![TK banner](/wp-content/uploads/2018/01/TK-banner-1-678x381.jpg)
ചില ചൈനീസ് മുളകളുടെ കഥ അതീവ രസകരമാണ്. ഇവ നട്ടുകഴിഞ്ഞാല്‍ വളരെ ദിവസങ്ങള്‍ എടുത്താണ് നാമ്പുകള്‍ പൊട്ടുക. പിന്നീട് സാവധാനം അത് വളര്‍ന്ന് തുടങ്ങുകയായി. അഞ്ചു വര്‍ഷങ്ങള്‍ കൊണ്ട് അത് ഒന്നോ രണ്ടോ അടി വളര്‍ന്നാലായി.
നാം അത്ഭുതപ്പെടും. എന്തുകൊണ്ട് ഇത് വളരുന്നില്ല എന്നാലോചിച്ച് വിഷമിക്കും. സാവധാനം നമ്മുടെ പ്രതീക്ഷകള്‍ അസ്തമിക്കും. ഇതിന്റെ വളര്‍ച്ച ഇത്രേയുള്ളൂ എന്ന് നാം നിശ്ചയിക്കും. അപ്പോഴാണ് ആ അത്ഭുതം സംഭവിക്കുക.
അഞ്ച് വര്‍ഷങ്ങള്‍ കൊണ്ട് മെല്ലെ മെല്ലെ വളര്‍ന്ന മുള പെട്ടെന്ന് അതിവേഗം വളര്‍ന്ന് തുടങ്ങുന്നു. മൂന്ന് ആഴ്ചകള്‍ക്കുള്ളില്‍ തൊണ്ണൂറ് അടി വരെ അത് ഉയരം വെക്കുന്നു. ഈ അഞ്ച് വര്‍ഷവും അത് എന്ത് ചെയ്യുകയായിരുന്നു? എന്നോര്‍ത്ത് നാം അതിശയിക്കും
ആ അഞ്ച് വര്‍ഷങ്ങള്‍ അത് എടുത്തത് വേരുകള്‍ മണ്ണില്‍ പടര്‍ത്താനായിരുന്നു. മണ്ണിന്റെ നാനാവശങ്ങളിലേക്ക്, ആഴങ്ങളിലേക്ക് അതിന്റെ വേരുകള്‍ പടര്‍ന്ന് കഴിഞ്ഞു. ഇനി വളര്‍ച്ചയുടെ സമയമാണ്. അതിദ്രുതമായ വളര്‍ച്ച. മണ്ണില്‍ അടിയുറച്ച ശക്തമായ അടിത്തറയുള്ള വളര്‍ച്ച. കാറ്റ് വരുമ്പോള്‍ എളിമയോടെ തല കുനിച്ച്, ഒന്നിനോടും ഏറ്റുമുട്ടാതെ, പക്ഷികളോട് കുശലം പറഞ്ഞ്, തലയുയര്‍ത്തി നിന്ന് തികച്ചും രാജകീയമായി അത് നിലനില്‍ക്കുന്നു.
എന്നാല്‍ നമ്മളെ നിരീക്ഷിക്കുക. നാം ക്ഷമയില്ലാത്തവരാകുന്നു. നമുക്ക് എല്ലാം പെട്ടെന്ന് നടന്നേ തീരൂ. ഒരു ബിസിനസ് തുടങ്ങിയാല്‍ അത് കണ്ണടച്ച് തുറക്കുന്ന വേഗതയില്‍ ഉയരങ്ങളിലെത്തണം. ഒരു പദവിയില്‍ എത്തിയാല്‍ ശീഘ്രം ആവണം അടുത്ത പദവികളിലേക്കുള്ള വളര്‍ച്ച. അതിനായി നാം എന്ത് രാഷ്ട്രീയം വേണമെങ്കിലും കളിക്കും. ശക്തമായ ഒരു അടിത്തറ സൃഷ്ടിച്ച് മുന്നേറാന്‍ നമുക്ക് താല്‍പ്പര്യമില്ല. ദുര്‍ബലമായ അടിത്തറയില്‍ നിലനില്‍ക്കുന്നവ ചെറിയൊരു ആഘാതത്തില്‍ തന്നെ നിലംപരിശാകും. എന്നാല്‍ ശക്തമായ അടിത്തറയുള്ളവ ഏത് പ്രതിസന്ധികളേയും മറികടക്കും.
ഒരു മുയല്‍ അതിവേഗം ഓടി വരികയാണ്. ഒരു മരത്തിന്റെ ചുവട്ടില്‍ എത്തിയപ്പോള്‍ അതിന്റെ ഏറ്റവും ഉയരമുള്ള കൊമ്പില്‍ ഒരു കാക്ക ഇരിക്കുന്നു. മുയല്‍ മരത്തിന്റെ ചോട്ടില്‍ നിന്നു. കിതപ്പ് മാറിയപ്പോള്‍ കാക്കയോട് ചോദിച്ചു. ”നീ അവിടെ എന്ത് ചെയ്യുകയാണ്.” കാക്ക മറുപടി പറഞ്ഞു ”ഞാന്‍ ഒന്നും ചെയ്യുന്നില്ല. ഇവിടെ വെറുതെ ഇരിക്കുകയാണ്.”
”എങ്കില്‍ ഞാനും ഈ മരത്തിന്റെ താഴെ വെറുതെ ഇരുന്നോട്ടെ.” മുയല്‍ ചോദിച്ചു. ”ശരി ഇരുന്നോളൂ” കാക്ക പറഞ്ഞു. മുയല്‍ ശാന്തനായി മരത്തിന്റെ കീഴെ വെറുതെ ഇരുന്നു. അല്‍പ്പസമയം കഴിഞ്ഞപ്പോള്‍ ഒരു പുലി ചാടി വീണ് മുയലിനേയും കടിച്ചെടുത്ത് സ്ഥലം വിട്ടു.
ഉയരങ്ങളിലെത്തിയാല്‍ നമുക്ക് ചിലപ്പോള്‍ വെറുതെ ഇരിക്കാം. അല്ലാതെ വെറുതെ ഇരുന്നാല്‍ മുയലിന്റെ അനുഭവം തന്നെയാവും ഫലം. ഉയരങ്ങളില്‍ എത്തിയവര്‍ വെറുതെ ഇരിക്കുമ്പോള്‍ നമുക്ക് തോന്നും. ഇതൊക്കെ നിസ്സാരം. നമുക്കും സാദ്ധ്യം. ഉയരങ്ങളിലെത്താന്‍ അവരെടുത്ത പ്രയത്‌നം നമുക്ക് അജ്ഞാതം. അതുകൊണ്ട് തന്നെ അതിന്റെ വില നമുക്ക് പലപ്പോഴും മനസ്സിലാകുന്നുമില്ല.
ഒരാളും ഒരു രാത്രി കൊണ്ട് ഉയരങ്ങളില്‍ എത്തിയിട്ടില്ല. വര്‍ഷങ്ങളുടെ കഠിന പരിശ്രമം അതിന് പിന്നിലുണ്ട്. ഒരുപാട് സമയം വേരുകള്‍ മണ്ണില്‍ ആഴത്തില്‍ പടര്‍ത്താന്‍ ശ്രമിച്ചവര്‍ക്ക് മാത്രമേ ഉയരങ്ങളില്‍ സ്ഥാനമുള്ളൂ. എങ്കില്‍ മാത്രമേ ആ സ്ഥാനങ്ങളില്‍ ദീര്‍ഘകാലം നിലനില്‍ക്കുവാന്‍ കഴിയൂ. മറ്റെല്ലാം നൈമിഷികമാണ്.
ഒരു വിജയിയെ കണ്ടുമുട്ടുമ്പോള്‍ ഓര്‍ക്കുക. കഠിനപ്രയത്‌നത്തിന്റെ ഒരുപാട് വര്‍ഷങ്ങള്‍ അയാള്‍ക്ക് പിന്നിലുണ്ട്. വേദനയുടെയും സഹനത്തിന്റെയും ഒറ്റപ്പെടുത്തലുകളുടെയും അപമാനത്തിന്റെയും കഥകളുണ്ട്. ഉയരത്തില്‍ എത്താനും അവിടെ കയറി വെറുതെ ഇരിക്കുവാനും പ്രയത്‌നിക്കാത്ത ആര്‍ക്കുമാവില്ല. അങ്ങിനെയല്ല എന്ന തോന്നല്‍ നമുക്കുണ്ടോ? എങ്കില്‍ ഈ നിമിഷം അതലിഞ്ഞില്ലാതെയാവട്ടെ.