ഒരാള്‍ കടല്‍ത്തീരത്ത് കൂടെ കാറ്റ് കൊണ്ട് നടക്കുകയാണ്. തിരമാലകളില്‍ പെട്ട് നക്ഷത്രമത്സ്യങ്ങള്‍ തീരത്ത് അടിഞ്ഞുകൂടുന്നു.
നടക്കുന്നതിനിടെ ചില നക്ഷത്രമത്സ്യങ്ങളെ കയ്യിലെടുത്ത് അയാള്‍ തിരികെ വെള്ളത്തിലേക്ക് വലിച്ചെറിയുന്നുണ്ട്.
ഇത് കണ്ടുകൊണ്ട് നിന്ന ഒരാള്‍ ചോദിച്ചു. ”നിങ്ങള്‍ക്ക് ഭ്രാന്താണോ? ഈ കടല്‍തീരത്ത് ആയിരക്കണക്കിന് നക്ഷത്രമത്സ്യങ്ങള്‍ അടിഞ്ഞുകൂടുന്നുണ്ട്. നിങ്ങളുടെ പ്രവര്‍ത്തികൊണ്ട് എല്ലാവരേയും രക്ഷിക്കുവാന്‍ നിങ്ങള്‍ക്ക് കഴിയുമോ?
ഒരു നക്ഷത്രമത്സ്യത്തെ എടുത്ത് ജലത്തിലേക്ക് വലിച്ചെറിഞ്ഞ് അയാള്‍ പറഞ്ഞു. ”എന്റെ പ്രവര്‍ത്തി ഈ നക്ഷത്രമത്സ്യത്തിന്റെ ജീവിതത്തില്‍ വലിയ മാറ്റം കൊണ്ടുവരും. അത് മരണത്തില്‍നിന്നും രക്ഷപ്പെടും.”
ചിലപ്പോള്‍ എല്ലാവരേയും രക്ഷിക്കുക അസാധ്യമാകും. പക്ഷേ രക്ഷിക്കപ്പെടുന്ന ഒന്നിന്റെ ജീവിതം മാറ്റിമറിക്കപ്പെടും.
ചെറിയ കാര്യങ്ങള്‍ ചിലപ്പോള്‍ വലിയ മാറ്റങ്ങള്‍ സൃഷ്ട്ടിക്കും. നാം ചെറുത് എന്നോ നിസ്സാരമെന്നോ കരുതുന്ന പ്രവര്‍ത്തികള്‍ ചിലപ്പോള്‍ ഒരു വ്യക്തിയുടെ അല്ലെങ്കില്‍ സമൂഹത്തിന്റെ പരിവര്‍ത്തനത്തിന് കാരണമാകാം. മറ്റൊരു രൂപത്തില്‍ പറഞ്ഞാല്‍ ഒരു പ്രവര്‍ത്തിയും നിസ്സാരമല്ല. പ്രവര്‍ത്തി ചെയ്യുക എന്നതാണ് പ്രധാനം. വാക്കുകള്‍ അവസാനിപ്പിച്ച് പ്രവര്‍ത്തിയിലേക്ക് കടക്കുമ്പോള്‍ നാം വലിയൊരു മാറ്റത്തിന് കാരണക്കാരാകുന്നു.
പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്നവരെ നോക്കുക. ഓരോ നിമിഷവും അവര്‍ പ്രവര്‍ത്തിയില്‍ മുഴുകിയിരിക്കുകയാണ്. ഒരുപാട് പേരുടെ ജീവിതങ്ങളില്‍ അവരുടെ വിരല്‍പ്പാടുകള്‍ പതിയുന്നു. അവര്‍ ചെയ്യുന്ന ഓരോ നല്ല പ്രവര്‍ത്തിയും സമൂഹത്തെ ഉയര്‍ച്ചയിലേക്ക് നയിക്കുന്നു. അതുവഴി ഓരോ വ്യക്തിയുടെയും ജീവിതത്തെ അത് പ്രകാശമാനമാക്കുന്നു. ഓരോ നന്മകളും മനുഷ്യജീവിതത്തെ സ്പര്‍ശിക്കുന്നു.
കേരള കാര്‍ട്ടൂണ്‍ അക്കാദമി സെക്രട്ടറി സുധീര്‍ നാഥിനൊപ്പമാണ് ഒരിക്കല്‍ ഞാന്‍ ഭാരത്മാത കോളേജ് അങ്കണത്തിലേക്ക് ഭിന്നശേഷിയുള്ള കുട്ടികളുടെ കലാമത്സരങ്ങള്‍ കാണുവാന്‍ കടന്നു ചെന്നത്. കേരളത്തിനെ വിവിധ ഭാഗങ്ങളില്‍ നിന്നും ഭിന്നശേഷിക്കാരായ കുട്ടികളും അവരുടെ മാതാപിതാക്കളും അവിടെ ഒത്തുകൂടിയിരിക്കുന്നു. വിവിധ കലാമത്സരങ്ങള്‍ പല ഭാഗങ്ങളിലായി നടക്കുന്നു. അത് കണ്ടുനില്‌ക്കെ മറ്റൊരു ലോകത്തേക്ക് കടന്നുചെന്ന പ്രതീതി.
അവിടെ വെച്ചാണ് ഞാന്‍ ഡോക്ടര്‍ മേരി അനിതയെ പരിചയപ്പെടുന്നത്. മേരിയെ നിങ്ങളും കാണണം പരിചയപ്പെടണം. കാരണം മേരി അനിത ഒരു പ്രചോദനമാണ്. പിന്തുടരേണ്ട ഒരു അപൂര്‍വ്വ വ്യക്തിത്വമാണ്. കോളേജിലെ ജോലി ഉപേക്ഷിച്ച് ഈ കുട്ടികള്‍ക്കായി രാവും പകലും അവര്‍ സേവനം ചെയ്യുന്നു. ഈ കുട്ടികള്‍ക്ക് അവര്‍ പ്രകാശമാണ്. ഇരുള്‍മൂടിയ അവരുടെ ജീവിതപാതയില്‍ ഒരു സൂര്യനെപ്പോലെ അവര്‍ ജ്വലിച്ചു നില്‍ക്കുന്നു.
മേരി അനിതയെപ്പോലെ എത്രയോപേരെ നമ്മുടെ യാത്രകളില്‍ നമുക്ക് കണ്ടുമുട്ടാം. അവരുടെ പ്രവര്‍ത്തികള്‍ ചിലപ്പോള്‍ ചെറുതാവാം. പക്ഷേ അവ വരുത്തുന്ന മാറ്റങ്ങള്‍ ചെറുതല്ല. അത് ജീവിതങ്ങള്‍ മാറ്റിമറിക്കുന്നു. ജീവിതം നഷ്ട്ടപ്പെട്ടവര്‍ക്ക് അത് തിരികെ ലഭിക്കുന്നു. ദുഃഖത്തില്‍ നിന്നും സന്തോഷത്തിലേക്ക് ഒരു കൈത്താങ്ങ്. അത് നിസ്സാരമല്ല.
ഈ ജീവിതത്തില്‍ ഒരു വ്യക്തിയുടെ എങ്കിലും ജീവിതത്തില്‍ നന്മകള്‍ കൊണ്ടുവരാന്‍ നമുക്ക് കഴിഞ്ഞാല്‍ അത് വലിയൊരു നേട്ടം തന്നെയാണ്. ഞാനും എന്റെ കുടുംബവും എന്ന ചിന്തയും പേറി സമൂഹത്തില്‍ നിന്നും അകന്ന് ഒറ്റയാനായി സ്വന്തം കാര്യം മാത്രം നോക്കി ജീവിക്കുകയാവരുത് നമ്മുടെ ലക്ഷ്യം. നമ്മുടെ പ്രവര്‍ത്തികള്‍ ചെറുതോ വലുതോ ആവട്ടെ അതിനെക്കുറിച്ച് നാം വേവലാതിപ്പെടേണ്ടതില്ല. എന്തെങ്കിലും ചെയ്യുന്നുണ്ടോ? അതിലാണ് കാര്യം.