തിരിഞ്ഞു നടക്കാന്‍ ഒരു വഴി അവശേഷിപ്പിക്കുക

മനോഹരമായ ഒരു റസ്റ്റോറന്റില്‍ ഭക്ഷണവും കാത്തിരിക്കുകയാണ്. നേരിയ ശബ്ധത്തില്‍ സംഗീതം ഒഴുകി പരക്കുന്നുണ്ട്. പുറത്തെ കഠിനമായ ചൂടില്‍ നിന്നും താല്‍ക്കാലികമായ ഒരു രക്ഷ അകത്തെ കുളിര്‍ നല്‍കുന്നുണ്ട്. ഭക്ഷണം എത്താനെടുക്കുന്ന ഇടവേളയില്‍ ചുറ്റും ഒന്ന് കണ്ണോടിച്ചു.

ഓരോ ടേബിളുകളും ഓരോ തുരുത്തുകള്‍ പോലെ തോന്നിച്ചു. ചിലര്‍ പരസ്പരം സംഭാഷണങ്ങളില്‍ മുഴുകിയിരിക്കുന്നു. മറ്റുചിലര്‍ ഭക്ഷണത്തില്‍ പൂര്‍ണ്ണമായും വ്യാപൃതരായിരിക്കുന്നു. സംഭാഷണത്തിന്റെ രസച്ചരടുകള്‍ മുറുകുമ്പോള്‍ ഉച്ചത്തിലുള്ള ചിരികള്‍ ഇടക്കിടെ കേള്‍ക്കാം. എല്ലാവരും അവരവരുടെ ലോകത്താണ്.

നിറഞ്ഞ ചിരിയോടെ ഒരു ചെറുപ്പക്കാരന്‍ എന്റെ മുന്നില്‍ ഒരു ഓട്ടുഗ്ലാസ് കൊണ്ടുവന്നു വെച്ചു. മിനറല്‍ വാട്ടറിന്റെ കുപ്പിയില്‍ നിന്ന് അതില്‍ വെള്ളം നിറച്ചു. ഓട്ടുഗ്ലാസ് കണ്ട കൗതുകത്തില്‍ അല്പ്പം ജലം അതില്‍ നിന്നും എടുത്ത് കുടിച്ച് ഭക്ഷണത്തിനായി കാത്തിരിപ്പ് തുടര്‍ന്നു.

ആ ചെറുപ്പക്കാരന്‍ വീണ്ടും എത്തി. മണ്‍പ്ലേറ്റില്‍ വിളമ്പിയ ഭക്ഷണം മുന്നിലേക്ക് വെച്ചു. കറികള്‍ എത്തിയത് മണ്‍ചട്ടികളിലാണ്. എന്നോ നഷ്ട്ടപ്പെട്ടുപോയ ഒരു കാലഘട്ടത്തിന്റെ മുഴുവന്‍ ഗൃഹാതുരത്വവും എന്നെ ആവേശിച്ചു. ഭക്ഷണത്തിന് അസാധാരണമായ രുചി തോന്നി.

തികച്ചും അസാധാരണമായ ഒരു അനുഭൂതിയാണ് അത് നല്‍കിയത്. തീര്‍ച്ചയായും വളരെ അത്ഭുതകരവും. ആധുനികമായ ഒരു ഭക്ഷണശാലയില്‍ പഴമയുടെ നന്മ നല്‍കുന്ന അനിതരസാധാരണമായ അനുഭൂതി. ആ അനുഭൂതി എനിക്ക് സമ്മാനിച്ചത് അവിടെ പരന്നൊഴുകിയ സംഗീതമോ, കുളിരോ, നിറഞ്ഞ മനോഹാരിതയോ ഒന്നുമല്ല പകരം എന്റെ മുന്നില്‍ നിരന്ന മണ്‍ചട്ടികളാണ്.

പഴമയുടെ ഈ നന്മകളെ നാം വീട്ടില്‍ നിന്നും പുറത്താക്കിയിട്ട് എത്രയോ നാളുകളായി. നാം ആധുനികരാകുവാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. വീട്ടില്‍ നിന്നും മണ്‍ചട്ടികളെ വലിച്ചെറിഞ്ഞ് വിലപിടിച്ച ആധുനിക ഭക്ഷണശാലകളില്‍ പോയി കൂടിയ വില നല്കി നാം മണ്‍ചട്ടികളില്‍ ഭക്ഷണം കഴിക്കുന്നു. ആധുനികനാകുവാന്‍ ശ്രമിക്കുമ്പോള്‍ നമുക്ക് എന്തെങ്കിലും നഷ്ട്ടപ്പെടുന്നുണ്ടോ?

ഒഴുക്കിനനുസരിച്ച് നാം നീന്തിയേ മതിയാകൂ. ലോകത്തിന്റെ ഗതികള്‍ക്കനുസരിച്ചാണ് നമ്മുടെ യാത്രയും. പുസ്തകങ്ങളില്‍ നിന്നും സംഭാഷണങ്ങളില്‍ നിന്നും നാം സ്വയം പിന്‍വാങ്ങി. മൂന്നോ നാലോ ഇഞ്ച് വരുന്ന മൊബൈല്‍ ഫോണായി നമ്മുടെ ലോകം ഒതുങ്ങി. നമ്മുടെ വികാരങ്ങളുടെ നിയന്ത്രണം നാമറിയാതെ അത് കൈക്കലാക്കിക്കഴിഞ്ഞു. ഇന്ന് നമുക്ക് ചിരിക്കാന്‍, കരയാന്‍ ഒന്നും ഒരു വ്യക്തിയുടെ പോലും ആവശ്യമില്ല. ഒരു മൊബൈല്‍ ഫോണ്‍ നിയന്ത്രിക്കുന്ന ചെറിയൊരു ലോകം നാം സൃഷ്ട്ടിച്ചുകഴിഞ്ഞു.

ആധുനികതയുടെ മുഖം യാന്ത്രികതയുടെതാണ്. മനുഷ്യസ്പര്‍ശം നഷ്ട്ടപ്പെടുത്തുന്ന ഒന്ന്. നാളെ ഒരു കടയിലേക്ക് കടന്നുചെല്ലുന്ന നമ്മളെ സ്വാഗതം ചെയ്യുന്നത് ഒരു റോബോട്ട് ആകാം. നമുക്ക് ഭക്ഷണം വിളമ്പി തരുന്നതും അവരാകാം. അറിവുകള്‍ ഒരു വിരല്‍സ്പര്‍ശത്തില്‍ നമുക്ക് മുന്നിലെത്തും. പാരമ്പര്യ പഠനരീതികള്‍ അപ്രത്യക്ഷമാകും. ജോലികളുടെ സ്വഭാവങ്ങള്‍ മാറും. കൃത്രിമ ബുദ്ധിയും റോബോട്ടിക്‌സും ജീവിതത്തിന്റെ എല്ലാ മേഖലകളിലും പിടിമുറുക്കും. മനുഷ്യസ്പര്‍ശം ഇല്ലാത്ത ഒരു ലോകത്തേക്ക് നമ്മുടെ യാത്ര തുടങ്ങിക്കഴിഞ്ഞു.

നമ്മുടെ സംസ്‌കാരത്തേയും പഴമയുടെ നന്മകളേയും സ്വാംശീകരിക്കുന്ന ഒരു ജീവിതരീതി നാം ചിട്ടപ്പെടുത്താന്‍ ശ്രമിച്ചില്ലെങ്കില്‍ മാറുന്ന ലോകം അവയെ വിഴുങ്ങും. വീട്ടില്‍ മണ്‍ചട്ടികളില്‍ പാകം ചെയ്ത് എല്ലാവരും ഒരുമിച്ചിരുന്ന് കഴിച്ച സ്വാദിഷ്ടമായ ഭക്ഷണം കഴിക്കാന്‍ നാം ആധുനിക ഭക്ഷണശാലകളെ ആശ്രയിക്കേണ്ടി വരും. എത്ര ദയനീയമാണ് ആ സ്ഥിതി. അതിനെയാണ് നാം ആധുനികതയായി കരുതുന്നത്.

നാളെ അരി ഏത് വസ്തുവില്‍ നിന്നാണ് ഉത്പാദിപ്പിക്കുന്നത്? എന്ന് നമ്മുടെ കുട്ടികള്‍ നമ്മോട് ചോദിച്ചാല്‍ അത്ഭുതപ്പെടുവാനില്ല. അവരെ സംബന്ധിച്ചിടത്തോളം ഈ ലോകം യന്ത്രവത്കൃതമാണ്. മണ്ണും മനുഷ്യനും തമ്മില്‍ അകന്നിരിക്കുന്നു. ഇവിടെ ഒരു ലോകം നമുക്കായി നമ്മുടെ മുന്‍ഗാമികള്‍ കാത്തുവെച്ചിരുന്നു. പക്ഷേ നാം അടുത്ത തലമുറകള്‍ക്ക് നല്‍കുവാന്‍ പോകുന്നത് വിഷം കലര്‍ന്ന മണ്ണും ജലവും ആകാശവുമാണ്. ആധുനിക ലോകം ഏറ്റവും ബുദ്ധിമുട്ടാന്‍ പോകുന്നത് നഷ്ട്ടപ്പെട്ട ഈ ശുദ്ധത തിരികെ കൊണ്ടുവരാനാകും.

പഴമയുടെ വിശുദ്ധികള്‍ കാത്ത് സൂക്ഷിക്കാത്ത ഏത് ആധുനികതയും നിലനില്‍ക്കുകയില്ല. ഒരിക്കല്‍ നാം തിരിഞ്ഞു നടക്കേണ്ടി വരും അന്ന് തിരിഞ്ഞ് നടക്കാന്‍ ഒരു വഴി അവശേഷിക്കുന്നുണ്ടെങ്കില്‍ മാത്രം.

 

 

Share

Leave a comment