“താന്‍ ഒരു ഭീരുവല്ല ധീരനായ യോദ്ധാവാണ് എന്നത് സ്വയം അംഗീകരിക്കുകയാണ് സംരംഭകന് ആദ്യം ചെയ്യേണ്ടത്. സംരംഭകന്റെ യഥാര്‍ത്ഥത്തിലുള്ള യോഗ്യതകള്‍ ഈ ധീരതയും ആത്മവിശ്വാസവുമാണ്”
ജോണ്‍ സെന്റ് മേരീസ് പള്ളിയിലെ കപ്യാരായിരുന്നു. എഴുത്തും വായനയും അറിഞ്ഞുകൂടാത്ത ജോണ്‍ മണിയടിച്ചും പള്ളി വൃത്തിയാക്കിയുമാണ് കഴിഞ്ഞുവന്നിരുന്നത്.
ഒരു ദിവസം പുതിയ വികാരിയച്ചനെത്തി. എഴുത്തും വായനയും അറിയാത്ത ജോണിനെ പിരിച്ചുവിട്ട് വിദ്യാഭ്യാസമുള്ള ഒരാളെ അച്ചന് കപ്യാരായി നിയമിച്ചു. ജീവിക്കുവാന്‍ ഒരു വഴിയുമില്ലാതെ ജോണ്‍ പള്ളിക്കു മുമ്പില്‍ ചെറിയൊരു പെട്ടിക്കടയിട്ടു. സാവധാനം കച്ചവടം പച്ച പിടിച്ചു. ചെറിയ ചെറിയ കോണ്‍ട്രാക്ട് വര്‍ക്ക് ഒക്കെ എടുത്ത് ജോണ്‍ ഒരു ബില്‍ഡറായി വളര്‍ന്നു.ജോണിന്റെ ബിസിനസ് സാമ്രാജ്യം വളര്‍ന്നു. ജോണിന്റെ വിജയഗാഥ മാധ്യമങ്ങളില്‍ നിറഞ്ഞു. ജോണ്‍ ഒരു സെലിബ്രിറ്റിയായി മാറി.
ഒരു ദിവസം ജോണിന്റെ മുന്നിലേക്ക് ഒരു കോളേജ് വിദ്യാര്‍ത്ഥി ഓട്ടോഗ്രാഫ് നീട്ടി. ഓട്ടോഗ്രാഫിനായി അഭ്യര്‍ത്ഥിച്ച വിദ്യാര്‍ത്ഥിയോട് ജോണ്‍ പറഞ്ഞു. എനിക്ക് എഴുത്തും വായനയും അറിയില്ല. ഇതു കേട്ട് സ്തബ്ധനായ വിദ്യാര്‍ത്ഥി ചോദിച്ചു. വിദ്യാഭ്യാസമില്ലാത്ത എഴുത്തും വായനയും അറിയാത്ത അങ്ങ് ഇവിടെ വരെ എത്തി എങ്കില്‍ വിദ്യാഭ്യാസമുണ്ടായിരുന്നെങ്കില്‍ അങ്ങ് എന്തായി മാറിയേനെ? ”സെന്റ് മേരീസ് പള്ളിയിലെ കപ്യാര്” ജോണ്‍ മറുപടി പറഞ്ഞു.
സംരംഭകന് യോഗ്യതകളുടെ ആവശ്യമുണ്ടോ. ചുറ്റും നോക്കൂ, വിദ്യാഭ്യാസമുള്ളവര്‍, വിദ്യാഭ്യാസം ഇല്ലാത്തവര്‍, എഴുത്തും വായനയും അറിയാത്തവര്‍, വികലാംഗര്‍, കംപ്യൂട്ടര്‍ ഉപയോഗിക്കാനറിയാത്തവര്‍ ഇന്റര്‍നെറ്റോ, ഇമെയിലോ തൊട്ടു നോക്കാത്തവര്‍…പട്ടിക അനന്തമായി നീളുന്നു. വ്യവസായ സാമ്രാജ്യങ്ങള്‍ വെട്ടിപ്പിടിച്ച പലരും യോഗ്യതയുടെ മാനദണ്ഡങ്ങള്‍ നോക്കിയാല്‍ വട്ടപൂജ്യം. അപ്പോള്‍ സംരംഭകന്റെ യോഗ്യതയെന്ത്? എന്താണ് ഒരു വ്യക്തിയെ സംരംഭകനും വിജയിയുമാക്കുന്നത്? ഉന്നത വിദ്യാഭ്യാസയോഗ്യതയും പുതിയ ആശയങ്ങളുമുള്ളവര്ക്കും മാത്രമാണോ സംരംഭകത്വം പ്രാപ്യമാകുക?
ബിസിനസ് റിസ്ക് ആണ്. വെല്ലുവിളികള്‍ നിറഞ്ഞതാണ്. അതുകൊണ്ട് സുരക്ഷിതമായ ജോലി തിരഞ്ഞെടുക്കുന്നതാണ് ഉത്തമം. യുവാക്കള്‍ക്ക് മുതിര്‍ന്നവര്‍ നല്കുന്ന ഈ ഉപദേശം കേരളത്തിന്റെ മനസ്സ് തുറന്നു കാട്ടുന്നു. സംരംഭകത്വത്തോട് പേടി നിറഞ്ഞ ഈ കാഴ്ചപ്പാട് മാറേണ്ടതാണ്. ഒരു ബിസിനസ് തുടങ്ങുക എന്നത് റിസ്ക് ആണ് എന്ന ചിന്ത സംരംഭകനാകുക എന്ന സ്വപ്നത്തിന് വിലങ്ങു തടിയായി മാറുന്നു.
റിസ്ക് സംരംഭകത്വത്തില്‍ മാത്രമല്ല. എല്ലാ ജോലിയിലുമുണ്ട്. തികഞ്ഞ ഉത്തരവാദിത്തത്തോടെ തന്റെ ജോലി ചെയ്യുന്ന ഓരോ വ്യക്തിയും ഈ റിസ്കിനെ തന്റെ വളര്‍ച്ചയുടെ പടവുകളായി കാണുന്നു. ജോലിയിലും പ്രൊഫഷനിലും ബിസിനസിലും അന്തര്‍ലീനമായ (Inherent) റിസ്ക് ഒരിക്കലും ഒഴിവാക്കുവാനാകില്ല. വ്യക്തമായ റിസ്ക് നിര്‍ണ്ണയത്തിലൂടെയും (Risk Assessment) പ്ലാനിങ്ങിലൂടെയും ഏതു റിസ്കും നേരിടുവാന്‍ സംരംഭകന് കഴിയും. റിസ്കും വെല്ലുവിളികളും ഇല്ലാത്ത തികച്ചും സുരക്ഷിതമായ ഒന്നും ഒരു ജോലിക്കോ പ്രൊഫഷനോ വാഗ്ദാനം ചെയ്യാന്‍ കഴിയാത്തിടത്തോളം തന്റെ സ്വപ്നങ്ങളെ യാഥാര്‍ത്ഥ്യമാക്കുവാന്‍ പ്രാപ്തിയുള്ള ഉന്നതിയിലേക്ക് കുതിക്കുവാന്‍ താങ്ങാകുന്ന സംരംഭകത്വത്തെ നാം എന്തിന് ഭയപ്പെടണം. ധീര•ാര്ക്കുള്ളതാണ് ബിസിനസ്. ഭീരുക്കള്‍ സുരക്ഷിതമായ താവളങ്ങള്‍ തേടി അലയുമ്പോള്‍ ഒരു സിംഹത്തെ പോലെ, രാജാവിനെ പോലെ സംരംഭകന് വ്യക്തമായ കണക്കുകൂട്ടലുകളോടെ റിസ്ക് ( Calculated Risk) അഭിമുഖീകരിക്കുന്നു. താന്‍ ഒരു ഭീരുവല്ല ധീരനായ യോദ്ധാവാണ് എന്നത് സ്വയം അംഗീകരിക്കുകയാണ് സംരംഭകന് ആദ്യം ചെയ്യേണ്ടത്. സംരംഭകന്റെ യഥാര്‍ത്ഥത്തിലുള്ള യോഗ്യതകള്‍ ഈ ധീരതയും ആത്മവിശ്വാസവുമാണ്. ഇവ രണ്ടും ഇല്ലാത്ത ഒരു വ്യക്തി എത്ര വിദ്യാഭ്യാസം ഉള്ളവനായിട്ടോ പ്രവൃത്തി പരിജയം ഉള്ളവനായിട്ടോ കാര്യമില്ല. പരാജയങ്ങളെ ചെറുക്കുവാനും മറികടക്കുവാനുമുള്ള ആത്മവിശ്വാസം സംരംഭകന്റെ മുതല്‍ കൂട്ടാണ്. ബിസിനസില്‍ പരാജയം രുചിക്കാത്തവര്‍ ആരുമില്ല. പക്ഷേ അത് ലോകാവസനാം എന്നു കരുതിയാല്‍ കാലിടറും. പരാജയങ്ങളെ പക്വതയോടെ, നിറഞ്ഞ പുഞ്ചിരിയോടെ നേരിടാന്‍ കഴിയുമോ. വിജയം നിങ്ങളെ തേടിയെത്തും. സംരംഭകത്വമാണ് തന്റെ ലക്ഷ്യം എന്നു തിരഞ്ഞെടുത്തു കഴിഞ്ഞാല്‍ ധീരമായി മുന്നിലേക്ക് നടക്കുക എന്നതുമാത്രമാണ് വഴി.
ഒരു വ്യവസായി ബിസിനസ് പരാജയപ്പെട്ടു വലിയൊരു കടക്കെണിയിലായി. ആത്മഹത്യയല്ലാതെ വേറെ ഒരു വഴിയില്ല, നിരാശനായി പാര്‍ക്കിലെ ബെഞ്ചില്‍ ഇരുന്ന അയാളുടെ അടുത്തേക്ക് ഒരാളെത്തി. വ്യവസായിയുടെ ദൈന്യത നിറഞ്ഞ മുഖത്തേക്കു നോക്കി സഹതാപത്തോടെ അയാള്‍ കാര്യം അന്വേഷിച്ചു. വ്യവസായി അയോളോട് തന്റെ കഥകള്‍ മുഴുവന്‍ തുറന്നു പറഞ്ഞു. കഥ മുഴുവന്‍ കേട്ട ആ വ്യക്തി തന്റെ ബ്രീഫ്കെയ്സ് തുറന്ന് ഒരു ചെക്ക്ബുക്കെടുത്തു. ഒരു ചെക്കില്‍ ഒപ്പിട്ടശേഷം അദ്ദേഹം അത് വ്യവസായിയെ ഏല്‍പ്പിച്ചു. അതിലെ തുക കണ്ട വ്യവസായി ഞെട്ടിപ്പോയി. 10 മില്യണ്‍ ഡോളര്‍. തന്റെ കടങ്ങള്‍ മുഴുവന്‍ വീട്ടി പുതിയൊരു ബിസിനസ് തുടങ്ങാന്‍ ആവശ്യമായ തുക. ചെക്കില്‍ ഒപ്പിട്ടയാളുടെ പേരു കണ്ട വ്യവസായി ഒന്നുകൂടി ഞെട്ടി. റോക്ക് ഫെല്ലര്‍, ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തി. അയാള്‍ വ്യവസായിയോട് പറഞ്ഞു. ഈ പണം ഒരു വര്‍ഷം കഴിഞ്ഞ് എനിക്ക് തിരിച്ചു തരണം. അടുത്ത വര്‍ഷം ഇതേ ദിവസം നമുക്ക് ഇവിടെ വച്ച് കണ്ടുമുട്ടാം.
ചെക്കുമായി മടങ്ങി വീട്ടിലെത്തിയ വ്യവസായി ആ ചെക്ക് തന്റെ സേഫില്‍ സുരക്ഷിതമായി വെച്ചു. ഇത്രയും പണം തന്റെ കയ്യില്‍ ഉണ്ടെന്ന വിശ്വാസത്തോടെ പണം നല്‍കാനുള്ളവരോട് കൂടുതല്‍ അവധി വാങ്ങി അസംസ്കൃത വസ്തുക്കള്‍ക്കായി പുതിയ കരാറുകള്‍ ഉണ്ടാക്കി. തന്റെ ഉല്‍പ്പന്നങ്ങള്‍ വാങ്ങിയിരുന്നവരോട് അഡ്വാന്‍സുകള്‍ വാങ്ങി. സാവധാനം അയാളുടെ വ്യവസായം പഴയനിലയിലായി ലാഭം ഉണ്ടാക്കുവാന്‍ തുടങ്ങി.
ഒരു കൊല്ലത്തിനുശേഷം റോക്ക് ഫെല്ലര്‍ നല്കിയ ചെക്കുമായി വ്യവസായി പാര്‍ക്കില്‍ എത്തി അതേ ബെഞ്ചില്‍ ഇരുന്നു. അതാ പാര്‍ക്കിന്റെ കവാടത്തിലൂടെ ലോകത്തിലെ ഏറ്റവും ധനികനായ ആ വ്യക്തി, വ്യവസായിയുടെ രക്ഷകന് റോക്ക് ഫെല്ലര്‍ വരുന്നു., റോക്ക് ഫെല്ലറുടെ പിന്നാലെ പാഞ്ഞുവന്ന് രണ്ടുപേര്‍ അദ്ദേഹത്തെ പിടിച്ചു നിര്‍ത്തി. അവര്‍ വ്യവസായിയോട് പറഞ്ഞു. ഇദ്ദേഹം കുറച്ചു നാളായി തലക്ക് സുഖമില്ലാത്ത ഒരു മാനസികരോഗിയാണ്. താന്‍ റോക്ക്ഫെല്ലര്‍ ആണെന്ന് പറഞ്ഞ് നടക്കുകയാണ് സ്ഥിരം പണി. വ്യവസായി സ്തബ്ധനായി. ഒരു മാനസികരോഗി നല്കിയ ചെക്കാണ് കഴിഞ്ഞ ഒരു വര്‍ഷം സേഫില്‍ സൂക്ഷിച്ച് സുരക്ഷിതബോധത്തോടെ പണിയെടുത്തത്.
വെറുമൊരു ചെക്കായിരുന്നോ. ആ ചെക്ക് നല്കിയ ആത്മവിശ്വാസമാണോ വ്യവസായിയെ രക്ഷിച്ചത് പത്തു പൈസയുടെ വില പോലുമില്ലാത്ത ആ ചെക്ക് വ്യവസായിയുടെ ഉള്ളില്‍ ഉറങ്ങിക്കിടന്ന ആത്മവിശ്വാസത്തെ ഉദ്ദ്വീപിപിച്ചു. പരാജയത്തില്‍ നിന്നും വിജയത്തിലേക്ക് വ്യവസായിയെ നയിച്ചത് ഇവിടെ പണമായിരുന്നില്ല, ആത്മവിശ്വാസം മാത്രമായിരുന്നു.
ഉള്ളില്‍ ഉറങ്ങിക്കിടക്കുന്ന ഈ ധീരനെ ഉണര്‍ത്തുകയാണ് സംരംഭകന് ആദ്യം ചെയ്യേണ്ടത്. സംരംഭകത്വം കല്ലും മുള്ളും നിറഞ്ഞ പാത തന്നെയാണ് എന്ന പക്വതയോടെയുള്ള തിരിച്ചറിവും ഈ പാത താണ്ടാന്‍ തന്റെ ആത്മവിശ്വാസവും കഴിവും മാത്രം മതി എന്ന വിശ്വാസവും സംരംഭകനെ വിജയത്തിലേക്കു നയിക്കും. മനസ്സിലെ ബ്ലാങ്ക് ചെക്കിനെ തിരിച്ചറിയൂ. നിങ്ങളെ തടുക്കുവാന്‍ ഒന്നിനുമാകില്ല. സംരംഭകന് ഒരു സ്വപ്നമുണ്ടാകണം. അത് യാഥാര്‍ത്ഥ്യമാകുവാന്‍ ഏതറ്റവും പോകുവാനുള്ള ധീരതയും ആത്മവിശ്വാസവുമുണ്ടാകണം. ഇത് മാത്രം മതി നിങ്ങള്‍ ലോകം അറിയുന്ന ഒരു സംരംഭകനാകാന്‍. ഈ ഭൂമി ധീരര്‍ക്കുള്ളതാണ്. നിങ്ങളെപ്പോലെയുള്ള ധീരരായ സംരംഭകര്‍ക്ക്.