ഉച്ചയൂണ് കഴിഞ്ഞ് വഴിയരികില്‍ സുഹൃത്തുമായി സൗഹൃദ സംഭാഷണത്തില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കെ തൊട്ടരികില്‍ ഓട്ടോറിക്ഷ കൊണ്ടുവന്ന് നിര്‍ത്തി ഒതുക്കി പാര്‍ക്ക് ചെയ്ത് ഡ്രൈവര്‍ അതില്‍ നിന്നും ഇറങ്ങി പതിയെ നടന്ന് ഞങ്ങള്‍ക്ക് മുന്നിലൂടെ കടന്നുപോയി.
ഡ്രൈവര്‍ കടന്നുപോകുമ്പോള്‍ അതിരൂക്ഷമായ മദ്യത്തിന്റെ ഗന്ധം വായുവില്‍ കലര്‍ന്നു. ഈ ഉച്ചസമയത്ത് ആള്‍ സാമാന്യം നന്നായി മദ്യപിച്ചിരിക്കുന്നു. അയാള്‍ കണ്മുന്നില്‍ നിന്ന് മറഞ്ഞിട്ടും മദ്യത്തിന്റെ വാട കുറേസമയം കൂടി അന്തരീക്ഷത്തില്‍ തങ്ങി നിന്നു.
അയാള്‍ പ്രതിനിധീകരിക്കുന്നത് കേരള ജനതയുടെ മറ്റൊരു മുഖത്തെയാണ്. സമ്പൂര്‍ണ്ണ സാക്ഷരരായ, ബൗദ്ധികമായി ഏറെ മുന്നിട്ട് നില്‍ക്കുന്ന, രാഷ്ട്രീയ പ്രബുദ്ധതയുള്ള, വികസനതല്പ്പരരായ മലയാളികളുടെ ആരും കാണാന്‍ ഇഷ്ട്‌പ്പെടാത്ത വികൃതമായ ഒരു മറുമുഖം.
മദ്യത്തിന്റെ അമിത വിനിയോഗത്തിനെതിരെ മാഹിയില്‍ പ്രക്ഷോഭം നടക്കുന്ന സമയം. അന്ന് ഞാന്‍ ആര്‍ട്ട് ഓഫ് ലിവിങ്ങിന്റെ സംസ്ഥാന സെക്രട്ടറി ആണ്. എന്റെ ഫോണ്‍ നമ്പര്‍ എങ്ങിനെയോ സംഘടിപ്പിച്ച് തലശ്ശേരിയില്‍ നിന്നും ഒരു പെണ്‍കുട്ടി വിളിച്ചു. ജാനു എന്ന (യഥാര്‍ത്ഥ പേരല്ല) ഒരു കാലിന് ബലക്ഷയമുള്ള ഒരു കുട്ടി. അവളുടെ അവസ്ഥയില്‍ സഹതാപം തോന്നി അവിടെ പണിക്ക് വന്ന ഒരു യുവാവ് അവളെ വിവാഹം കഴിച്ചു. അവര്‍ക്ക് രണ്ട് കുട്ടികളുമായി. മുന്‍പ് അല്പ്പസ്വല്‍പ്പം മദ്യപിച്ചിരുന്ന ഭര്‍ത്താവ് പൂര്‍ണ്ണമായും മദ്യത്തിന്റെ പിടിയില്‍ അകപ്പെട്ടു. സ്വര്‍ഗ്ഗം ആയിരുന്ന ആ വീട് നരകമായി മാറി. അവളെ ജീവനുതുല്യം സ്‌നേഹിച്ചിരുന്ന ഭര്‍ത്താവ് അവളെ ശാരീരികമായി ഉപദ്രവിക്കാനും തുടങ്ങി. പറഞ്ഞു വരവേ അവള്‍ കരഞ്ഞു തുടങ്ങി.
ജാനു ഒരു പ്രതിരൂപമാണ്. കേരളത്തിലെ പതിനായിരക്കണക്കിന് വരുന്ന സ്ത്രീകളുടെ പ്രതിരൂപം. മദ്യം നരകമാക്കിയ വീടുകളുടെ എണ്ണം നിരവധിയാണ്. സ്ത്രീകളും കുട്ടികളും ശാരീരികവും മാനസികവുമായി പീഡിപ്പിക്കപ്പെടുന്നു. ലഹരിയുടെ ലോകത്ത് ബന്ധങ്ങളും സ്‌നേഹവും വിസ്മരിക്കപ്പെടുന്നു. കുടുംബങ്ങള്‍ പിച്ചിച്ചീന്തപ്പെടുന്നു. കുട്ടികള്‍ ചിറകൊടിഞ്ഞ പക്ഷികളാകുന്നു. ജാനുവിന്റെ തേങ്ങികരച്ചില്‍ എന്റെ കാതുകളില്‍ ഇന്നും മുഴങ്ങിക്കൊണ്ടിരിക്കുന്നു.
ആരോടും ഒന്നും പറയുവാനില്ല. നാം നിസ്സഹായരാണ്. മദ്യം വിറ്റ് വരുമാനം നേടുന്ന ഒരു രാജ്യത്തിന് കൊടുക്കേണ്ടി വരുന്ന വലിയ വിലയാണ് ഇത്. ഈ വില കൊടുത്തേ രാജ്യം രക്ഷപ്പെടൂ എന്നതാണ് നമ്മുടെ ഭാഷ്യം. വ്യക്തികളേക്കാള്‍ പ്രാധാന്യം രാജ്യത്തിന് തന്നെ. രാജ്യം നിലനില്‍ക്കാന്‍, വികസിക്കാന്‍ ഇതല്ലാതെ വേറെ വഴിയില്ല. കുറെ കുടുംബങ്ങളെ കുരുതി കൊടുത്തേ നമുക്ക് രാജ്യത്തിനെ രക്ഷപ്പെടുത്താന്‍ ആവൂ. എത്ര മനോഹരമായ ചിന്താഗതി. പ്രബുദ്ധരായ മലയാളി സമൂഹം ചിന്തിക്കേണ്ട ശരിയായ പാത.
രാജ്യം സുന്ദരമാവുകയാണ്. മെട്രോയും, ആറുവരി പാതകളും, മനോഹരങ്ങളായ ഉദ്യാനങ്ങളും ഒക്കെയായി അവള്‍ അണിഞ്ഞൊരുങ്ങുകയാണ്. ടെക്‌നോപാര്‍ക്കുകളും ആധുനിക വിവര സാങ്കേതിക വിദ്യകളും വിദേശ സഹായങ്ങളുമൊക്കെയായി വലിയൊരു കുതിച്ചു ചാട്ടത്തിനൊരുങ്ങുകയാണ് നാം. തലക്ക് മുകളിലൂടെ മെട്രോ പായുമ്പോള്‍ മനോഹരങ്ങളായ പാതയോരത്ത് കൊടും വെയിലത്തും മഴയത്തും കാത്ത് നില്‍ക്കുകയാണ് മലയാളി. മദ്യത്തിനായി തെരുവുകള്‍ തോറും വരിനില്‍ക്കുന്ന ആധുനിക മലയാളി സമൂഹം. ഈ കാര്യത്തില്‍ ഇത്രമാത്രം അധ:പ്പതിച്ച ഒരു ജനത ലോകത്ത് മറ്റെവിടെയെങ്കിലും ഉണ്ടാകുമോ എന്നത് നാം അന്വേഷിക്കേണ്ട വസ്തുതയാണ്.
”ലഹരി” മലയാളിക്കൊരു ലഹരിയാവുകയാണ്. മലയാളി ജീവിതം ആഘോഷിക്കുകയാണ്. ആരോഗ്യം നശിപ്പിച്ച്, കുടുംബം നശിപ്പിച്ച് ഓരോ ദിനവും ആഘോഷമാക്കുന്ന ഒരു ജനത. മദ്യശാലക്ക് മുന്നില്‍ വരിനില്‍ക്കുന്നവരുടെ മുഖത്ത് ഞാന്‍ കണ്ടിട്ടുള്ളത് ദൈന്യതയാണ്. കേരളത്തിലെ നഗരങ്ങളിലും ഗ്രാമങ്ങളിലും കാഴ്ചകള്‍ വ്യത്യസ്ഥമല്ല. മുന്‍പ് വായനശാലകളിലും നാട്ടുചായക്കടകളിലും മൈതാനത്തും ഒത്തുകൂടി വെടിവെട്ടം പറഞ്ഞിരുന്ന മലയാളിയെ മദ്യശാലകള്‍ക്ക് മുന്നിലെത്തിച്ച സംസ്‌കാരികോദ്ഗ്രഥനം ഗവേഷണ വിഷയമാക്കേണ്ട ഒന്നാണ്.
കേരളത്തിലെ കുടിലുകളില്‍ വൈദ്യുതി എത്തിയോ ഗ്യാസ് എത്തിയോ കമ്പ്യൂട്ടര്‍ എത്തിയോ എന്നതല്ല യഥാര്‍ത്ഥ വിഷയം. അവിടെ സമാധാനമുണ്ടോ എന്നതാണ്. ശാരീരികവും മാനസികവുമായി തളര്‍ന്ന ഒരുപാട് സ്ത്രീകളും കുട്ടികളും അവിടെ നിശബ്ദരായി, നിസ്സഹായരായി, നിരാലംബരായി കഴിയുന്നുണ്ട്. കേരളം വളരുമ്പോഴും തളര്‍ന്നു കൊണ്ടിരിക്കുന്ന ഒരു ജനത അടിത്തട്ടിലുണ്ട്. അവരുടെ നിലവിളികള്‍ കേള്‍ക്കാന്‍, ആകുലതകള്‍ അറിയാന്‍, നഷ്ട്‌പ്പെടുന്ന ബാല്യങ്ങളുടെ കണ്ണുകളിലെ ദൈന്യത കാണാന്‍ മറന്ന് പോകുന്ന നാം ഓരോരുത്തരും ഈ രക്തത്തില്‍ പങ്കാളികളാണ്.