വളരെ നിരുപദ്രവകരമായൊരു സന്ദേശമായിരുന്നു അത്. വാട്‌സ്ആപ്പില്‍ ആരോ ഒരാള്‍ അയച്ചു തന്ന ഒന്ന്. പ്രമേഹം പൂര്‍ണ്ണമായും ഇല്ലാതാക്കുവാനുള്ള ലളിതമായ ഒരു ചികിത്സ. അഞ്ച് പച്ചകായ്കള്‍ മിക്‌സിയില്‍ അടിച്ച് ഫ്രിഡ്ജിന്റെ ഫ്രീസറില്‍ വെച്ച് തണുപ്പിച്ച് വെറും വയറ്റില്‍ ജ്യൂസില്‍ ചേര്‍ത്ത് ഒരാഴ്ച കഴിക്കുക. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുകയും ക്രമേണ പ്രമേഹം ഭേദമാവുകയും ചെയ്യും. പ്രത്വേകിച്ചു ദോഷമൊന്നും സംഭവിക്കില്ലല്ലോ എന്നോര്‍ത്ത് അമ്മയോട് വിവരം പറഞ്ഞു. പിറ്റേദിവസം മുതല്‍ അമ്മ ഇത് പരീക്ഷിച്ച് തുടങ്ങി. പാവം അമ്മ, പ്രമേഹത്തിന് യാതൊരു വ്യത്യാസവും വന്നില്ല. അത് പഴയപോലെ തന്നെ. പച്ച നേന്ത്രക്കായ ആയത് കൊണ്ട് ശരീരത്തിന് ദോഷമൊന്നും സംഭവിച്ചില്ല. ഈ ചികിത്സ സൃഷ്ട്ടിച്ച് പ്രചരിപ്പിച്ച വിരുതന്‍ എവിടെയോ ഇരുന്നു ചിരിക്കുന്നുണ്ടാവാം.
സോഷ്യല്‍ മീഡിയ വളരെ സൂക്ഷിച്ച് ഉപയോഗിക്കേണ്ട മാധ്യമമാണെന്ന് എനിക്ക് തോന്നിത്തുടങ്ങിയത് അവിടെ നിന്നാണ്. ഇരുതല മൂര്‍ച്ചയുള്ള ഒരു വാളായി അത് മാറുന്നത് പലപ്പോഴും കണ്ടു. പല സാമൂഹ്യ, രാഷ്ട്രീയ പ്രശ്‌നങ്ങളും, അനീതികളും, അസമത്വങ്ങളും മുഖ്യധാരാ മാധ്യമങ്ങളുടേയും, ഭരണാധികാരികളുടേയും, സാമൂഹ്യസംഘടനകളുടേയും, നിയമത്തിന്റെയും ശ്രദ്ധയില്‍ എത്തിക്കാന്‍ നവമാധ്യമങ്ങള്‍ നിര്‍വ്വഹിക്കുന്ന പങ്ക് സുസ്ത്യര്‍ഹം തന്നെയാണ്. നവമാധ്യമങ്ങള്‍ മാധ്യമ ലോകത്തിന്റെ കാഴ്ച്ചപ്പാടുകള്‍ തന്നെ മാറ്റിമറിച്ചു എന്ന് പറയുന്നതില്‍ അതിശയോക്തി ഒട്ടുമില്ല.
ശരിയായ വാര്‍ത്തകള്‍ എത്തുന്ന അതേ വേഗതയിലും വിശ്വാസ്യതയിലും തന്നെയാണ് തെറ്റായ വാര്‍ത്തകളും വിവരങ്ങളും നവമാധ്യമങ്ങളിലൂടെ പങ്കുവെക്കപ്പെടുന്നത്. ഇവിടെ ശരിയായ വാര്‍ത്തകള്‍ ഏത്? തെറ്റായ വാര്‍ത്തകള്‍ ഏത്? എന്ന് വായനക്കാരന് തിരിച്ചറിയാന്‍ സാധിക്കുന്നില്ല. എല്ലാറ്റിനേയും ഒരേ പോലെ സ്വീകരിക്കുന്ന ഒരു മാനസിക പ്രവണത ക്രമേണ ഉരുത്തിരിഞ്ഞു വരുന്നു. ഒരു പ്രധാന നടന്‍ മരിച്ചു എന്ന ഒരു വാര്‍ത്ത നവമാധ്യമത്തില്‍ പ്രത്യക്ഷപ്പെടുന്ന അതേ സെക്കന്‍ഡില്‍ തന്നെ ലക്ഷങ്ങള്‍ അത് പങ്കുവെക്കുന്നു. ഈ വാര്‍ത്ത ശരിയാണോ എന്ന് പരിശോധിക്കുവാനുള്ള ക്ഷമ പോലും നവമാധ്യമ ഉപഭോക്താവ് കാണിക്കുന്നില്ല. ഞാന്‍ മരിച്ചിട്ടില്ല എന്ന് ആ നടന്‍ വന്ന് പറഞ്ഞാല്‍ പോലും ജനം വിശ്വസിക്കില്ല എന്ന മട്ടിലാകുന്നു കാര്യങ്ങള്‍.
നിങ്ങളുടെ വീട്ടില്‍ എത്തുന്ന ആളുകള്‍ രക്തം പരിശോധിക്കാനെന്ന വ്യാജേന നിങ്ങളില്‍ എച്ച് ഐ വി കുത്തിവെക്കാം എന്ന സന്ദേശം ഒരുപാടുകാലം നവമാധ്യമങ്ങളില്‍ കറങ്ങി നടന്നു. തമിഴ് നാട് പോലീസിന്റെ സന്ദേശം എന്ന പേരിലായിരുന്നു ഇത് വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടിരുന്നത്. ആര്‍ക്കും എയിഡ്‌സ് ബാധിക്കരുത് എന്ന സദുദ്ദേശത്തോടെ മലയാളികള്‍ ഇത് തലങ്ങും വിലങ്ങും കൈമാറി. ഇതൊരു വ്യാജസന്ദേശമായിരുന്നു എന്ന് തെളിഞ്ഞപ്പോഴേക്കും കൈമാറേണ്ട ഭീതി ഇത് കൈമാറിക്കഴിഞ്ഞു.
രക്തസമ്മര്‍ദ്ദം ചികിത്സിക്കേണ്ട ഒരു രോഗമേയല്ല എന്ന സന്ദേശം എത്തിയിട്ട് അധികകാലമായിട്ടില്ല. അതുപോലെ തന്നെയാണ് ഗര്‍ഭിണികള്‍ ഡോക്ടറെ കാണേണ്ട ആവശ്യമില്ല എന്ന ആധികാരിക വിവരവും നവമാധ്യമങ്ങള്‍ പങ്ക് വെച്ചത്. രണ്ടും വളരെ നല്ല ആശയങ്ങള്‍ എന്ന് തോന്നിയ പരോപകാരത്തില്‍ വിശ്വസിക്കുന്ന മലയാളികള്‍ കണ്ണുംപൂട്ടി ഇവ പ്രചരിപ്പിച്ചു. ഇവയുടെ അപകടം എന്ത് എന്ന് ഒരുനിമിഷം ചിന്തിച്ചിരുന്നു എങ്കില്‍ ഇത്തരം വിഡ്ഢിത്തങ്ങള്‍ നാം ചെയ്യുമായിരുന്നോ?
ഹിറ്റ്‌ലറുടെ വളരെ അടുത്ത അനുയായിയായിരുന്നു പോള്‍ ജോസഫ് ഗീബെല്‍സ്. ആശയങ്ങളുടെ നിരന്തരമായ പ്രേക്ഷണത്തിലൂടെ എന്തും ജനങ്ങളെ വിശ്വസിപ്പിക്കുവാന്‍ കഴിയും എന്ന സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ്. ഏത് ആശയവും അത് ശരിയാവട്ടെ, തെറ്റാവട്ടെ തുടര്‍ച്ചയായി പ്രചരിപ്പിച്ചാല്‍ ജനങ്ങള്‍ അത് വിശ്വസിച്ച് കൊള്ളും എന്ന് തെളിയിച്ച വ്യക്തി. ഇന്ന് ഗീബെല്‍സിന്റെ ഭാഗം അഭിനയിക്കുന്നത് നവമാധ്യമങ്ങള്‍ ആണോ?
നവമാധ്യമങ്ങള്‍ മാത്രമല്ല നാം ഓരോരുത്തരും ഗീബെല്‍സിന്റെ അതേ പ്രവര്‍ത്തി തന്നെയാണ് ചെയ്യുന്നത്. തെറ്റായ സന്ദേശങ്ങള്‍ നാം പരമാവധി പ്രചരിപ്പിക്കുകയാണ്. പല മാധ്യമങ്ങളിലൂടെ ഇത്തരം സന്ദേശങ്ങള്‍ ലഭിക്കുന്നവര്‍ ഇത് ശരി എന്ന് വിശ്വസിക്കുകയും അത് വീണ്ടും വീണ്ടും പങ്കുവെക്കുകയും ചെയ്യും. രക്തസമ്മര്‍ദ്ദം ചികിത്സിക്കേണ്ടതില്ല എന്ന സന്ദേശം കണ്ട് അത് വിശ്വസിച്ച് മരുന്ന് കഴിക്കുന്നത് നിര്‍ത്തുന്ന ഒരു രോഗിയെക്കുറിച്ച് ചിന്തിച്ചുനോക്കുക. വളരെ അപകടകരമായൊരു പ്രവര്‍ത്തിയാണ് നാം ചെയ്യുന്നത്.
ഇനിയും ഇത് മനസ്സിലാക്കുവാന്‍ നാം വൈകിക്കൂടാ. നമുക്ക് ഉത്തമബോധ്യമില്ലാത്ത ഒരു കാര്യം പോലും പ്രചരിപ്പിക്കുകയില്ല എന്ന് നാം തീരുമാനമെടുക്കണം. എവിടെയോ ഇരുന്ന് ആരുടെയോ തലയില്‍ വിരിയുന്ന ആശയങ്ങളും വിഡ്ഢിത്തങ്ങളും പങ്ക് വെക്കുകയല്ല നമ്മുടെ ധര്‍മ്മം. നവമാധ്യമങ്ങള്‍ മഹത്തായ ഒരു പ്ലാറ്റ്‌ഫോം ആണ്. നാം അത് സൂക്ഷിച്ച് ഉപയോഗിക്കുകയാണെങ്കില്‍ മാത്രം.