അബ്ധുള്ളഹാജിക്ക് പ്രായമായി എന്ന തോന്നല്‍ വന്നുതുടങ്ങി. നന്നേ ചെറുപ്പത്തിലേ ബാപ്പ മരിച്ചുപോയപ്പോള്‍ കുടുംബത്തിന്റെ പൂര്‍ണ്ണ ഭാരം ചുമലിലായി. അപ്പോള്‍ മുതല്‍ തുടങ്ങിയ ഓട്ടമാണ്. എത്രയോ ബിസിനസുകള്‍ മാറി മാറി ചെയ്തു. പലതും പരാജയപ്പെട്ടു. വിജയം അനുഗ്രഹിച്ചത് തുണിക്കച്ചവടത്തിലാണ്. പിന്നീട് തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല. ഇപ്പോള്‍ പട്ടണത്തില്‍ തന്നെ രണ്ട് വലിയ കടകളുണ്ട് കൂടാതെ തുണികളുടെ മൊത്തക്കച്ചവടവും.
ഹാജിക്ക് രണ്ട് ആണ്മക്കളാണ്. മൂത്തയാള്‍ ഡോക്ടറാണ്. ഇതിലൊന്നും താല്‍പ്പര്യമില്ല. ഇളയ മകന്‍ വാപ്പയെ സഹായിക്കാന്‍ ഒപ്പമുണ്ട്. അവനെ കാര്യങ്ങള്‍ മുഴുവന്‍ ഏല്‍പ്പിച്ച് പതിയെ ബിസിനസില്‍ നിന്നും മാറാം എന്നാണ് ഹാജിയുടെ ആഗ്രഹം. ബിസിനസിന്റെ കാര്യത്തില്‍ ആള്‍ വാപ്പയെക്കാള്‍ മിടുക്കനാണ്. നല്ല കാര്യപ്രാപ്തിയുമുണ്ട്. അതുകൊണ്ടുതന്നെ അവന്റെ കാര്യത്തില്‍ ഹാജിക്ക് ഒരു കാര്യത്തിലൊഴിച്ച് മറ്റ് വേവലാതികള്‍ ഒന്നുമില്ല.
അവനെ സംബന്ധിച്ച് ഹാജിയെ അലട്ടുന്ന ഒറ്റ പ്രശ്ശ്‌നമേയുള്ളൂ. അത് അവന്റെ ആളുകളോടുള്ള പെരുമാറ്റമാണ്. പൂര്‍ണ്ണമായും അവന്‍ ഒരു ബിസിനസ് ടൈപ്പ് ആണ് എന്ന് പറയാം. മറ്റുള്ളവരോടുള്ള പെരുമാറ്റങ്ങളിലെല്ലാം ആ ഒരു അധീശത്വം മുഴച്ചുനില്‍ക്കുന്നുണ്ട്. പെരുമാറ്റത്തില്‍ ഒരു മൂര്‍ച്ചയുണ്ട്. ആവശ്യമുള്ളവര്‍ വന്ന് വാങ്ങി പോട്ടെ എന്ന ഒരു ഭാവം. ഹാജിയുടെ സ്വഭാവവും അവന്റെ സ്വഭാവവും തമ്മില്‍ അക്കാര്യത്തില്‍ പ്രകടമായ വ്യത്യാസമുണ്ട്.
ബിസിനസിനെ മണ്ണിലുറച്ച് എഴുന്നേറ്റ് നില്‍ക്കുന്ന ഒരു വലിയ വൃക്ഷത്തെപ്പോലെയാണ് ഹാജി കരുതുന്നത്. വൃക്ഷത്തിന്റെ വലിയ ശരീരത്തെ താങ്ങി നിര്‍ത്തുന്നത് അതിന്റെ മണ്ണിലുറച്ച വേരുകളാണ്. അതുപോലെ തന്നെ ഒരു ബിസിനസിനെ താങ്ങി നിര്‍ത്തുന്ന മഹാവേരുകളാണ് ബന്ധങ്ങള്‍. ബന്ധങ്ങളുടെ ശക്തിയും വളര്‍ച്ചയുമാണ് ബിസിനസിനെ പുരോഗതിയിലേക്ക് നയിക്കുന്നത്. ഹാജിയുടെ ഭാഷയില്‍ പറഞ്ഞാല്‍ പെരുമാറാന്‍ അറിയില്ലെങ്കില്‍ ബിസിനസ് ചെയ്യാതിരിക്കുന്നതാണ് നല്ലത്.
ബിസിനസുകാരനായിരിക്കുക എന്ന് പറഞ്ഞാല്‍ ബന്ധങ്ങളുടെ കാവല്‍ക്കാരനായിരിക്കുക എന്നര്‍ത്ഥം. ഓരോ ബന്ധവും അമൂല്യമാണ്. ബന്ധത്തിന്റെ അദൃശ്യമായ നൂലിലൂടെ നടക്കുന്ന ഇടപാടുകളാണ് ബിസിനസിനെ മുന്നോട്ട് നയിക്കുന്നത്. അതിനെ ലാഭകരമാക്കുന്നത്. ഇവിടെ അപരിചിതരായ വ്യക്തികള്‍ പോലും ഒരു ഇടപാടിനാല്‍ ബന്ധിക്കപ്പെടുന്നു. ആ ഇടപാടില്‍ അപരിചിതത്വം അലിഞ്ഞില്ലാതെയാകുന്നു. ഉടലെടുക്കുന്ന പരിചിതത്വം അസാധാരണമായ ഒരു വിശ്വാസത്തെ സൃഷ്ട്ടിക്കുന്നു. അത് ആ ബന്ധങ്ങളും ബിസിനസും കാത്തുസൂക്ഷിക്കുന്നു.
ഒരു സാധാരണ ബിസിനസുകാരന്‍ എപ്പോഴും ചിന്തിക്കുന്നത് നടക്കുന്ന ഇടപാടുകള്‍ക്കാണ് പ്രാധാന്യം എന്നുള്ളതാണ്. എന്നാല്‍ യാഥാര്‍ത്ഥ്യത്തില്‍ ആ ഇടപാടിന് നിദാനവും ആധാരവുമായിട്ടുള്ള ബന്ധത്തിനാണ് പ്രാധാന്യം നല്‍കേണ്ടത്. ഇടപാടുകള്‍ വസ്തുവിന്റെയും പണത്തിന്റെയും ഭൗതികതയാല്‍ ദൃശ്യമാകുമ്പോള്‍ ബന്ധം നമുക്ക് തൊട്ടറിയാന്‍ വയ്യാത്ത ഒന്നായി നിലകൊള്ളുന്നു. അതിനെ കണ്ടെത്താനും പരിപോഷിപ്പിക്കാനും കഴിയുന്ന ഒരിന്ദ്രിയം ബിസിനസുകാരന് വളര്‍ന്നുവരേണ്ടതുണ്ട്. ബന്ധങ്ങളുടെ അദൃശ്യമായ വലക്കണ്ണികള്‍ തലങ്ങും വിലങ്ങും നെയ്തുചേര്‍ക്കപ്പെട്ട ഒന്നാണ് ബിസിനസ്. അതില്‍ മുതലാളിയും തൊഴിലാളിയും ഉപഭോക്താവും സമൂഹവുമെല്ലാം പരസ്പ്പരം ബന്ധിക്കപ്പെട്ടിരിക്കുന്നു.
ആദ്യം സ്ഥാപനത്തിലേക്ക് കടന്നുവരുന്ന ഉപഭോക്താവ് അതിഥിയാണ്. നമ്മെ പരിചയമില്ലാത്ത തികച്ചും അപരിചിതനായ വ്യക്തി. നമ്മളുമായി ഒരിടപാട് നടത്തുവാന്‍ വന്നൊരാള്‍. അയാളുടെ പണത്തിന് മൂല്യമൊത്ത ഒരു വസ്തു വേണം. അത് നമ്മളുടെ കയ്യില്‍ ഉണ്ടെങ്കില്‍ അത് വാങ്ങുക മാത്രമാണ് അയാളുടെ ലക്ഷ്യം. നമ്മളുമായി ഒരു ബന്ധം സ്ഥാപിക്കണമെന്നോ ജീവിതകാലം മുഴുവന്‍ അത് നിലനിര്‍ത്തണമെന്നോ നിശ്ചയിച്ചുറപ്പിച്ചിട്ടല്ല ആ വരവ്. ആ വ്യക്തിയുമായി ബന്ധം സ്ഥാപിക്കേണ്ടതും നിലനിര്‍ത്തേണ്ടതും ബിസിനസുകാരന്റെ ആവശ്യമാണ്.
റോഡില്ലാത്ത ഒരു പ്രദേശത്തേക്ക് സഞ്ചരിക്കാന്‍ റോഡ് നിര്‍മ്മിക്കുന്നത് പോലെയാണ് ബന്ധങ്ങള്‍ സൃഷ്ട്ടിക്കല്‍. ആ പാത അവിടെ നിര്‍മ്മിക്കപ്പെട്ടുകഴിഞ്ഞു. ഇനി അതിലൂടെ എപ്പോള്‍ വേണമെങ്കിലും സഞ്ചരിക്കാം. സ്ഥിരമായ ഒരു ബന്ധം ആ പ്രദേശവും റോഡും തമ്മില്‍ ഉടലെടുത്തുകഴിഞ്ഞു. ഇടപാടിലൂടെ, നമ്മുടെ പെരുമാറ്റത്തിലൂടെ ഒരു പാത നാം തുറക്കുകയാണ്. പരസ്പ്പരവിശ്വാസത്തിന്റെ സ്ഥിരമായ ഒരു പാത.
ഈ പാതയുടെ മനശാസ്ത്രം ബിസിനസുകാരന് മാത്രം മനസിലായാല്‍ പോര. മറിച്ച് ആ ബിസിനസില്‍ ഭാഗമായിട്ടുള്ള ഓരോ വ്യക്തിയും മനസിലാക്കിയിരിക്കണം. അവരെ അത് പഠിപ്പിക്കേണ്ടത് ബിസിനസുകാരന്റെ ഉത്തരവാദിത്വമാണ്. കസ്റ്റമറുമായി ഇടപെടുന്ന ഓരോരുത്തരും ഓരോ വലക്കണ്ണി തുന്നിച്ചേര്‍ക്കുകയാണ്. അതൊരു സെയില്‍സ് ഗേള്‍ ആവട്ടെ കാഷ്യര്‍ ആവട്ടെ ഡെലിവറി ബോയ് ആവട്ടെ ഓരോരുത്തരും അത് സൃഷ്ട്ടിക്കുകയും ശക്തിപ്പെടുത്തുകയുമാണ്. ആ സ്ഥാപനത്തിന്റെ ഏറ്റവും മൂല്യമുള്ള സ്റ്റോക്ക് ബന്ധങ്ങളുടെ ശക്തിയായിരിക്കും.
പരിചിതമായ പാതകളില്‍ കൂടി സഞ്ചരിക്കാനാണ് കൂടുതല്‍ ആളുകള്‍ക്കും ഇഷ്ട്ടം. അവര്‍ക്ക് പരിചിതമായ ബന്ധത്തിന്റെ പാത തുറന്ന് കൊടുക്കുകയാണ് ബിസിനസ്സുകാരന്റെ കടമ. അതിലൂടെ അവര്‍ സഞ്ചരിച്ചുകൊണ്ടേയിരിക്കും. ഇടപാടുകള്‍ നടന്നുകൊണ്ടേയിരിക്കും. ലാഭം ബിസിനസില്‍ വര്‍ദ്ധിച്ചുകൊണ്ടേയിരിക്കും. ഇതൊരു പരിക്രമം ആണ്. ഇത് തുടര്‍ന്നുകൊണ്ടേയിരിക്കും. ഈ തുടര്‍ച്ച ഒരു ശില്പ്പിയുടെ കരവിരുതോടെ ബിസിനസുകാരന്‍ സൃഷ്ട്ടിച്ചുകൊണ്ടേയിരിക്കണം.
ഒരു സാരി തിരികെ നല്കാന്‍ വന്ന ഒരു സ്ത്രീ അബ്ദുള്ളഹാജിയുടെ മകനുമുന്നില്‍ നില്പുണ്ട്. സാരി വാങ്ങിയിട്ട് കുറച്ച് ദിവസങ്ങള്‍ കഴിഞ്ഞിരിക്കുന്നു. സ്ഥാപനത്തിന്റെ റിട്ടേണ്‍ പോളിസി അനുസരിച്ച് അത് തിരികെ നല്‍കാന്‍ അവര്‍ വല്ലാതെ വൈകിക്കഴിഞ്ഞു. പക്ഷേ അവര്‍ സ്ഥാപനത്തിന്റെ സ്ഥിരം കസ്റ്റമര്‍ ആണ്. ആ ബന്ധത്തിലും വിശ്വാസത്തിലുമാണ് അത് തിരികെ നല്‍കാന്‍ അവര്‍ വന്നത്. പക്ഷേ ഹാജിയുടെ മകന്‍ അത് അനുവദിക്കുന്നില്ല. അയാളെ സംബന്ധിച്ച് അതാണ് ശരി.
ആ കസ്റ്റമര്‍ തങ്ങളുടെ സ്ഥാപനത്തില്‍ നിന്നും സ്ഥിരമായി ഉത്പന്നങ്ങള്‍ വാങ്ങുന്ന ഒരാളാണെന്ന പരിഗണന അവിടെ ഇല്ല. അതായത് അവിടെ ബന്ധത്തിന്റെ സ്ഥാനം ഏറ്റവും പുറകിലാണ്. ആ കസ്റ്റമര്‍ നിരാശയായി മടങ്ങി പോകുന്നു. ഒരു സ്ഥിരബന്ധത്തിന്റെ നിലനിന്നിരുന്ന പാത അവിടെ കൊട്ടിയടക്കപ്പെടുന്നു. ഭാവിയില്‍ അവരില്‍ നിന്നും വരാന്‍ പോകുന്ന എല്ലാ വില്‍പ്പനക്കും അവിടെ തിരശീല വീഴുകയാണ്. ചെറിയൊരു നഷ്ട്ടം വന്നാല്‍ പോലും അത് താല്‍ക്കാലികമാണ് എന്ന് അയാളിലെ ബിസിനസുകാരന്‍ മനസിലാക്കുന്നതേയില്ല.
തലമുറകള്‍ തമ്മില്‍ കാഴ്ചപ്പാടുകളിലെ വിടവുകള്‍ നമുക്കിവിടെ കാണാം. ബന്ധങ്ങള്‍ കൊണ്ട് ബിസിനസ് പടുതുയര്‍ത്തുന്നവരും യാന്ത്രികമായി അത് നയിച്ചുകൊണ്ട് പോകുന്നവരും. രണ്ടുപേരും വിരുദ്ധ ധ്രുവങ്ങളിലാണ്. ഈ നിമിഷത്തെ ഇടപാട് ഒരു ദീര്‍ഘകാല കസ്റ്റമറെയാണ് തങ്ങള്‍ക്ക് നല്‍കുന്നതെന്ന് ഇത്തരം ആളുകള്‍ അറിയുന്നില്ല. അപ്പോള്‍ ലഭിക്കുന്ന ലാഭം മാത്രമാണ് നോട്ടം. അത് ആ നിമിഷം സന്തോഷം നല്‍കുമെങ്കിലും ഭാവിയില്‍ അത് ബിസിനസിന് തിരിച്ചടിയാകും.
ഉപഭോക്താക്കളുടെ മനസിലേക്ക് കടന്ന് ചെല്ലാന്‍ കഴിയുന്ന ബിസിനസുകളാണ് നിലനില്‍ക്കുന്നവ. ബന്ധങ്ങള്‍ അടിവേരുകളാണ്. അവ ബിസിനസിനെ മണ്ണില്‍ ഉറപ്പിച്ചുനിര്‍ത്തും. വളരാന്‍ ആവശ്യമായതെല്ലാം നല്‍കും. അടിവേരറ്റ വൃക്ഷം പോലെ ഒരിക്കല്‍ ബിസിനസ് താഴെ വീഴും, ബന്ധങ്ങള്‍ അവയെ ഉറപ്പിച്ചുനിര്‍ത്തുന്നില്ലായെങ്കില്‍.