കോളേജില്‍ പഠിക്കുന്ന കാലം. പരീക്ഷ അടുക്കാറായി. ഒന്നും പഠിച്ചിട്ടില്ല. മൂന്ന് വര്‍ഷം ശരിക്ക് ഉഴപ്പിയതിന്റെ ഫലം കിട്ടാതിരിക്കില്ലല്ലോ. ക്ലാസില്‍ കയറാതെ നടന്നത് കൊണ്ട് പാഠപുസ്തകം എടുക്കുമ്പോള്‍ കണ്ണില്‍ ഇരുട്ട് നിറയുന്നു. ആകെ ഒരു മന്ദത.
മനസ്സില്‍ ഭയം കൂടുകൂട്ടി തുടങ്ങി. ഇങ്ങിനെ പോയാല്‍ രക്ഷപ്പെടാന്‍ ഒരു സാധ്യതയുമില്ല. പല മാര്‍ഗ്ഗങ്ങളും പരീക്ഷിച്ചു. മുറിയില്‍ തന്നെ ഒതുങ്ങിക്കൂടി. അറിയാവുന്ന സകല മാര്‍ഗ്ഗങ്ങളും പരീക്ഷിച്ചു. യാതൊരു പ്രയോജനവുമില്ല. തലക്കുള്ളിലേക്ക് ഒന്നും കടക്കുന്നില്ല.
സുഹൃത്തുക്കളുടെ കാര്യവും വ്യത്യസ്തമല്ല. എല്ലാവരും ഒരുമിച്ച് പഠിക്കാം എന്ന് പറഞ്ഞ് ഒത്തുകൂടി. രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ കാര്യങ്ങളുടെ പോക്ക് പന്തിയല്ല എന്ന് മനസ്സിലായി. ഭക്ഷണവും സംഭാഷണവും മാത്രമേ നടക്കുന്നുള്ളൂ. അങ്ങിനെ അതിനും കലാശക്കൊട്ടായി.
മനസ്സില്‍ മറ്റൊരു സംശയം കടന്നുകൂടി. ഇനി പഠിക്കാന്‍ സാധിക്കാത്തത് സമയദോഷം കൊണ്ടാണോ? സമയദോഷമുണ്ടെങ്കില്‍ പഠിക്കാന്‍ താല്പര്യം കുറയും എന്ന് കേട്ടിട്ടുണ്ട്. അടുത്ത സുഹൃത്തിനോട് സംശയം ചോദിച്ചു. പരീക്ഷകളില്‍ ദൈവത്തെ മുറുകെ പിടിച്ച് സകല അമ്പലങ്ങളും കേറിയിറങ്ങുന്ന അവന്‍ നിസ്സംശയം പറഞ്ഞു ”ശരിയാണ് സമയദോഷം തന്നെ. ഏതായാലും നീയൊരു ജോത്സ്യനെ കണ്ടുനോക്ക്”.
പിറ്റേദിവസം തന്നെ പൈസയൊക്കെ സംഘടിപ്പിച്ച് എന്തോ കാരണങ്ങളൊക്കെ അവതരിപ്പിച്ച് അമ്മയുടെ കയ്യില്‍ നിന്നും ജാതകവുമൊക്കെ വാങ്ങി ജോത്സ്യനെ കാണാന്‍ പോയി. ജോത്സ്യന്റെ മുന്നില്‍ ഭയഭക്തിബഹുമാനങ്ങളോടെ പ്രശ്‌നങ്ങള്‍ അവതരിപ്പിച്ചു.
ജോത്സ്യന്‍ ജാതകം വാങ്ങി പരിശോധിച്ചു. കവടി നിരത്തി രാശി നോക്കി. സംഗതി പ്രശ്‌നം തന്നെയാണ്. ശനി അതിന്റെ സകല രൗദ്രഭാവങ്ങളോടും കൂടി നിലകൊള്ളുകയാണ്. കുറച്ചധികം വഴിപാടുകള്‍ കഴിക്കണം. കൂടാതെ അദ്ദേഹം ഒരു ഏലസ്സ് ജപിച്ച് കെട്ടിത്തരും. അതും ധരിക്കണം.
ചുരുട്ടി പിടിച്ചിരുന്ന കാശ് കൈവിട്ട്‌പോകുന്ന വേദനയോടെ ജോത്സ്യന് ദക്ഷിണ നല്കി. എന്നിട്ട് കൗമാരക്കാരന്റെ നിഷ്‌ക്കളങ്കതയോടെ അദ്ദേഹത്തോട് ചോദിച്ചു ”ഇതൊക്കെ ചെയ്താല്‍ പരീക്ഷ പാസാകുമല്ലേ?”
അദ്ദേഹം പറഞ്ഞു ”നന്നായിട്ട് പഠിച്ചാല്‍ ഉറപ്പായും പാസാകും. ഇന്ന് മുതല്‍ പൂര്‍ണ്ണമായും പഠിത്തത്തില്‍ ശ്രദ്ധിക്കൂ”.
ഒന്ന് ഞെട്ടി. ഇത് തനിക്കറിയാവുന്ന കാര്യമാണല്ലോ. നന്നായിട്ട് പഠിച്ച് പരീക്ഷ എഴുതിയാല്‍ ഏത് പരീക്ഷയും പാസാകും. കാശ് കൊടുത്ത് ജോത്സ്യനെ കൊണ്ട് ഇത് പറയിപ്പിക്കുവാനാണോ വന്നത്. ജോത്സ്യന്റെ മുഖത്ത് ദയനീയമായി നോക്കി കയ്യിലെ കാശ് കൊടുത്ത് നന്നായി പഠിച്ചാല്‍ പാസാകും എന്ന ഉപദേശവും വാങ്ങി അവിടെ നിന്നും ഇറങ്ങി.
ജീവിതത്തില്‍ എളുപ്പവഴികളില്ല എന്ന് അന്ന് മനസ്സിലായി. അദ്ധ്വാനിക്കാതെ എളുപ്പവഴിയിലൂടെ രക്ഷപ്പെടുക അസാധ്യം. പരീക്ഷയിലായാലും ജോലിയിലായാലും പരിശ്രമം അനിവാര്യം. ഈ ലോകത്ത് എന്തിനും ഒരു വിലയുണ്ട്. ആ വില നല്കാന്‍ തയ്യാറായാല്‍ മാത്രമേ അവ നമുക്ക് കരസ്ഥമാക്കുവാന്‍ കഴിയുകയുള്ളൂ. അദ്ധ്വാനിക്കുന്നവനെ തേടി മാത്രമേ സമൃദ്ധി എത്തുകയുള്ളൂ.
നൂറുശതമാനം ആത്മാര്‍ത്ഥമായി തന്റെ പ്രവര്‍ത്തികള്‍ നിര്‍വ്വഹിക്കുന്നവന്‍ ജീവിതത്തില്‍ ഒരിക്കലും പരാജയപ്പെടുകയില്ല. താത്കാലികമായ തിരിച്ചടികള്‍ ജീവിതത്തില്‍ നേരിട്ടു എന്നുവരാം. പക്ഷേ അന്തിമവിജയം പരിശ്രമികള്‍ക്കേ ഉണ്ടാവുകയുള്ളൂ. തിരിച്ചടികളില്‍ തളരാതിരിക്കുക എന്നതാണ് പ്രധാനം. അത് ജീവിതം എന്ന ഈ കളിയുടെ ഭാഗമായി കണ്ട് കഠിനമായി പരിശ്രമിക്കുകയാണെങ്കില്‍ നമ്മളെ പരാജയപ്പെടുത്താന്‍ ഒരു ശക്തിക്കും സാധ്യമല്ല.
എളുപ്പവഴിയിലൂടെ രക്ഷപ്പെടാം എന്ന് ആരെങ്കിലും പറഞ്ഞാല്‍ വിശ്വസിക്കരുത്. കാരണം അവര്‍ നമ്മുടെ സുഹൃത്തുക്കളല്ല ശത്രുക്കളാണ്. പരിശ്രമിക്കാത്തവന് വിജയം ഈ ലോകത്ത് അന്യമാണ്. ആരെയെങ്കിലും ചൂണ്ടിക്കാട്ടി നാം പറയുന്നുണ്ടോ ”അവന്‍ ഭാഗ്യവാനാണ്. അദ്ധ്വാനിക്കാതെ സമ്പത്ത് ലഭിച്ചവന്‍.” പക്ഷേ അധ്വാനിച്ച് നേടുന്ന സമ്പത്ത് നിലനില്‍ക്കും. അല്ലാത്തവ അദ്ധ്വാനത്തിന്റെ മഹത്വം മനസിലാക്കാത്തവര്‍ നശിപ്പിക്കും. അദ്ധ്വാനത്തിലൂടെ നേടാത്തതൊന്നും ശാശ്വതമല്ല.
എന്തായാലും ഞാന്‍ വഴിപാടുകളൊന്നും ചെയ്തില്ല. ഏലസ്സും കെട്ടിയില്ല. നന്നായിരുന്ന് പഠിച്ചു പരീക്ഷ പാസായി. പരിശ്രമിക്കുന്നവനെ തേടി വിജയം എന്നായാലും എത്തും. അതൊരു പ്രകൃതി സത്യമാണ്.