സൌഹൃദങ്ങള്‍ വളരെ ശ്രദ്ധയോടെ

 

വളരെ മനോഹരമായ ഒരു സായാഹ്നം. നദിയില്‍ സൂര്യന്റെ പൊന്‍രശ്മികള്‍ വീണ് തിളങ്ങുന്നു. ജലത്തിന് നല്ല സ്വര്‍ണത്തിന്റെ നിറം. ശാന്തമായ ആ നദിയില്‍ ഒരു തവള മുങ്ങാംകുഴിയിട്ട് ഉല്ലസിക്കുകയാണ്.

ജലത്തിലേക്ക് ഊളിയിട്ട അവന്‍ ജലോപരിതലത്തില്‍ പൊങ്ങി. വെറുതെ കരയിലേക്ക് കണ്ണോടിച്ചു. അവിടെ ഒരു തേള്‍ നില്‍ക്കുന്നുണ്ട്. തവളയെ കണ്ട തേള്‍ മെല്ലെ നടന്നു നദിയുടെ ഓരത്ത് വന്നു നിന്ന് തവളയോട് പറഞ്ഞു.

”എനിക്ക് വളരെ അത്യാവശ്യമായി അക്കരെക്ക് പോകേണ്ടതുണ്ട്. ഞാന്‍ ഒരുപാട് സമയമായി ഇവിടെ നില്‍ക്കുന്നു. എന്നെ മറുകരയിലേക്ക് കൊണ്ട് പോകുവാന്‍ കഴിയുന്ന ആരെയും എനിക്ക് കാണുവാന്‍ സാധിച്ചില്ല. നിനക്ക് എന്നെ അപ്പുറത്ത് എത്തിക്കുവാന്‍ സാധിക്കും. അതിനാല്‍ ദയവായി നിന്റെ പുറത്ത് കയറ്റി എന്നെ നദിയുടെ മറുകരയില്‍ എത്തിക്കണം. വലിയ ഒരു ഉപകാരമായിരിക്കും നീ എനിക്ക് ചെയ്യുക.”

തവള മറുപടി പറഞ്ഞു ”നീ വളരെ അപകടകാരിയാണ്. നിന്റെ കൊമ്പ് കൊണ്ട് മറ്റുള്ളവരെ കുത്തുക നിന്റെ സ്വഭാവമാണ്. ഇത് അറിഞ്ഞു കൊണ്ട് നിന്നെ എന്റെ മുതുകിലേറ്റി നീന്തുന്നത് ബുദ്ധിയല്ല. അറിഞ്ഞുകൊണ്ട് ഞാന്‍ ആപത്തില്‍ ചാടേണ്ട ആവശ്യമുണ്ടോ?”

തവളയുടെ വാക്കുകള്‍ കേട്ട തേള്‍ പറഞ്ഞു. ”നോക്കൂ, ഞാന്‍ ഒരിക്കലും നിന്നെ ഉപദ്രവിക്കുകയില്ല. ഉപകാരം ചെയ്യുന്നവരെ നാം ഉപദ്രവിക്കുവാന്‍ പാടുള്ളതല്ല. എന്നെ സഹായിക്കുക വഴി നീ എന്റെ സുഹൃത്താവുകയാണ്. നീ എന്നെ തെറ്റായി മനസ്സിലാകരുത്. ഞാന്‍ എന്നും നിനക്കൊരു നല്ല സുഹൃത്തായിരിക്കും.”

തേളിന്റെ വാക്കുകള്‍ കേട്ട തവളയുടെ മനസ്സലിഞ്ഞു. അവന്‍ തേളിനെ മുതുകില്‍ കയറ്റി അക്കരേക്ക് നീന്തി തുടങ്ങി. നല്ല പ്രശാന്തമായ കാലാവസ്ഥ. സന്തോഷഭരിതരായി രണ്ടു പേരും യാത്ര തുടര്‍ന്നു. തവള നീന്തി നദിയുടെ നടുവിലെത്തി. ഈ സമയം തേളിന്റെ ഉള്ളിലെ മൃഗീയ വാസന ഉണര്‍ന്നു. അവന്‍ തന്റെ കൊമ്പ് തവളയുടെ ശരീരത്തിലേക്ക് ആഴ്ത്തി.

വേദനകൊണ്ട് പിടഞ്ഞ തവള തേളിനോട് ചോദിച്ചു. ”നീയല്ലെ പറഞ്ഞത് എന്നെ ഉപദ്രവിക്കുകയില്ല എന്ന്. ഇപ്പോള്‍ ഉപകാരം ചെയ്ത എന്നെ തന്നെ നീ ഇല്ലാതാക്കുകയാണ്. ഞാന്‍ നിന്നോട് എന്ത് തെറ്റാണ് പ്രവര്‍ത്തിച്ചത്.”

 

തേള്‍ നിസ്സംഗനായി മറുപടി പറഞ്ഞു. ”എന്റെ ഉള്ളിലെ വാസന എനിക്ക് നിയന്ത്രിക്കുവാന്‍ കഴിയില്ല. ഉപദ്രവിക്കുക എന്നത് എന്റെ സഹജമായ സ്വഭാവമാണ്. അത് ആരെ എന്നൊന്നും നിര്‍വ്വചിക്കാന്‍ കഴിയില്ല. ഇപ്പോള്‍ എന്റെ വാസന ഉണര്‍ന്നു. അത് കൊണ്ട് ഞാന്‍ നിന്നെ ദംശിച്ചു.”

തവള മരിച്ചു വെള്ളത്തിലേക്ക് താഴ്ന്നു. ഒപ്പം തേളും വെള്ളത്തില്‍ മുങ്ങി മരണപ്പെട്ടു.

മറ്റുള്ളവരെ ഉപദ്രവിക്കുവാന്‍ സഹജമായ വാസന ഉള്ളവര്‍ ഉണ്ട്. അവരുടെ ഉള്ളില്‍ ഉറങ്ങി കിടക്കുന്ന ഈ മൃഗീയത എപ്പോള്‍ വേണമെങ്കിലും ഉണരാം. അതിന്റെ ഇര ശത്രു ആവണം എന്നില്ല. ബന്ധുവോ, സുഹൃത്തോ, സമൂഹത്തിലെ ആര് വേണമെങ്കിലും ആവാം. ഉപദ്രവം ചെയ്തവനെന്നോ ഉപകാരം ചെയ്തവനെന്നോ ഉള്ള വേര്‍തിരിവൊന്നും ഇല്ല.

ഇത്തരം ആളുകളെ ചുമലിലേറ്റി നടക്കുന്നവരാണ് പലപ്പോഴും നാം. കഥയിലെ തവളയെ പോലെ ഇവരെ കുറിച്ച് നമുക്ക് വ്യക്തമായ അറിവുണ്ട്. ഇവന്‍ അപകടകാരിയാണെന്ന് അറിയാമെങ്കിലും അവന്റെ പഞ്ചാര വാക്കുകളിലും കെട്ടിലും മട്ടിലും മയങ്ങി നാം അവനെ കൂടെ കൊണ്ട് നടക്കുന്നു. നാം പരോപകാരികളും വിശാലമനസ്‌ക്കരും ആണെന്ന് സ്വയം വിശ്വസിപ്പിക്കുവാന്‍ നാം ഇത്തരക്കാരെ സഹായിക്കുന്നു.

നാം എത്ര ഉപകാരം ചെയ്തതാവട്ടെ അവന്റെ വാസന ഉണരും. അവന്‍ നമ്മെ ദംശിക്കും. സ്വയം ഇല്ലാതായിട്ട് പോലും അവന്‍ നമ്മളെ ദ്രോഹിക്കും. ഇതില്‍ നിന്നും അവനെ പിന്തിരിപ്പിക്കുവാന്‍ ആര്‍ക്കും കഴിയുകയില്ല. കാരണം അവന്റെ സഹജമായ വാസന അതാണ്. മനസ്സില്‍ ഉറങ്ങി കിടക്കുന്ന മൃഗം ഏത് നിമിഷവും കൂട് തുറന്ന് വെളിയില്‍ ചാടാം. അതില്‍ തകര്‍ന്നടിയുന്നത് നമ്മുടെ ജീവിതമാകാം.

ലോകം വളരെ വിശാലമാണ്. കൂട്ടുകെട്ടുകളും സഹവാസങ്ങളും നല്ലവരുമായിട്ട് മാത്രം വളര്‍ത്തുക. മോശമെന്ന് തോന്നുന്നവരെ ഒഴിവാക്കുക. നമുക്ക് തിരഞ്ഞെടുക്കുവാന്‍ പൂര്‍ണ്ണ സ്വാതന്ത്ര്യം ഉള്ള ഈ ഭൂമിയില്‍ എന്തിന് നാം ഇത്തരം ആളുകളെ ചുമക്കണം. നമുക്കൊപ്പം നില്‍ക്കുന്നവര്‍ നമുക്ക് ആനന്ദം നല്‍കാന്‍ കഴിയുന്നവരാവണം. ജീവിതം വളരെ ചെറുതാണ്. പരീക്ഷണങ്ങള്‍ക്ക് ഇവിടെ സമയമില്ല.

 

 

 

 

 

Share

Leave a comment