‘അറിഞ്ഞതില്‍ പാതി പറയാതെ പോയി
പറഞ്ഞതില്‍ പാതി പതിരായി പോയി…’
വര്‍ഷങ്ങള്‍ക്ക് മുന്‍പ് കവി കുറിച്ചിട്ട വാക്കുകള്‍. പതിരായിപ്പോയ അറിവിന്റെ ദുഃഖം കവിയുടെ വാക്കുകളില്‍ കനക്കുമ്പോള്‍ അത് വര്‍ത്തമാനകാല മലയാളത്തിന്റെ നേര്‍ക്കാഴ്ചയായി മാറുന്നു. ബാലചന്ദ്രന്‍ ചുള്ളിക്കാട് ആധുനിക മലയാളത്തിന്റെ വള്ളിപ്പടര്‍പ്പിലേക്ക് കോരിയിട്ട ഒരുതരി കനല്‍ വലിയൊരു കാട്ടുതീയായി പടരുകയാണ്.
മലയാളം അറിയില്ലാത്ത മലയാളി കോമിക്കുകളിലെ ഒരു കഥാപാത്രമല്ല. സ്‌കൂളിന്റെ പടിക്കെട്ടുകള്‍ ഒരുപാട് കയറിയിറങ്ങിയിട്ടും മലയാളം വായിക്കാനറിയാത്ത, പറയാനറിയാത്ത ഒരു തലമുറ ഒരു യാഥാര്‍ത്ഥ്യമാണ്. എന്റെയും നിങ്ങളുടെയും വീട്ടില്‍ അവരുണ്ട്. കുമാരനാശാനെ അറിയാത്ത ബഷീറിനെ അറിയാത്ത എം ടിയെ അറിയാത്ത ഒരു തലമുറ. അവര്‍ക്കതില്‍ ദുഃഖമില്ല, നഷ്ട്‌ബോധങ്ങളില്ല എന്നതാണ് നമ്മളെ ആകുലപ്പെടുത്തേണ്ട ഒരു വസ്തുത. അവരുടെ ലോകം വ്യത്യസ്തമാണ്. ആശയങ്ങള്‍ വ്യത്യസ്തമാണ്, ആഗ്രഹങ്ങള്‍ വ്യത്യസ്തമാണ്. നാമും അവരും തമ്മില്‍ വലിയൊരു വിടവ് രൂപപ്പെട്ടിരിക്കുന്നു.
കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് കേരളത്തിലെ വളരെ മനോഹരമായ ഒരു അഗ്രിക്കള്‍ച്ചറല്‍ തീംപാര്‍ക്ക് സന്ദര്‍ശിക്കുവാന്‍ ഇടയായി. മുന്‍പ് നമ്മുടെ തൊടിയിലും വഴിവക്കിലും പടര്‍ന്ന് പന്തലിച്ചു നിന്ന ഒരുപാട് വൃക്ഷങ്ങളേയും ചെടികളേയും കുട്ടികളെ സംരക്ഷിക്കുന്നത് പോലെ പരിപാലിച്ച് നിര്‍ത്തിയിരിക്കുന്നു. നാട്ടിന്‍പുറങ്ങളില്‍ നിന്നും അപ്രത്യക്ഷമായ ചെടികള്‍ ഒരു ഷോകേസില്‍ കാഴ്ചക്കായി നിരത്തി വെച്ചിരിക്കുന്നത് പോലെ തോന്നി. അതിനിടയില്‍ കൂടെ നടന്നപ്പോള്‍ വല്ലാതെ ഒരു ഗൃഹാതുരത്വം എന്നെ പൊതിയുന്നതായി തോന്നി. നഷ്ട്‌ബോധത്തിന്റെ തീഷ്ണതയില്‍ ഹൃദയം വിങ്ങി.
എറണാകുളം നഗരത്തില്‍ തലയെടുപ്പോടെ നിന്ന പതിറ്റാണ്ടുകള്‍ പ്രായമുള്ള വൃക്ഷങ്ങള്‍ മെട്രോക്ക് വേണ്ടി പിഴുതുമാറ്റപ്പെട്ടു. കടയറ്റു വീണ അവയാണ് ഒരു കാലത്ത് യാത്രികര്‍ക്കും ക്ഷീണിതര്‍ക്കും തണലേകിയിരുന്നത്. ഇന്ന് അവയുടെ ശവപ്പറമ്പിലൂടെ മെട്രോ ഇരമ്പിപായുകയാണ്. നാമും ആധുനികരായി, വികസിതരായി എന്ന ചൂളംവിളിയോടെ. വയലുകള്‍ നികത്തി വീടുകളും ഷോപ്പിംഗ് മാളുകളും റോഡുകളും പണിയുകയാണ്. തണ്ണീര്‍തടങ്ങള്‍ ഇനി നമുക്ക് തീംപാര്‍ക്കുകളില്‍ കണ്ടു തൃപ്തരാകാം. അവിടെ വയലുകളും, തോടുകളും, കുളങ്ങളും പുനര്‍സൃഷ്ടിക്കാം. മ്യുസിയത്തില്‍ അവശിഷ്ട്ടങ്ങള്‍ സൂക്ഷിക്കും പോലെ അവ നമുക്ക് സൂക്ഷിച്ച് വെക്കാം. ഇനി വരുമൊരു തലമുറക്ക് വേണ്ടി. ഭാരതപ്പുഴക്ക് മീതെ ട്രെയിന്‍ കൂകിപ്പായുമ്പോള്‍ മകനെ നെഞ്ചോട് ചേര്‍ത്ത് ജാലകത്തിലൂടെ മണല്‍പ്പരപ്പ് ചൂണ്ടിക്കാട്ടി പറഞ്ഞുകൊടുക്കാം ഇവിടെ ഒരു നദിയുണ്ടായിരുന്നു എന്ന്.
മലയാളം അറിയാത്ത ഒരു തലമുറ വളര്‍ന്ന് വരുന്നത് അവരുടെ തെറ്റാണോ? അവരല്ല അവരുടെ വിദ്യാഭ്യാസ സമ്പ്രദായം രൂപീകരിച്ചത്. അവര്‍ സ്വയമല്ല വിഷയങ്ങള്‍ പഠിക്കുന്നത്. നമ്മുടെ പാടങ്ങള്‍ നാം നശിപ്പിക്കും പോലെ നമ്മുടെ കാടുകള്‍ നാം വെട്ടിയൊടുക്കും പോലെ നമ്മുടെ മണ്ണ് നാം വിഷലിപ്തമാക്കും പോലെ അടുത്ത തലമുറകളേയും നാം മലിനീകരിക്കുകയാണ്. കുറ്റം അവരുടേതല്ല. അവര്‍ക്ക് പാത തെളിക്കുന്ന നമ്മളുടെതാണ്. നാം നശിപ്പിച്ച ഒരു വ്യവസ്ഥിതിയാണ്, സാമൂഹ്യ അന്തരീക്ഷമാണ് അവരെ ഇങ്ങിനെയാക്കുന്നത്.
നമുക്ക് വികസനം വേണം. പക്ഷേ അത് നമ്മുടെ ആത്മാവിനെ നഷ്ട്ടപ്പെടുത്തിക്കൊണ്ടാവരുത്. ഇന്ന് ഇവിടെ നിലനില്‍ക്കുന്ന ഓരോ മൂല്യച്ചുതിക്കും ഉത്തരവാദികള്‍ നമ്മളാണ്. നമ്മളെന്ന പഴയതലമുറ. മണ്ണിനെ സ്‌നേഹിക്കാത്ത, കാടിനെ സ്‌നേഹിക്കാത്ത, നദിയെ സ്‌നേഹിക്കാത്ത നാം അവരോട് പറയുകയാണ് മാതൃഭാഷയെ സ്‌നേഹിക്കൂ. അവരെ അത് പഠിപ്പിക്കാന്‍, അത് അവര്‍ പഠിച്ചോ എന്ന് വിലയിരുത്താന്‍ കഴിയാത്ത പഴഞ്ചന്മാരായ നമുക്ക് അവരെ കുറ്റപ്പെടുത്താന്‍ എന്ത് അവകാശം?
ഇവിടുത്തെ പാടങ്ങള്‍ നികത്തിയതാരാണ്. കാടുകള്‍ വെട്ടിത്തെളിച്ചതാരാണ്. നദികളില്‍ ജലം ഇല്ലാതാക്കിയതാരാണ്. ഭക്ഷണവും ജലവും ഇല്ലാതെയാകുന്ന ഒരു നാളില്‍ നാം ഇതിന് ഉത്തരം വരും തലമുറകളോട് പറയേണ്ടി വരും. ഒരു വയല്‍ സംരക്ഷിക്കാന്‍ ഒരു മണിക്കൂര്‍ കൂടുതല്‍ സഞ്ചരിക്കാന്‍ നാം തയ്യാറാവണം. അത് നികത്തി റോഡുണ്ടാക്കി ഒരു മണിക്കൂര്‍ നാം ലാഭമുണ്ടാക്കിയാല്‍ അത് വികസനമാണോ?
നാം കേരളത്തെ മറ്റെന്തോ ആക്കുവാന്‍ പരിശ്രമിച്ചു കൊണ്ടിരിക്കുകയാണ്. അതില്‍ നാം വിജയിക്കുന്നുമുണ്ട്. അതിനൊപ്പം മാതൃഭാഷയും മരിക്കുകയാണ്. ഓ, അല്ല കൊലചെയ്യപ്പെടുകയാണ്. സത്യമായും ഇതെന്റെ കേരളമല്ല.