”ബ്രാന്‍ഡിന്റെ പേര് ഒന്ന് മാറ്റിയാല്‍ നന്നായിരിക്കും എന്ന് തോന്നുന്നു” അദ്ദേഹം പറയുകയാണ് ”ഉത്പന്നത്തിന്റെ മേന്മയില്‍ ചില വിഷയങ്ങളുണ്ട്. അതുകൊണ്ട് ബ്രാന്‍ഡിന്റെ പേരൊന്നു മാറ്റി റീബ്രാന്‍ഡ് ചെയ്താല്‍ വിപണിയില്‍ ഇപ്പോഴുള്ള പല പ്രശ്‌നങ്ങളും ചിലപ്പോള്‍ മറികടക്കാന്‍ സാധിക്കുമായിരിക്കും.”
”പേര് മാത്രം മാറ്റിയാല്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുമോ?” ഞാന്‍ ചോദിച്ചു.
അദ്ദേഹം അല്‍പ്പം ചിന്താകുലനായി ‘ തീര്‍ച്ചയായും ഇല്ല. പേര് മാറ്റിയത് കൊണ്ട് മാത്രം കാര്യമില്ല. ഉത്പന്നങ്ങളുടെ പ്രശ്‌നങ്ങള്‍ കൂടി കണക്കിലെടുക്കേണ്ടതുണ്ട്. അല്ലെങ്കില്‍ അത് തൊലിപ്പുറത്തെ ചികിത്സ മാത്രമാകും”
വെറുമൊരു പേരുമാറ്റം മാത്രമാണോ റീബ്രാന്‍ഡിംഗ്
പേര് മാറുന്നതാണോ ”റീബ്രാന്‍ഡിംഗ്”. പേര് മാറ്റുന്നത് വെറും ”പേരു മാറ്റം” മാത്രമല്ലേ? നമുക്കതിനെ റീബ്രാന്‍ഡിംഗ് എന്ന് വിളിക്കുവാന്‍ സാധിക്കുമോ. വെറുമൊരു പേരുമാറ്റത്തെക്കാളൊക്കെ ബൃഹത്തായ ഒരു ആശയമല്ലേ റീബ്രാന്‍ഡിംഗ്. ഒരു പേരു മാറ്റമോ ലോഗോ മാറ്റമോ മാത്രമാണോ റീബ്രാന്‍ഡിംഗ്.
നമുക്ക് ഹാര്‍ലി ഡേവിഡ്സണ്‍ ബൈക്കിന്റെ കഥയൊന്നു നോക്കാം 1985 ല്‍ വിപണിയില്‍ നിന്നും പുറത്താകുന്ന അവസ്ഥയിലായിരുന്നു ലോക പ്രശസ്തമായ ഹാര്‍ലി ഡേവിഡ്സണ്‍ ബൈക്കുകള്‍. തങ്ങളുടെ എതിരാളികള്‍ക്കൊപ്പം പിടിച്ചു നില്‍ക്കാന്‍ സാധിക്കാതെ വന്നതോടു കൂടി അടച്ചുപൂട്ടല്‍ ഭീഷണിയിലായി ബിസിനസ്. എന്ത് ചെയ്യണം എന്ന ചിന്തകള്‍ക്കൊടുവില്‍ റീബ്രാന്‍ഡിംഗ് എന്ന ആശയത്തെ അഭയം പ്രാപിക്കാമെന്ന് മാനേജ്മെന്റ് തീരുമാനിച്ചു.
ഹാര്‍ലി ഡേവിഡ്സണ്‍ എന്ന പേര് അവര്‍ മാറ്റിയില്ല. ആ പേര് നിലനിര്‍ത്തിക്കൊണ്ടുതന്നെ അവര്‍ തങ്ങളുടെ ബൈക്കുകളെ പുനര്‍ രൂപകല്‍പ്പന ചെയ്തു. തങ്ങളുടെ എതിരാളികളുടെ ഉത്പന്നങ്ങളെ അവര്‍ ശ്രദ്ധയോടെ പഠിച്ചു. അവയെക്കാള്‍ മികച്ച ബൈക്കുകള്‍ അവര്‍ ഉത്പാദിപ്പിച്ചു. തങ്ങളുടെ ഉത്പന്നങ്ങളുടെ ഗുണമേന്മ വര്‍ദ്ധിപ്പിച്ചു കൊണ്ട് അവര്‍ വിപണിയിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്തി.
ഇവിടെ ഹാര്‍ലി ഡേവിഡ്സണ്‍ തങ്ങളുടെ നാമം മാത്രം മാറ്റിയിരുന്നാല്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുമായിരുന്നോ? തങ്ങളുടെ ഉത്പന്നത്തിന്റെ ഗുണമേന്മയിലാണ് പ്രശ്‌നം എന്ന് കണ്ടെത്തിയ ഹാര്‍ലി ഡേവിഡ്സണ്‍ പേര് മാറ്റി വിപണിയിലേക്ക് പുനപ്രവേശം നടത്തുന്നതിനല്ല മുതിര്‍ന്നത്. ഒരു പേര് മാറ്റം കൊണ്ടു മാത്രം പരിഹരിക്കാവുന്നതല്ല തങ്ങളെ ചൂഴ്ന്നു നില്‍ക്കുന്ന സമസ്യ എന്നവര്‍ മനസിലാക്കി. അവര്‍ തങ്ങളെ റീബ്രാന്‍ഡ് ചെയ്തത് ഉത്പന്നങ്ങളില്‍ അടിമുടി വ്യത്യാസങ്ങള്‍ വരുത്തിക്കൊണ്ടാണ്.
വെറുമൊരു പേരുമാറ്റം കൊണ്ട് ഉത്പന്നങ്ങളില്‍ ഉപഭോക്താക്കള്‍ രൂപീകരിച്ചിരിക്കുന്ന അഭിപ്രായം മാറ്റപ്പെടുന്നില്ല. യഥാര്‍ത്ഥത്തില്‍ ബ്രാന്‍ഡ് എന്നുള്ളത് ഒരു പേരോ, ലോഗോയോ മാത്രമല്ല. ഉപഭോക്താക്കളുടെ അനുഭവങ്ങളുടേയും കാഴ്ച്ചപ്പാടുകളുടേയും പ്രതിഫലനമാണ് യഥാര്‍ത്ഥത്തില്‍ ബ്രാന്‍ഡ്. പേരിനെ ചൂഴ്ന്നുനില്‍ക്കുന്ന അദൃശ്യമായ ഒരു ശക്തിയായി ഇത് നിലകൊള്ളുന്നു. വളരെ കാലങ്ങള്‍ എടുത്ത് ഉപഭോക്താക്കള്‍ ഉത്പന്നങ്ങളില്‍ രൂപീകരിക്കുന്ന വിലമതിക്കാനാവാത്ത മൂല്യം ഒരു പേരോ ലോഗോയോ പ്രതിനിധീകരിക്കുന്നു എന്ന് മാത്രമേയുള്ളൂ. അതുകൊണ്ട് തന്നെ റീബ്രാന്‍ഡിംഗ് എന്ന പ്രക്രിയക്ക് നാം കാണുന്നതിനുമപ്പുറം വളരെ വിശാലമായ ഒരു തലമാണ് ഉള്ളത്.
റീബ്രാന്‍ഡിംഗിനെക്കുറിച്ച് ചിന്തിച്ചു തുടങ്ങുന്നത്
ബിസിനസുകള്‍ക്ക് റീബ്രാന്‍ഡിംഗ് ആവശ്യം വരുന്ന സന്ദര്‍ഭങ്ങളെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? പെട്ടെന്നൊരു ദിവസം പേരോ ലോഗോയോ മാറ്റിക്കളഞ്ഞാല്‍ അത് റീബ്രാന്‍ഡിംഗ് ആകും എന്ന വിശ്വാസം ചിലര്‍ വെച്ചു പുലര്‍ത്തുന്നുണ്ട്. വ്യക്തവും സമൂലവുമായ ഒരു രൂപരേഖയില്ലാതെ റീബ്രാന്‍ഡിംഗ് ചെയ്താല്‍ ഗുണത്തെക്കാളേറെ ദോഷമായിരിക്കും ഉണ്ടാകുക.
എന്തിനാണ് റീബ്രാന്‍ഡിംഗ് ചെയ്യുന്നത്? എന്ന ചോദ്യത്തില്‍ നിന്നു വേണം നാം തുടങ്ങുവാന്‍. സാധാരണ ഗതിയില്‍ നല്ല രീതിയില്‍ മുന്നോട്ട് പോകുന്ന ഒരു ബിസിനസിന് റീബ്രാന്‍ഡിംഗിന്റെ ആവശ്യം വരുമോ? വന്നാല്‍ തന്നെ അത് എന്തിനായിരിക്കും? ബിസിനസ് മോശമാകുന്ന സന്ദര്‍ഭങ്ങളില്‍ മാത്രമല്ലേ റീബ്രാന്‍ഡിംഗിനെക്കുറിച്ച് ആലോചിക്കേണ്ടതുള്ളൂ? ഈ ചോദ്യങ്ങള്‍ക്കൊക്കെ നമുക്ക് ഉത്തരങ്ങള്‍ കണ്ടെത്തേണ്ടതുണ്ട്.
പേരോ ലോഗോയോ ഒന്ന് മാറ്റിയാലോ?
ബിസിനസിന്റെ പേര് ഒരു സാമാന്യ നാമമായി തോന്നുകയോ അല്ലെങ്കില്‍ മറ്റ് ബിസിനസുകളുടെ നാമങ്ങളുമായി സാദൃശ്യം തോന്നുകയോ ചെയ്താല്‍ ഒരു പേരുമാറ്റം ആലോചിക്കാവുന്നതാണ്. തികച്ചും സാധാരണമായ ഒരു ലോഗോയും വേണമെങ്കില്‍ മാറ്റി കൂടുതല്‍ വ്യക്തിത്വമുള്ള ഒന്ന് തിരഞ്ഞെടുക്കാവുന്നതാണ്.
”BACKRUB’എന്ന പേരിനാണ് ‘GOOGLE’ എന്ന പരിവര്‍ത്തനം സംഭവിച്ചത്. ലോകോത്തര കണ്‍സള്‍ട്ടിംഗ് കമ്പനിയായ ‘ACCENTURE’ ന്റെ ആദ്യ നാമം ‘ANDERSON CONSULTING’ എന്നായിരുന്നു. ‘airbnb’ യുടെ ലോഗോ മാറ്റവും ശ്രദ്ധിക്കപ്പെടേണ്ട ഒന്ന് തന്നെയാണ്. കാലം മാറുന്നതോടെ പേരിനും ലോഗോക്കും കാലോചിതമായ പരിഷ്‌ക്കാരങ്ങള്‍ ആവശ്യമാകുന്ന സന്ദര്‍ഭങ്ങളില്‍ ചില ബിസിനസുകള്‍ മാറ്റങ്ങള്‍ കൊണ്ടുവരുന്നു. പേര് അല്ലെങ്കില്‍ ലോഗോ മാറ്റം എന്ന കേവലമായ ചിന്താഗതിയില്‍ നിന്നൂന്നി മാത്രമല്ല ഈ മാറ്റങ്ങള്‍ കൊണ്ട് വരുന്നത് അതിലുപരി ബിസിനസിന്റെ വ്യക്തിത്വത്തിനും മൂല്യത്തിനുമാണിവിടെ പ്രാധാന്യം നല്‍കുന്നത്. അതുകൊണ്ട് തന്നെ പേരിലോ ലോഗോയിലോ വരുന്ന മാറ്റത്തിലുപരിയാണ് റീബ്രാന്‍ഡിംഗ് എന്ന ആശയത്തിന്റെ പ്രാധാന്യം.
പ്രതിച്ഛായയുടെ മാറ്റം
ബിസിനസിനെക്കുറിച്ചുള്ള ഉപഭോക്താക്കളുടെ മോശം അഭിപ്രായം മാറ്റുവാന്‍ റീബ്രാന്‍ഡിംഗ് കൊണ്ട് സാധിക്കുമെങ്കില്‍ സമൂലമായ ഒരു റീബ്രാന്‍ഡിംഗ് ആലോചിക്കാം. ഒരു ഉടച്ചുവാര്‍ക്കല്‍ എന്ന് നമുക്കിതിനെ വിവക്ഷിക്കാം. ബിസിനസിനെ വിശദമായ ഒരു പഠനത്തിനും വിശകലനത്തിനും വിധേയമാക്കേണ്ടതുണ്ട്. കാരണം ഒരു പേര് മാറ്റം മാത്രം ഇത്തരം സന്ദര്‍ഭങ്ങളില്‍ ഗുണം ചെയ്യുകില്ല. ഉത്പന്നങ്ങളിലും ബിസിനസ് പ്രക്രിയകളിലും വലിയൊരു അഴിച്ചുപണി ആവശ്യമായി വരാം. ആഴത്തിലുള്ള മാര്‍ക്കറ്റ് റിസര്‍ച്ചും വേണ്ടിവരും. കൂടുതല്‍ ശ്രദ്ധയോടെ അവധാവനതയോടെ ചെയ്യേണ്ട ഒന്നാണ് ഇത്തരം റീബ്രാന്‍ഡിംഗ്.
ഇവിടെ കമ്പനിയുടെ പഴയ മോശം പ്രതിച്ഛായ ഇല്ലാതെയാക്കുകയും പുതുമയുള്ള കൂടുതല്‍ പൊലിമയുള്ള മറ്റൊരു പ്രതിച്ഛായ സൃഷ്ട്ടിക്കുകയും വേണം. ഇതിനായി വലിയൊരു പരിശ്രമം ആവശ്യമാണ്. ഉപഭോക്താക്കളുടെ മനസിലേക്ക് ഈ പുതിയ പ്രതിച്ഛായ പകര്‍ന്നു നല്കാന്‍ ബുദ്ധിപരമായി വാര്‍ത്തെടുത്ത നല്ലൊരു ബ്രാന്‍ഡിംഗ് ക്യാംമ്പയിന്റെ ആവശ്യകതയുമുണ്ട്.
മുഖം ഒന്ന് മിനുക്കാം
അവസരങ്ങള്‍ എപ്പോള്‍ വേണമെങ്കിലും തുറക്കപ്പെടാം. പുതിയൊരു വിപണിയിലേക്ക് കാലെടുത്തു വെക്കുന്നതിന് മുന്‍പ് ചിലപ്പോള്‍ ഒരു മുഖം മിനുക്കല്‍ ആവശ്യമായി വരാം. ആഗോള വിപണിയില്‍ ഒരു വ്യക്തിത്വം ഉറപ്പിക്കുവാന്‍ കഴിയുന്ന ഒരു ബ്രാന്‍ഡ് നാമം ചിലപ്പോള്‍ സ്വീകരിക്കേണ്ടതുണ്ടാവാം. വിപണിയില്‍ സ്വീകരിക്കുവാന്‍ പോകുന്ന വിപണന തന്ത്രത്തിനനുസൃതമാവാം അത്തരമൊരു മാറ്റത്തിന്റെ ആവശ്യം.
അമേരിക്കന്‍ ബിയര്‍ ബ്രാന്‍ഡ് ആയ ‘Pabst Blue Ribbon’ അമേരിക്കയില്‍ വളരെ വിലക്കുറവുള്ള ഒരു ബ്രാന്‍ഡ് ആണ്. അവര്‍ ചൈനീസ് വിപണിയിലേക്ക് കാലെടുത്തു വെച്ചപ്പോള്‍ സ്വീകരിച്ച ആദ്യ തന്ത്രം പേരിലൊരു വ്യത്യാസം വരുത്തുക എന്നതായിരുന്നു. നീണ്ട പേര് ‘PBR’ എന്ന കുറിയ പേരായി മാറി. അമേരിക്കയില്‍ കുറഞ്ഞ വില ഈടാക്കിയിരുന്ന ബ്രാന്‍ഡ് ചൈനയിലെത്തിയപ്പോള്‍ തങ്ങളുടെ ബ്രാന്‍ഡിനെ പ്രീമിയം ബ്രാന്‍ഡ് പദവിയിലേക്ക് ഉയര്‍ത്തി കൂടുതല്‍ വില ഈടാക്കി. അവര്‍ ബ്രാന്‍ഡിനെ ‘Position’ ചെയ്ത രീതി പഠനവിധേയമാക്കേണ്ട ഒന്നു തന്നെയാണ്.
റീബ്രാന്‍ഡിംഗ് കാശു പൊട്ടുന്ന പ്രക്രിയയാണ്
വളരെ ബൃഹത്തായ, ചിലവേറിയ ഒരു പ്രക്രിയയാണ് റീബ്രാന്‍ഡിംഗ്. മാറ്റങ്ങള്‍ ഉപഭോക്താക്കളില്‍ എത്തിയാല്‍ മാത്രം പോരാ അവര്‍ക്കത് ബോധ്യമാവുകയും വേണം. വെറുതെ ഒരു പരസ്യം കൊടുത്താല്‍ ഇത് സാധ്യമാവുകയുമില്ല. എങ്ങിനെയാവണം മാറ്റങ്ങള്‍ ഉപഭോക്താക്കള്‍ക്ക് മുന്നില്‍ അവതരിപ്പിക്കേണ്ടത് എന്നത് തന്നെ കൂലംകഷമായി ചിന്തിക്കേണ്ട വസ്തുതയാണ്. നടത്തിയ മാറ്റങ്ങള്‍ ഉപഭോക്താക്കള്‍ക്ക് കൃത്യമായി മനസിലായില്ലെങ്കിലോ? റീബ്രാന്‍ഡിംഗിനും പരസ്യത്തിനും മുടക്കിയ പണം പാഴായത് തന്നെ. റീബ്രാന്‍ഡിംഗ് പ്രൊമോഷന്‍ ഒരു മരണക്കിണര്‍ പോരാട്ടമായി മാറുന്നത് അങ്ങിനെയാണ്.
2007 ലാണ് ‘Hutch Vodafone’ ‘Vodafone’ ആയി രൂപാന്തരത്വം പ്രാപിക്കുന്നത്. ഈ മാറ്റം പൊതുജനങ്ങളിലേക്ക് എത്തിക്കാന്‍ അതിവിപുലമായ പരസ്യ കാമ്പയിനാണ് അവര്‍ നടത്തിയത്. ‘Hutch is now Vodaphone’ എന്ന പരസ്യം ഇരുപത്തിനാല് മണിക്കൂറും നമുക്ക് ചുറ്റും മുഴങ്ങിക്കൊണ്ടിരുന്നു. ‘Honda-Hero’ വേര്‍പിരിഞ്ഞപ്പോഴും നാമിത് കണ്ടു. 2011 ഓഗസ്റ്റ് 15 ല്‍ എ ആര്‍ റഹ്മാന്‍ സംഗീതം നല്‍കിയ ‘Hum Mein Hai Hero’ എന്ന പരസ്യഗാനം അവര്‍ പുറത്തിറക്കി. ഈ ഗാനത്തിന്റെ അലയടികള്‍ ഇന്നും മനസില്‍ മുഴങ്ങുന്നു.
ചരിത്രമെടുത്താല്‍ ഇങ്ങനെ എത്രയോ ബ്രാന്‍ഡുകള്‍ DABUR, SNAPDEAL, APPLE, GODREJ, AXIS BANK, ANIMAL PLANET, EVERNOTE, OGILVY, UBER പേര് മാറ്റവും ലോഗോ മാറ്റവുമായി ഒരുപിടി ബ്രാന്‍ഡുകള്‍. ഇതൊന്നും വെറുതെ ചെയ്യുന്നതല്ല. വ്യക്തമായ കാരണങ്ങള്‍ ഓരോ മാറ്റത്തിന് പിന്നിലുമുണ്ട്. ഓരോ മാറ്റത്തിനും വരുന്ന ചിലവുകള്‍ അതിഭീമമാണ്. റീബ്രാന്‍ഡിംഗ് ചെയ്യുന്നതിന് മുന്‍പ് ഗഹനമായ പഠനവും പരിശോധനയും നടത്തുകയും നൂറു തവണ മറിച്ചും തിരിച്ചും ചിന്തിക്കുകയുമൊക്കെ ചെയ്യുന്നതും അതുകൊണ്ട് തന്നെയാണ്.
എന്തൊക്കെ ശ്രദ്ധിക്കണം?
ആദ്യമായി റീബ്രാന്‍ഡിംഗ് ദൗത്യവും സന്നിവേശിപ്പിക്കേണ്ട മൂല്യങ്ങളും നിശ്ചയിക്കേണ്ടതുണ്ട്. എന്തിന് വേണ്ടിയാണ് റീബ്രാന്‍ഡിംഗ് ചെയ്യുന്നത്? എന്ത് ഫലമാണ് അതില്‍ നിന്നും പ്രതീക്ഷിക്കുന്നത്? റീബ്രാന്‍ഡിംഗ് എന്തൊക്കെ മൂല്യങ്ങളാണ് ബിസിനസിലേക്ക് കൂട്ടിച്ചേര്‍ക്കുന്നത്? ഇത്തരം ചോദ്യങ്ങള്‍ക്ക് സത്യസന്ധമായ ഉത്തരങ്ങള്‍ കണ്ടെത്തേണ്ടതുണ്ട്.
അടുത്തതായി വിശദമായ റീബ്രാന്‍ഡിംഗ് തന്ത്രത്തിന് രൂപം നല്കണം. റീബ്രാന്‍ഡിംഗില്‍ നിന്ന് എന്ത് അന്തിമഫലമാണ് പ്രതീക്ഷിക്കുന്നത് എന്നതിനെ അടിസ്ഥാനമാക്കിയാണ് തന്ത്രങ്ങള്‍ നിശ്ചയിക്കുക. ഇങ്ങനെ രൂപം നല്‍കിയ റീബ്രാന്‍ഡിംഗ് തന്ത്രങ്ങളായിരിക്കണം പടിപടിയായി നടപ്പിലാക്കേണ്ടത്.
ദീര്‍ഘദര്‍ശിത്വമുള്ള ഒരു കാഴ്ച്ചപ്പാട് ഇവിടെ ആവശ്യമാണ്. ബ്രാന്‍ഡിന്റെ പ്രതിച്ഛായ മാറുകയാണ്. ബിസിനസിലേക്ക് പുതുമയുടെ നിലാവെളിച്ചം കടന്നുവരികയാണ്. വിപണിയും എതിരാളികളും കൃത്യമായ വിശകലനത്തിന് വിധേയമാകണം. ആഴത്തിലുള്ള ഗവേഷണം നടത്തേണ്ടതുണ്ട്. എതിരാളികളുടെ തന്ത്രങ്ങളും അവരുടെ മാര്‍ക്കറ്റിങ്ങും ഇഴനാരിഴ കീറി പരിശോധിക്കണം. ഈ ഗവേഷണം നല്‍കുന്ന ഉള്‍ക്കാഴ്ച്ചക്ക് മേലായിരിക്കണം റീബ്രാന്‍ഡിംഗ് തന്ത്രങ്ങള്‍ പടുത്തുയര്‍ത്തേണ്ടത്.
റീബ്രാന്‍ഡിംഗ് വളരെ സൂഷ്മത ആവശ്യമുള്ള ഒരു പ്രവര്‍ത്തിയായതിനാല്‍ മികച്ച ഒരു ടീംവര്‍ക്കിന് മാത്രമേ അതിനെ വിജയിപ്പിക്കുവാന്‍ സാധിക്കുകയുള്ളൂ. ബിസിനസിലെ വൈവിധ്യമാര്‍ന്ന പ്രവര്‍ത്തികള്‍ കൈകാര്യം ചെയ്യുന്നവരില്‍ നിന്നും ആശയങ്ങള്‍ സ്വരൂപിക്കേണ്ടതുണ്ട്. സഹകാരിത്വം റീബ്രാന്‍ഡിംഗ് തന്ത്രങ്ങള്‍ രൂപീകരിക്കുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിക്കുന്നുണ്ട്.
റീബ്രാന്‍ഡിംഗ് പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുവാനും ഏകോപിപ്പിക്കുവാനും കൂട്ടായ പ്രവര്‍ത്തനം സഹായിക്കുന്നു. റീബ്രാന്‍ഡിംഗിന്റെ റിസ്‌ക് വളരെ വലുതാണ്. പഴയ പ്രതിച്ഛായ തുടച്ചു കളഞ്ഞ് അതിന്റെ സ്ഥാനത്ത് പുതിയൊരു പ്രതിച്ഛായയെ പ്രതിഷ്ട്ടിക്കുവാന്‍ പോകുകയാണ്. ഒരു പടം പൊഴിക്കല്‍ നടക്കുകയാണ്. ഈ അവസ്ഥാന്തരം സൂഷ്മമായി കൈകാര്യം ചെയ്യേണ്ടതുണ്ട്. കമ്പനിക്കുള്ളിലും പൊതുജനങ്ങള്‍ക്കിടയിലും ഒരേ സമയം പുതിയ പ്രതിച്ഛായ സൃഷ്ട്ടിക്കണം. കൈകാര്യം ചെയ്യുന്നതിലുള്ള പാളിച്ച ചിലപ്പോള്‍ വിപരീതഫലം ഉളവാക്കാം.
റീബ്രാന്‍ഡിംഗ് ഒരു ഡിസൈനര്‍ ജോലി അല്ല
ഒരു ഡിസൈനര്‍ പുതിയൊരു പേരോ ലോഗോയോ ഉണ്ടാക്കുന്നതല്ല റീബ്രാന്‍ഡിംഗ് എന്ന് നമുക്ക് മനസിലായി. ആരാണോ ബിസിനസിനെ നയിക്കുന്നത് അവരുടെ ഇടപെടലുകള്‍ അത്യാവശ്യമാണ്. റീബ്രാന്‍ഡിംഗിന്റെ യുക്തിക്കാണ് പ്രാധാന്യം. ബിസിനസിന് എന്ത് മാറ്റമാണ് പ്രതീക്ഷിക്കുന്നത് എന്നത് ആഴത്തില്‍ അറിയുന്നവര്‍ക്ക് മാത്രമേ റീബ്രാന്‍ഡിംഗ് ചെയ്യുവാന്‍ കഴിയൂ. ആ യുക്തിയെ ഒരു ചിഹ്നത്തിലേക്ക് സ്വാംശീകരിക്കുന്ന ജോലി മാത്രമേ ഡിസൈനര്‍ക്കുള്ളൂ.
റീബ്രാന്‍ഡിംഗ് ഒരു സൗന്ദര്യവര്‍ദ്ധക ചികിത്സയല്ല
പേരിന്റെയോ ലോഗോയുടെയോ സൗന്ദര്യ വര്‍ദ്ധക ചികിത്സയല്ല റീബ്രാന്‍ഡിംഗ്. അതീവ സൂഷ്മ തലങ്ങള്‍ അതിനുണ്ട്. ഉപഭോക്താക്കളുടെ മനസില്‍ പതിഞ്ഞ ബിംബങ്ങള്‍ നാം ഉടച്ചു വാര്‍ക്കുകയാണ്. അതൊരു കലയാണ്. അതീവ ശ്രദ്ധയോടെ ഒരു ശില്‍പ്പിയുടെ കര്‍മ്മകുശലതയോടെ ചെയ്യേണ്ട പ്രവര്‍ത്തി. പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കുന്ന ലളിതമായ പ്രവര്‍ത്തിയല്ല റീബ്രാന്‍ഡിംഗ് എന്ന് സാരം.
മനസില്‍ സൂക്ഷിക്കേണ്ട കാര്യങ്ങള്‍
• സാമാന്യമായ പേര് മാറ്റമോ ലോഗോ മാറ്റമോ അല്ല റീബ്രാന്‍ഡിംഗ്.
• റീബ്രാന്‍ഡിംഗ് യുക്തിക്കാണ് പ്രാധാന്യം.
• ഉപഭോക്താക്കളുടെ കാഴ്ചപ്പാടുകളില്‍ മാറ്റം കൊണ്ടുവരാന്‍ റീബ്രാന്‍ഡിംഗിന് സാധിക്കണം.
• റീബ്രാന്‍ഡിംഗ് വളരെയധികം പണച്ചിലവുള്ള ഒരു പ്രവര്‍ത്തിയാണ്. സാഹചര്യങ്ങള്‍ അതിന്റെ അത്യാവശ്യം ബോധ്യപ്പെടുത്തുകയാണെങ്കില്‍ മാത്രം ചിന്തിക്കേണ്ട ഒന്ന്. മാറ്റങ്ങള്‍ ദീര്‍ഘ വ്യാപകമായ ഫലങ്ങള്‍ ഉണ്ടാക്കുന്നതാണ്.
• റീബ്രാന്‍ഡിംഗ് തന്ത്രങ്ങള്‍ രൂപപ്പെടുത്തുന്ന പ്രക്രിയ അതീവ സങ്കീര്‍ണ്ണമാണ്. ഒരിക്കലും ലാഘവത്തോടെ അത് കൈകാര്യം ചെയ്യരുത്.
വളരെ സാധാരണമായി റീബ്രാന്‍ഡിംഗ് എന്ന് പറയുമ്പോള്‍ ഇനി ചിന്തിക്കുക അതൊരു സങ്കീര്‍ണ്ണമായ സമസ്യയാണ്. ഒരു ബിസിനസിന്റെ പുനര്‍ജന്മമായി നമുക്കതിനെ കരുതാം. ചിലപ്പോള്‍ മോശമായ ഭൂതകാലത്തെ തെരുവിലുപേക്ഷിച്ച് കൂടുതല്‍ ശോഭനമായ ഭാവിയിലേക്കുള്ള ഒരു യാത്ര. ഉപേക്ഷിക്കപ്പെടുന്ന ഭൂതകാലത്തിന്റെ നിഴല്‍ പതിക്കാത്ത പുതിയ പ്രതിച്ഛായ സൃഷ്ട്ടിച്ചെടുക്കുക. അല്ലെങ്കില്‍ കൂടുതല്‍ പുതുമയുള്ള സമകാലീനമായ ഒരു പ്രതിച്ഛായ നല്‍കുക. എന്തായാലും റീബ്രാന്‍ഡിംഗ് ഒരു പുനര്‍ജന്മമാണ്. നവ പ്രതീക്ഷകളും സ്വപ്നങ്ങളുമായി ഒരു പുതിയ പ്രഭാതം.