കഴിഞ്ഞ ഒരു വര്‍ഷം മുന്‍പ് കോഴിക്കോട് സന്ദര്‍ശനവേളയില്‍ നാഷണല്‍ ബുക്ക് സ്റ്റാളില്‍ കയറി പുസ്തകങ്ങള്‍ വാങ്ങിച്ചു. അയ്യായിരത്തി ഇരുന്നൂറ് രൂപയുടെ ബില്‍. പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ഡെബിറ്റ് കാര്‍ഡ് നല്കി പണം അടച്ചു. കുറെ മാസങ്ങള്‍ക്ക് ശേഷം നാഷണല്‍ ബുക്ക് സ്റ്റാളിന്റെ ഹെഡ് ഓഫീസില്‍ നിന്നും ഒരു ഫോണ്‍ വിളി. ആ പണം അവരുടെ ബാങ്കില്‍ എത്തിയിട്ടില്ല ദയവായി താങ്കളുടെ ബാങ്കില്‍ അന്വേഷിച്ച് വിവരം പറയണം.
ഞാന്‍ എന്റെ ബാങ്ക് സ്റ്റേറ്റ്‌മെന്റ് എടുത്ത് നോക്കി. അതില്‍ നിന്നും പണം പോയിട്ടുണ്ട് പക്ഷേ എന്‍ ബി എസിന്റെ അക്കൗണ്ടില്‍ അത് എത്തിയിട്ടില്ല. ഞാന്‍ ബാങ്കിലെത്തി മാനേജരെ കണ്ടു. പരാതി എഴുതി നല്കി. അവര്‍ പറഞ്ഞു ഇവിടെ ഒന്നും ചെയ്യാനില്ല ടോള്‍ ഫ്രീ നമ്പര്‍ തരാം അതില്‍ വിളിച്ച് പരാതി കൊടുത്താല്‍ മതി. നന്ദിയും പറഞ്ഞ് ബാങ്കില്‍ നിന്നും ഇറങ്ങി. വിദൂരതയില്‍ ഉള്ള ആ ടോള്‍ ഫ്രീ നമ്പറില്‍ വിളിച്ചു പരാതി കൊടുത്തു.
മാസങ്ങള്‍ കാത്തിരുന്നു. ഒരു രക്ഷയുമില്ല. ഒരു രൂപ ബാങ്കില്‍ അടക്കുവാനുണ്ടെങ്കില്‍ നാഴികക്ക് നാല്‍പ്പത് വട്ടം വിളിക്കുന്ന ബാങ്ക് ഇന്നുവരെ ആ പരാതിക്ക് ഒരു മറുപടിയും നല്‍കിയില്ല. വീണ്ടും ഒരിക്കല്‍ കൂടി വിളിച്ചു. മനോഹരമായ സ്ത്രീ ശബ്ധം പറഞ്ഞു ”താങ്കളുടെ പരാതി ക്ലോസ് ചെയ്തല്ലോ. ഇനി ഞങ്ങള്‍ക്ക് ഒന്നും ചെയ്യുവാനില്ല.” വീണ്ടും മാനേജര്‍ മാഡത്തിനെ കണ്ടു. അവര്‍ കൈമലര്‍ത്തി. എന്നെ മുന്നിലിരുത്തി കുറെ ഫോണ്‍ ചെയ്തു. നിസ്സഹായയായ അവരുടെ മുഖം കണ്ട ഞാന്‍ മെല്ലെ അവിടെ നിന്നും ഇറങ്ങി. എന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്നും അപ്രത്യക്ഷമായ ആ പണം എങ്ങോട്ട് പോയി എന്ന് ഇതുവരെ യാതൊരു അറിവുമില്ല.
കഴിഞ്ഞ ദിവസം മൊബൈലില്‍ ഒരു മെസ്സേജ് ”നിങ്ങളുടെ അക്കൗണ്ടില്‍ നിന്നും ഇരുപത്തിഏഴുരൂപ ഞങ്ങള്‍ എടുത്തിരിക്കുന്നു.” അനുവാദമൊന്നും ആവശ്യമില്ല. പണം നമ്മുടേതാണ് . അതെടുക്കുന്നതിനു മുന്‍പേ ഒരു സാമാന്യമര്യാദ വേണ്ടതല്ലേ? നമ്മുടെ പോക്കറ്റില്‍ കിടക്കുന്ന പണം നാം അറിയാതെ ആരെങ്കിലും എടുത്താല്‍ നമുക്ക് ഇഷ്ട്മാകുമോ? ബാങ്കില്‍ നാം നിക്ഷേപിച്ച പണം നമ്മുടെതാണോ? അതോ ബാങ്കിന്റെതോ?
ഇത് മോഷണമാണോ? നമ്മുടെ പണം നമ്മളറിയാതെ, നമ്മുടെ അനുവാദമില്ലാതെ മറ്റൊരാള്‍ എടുക്കുന്നു. ഈ ഡിജിറ്റല്‍ യുഗത്തില്‍ പണത്തിന് മേലുള്ള നിയന്ത്രണം നമുക്ക് നഷ്ട്‌പ്പെട്ടുകൊണ്ടിരിക്കുന്നു. പണത്തിന്റെ വിനിയോഗം ഇവിടെ നിയന്ത്രിക്കുന്നത് യന്ത്രങ്ങളാണ്. ബാങ്കില്‍ ഇരിക്കുന്ന ഒരു വ്യക്തിക്ക് പോലും അതില്‍ നിയന്ത്രണങ്ങളില്ല. യന്ത്രം നിയന്ത്രിക്കുന്ന, ചലിപ്പിക്കുന്ന ഒരു യാന്ത്രിക പ്രക്രിയയായി ബാങ്കിംഗ് മാറിക്കഴിഞ്ഞു.
നീരവ് മോദി പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും കോടികള്‍ അടിച്ചുമാറ്റി എന്ന വാര്‍ത്ത മനസ്സില്‍ ചിരി വിടര്‍ത്തി. കുരുടനെ പൊട്ടന്‍ ചതിച്ചാല്‍ പൊട്ടനെ ദൈവം ചതിക്കും എന്നൊരു ചൊല്ല് കേട്ടിട്ടുണ്ട്. ഇരുപത്തേഴുരൂപ സാധാരണക്കാരന്റെ അക്കൗണ്ടില്‍ നിന്നും കൃത്യമായി ഒരു ദിവസം പോലും തെറ്റാതെ പിഴിഞ്ഞെടുക്കുന്ന ബാങ്ക് കോടികള്‍ ചോരുന്നത് അറിയാതെ പോയി. വിവര സാങ്കേതികത വിദ്യ നിയന്ത്രിക്കുന്ന സുശക്തമായ ബാങ്കിംഗ് സംവിധാനങ്ങള്‍ക്ക് തെറ്റ് പറ്റിയതാണോ?
ഭരണകൂടവും, ഉദ്യോഗസ്ഥരും, ബിസിനസുകാരും കൂടിയുള്ള വലിയൊരു അവിശുദ്ധ കൂട്ടുകെട്ട് സാധാരണക്കാരനെ പിഴിഞ്ഞ് ജീവിക്കുന്നു. സാധാരണക്കാരനെ നിയമങ്ങള്‍ കൊണ്ട് കെട്ടിവരിയുകയും ചോര നീരാക്കി അവന്‍ അരിമണികള്‍ പോലെ ശേഖരിക്കുകയും ചെയ്യുന്ന ചില്ലിക്കാശുകള്‍ ഒരു കൊള്ളക്കാരനെപ്പോലെ കവര്‍ന്നെടുക്കുന്ന ബാങ്കുകള്‍ ഇനി വരുന്ന കാലത്തെ ഏറ്റവും വലിയ ഷൈലോക്കുകള്‍ ആകുവാന്‍ പോകുകയാണ്.
ഒരു നിസ്സംഗതയോടെ ഇത് കണ്ടു നില്‍ക്കുവാനെ നമുക്ക് കഴിയുകയുള്ളൂ. നമ്മുടെ ജീവിതത്തിന്റെ എല്ലാ വശങ്ങളിലും യന്ത്രങ്ങള്‍ പിടിമുറുക്കിക്കഴിഞ്ഞു. ഇടപാടുകള്‍ക്ക് മനുഷ്യ സ്പര്‍ശമില്ലാതെയായിരിക്കുന്നു. നാളെ നമ്മെ നിയന്ത്രിക്കുവാന്‍ പോകുന്നത് കൃത്രിമ ബുദ്ധിയും റോബോട്ടുകളുമാണ്. നാളെ ഒരു സൂപ്പര്‍ മാര്‍ക്കെറ്റില്‍ ചെല്ലുന്ന നമ്മളെ സ്വീകരിക്കുന്നത് ഒരു റോബോട്ട് ആകാം. നാളെ ബാങ്കിന്റെ ചില്ലു കൂട്ടില്‍ പണം എണ്ണി നല്‍കുന്നത് ഒരു റോബോട്ട് ആകാം.
വേഗം കൂടുകയും ലളിതമാവുകയും ചെയ്യും എന്ന് നാം വിചാരിക്കുന്ന ഈ മാറ്റങ്ങള്‍ മാനവികതയെ പുനര്‍നിര്‍വ്വചിക്കും. മനുഷ്യന്‍ മനുഷ്യനുമായി വ്യവഹരിക്കുന്ന വ്യവസ്ഥിതി ഉടച്ചുവാര്‍ക്കപ്പെടും. യാന്ത്രികതയുടെ ലോകത്തേക്കുള്ള ഈ യാത്ര നമ്മളിലെ മനുഷ്യന് എന്തൊക്കെ മാറ്റങ്ങള്‍ വരുത്തും? കാത്തിരുന്ന് കാണേണ്ടത് തന്നെ.