ഞെരിച്ചു കൊല്ലുന്നു. അഹംഭാവവും അഹങ്കാരവും നമ്മെ കീഴടക്കുന്നു. ഇത് ക്യാന്‍സര്‍ പോലെയാണ്. എളിമയെ കീഴടക്കിയുള്ള ഈ വിജയം താല്‍ക്കാലികമാണ്. ഇത് പതനത്തിന്റെ വേഗത വര്‍ദ്ധിപ്പിക്കുന്നു.
കുരുവികളെ തിരിച്ചറിയുക
നമ്മുടെ കഥയിലെ കുരുവിയെപ്പോലെ നല്ല ഉപദേശങ്ങള്‍ നല്‍കുന്ന വഴികാട്ടികളെ തിരിച്ചറിയാന്‍ നമുക്കു കഴിയണം. സ്തുതിപാഠകരാല്‍ ചുറ്റപ്പെട്ടവരായി അവരുടെ വാക്കുകള്‍ മാത്രം ശ്രവിക്കുന്നവരായി നമ്മള്‍ മാറിയാല്‍ നാം ദുഃഖിക്കേണ്ടിവരും. എപ്പോഴും നല്ലതുമാത്രം പറയുന്നവരല്ല യഥാര്‍ത്ഥ സുഹൃത്തുക്കള്‍. നമ്മളിലെ നന്മയും തിന്മയും ചൂണ്ടിക്കാണിച്ച് നമ്മെ തിരുത്തുവാന്‍ ശ്രമിക്കുന്നവരെ നാം അകറ്റിയാല്‍ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടങ്ങള്‍ അതാവും. വിജയവും പരാജയവും നാണയത്തിന്റെ രണ്ടുവശങ്ങളാണ്. വിജയം എന്നത് പരാജയം ഇനിയില്ല എന്നതിന്റെ സൂചനയല്ല. വിജയിക്കുമ്പോള്‍ നാം സൂക്ഷിക്കുന്ന എളിമ ഉയരങ്ങളില്‍ നിന്നും ഉയരങ്ങളിലേക്ക് നമ്മെ വഴികാട്ടും. എളിമ ഉള്ളവര്‍ക്കുമാത്രമേ ഉത്തമ സുഹൃത്തുക്കളുടെ നല്ല വാക്കുകള്‍ക്ക് ചെവി കൊടുക്കുവാനാവുകയുള്ളൂ. നമ്മുടെ ഈഗോ സ്തുതിപാഠകരുടെ പ്രശംസാവചനങ്ങളില്‍ സംതൃപ്തനാ വും. പക്ഷേ യഥാര്‍ത്ഥ ജീവിതവും വിജയവും ഇതില്‍ നിന്നും ഒരുപാടകലെയാണ്. അതുകണ്ടെത്തുവാന്‍ ബിസിനസുകാരനു കഴിഞ്ഞാല്‍ മാത്രമേ തറയില്‍ കാലുറപ്പിക്കുവാന്‍ കഴിയുകയുള്ളൂ.
എളിമ സമ്പത്തിനെ സംരക്ഷിക്കുന്നു
ബിസിനസിന്റെ വിജയത്തിലൂടെ കടന്നു വരുന്ന സമൃദ്ധിയെ എളിമ കാത്തു രക്ഷിക്കുന്നു. ഇന്ന് നാം മറ്റുള്ളവരെ കാണിക്കുവാന്‍ ജീവിക്കുന്നവരാണ്. നമ്മുടെ വ്യക്തിത്വം മറ്റുള്ളവര്‍ വിലയിരുത്തുന്നത് നമ്മുടെ വാഹനവും വീടും ഭക്ഷണം കഴിക്കുന്ന ഹോട്ടലിന്റെ നിലവാരവും ജാഡയുമൊക്കെയാണ് എന്ന അബദ്ധധാരണ സമ്പത്തിനെ ഉല്‍പ്പാദനക്ഷമമല്ലാത്ത മേഖലകളില്‍ നിക്ഷേപിക്കുവാന്‍ നമ്മെ പ്രചോദിപ്പിക്കുന്നു. ബിസിനസില്‍ നിന്നു ലഭിക്കുന്ന പണം അതിലേക്ക് തന്നെ നിക്ഷേപിച്ച് ബിസിനസിനെ വളര്‍ത്തുവാന്‍ ശ്രമിക്കാതെ നാം മറ്റുള്ളവര്‍ക്കുവേണ്ടി ജീവിക്കാന്‍ യത്‌നിക്കുന്നു.
നമ്മുടെ സമൃദ്ധിയും പത്രാസും കണ്ട് മറ്റുള്ളവരുടെ മുഖത്ത് ആശ്ചര്യം വിരിയുമ്പോള്‍ നമ്മുടെ ഈഗോ സംതൃപ്തനാകുന്നു. ഇവനെ തൃപ്തിപ്പെടുത്തുവാന്‍ നാം യത്‌നിച്ചു കൊണ്ടേയിരിക്കുന്നു. ഇവിടെ എളിമ എന്ന സ്വഭാവം നമുക്കു നഷ്ടപ്പെടുന്നു ഒപ്പം സമ്പത്തും. ബിസിനസുകാരന്‍ വളരെ സന്തുലിതമായ ഒരു മാര്‍ഗ്ഗം കണ്ടെത്തേണ്ടതുണ്ട്. എളിമയും സമ്പത്തും കൈകള്‍കോര്‍ത്ത് ഒരുമിച്ച് യാത്ര ചെയ്യുന്നവരാണ്. ഇവിടെ നഷ്ടമാകുന്ന സന്തുലനം രണ്ടിനേയും ഒരുപോലെ ബാധിക്കും.