ഗ്രാമം കടുത്ത വരള്‍ച്ച നേരിടുകയാണ്. വര്‍ഷങ്ങളായി മഴ പെയ്തിട്ട്. പുഴകളും കുളങ്ങളും കിണറുകളും വറ്റി വരണ്ടു. കഠിനമായ ചൂടില്‍ ഗ്രാമവാസികള്‍ വലയുകയാണ്. ഇതിങ്ങനെ തുടര്‍ന്നാല്‍ ഗ്രാമം നശിക്കാന്‍ അധികനാള്‍ എടുക്കില്ല. മഴ പെയ്യിക്കാന്‍ വലിയൊരു യാഗം നടത്താന്‍ ഗ്രാമസഭ തീരുമാനിച്ചു.
യാഗം ആരംഭിക്കുകയാണ്. ഗ്രാമം മുഴുവന്‍ അവിടെ തടിച്ചുകൂടിയിരിക്കുന്നു. എല്ലാവരും മഴ പെയ്യാന്‍ പ്രാര്‍ത്ഥിക്കുകയാണ്. ആള്‍ക്കൂട്ടത്തിനിടയിലേക്ക് ഒരു കുട്ടി കടന്നുവന്നു. കയ്യില്‍ ചുരുട്ടിപ്പിടിച്ച ഒരു കുടയുമായാണ് അവന്റെ വരവ്. ഗ്രാമവാസികള്‍ അവനെ നോക്കി കളിയാക്കി ചിരിച്ചു.
അവിടെ കൂടിയിരുന്ന ഒരാളുടെ കയ്യില്‍ പോലും കുട ഉണ്ടായിരുന്നില്ല. പ്രാര്‍ത്ഥിച്ചാല്‍ മഴ പെയ്യും എന്ന ഉറച്ച വിശ്വാസം ഉണ്ടായിരുന്ന ഒരേഒരാള്‍ ആ കുട്ടി മാത്രമായിരുന്നു. മഴ പെയ്താല്‍ നനയാതിരിക്കാന്‍ കുടയുമായിട്ടാണ് യാഗവേദിയിലേക്ക് അവന്‍ വന്നത്.
വിശ്വാസം ഇല്ലാത്ത പ്രാര്‍ത്ഥനകള്‍ വിഫലമാണ്. നാം ഒരേസമയം അവിശ്വസിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. വളരെ അതിശയകരമായ സംഗതിയാണത്. പ്രാര്‍ത്ഥിക്കുന്നത് സംഭവിക്കുമോ എന്നതില്‍ നമ്മള്‍ സംശയാലുക്കളാണ്. പ്രാര്‍ത്ഥനകള്‍ക്ക് നമുക്ക് ഓരോ താളമുണ്ട്. അതിലൂടെ യാന്ത്രികമായി നാം കടന്നു പോകുന്നു. രാവിലെ മുതല്‍ രാത്രി വരെ നാം പ്രാര്‍ത്ഥിക്കുന്നു. മുടങ്ങാത്ത ഒരു യജ്ഞം പോലെ നാം അത് അനുഷ്ടിച്ചുകൊണ്ടേയിരിക്കുന്നു.
പള്ളിക്ക് മുന്നില്‍ ഒരു ഇറച്ചിക്കട പണിയുകയാണ്. ദൈവത്തിലൊന്നും വലിയ വിശ്വാസമില്ലാത്ത ഒരാളാണ് ഇറച്ചിവെട്ടുകാരന്‍. പള്ളിക്ക് മുന്നില്‍ പണിയുന്ന ഇറച്ചിക്കട വിശ്വാസികള്‍ക്ക് മനോവിഷമം ഉണ്ടാക്കി. പള്ളിയിലച്ചനും മറ്റുള്ളവരും നടത്തിയ സമവായ ചര്‍ച്ചകള്‍ ഒന്നുംതന്നെ ഫലം കണ്ടില്ല. തന്റെ കട മാറ്റില്ല എന്ന പിടിവാശിയില്‍ തന്നെ അയാള്‍ ഉറച്ചുനിന്നു.
ഇതിനൊരു പരിഹാരം കാണാന്‍ കര്‍ത്താവിനോട് അപേക്ഷിക്കാന്‍ പള്ളിയിലച്ചന്‍ ബൃഹത്തായ ഒരു പ്രാര്‍ത്ഥനായോഗം പള്ളിയില്‍ വിളിച്ചു. വിശ്വാസികള്‍ എല്ലാവരും പള്ളിയില്‍ ഒരുമിച്ച് കൂടി. അവര്‍ ഒരുമിച്ച് കര്‍ത്താവിനോട് പ്രാര്‍ത്ഥിച്ചു.
അന്ന് രാത്രി അതിശക്തമായ പേമാരി അവിടെ വീശിയടിച്ചു. വലിയൊരു ഇടിമിന്നല്‍ ഇറച്ചിക്കടക്കാരന്റെ കെട്ടിടത്തിന് മുകളില്‍ പതിച്ചു. കെട്ടിടം പൂര്‍ണ്ണമായി കത്തി നശിച്ചു. ഇറച്ചിവെട്ടുകാരന്‍ കോപം കൊണ്ട് വിറച്ചു. വിശ്വാസികളുടെ പ്രാര്‍ത്ഥന കൊണ്ടാണ് തന്റെ കെട്ടിടം നശിച്ചത് എന്നും അതുകൊണ്ട് തനിക്ക് വിശ്വാസികളും പള്ളിയും നഷ്ട്പരിഹാരം നല്‍കണമെന്നും കാണിച്ച് അയാള്‍ കേസ് ഫയല്‍ ചെയ്തു.
കോടതിയില്‍ കേസ് എത്തി. തങ്ങളുടെ പ്രാര്‍ത്ഥന മൂലമല്ല കെട്ടിടത്തില്‍ ഇടിമിന്നല്‍ പതിച്ചതെന്നും തങ്ങള്‍ അതിനുത്തരവാദികള്‍ അല്ല എന്നും വിശ്വാസികള്‍ കോടതിയെ ബോധിപ്പിച്ചു. എന്നാല്‍ തന്റെ കെട്ടിടം നശിച്ചത് വിശാസികളുടെ പ്രാര്‍ത്ഥനമൂലമാണെന്ന് ഇറച്ചിവെട്ടുകാരനും വാദിച്ചു. ഈ ലോകം തമാശ നിറഞ്ഞതാണ്. പ്രാര്‍ത്ഥനയില്‍ വിശ്വാസമില്ലാത്ത വിശ്വാസികളും പ്രാര്‍ത്ഥനയില്‍ വിശ്വാസമുള്ള ഈശ്വരവിശ്വാസിയല്ലാത്ത ഇറച്ചിവെട്ടുകാരനും.
പ്രാര്‍ത്ഥിക്കുമ്പോള്‍ നാം വിശ്വസിക്കുന്നുണ്ടോ എന്ന ചോദ്യം പ്രസക്തമാണ്. വിശ്വാസം ഇല്ലാത്ത പ്രാര്‍ത്ഥനകള്‍ ജലത്തില്‍ വരക്കുന്ന വരകള്‍ പോലെയാണ്. പ്രാര്‍ത്ഥനകള്‍ ഗതിയില്ലാതെ അലയും. നമുക്ക് എന്താണ് വേണ്ടത് എന്ന് നമുക്കറിയാം. അതിനായി നാം പ്രാര്‍ത്ഥിക്കുന്നു. പ്രാര്‍ത്ഥനയുടെ തിരക്കില്‍ വിശ്വസിക്കാന്‍ നാം മറന്നു പോകുന്നു. നാം വിചിത്രജീവികളാണ്. വിശ്വസിക്കാതെ പ്രാര്‍ത്ഥനയില്‍ നിന്നും ഫലം കാംക്ഷിക്കുന്നവര്‍.
വിശ്വസിക്കാതെ പ്രാര്‍ത്ഥിക്കുക നമ്മുടെ സ്വഭാവമായിരിക്കുന്നു. യഥാര്‍ത്ഥത്തില്‍ വിശ്വാസത്തെക്കുറിച്ച് നാം മറന്നുപോയിരിക്കുന്നു. അതവിടെ ഉണ്ടെന്ന് നാം വിശ്വസിക്കുന്നു. അതുകൊണ്ട് തന്നെ പ്രാര്‍ത്ഥനകള്‍ തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. ഇനി പ്രാര്‍ത്ഥിക്കുന്നതിന് മുന്‍പ് ഒന്ന് ഹൃദയത്തിലേക്ക് നോക്കാം. വിശ്വാസം അവിടെ ഉണ്ടോ? അതോ വിശ്വസിച്ചിട്ട് പ്രാര്‍ത്ഥിച്ചാല്‍ മതിയോ?