ആധുനിക ലോകത്തിന്റെ സൃഷ്ടി സംഭവിക്കപ്പെട്ടത് സ്വാതന്ത്ര്യത്തിലൂടെയാണ്. അടിച്ചമര്‍ത്തലുകളില്‍ നിന്നും അടിമത്തത്തില്‍ നിന്നും ദുര്‍ബലന് മേലെ നിലനിന്നിരുന്ന നിയന്ത്രണത്തില്‍ നിന്നും ചൂഷണങ്ങളില്‍ നിന്നും ലോക ജനത മോചനം നേടിയത് നിരന്തരമായ പോരാട്ടങ്ങളിലൂടെയും വിപ്ലവങ്ങളിലൂടെയും കലാപങ്ങളിലൂടെയുമായിരുന്നു. ഫ്രഞ്ച് വിപ്ലവവും റഷ്യന്‍ വിപ്ലവവും ഇന്ത്യന്‍ സ്വാതന്ത്ര്യ സമരവുമെല്ലാം ജനതയെ മോചനത്തിന്റെ പാതയിലേക്ക് നയിച്ചു.
പോരാട്ടങ്ങളിലെല്ലാം ഇരു വശത്തും മനുഷ്യര്‍ തന്നെയായിരുന്നു എന്നത് തന്നെയായിരുന്നു വൈരുദ്ധ്യം. മനുഷ്യരെ എന്നും ചൂഷണം ചെയ്യുകയും അടിച്ചമര്‍ത്തുകയും ചെയ്തിരുന്നത് മറ്റൊരു കൂട്ടം മനുഷ്യര്‍ തന്നെയാണ്. ലോക ചരിത്രത്തില്‍ ഇന്നുവരെ മൃഗങ്ങള്‍ക്ക് നേരെയോ അന്യഗ്രഹജീവികള്‍ക്ക് നേരെയോ ഒരു വിപ്ലവവും മനുഷ്യന് നടത്തേണ്ടി വന്നിട്ടില്ല. മനുഷ്യന്റെ ശത്രു എന്നും മനുഷ്യന്‍ തന്നെ ആയിരുന്നു. ഇന്നും അത് തുടര്‍ന്നുകൊണ്ടേയിരിക്കുന്നു.
സമരങ്ങളിലൂടെയും സഹനങ്ങളിലൂടെയും മനുഷ്യന്‍ നേടിയ സ്വാതന്ത്ര്യം അവന് അനുഭവിക്കുവാന്‍ സാധിക്കുന്നുണ്ടോ എന്നത് ഉത്തരം കിട്ടാത്ത ഒരു ചോദ്യമാണ്. സ്വാതന്ത്ര്യത്തിന്റെ നിര്‍വ്വചനം തന്നെ തിരുത്തപ്പെട്ടുകൊണ്ടിരിക്കുന്നു. ഇന്ന് വര്‍ഗ്ഗങ്ങളും വംശങ്ങളും മതങ്ങളും രാഷ്ട്രീയവും നിര്‍വ്വചിക്കുന്ന സ്വാതന്ത്ര്യമാണ് മനുഷ്യന് ലഭിക്കുന്നത്. ഇവിടേയും പാരതന്ത്ര്യം പുനര്‍സൃഷ്ട്ടിക്കുന്നത് മനുഷ്യന്‍ തന്നെ. സ്വാതന്ത്ര്യത്തിനായി പോരാടുകയും അത് ലഭിച്ചാല്‍ പാരതന്ത്ര്യത്തിന്റെ പുതിയ സീമകള്‍ നിര്‍വ്വചിക്കുകയും ചെയ്യുക. ഭൂമിയില്‍ മനുഷ്യന് മാത്രം സാധ്യമായ കാര്യം.
കാട്ടിലെ നിയമങ്ങള്‍ നാട്ടിലും നടപ്പിലാക്കപ്പെടുന്നു. ഏത് നിമിഷവും ആരും വേട്ടയാടപ്പെടാം. ”മനുഷ്യന്‍” എന്ന നാമം ”ഇര” എന്ന് പുനര്‍നാമകരണം ചെയ്യപ്പെട്ടുകഴിഞ്ഞു. നിങ്ങളും ഞാനും ഇരകളാണ്. രാഷ്ട്രീയത്തിന്റെ പേരില്‍, മതത്തിന്റെ പേരില്‍, ആദര്‍ശത്തിന്റെ പേരില്‍, കൈകൊള്ളുന്ന നിലപാടുകളുടെ പേരില്‍ ഏത് നേരവും വേട്ടയാടപ്പെടാന്‍ സാധ്യതയുള്ള നിര്‍ഭാഗ്യവാനായ ഇര. അരക്ഷിതമായ ഒരു ലോകം പടുത്തുയര്‍ത്തുവാനാണോ നാം പോരാടിയത്? ആരുടെയെങ്കിലും കത്തി മുനയില്‍ ഒടുങ്ങുവാനാണോ നമ്മുടെ വിധി.
ഈ ഭൂമിയില്‍ മനുഷ്യന് സമൃദ്ധമായി ജീവിക്കുവാന്‍ ആവശ്യമായ എല്ലാ വിഭവങ്ങളുമുണ്ട്. ആരോടും വിവേചനമില്ലാതെ, വേര്‍തിരിവുകളില്ലാതെ പ്രകൃതി ഇത് കനിഞ്ഞ് നല്‍കിയിരിക്കുന്നു. പക്ഷേ നാം തൃപ്തരല്ല. നാം ജലത്തിനായി പോരാടും. ഭൂമിക്കായി പോരാടും. വായുവിനും ആകാശത്തിനുമായി പോരാടും. ഇത് നമ്മുടെ ജീനിലുള്ളതാണ്. തുടച്ചു മാറ്റുക എളുപ്പമല്ല.
ജനങ്ങള്‍ക്ക് വേണ്ടി ജനങ്ങളാല്‍ രൂപം നല്‍കുന്ന ഭരണകൂടങ്ങളും ഈ പാരതന്ത്ര്യവും അരക്ഷിതാവസ്ഥയും നമുക്ക് മേല്‍ അടിച്ചേല്‍പ്പിക്കുന്നു. സംരക്ഷണം നല്‍കേണ്ട ഭരണകൂടങ്ങള്‍ തന്നെ വേട്ടക്കാരനാകുന്നു. നാം എന്ത് കഴിക്കണം എന്ത് കഴിക്കേണ്ട എന്ന് അവര്‍ നിശ്ചയിക്കുന്നു. തങ്ങളുടെ ഇച്ഛക്കനുസരിച്ച് പെരുമാറാത്തവരെ വേട്ടയാടുന്നു. പതിറ്റാണ്ടുകള്‍ നീണ്ട പോരാട്ടത്തിലൂടെ സ്വാതന്ത്ര്യം നേടിയവര്‍ക്കുമേല്‍ പുതിയ നിയമങ്ങള്‍ അടിച്ചേല്‍പ്പിച്ച് അവരെ വീണ്ടും അടിമയാക്കുന്നു. അടിമകളെ നയിക്കാനും നിയന്ത്രിക്കാനും എളുപ്പമാണ്. ഇവിടെ വീണ്ടും മനുഷ്യന്‍ മനുഷ്യന്റെ ശത്രുവായി മാറുന്നു.
സംരക്ഷണം നല്‍കേണ്ട നിയമവും നിയമപാലകരും വേട്ടക്കാരാകുന്നു. നിങ്ങള്‍ ഒരു പോരാട്ടത്തിന്റെയോ കലാപത്തിന്റെയോ നടുവിലല്ല എങ്കില്‍ പോലും കൊല്ലപ്പെടാം. വെറുതെ വീട്ടില്‍ ഇരുന്നാല്‍ മതി. ആളുമാറി അറസ്റ്റുചെയ്യപ്പെട്ട് വല്ലവന്റെയും തല്ല് കൊണ്ട് മരിക്കാന്‍ നാം നേടിയ ഈ സ്വാതന്ത്ര്യം തന്നെ ധാരാളം. മധുവിനെ മര്‍ദ്ദിച്ചു കൊന്നവര്‍ക്കും ശ്രീജിത്തിനെ മര്‍ദ്ദിച്ചു കൊന്ന നിയമപാലകര്‍ക്കും എന്ത് വ്യത്യാസം. രണ്ടും കൊടിയ ക്രിമിനലുകള്‍ തന്നെ. ഇരകള്‍ സമയം കാത്തു കഴിയുക. ഇവര്‍ എപ്പോള്‍ വേണമെങ്കിലും പ്രത്യക്ഷപ്പെടാം.
കത്വയിലെ പെണ്‍കുട്ടി ഒരു നോവായി മനസ്സില്‍ നിറയുകയാണ്. ഒരു പിഞ്ചു കുട്ടിയുടെ മാനവും ജീവനും സംരക്ഷിക്കാന്‍ കഴിയാത്ത സ്വാതന്ത്ര്യമാണോ നാം നേടിയത്? അതോ ആ സ്വാതന്ത്ര്യത്തിനെക്കാളും വലിയ ഒരു പാരതന്ത്ര്യത്തിലാണോ നാം അകപ്പെട്ടത്. പിഞ്ച് കുഞ്ഞുങ്ങള്‍ കാമാപൂര്‍ത്തീകരണത്തിനായി വേട്ടയാടപ്പെടുന്നു. കൈത്തരിപ്പ് തീര്‍ക്കുവാന്‍ നിരപരാധികളെ മര്‍ദ്ദിച്ച് കൊല്ലുന്നു. മതത്തിന്റെ പേരില്‍, രാഷ്ട്രീയത്തിന്റെ പേരില്‍, മറ്റൊരുവന്റെ പേരില്‍ വേട്ടയാടപ്പെട്ടുകൊണ്ടിരിക്കുന്ന നിസ്സഹായരായ ഇരകളായി നാം ഓരോരുത്തരും മാറുന്നു.
നാം ഇതുവരെ സ്വാതന്ത്ര്യം നേടിയിട്ടില്ല. നമ്മെ അടിച്ചമര്‍ത്തിയ വിദേശീയര്‍ പോയി പകരം സ്വദേശീയര്‍ വന്നു എന്ന വ്യത്യാസമേ ഉള്ളു. ജനങ്ങളുടെ മാനവും ജീവനും സ്വത്തും സംരക്ഷിക്കുവാന്‍ കഴിയാത്ത ഭരണകൂടങ്ങള്‍ പരാജയങ്ങളാണ്. മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും അതിരുകളില്‍ കുടുങ്ങിപ്പോയ നാം രാജാവ് നഗ്‌നനാണ് എന്ന് വിളിച്ചു പറയാന്‍ മടിക്കുന്നു അല്ലെങ്കില്‍ ഭയക്കുന്നു. കണ്ണുകളില്‍ അന്ധത കുടിയേറിയിട്ടില്ല എങ്കില്‍ നാം തിരിച്ചറിയണം വേട്ടക്കാര്‍ നമുക്ക് പിന്നാലെയുണ്ട്.