ശ്രീജിത്തിന്റെ സഹനസമരത്തിന്റെ അലകള്‍ മലയാളത്തിന്റെ കാറ്റില്‍ അലിഞ്ഞുചേര്‍ന്ന മറ്റൊരു തേങ്ങല്‍ നമുക്ക് മുന്നിലേക്ക് വീണ്ടും എത്തിക്കുന്നു. കാതോര്‍ത്താല്‍ ഇന്നും നമുക്കത് കേള്‍ക്കാം. ഒരച്ഛന്റെ അടക്കിപ്പിടിച്ച വിതുമ്പല്‍.
രാജ്യം അടിയന്തിരാവസ്ഥയുടെ ഭീകരതയില്‍ അമര്‍ന്ന ദിനങ്ങളൊന്നില്‍ ആ അച്ഛന് തന്റെ മകനെ നഷ്ട്‌പ്പെട്ടു. കോഴിക്കോട് റീജിയണല്‍ എന്‍ജിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥിയായിരുന്ന രാജനെ പോലീസ് 1976, മാര്‍ച്ച് ഒന്നാം തീയതിയാണ് കസ്റ്റഡിയില്‍ എടുത്തത്. പോലീസ് കൊണ്ടുപോയ രാജന്‍ പിന്നീട് തിരിച്ചു വന്നില്ല. ആ അച്ഛന്റെ പിന്നീടുള്ള യാത്രകളെല്ലാം കാണാതായ തന്റെ മകനെ അന്വേഷിച്ചുള്ളതായിരുന്നു.
കേരള മുഖ്യമന്ത്രിയുടെ മുതല്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ വരെ പടിവാതിലുകള്‍ അദ്ദേഹം നീതിക്കായി കയറിയിറങ്ങി. കേരളത്തിലെ എല്ലാ സെന്‍ട്രല്‍ ജയിലുകളും പോലീസ് ക്യാമ്പുകളും മകനെ തേടിയുള്ള ആ കാലടിശബ്ദങ്ങള്‍ പലതവണ കേട്ടു. എന്റെ മകനെവിടെ? എന്ന ചോദ്യത്തിന് മുന്നില്‍ അധികാരികള്‍ ചെവികള്‍ കൊട്ടിയടച്ചു. ആ അച്ഛന്റെ ചോദ്യം ഇന്നും മറുപടിയില്ലാതെ നമുക്കുചുറ്റും പറന്ന് നടക്കുന്നു.
മകനെ നഷ്ട്‌പ്പെട്ട അമ്മയുടെ മാനസികനില തെറ്റി. നീതിക്കായുള്ള പോരാട്ടത്തില്‍ സമ്പത്ത് മുഴുവന്‍ നശിച്ചു. എന്നിട്ടും പ്രതീക്ഷകള്‍ കൈവെടിയാതെ ഈച്ചരവാര്യര്‍ എന്ന അച്ഛന്‍ മരണം വരെ തന്റെ പോരാട്ടം തുടര്‍ന്നു. പക്ഷേ അധികാരത്തിന്റെ കോട്ടകള്‍ തുളച്ചുകയറാന്‍ അദ്ദേഹത്തിനായില്ല. നീതി നല്‍കേണ്ടവര്‍ അത് നിഷേധിക്കുന്നവരായി. ജനങ്ങളെ സംരക്ഷിക്കേണ്ടവര്‍ ശിക്ഷകരായി. ദൈവത്തിന്റെ ഏറ്റവും മനോഹരമായ മനുഷ്യനെന്ന സൃഷ്ട്ടിയുടെ വെറുക്കപ്പെടേണ്ട ഒരു മുഖം നാം ഇവിടെ കാണുന്നു.
ശ്രീജേവിന്റെ മരണം നമ്മളെ കൂട്ടിക്കൊണ്ടുപോകുന്ന ചില ഇരുണ്ടവഴികളുണ്ട്. വെളിച്ചമില്ലാത്ത, മരണത്തിന്റെ കാല്‍പെരുമാറ്റമുള്ള, ഭീതിതമായ മൗനം തളംകെട്ടി നില്‍ക്കുന്ന, രക്തത്തിന്റെ ചൂരുള്ള, നമ്മുടെ ചോദ്യങ്ങള്‍ നമുക്ക് നേരെ വീണ്ടും വീണ്ടും പ്രതിദ്ധ്വനിക്കുന്ന വഴികള്‍. നാം രക്ഷകര്‍ എന്ന് വിചാരിക്കുന്നവര്‍ക്കൊക്കെ ഇവിടെ ഒരേ മുഖമാണ്. അതിന് മതരാഷ്ട്രീയ ഭേദങ്ങളില്ല.
നീതി ഭിക്ഷയല്ല. അത് അവകാശമാണ്. ശ്രീജിത്തിന്റെ പോരാട്ടം ഒരു അവകാശ സമരമാണ്. വൈകി ലഭിക്കുന്ന നീതി നീതി നിഷേധമാണ്.. രാജന്‍ കേസിലെ നീതി നിഷേധം മറ്റൊരു ശ്രീജേവിനെ സൃഷ്ട്ടിച്ചു. ശ്രീജേവിന്റെ സ്ഥാനത്ത് നാളെ ആരുമാവാം. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്ത് നീതിപീഠങ്ങള്‍ക്ക് മുന്നില്‍, ഭരണകൂടത്തിന് മുന്നില്‍ ആ യുവാവ് നീതിക്കായി പോരാടുകയാണ്. ഈ പോരാട്ടത്തില്‍ ശ്രീജിത്ത് തോറ്റാല്‍ ആ തോല്‍വി നമ്മുടേത് കൂടിയാണ്.
കാതോര്‍ക്കുക, ആ വൃദ്ധന്റെ കാലടിശബ്ധം നമ്മെ പിന്തുടരുന്നുണ്ട്.