ഓണ്‍ലൈന്‍ റീട്ടൈല്‍ രംഗത്തെ രാജാവായ ആലിബാബ എന്ന കമ്പനി രസകരമായ ഒരു പരീക്ഷണം നടത്തുകയുണ്ടായി. ഓണ്‍ലൈനിലൂടെ ജിഞ്ചര്‍ ടീ ഓര്‍ഡര്‍ ചെയ്ത നാന്നൂറ്റിഅന്‍പത് പേര്‍ക്ക് ഡ്രോണിന്റെ സഹായത്തോടെ ഒരു മണിക്കൂറിനുള്ളില്‍ അത് എത്തിച്ച് നല്കി. ചൈനയിലാണ് ആലിബാബ ഈ പരീക്ഷണം നടത്തിയത്.
അനുദിനം ലോകം പുതിയ വേഷങ്ങള്‍ അണിയുന്നത് അത്ഭുതത്തോടെ നാം നോക്കി നില്‍ക്കുകയാണ്. മനുഷ്യഭാവനയില്‍ വിരിഞ്ഞ പലതും യാഥാര്‍ത്ഥ്യമാവുകയാണ്. ഹോളിവുഡ് സിനിമകളില്‍ കണ്ട ഫാന്റസികളില്‍ പലതും യഥാര്‍ത്ഥ രൂപത്തില്‍ നമുക്ക് മുന്നിലേക്ക് എത്തി തുടങ്ങി.
ഡ്രൈവറില്ലാത്ത കാറുകള്‍ നിരത്തിലിറങ്ങി തുടങ്ങി. കൊറിയര്‍ കമ്പനികള്‍ ഡ്രോണുകള്‍ ഉപയോഗിച്ച് സാധനങ്ങള്‍ വിതരണം ചെയ്യുവാന്‍ പരീക്ഷണങ്ങള്‍ തുടങ്ങി കഴിഞ്ഞു. രോഗനിര്‍ണ്ണയങ്ങള്‍ക്കും ശസ്ത്രക്രിയകള്‍ക്കും റോബോട്ടുകള്‍ ഉപയോഗിക്കുന്നു. ജപ്പാന്റെ റെസ്റ്റോറന്റ്റുകളില് പച്ചക്കറി അരിയാനും കാപ്പി ഉണ്ടാക്കുവാനും റോബോട്ടുകളെ ഉപയോഗിക്കുന്നു. റോബോട്ടുകള്‍ റിസപ്ഷനിസ്റ്റുകളും, ക്ലീനേഷ്സും ആയി ജോലി ചെയ്യുന്നു. കെട്ടിടങ്ങള്‍ പരിശോധിക്കുവാനും നിരീക്ഷിക്കുവാനും ക്രിമിനലുകളുടെ സ്ഥാനം കണ്ടെത്താനും പോലീസ് റോബോട്ടുകളുടെ സഹായം തേടുന്നു. കാലിഫോര്‍ണിയയില്‍ ടീച്ചറുടെ അസിസ്റ്റന്റ് ആയി ഒരു റോബോട്ട് സേവനം നല്കുന്നു.
അത്ഭുതദ്വീപിലെ കഥയല്ലിത്. നാം കണ്മുന്നില് കാണുന്ന യാഥാര്‍ത്ഥ്യം. നമ്മുടെ ദൈനംദിന ജീവിതത്തിന്റെ എല്ലാ തുറകളിലേക്കും കൃത്രിമബുദ്ധി കടന്ന് വരികയാണ്. അടുത്ത ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ ഈ ഭൂമിയിലെ ജീവിതത്തിന്റെ രസതന്ത്രം പൂര്‍ണ്ണമായും തിരുത്തിയെഴുതപ്പെടും. നാം യന്ത്രങ്ങളോട് സംസാരിക്കുവാന്‍ പഠിക്കും. അവരോട് ഇടപഴകുവാന്‍ പഠിക്കും. മനുഷ്യന് മനുഷ്യന് സേവനം നല്കുന്ന എല്ലാ മേഖലകളിലേക്കും കൃത്രിമബുദ്ധിയുടെ കടന്നുകയറ്റം സംഭവിക്കും.
ആലോചിച്ച് നോക്കൂ. രാവിലെ എഴുന്നേല്ക്കുമ്പോള് കയ്യില്‍ ചൂട് കാപ്പിയുമായി ഒരു റോബോട്ട് നമ്മെ സ്വാഗതം ചെയ്യുന്നത്. കണ്ണ് തിരുമ്മി നോക്കേണ്ട. ഇത് സ്വപ്നമല്ല. ഭാര്യ അടുത്ത് കിടന്ന് സുഖമായി ഉറങ്ങുന്നുണ്ടാകും. റോബോട്ട് അടുക്കള ജോലികളെല്ലാം നിര്‍വ്വഹിക്കും. ഭക്ഷണം ചൂടോടെ ഡൈനിങ്ങ് ടേബിളില്‍ നിരക്കും. ഭക്ഷണം കഴിച്ച് കാറില്‍ കയറി ഇരുന്നാല്‍ കാര്‍ തനിയെ ഡ്രൈവ് ചെയ്ത് ഓഫീസില്‍ എത്തിക്കും. ആ സമയം നമുക്കിഷ്ട്ടമുള്ള കാര്യങ്ങള്‍ ചെയ്യാം. കമ്പ്യൂട്ടറില്‍ ജോലി ചെയ്യാം, ഗെയിം കളിക്കാം, പാട്ട് കേള്‍ക്കാം, ഫോണ്‍ വിളിക്കാം അങ്ങനെ അങ്ങനെ പലതും.
തൊഴില്‍ മേഖലകളില്‍ സമൂലമാറ്റം സംഭവിക്കും. ഇന്നുള്ള പല തൊഴിലുകളും അപ്രത്യക്ഷമാകും. പുതിയ തൊഴിലുകള്‍ ഉടലെടുക്കും. കഠിനമായ മനുഷ്യപ്രയത്നം ആവശ്യമുള്ള തൊഴില്‍ മേഖലകളില്‍ റോബോട്ടുകള്‍ പിടിമുറുക്കും. മനുഷ്യന് ഇന്ന് ചെയ്യുന്ന ജോലികളില്‍ പലതും റോബോട്ടും മറ്റ് മഷീനുകളും കൂടി ചെയ്യും. ഒരു കെട്ടിടം പെയിന്റ് ചെയ്യാനോ, സാധനങ്ങള്‍ എടുത്ത് വെക്കാനോ, പാചകം ചെയ്യാനോ ഒന്നും മനുഷ്യന്റെ ആവശ്യം ഇല്ലാതെയാകും. മനുഷ്യന്റെ ഇന്നുള്ള വിലപേശല്‍ തന്ത്രങ്ങള്‍ വിലപ്പോകാതെ വരും. ഹ്യുമണ്‍ റിസോര്‍സ് മാനേജ്മെന്റ് ശാഖക്ക് പുറമേ എ ഐ റിസോര്‍സ് മാനേജ്മെന്റ് എന്ന ശാഖ കൂടി മാനേജ്മെന്റില്‍ ഉടലെടുക്കും.
റോബോട്ടുകളെയും മഷീനുകളെയും സഹായിക്കുന്ന തലത്തിലേക്ക് മനുഷ്യപ്രയത്നത്തിന്റെ രീതി മാറ്റപ്പെടും. ഒരു ആശുപത്രിയില്‍ രോഗികളെ ശുശ്രൂഷിക്കാന്‍ നേഴ്സ്മാര്‍ക്ക് പകരം റോബോട്ടുകള്‍ ആകുന്ന കാര്യം ആലോചിക്കുക. വേതനവര്‍ദ്ധനവിന്റെ പ്രശ്നങ്ങളില്ല. ഷിഫ്ടുകളുടെ പ്രശ്നങ്ങളില്ല. പണി ചെയ്ത് തളര്‍ന്നു എന്ന പരാതികളില്ല. ഇപ്പോള്‍ കസേരയുടെ രൂപത്തിലുള്ള ഒരു കൊറിയന്‍ റോബോട്ട് സ്വയം ആളുകളെ കയറ്റി ലക്ഷ്യസ്ഥാനങ്ങളില്‍ എത്തിക്കുന്നു. ആശുപത്രിയിലേക്ക് ചെല്ലുന്ന രോഗിയുടെ മുന്നിലേക്ക് വീല്‍ചെയര്‍ സ്വയം ഓടിയെത്തും. ഒന്നും അസംഭവ്യമല്ല.
ലോകത്തില്‍ നടക്കുന്ന ഈ മാറ്റത്തെ ഉള്‍ക്കൊള്ളാന്‍ നാം ഇനിയും തയ്യാറായിട്ടില്ല എന്നതാണ് ദുഃഖകരമായ സത്യം. ഇന്നും പരമ്പരാഗതമായ തൊഴിലുകള്‍ തന്നെ നമുക്ക് മുഖ്യം. കേരളത്തിലെ മനുഷ്യവിഭവശേഷി കൂടുതല്‍ ബുദ്ധിപരമായി ആസൂത്രണം ചെയ്യുകയും വിനിയോഗിക്കുകയും ചെയ്യേണ്ട സമയമായി. ലോകത്തെ വിവരസാങ്കേതിക വിദ്യ കീഴടക്കും. ഏറ്റവും കൂടുതല്‍ തൊഴിലവസരങ്ങള്‍ കൃത്രിമബുദ്ധിയിലും റോബോട്ടിക്സിലും ഉടലെടുക്കും. അപ്പോഴും നമ്മള് ഇനിയും നേരം വെളുക്കാത്തവരായി ജീവിച്ചുകൊണ്ടിരിക്കും.
തൊഴിലില്ലാത്ത അഭ്യസ്ത്യവിദ്യരായ ചെറുപ്പക്കാരെ ഭാവിയിലെ തൊഴില്‍ സാദ്ധ്യതകള്‍ കുമിഞ്ഞുകൂടുന്ന ഈ മേഖലകളിലേക്ക് തിരിച്ച് വിടാന്‍ കഴിയണം. ഈ മേഖലകളില്‍ ഗവേഷണം നടത്തുന്ന ഭീമന്മാര് കേരളത്തിലെത്തണം. കാലത്തെ മുന്നില്‍ കണ്ടുകൊണ്ട് നാം സഞ്ചരിക്കണം.കോടികള്‍ മുടക്കി പണിത് പഠിക്കാന്‍ കുട്ടികളില്ലാതെ പൂട്ടല്‍ ഭീഷണിയില്‍ നില്ക്കുന്ന എഞ്ചിനീയറിംഗ് കോളേജൊക്കെ മാറി ചിന്തിക്കേണ്ട സമയം അതിക്രമിച്ച് കഴിഞ്ഞു.
നാടോടുമ്പോള്‍ നടുവേ ഓടാന്‍ നാം മടിക്കേണ്ടതുണ്ടോ?