കോട്ടയത്തെ ഒരു സാഹിത്യസമ്മേളനം കഴിഞ്ഞ് ഞാനും പനയാല്‍ മാഷും കൂടി ഏറണാകുളത്തേക്ക് സഞ്ചരിക്കുകയാണ്. മാഷുമായി യാത്ര ചെയ്യുക ഒരനുഭവമാണ്. ഞങ്ങളുടെ സംഭാഷണങ്ങള്‍ക്കിടയിലാണ് മാഷ് ആ കഥ എന്നോട് പറയുന്നത്.
മാഷ് ഒഡിഷയില്‍ എത്തുന്നത് ഒരു നാടകോത്സവത്തില്‍ പങ്കെടുക്കാനാണ്. ട്രെയിന്‍ ഇറങ്ങിയ അദ്ദേഹം ഒരു സൈക്കിള്‍ റിക്ഷയില്‍ കയറി താമസം തയ്യാറാക്കിയിരിക്കുന്ന ഹോട്ടലിലേക്ക് പുറപ്പെട്ടു. ആരോഗ്യദൃഡഗാത്രനായ ഒരാളായിരുന്നു റിക്ഷാക്കാരന്‍. അധികമൊന്നും സംസാരിക്കാത്ത പ്രകൃതക്കാരന്‍. പിന്‍ഭാഗം കീറി ശരീരഭാഗം വെളിയില്‍ കാണുന്ന ഒരു നിക്കര്‍ മാത്രമായിരുന്നു അയാളുടെ വേഷം. മാഷ് അയാളോട് സംസാരിക്കുവാന്‍ ശ്രമിച്ചുകൊണ്ടിരുന്നെങ്കിലും മിണ്ടുന്നതില്‍ അയാള്‍ വിമുഖത കാട്ടി.
മാഷിനെ ഹോട്ടലില്‍ ആക്കി അയാള്‍ തിരികെപ്പോയി. അയാളുടെ പെരുമാറ്റത്തില്‍ മാഷിന് എന്തൊക്കെയോ അസ്വഭാവികതകള്‍ അനുഭവപ്പെട്ടു. വളരെ പ്രത്വേകതകള്‍ ഉള്ള ഒരാളായി അയാളെ തോന്നി. അയാളെക്കുറിച്ച് മാഷ് ഹോട്ടലില്‍ അന്വേഷിചെങ്കിലും അവിടെ ആര്‍ക്കും അയാളെക്കുറിച്ച് വലിയ പിടിയില്ല. അലട്ടുന്ന അത്തരം തോന്നലുകളെ ഉപേക്ഷിച്ച് ഉറക്കത്തിലേക്ക് മാഷ് തന്നെ വലിച്ചിട്ടു.
പിറ്റേദിവസം പ്രാതല്‍ കഴിക്കുന്ന സമയത്ത് ആ റിക്ഷക്കാരന്‍ ഹോട്ടലില്‍ മാഷിന് മുന്നില്‍ പ്രത്യക്ഷപ്പെട്ടു. അയാള്‍ മാഷിനെ തന്റെ റിക്ഷയില്‍ കയറ്റി താന്‍ താമസിക്കുന്ന ചേരിയിലേക്ക് കൂട്ടിക്കൊണ്ടുപോയി. തന്റെ ചെറിയ കുടിലിലേക്ക് അയാള്‍ മാഷിനെ ക്ഷണിച്ചു. കുടിലില്‍ കയറി ഇരുന്ന മാഷ് അവിടെ ഒരു സ്ത്രീയേയും കുട്ടിയേയും കണ്ടു. അയാളുടെ ഭാര്യയും കുട്ടിയുമായിരിക്കുമെന്ന് മാഷ് വിചാരിച്ചു. ആ സ്ത്രീ നന്നേ ക്ഷീണിച്ചിരിക്കുന്നു. അവര്‍ക്ക് എന്തോ അസുഖം ഉള്ളത് പോലെ മാഷിന് തോന്നി.
മാഷിനെ കണ്ട ചേരിയിലെ ആളുകള്‍ അദ്ദേഹത്തിന്റെ അടുത്തെത്തി. പട്ടണത്തിലെ പരിഷ്‌കൃതരായ ആളുകള്‍ ആ ചേരി സന്ദര്‍ശിക്കാറേയില്ല. അതുകൊണ്ടുതന്നെ മാഷിന്റെ വരവ് അവര്‍ക്കൊരു അത്ഭുതമായി. മാഷ് അവരുമായി സംസാരിച്ചു. അവരാണ് അയാളുടെ കഥ മാഷിനോട് പറഞ്ഞത്.
അയാള്‍ അവിടെ എത്തിയത് മറ്റേതോ സംസ്ഥാനത്ത് നിന്നാണ്. ജീവിക്കുവാനായി ഒരു ജോലി തേടി ഒഡിഷയില്‍ എത്തിയ ഒരാള്‍. തീര്‍ത്തും ഒറ്റയാന്‍. അയാളുടെ യാത്രക്കിടയില്‍ ഏതോ വഴിയരികില്‍ തളര്‍ന്നു കിടക്കുന്ന ആ സ്ത്രീയേയും മകനേയും അയാള്‍ കണ്ടുമുട്ടി. കാന്‍സര്‍ ബാധിച്ച് ചികിത്സിക്കാന്‍ പണമില്ലാതെ, ആഹാരം കഴിക്കാന്‍ പോലും വകയില്ലാതെ വഴിയില്‍ തളര്‍ന്നു വീണു കിടന്ന ആ സ്ത്രീയേയും മകനേയും അയാള്‍ തന്റെ കുടിലിലേക്ക് കൂട്ടിക്കൊണ്ടുവന്നു. അന്ന് മുതല്‍ അയാള്‍ പണിയെടുക്കുന്നത് അവര്‍ക്കായാണ്. റിക്ഷ ചവിട്ടി ലഭിക്കുന്ന പണം മുഴുവന്‍ അവരുടെ ചികിത്സക്കായി അയാള്‍ ചിലവഴിക്കുന്നു.
തനിക്ക് ആരുമല്ലാത്ത, വിദൂര പരിചയം പോലുമില്ലാത്ത, അസുഖം ബാധിച്ച ഒരു സ്ത്രീയെ തന്റെ കുടിലിലേക്ക് കൂട്ടിക്കൊണ്ടുവരിക. അപരിചിതയായ ആ സ്ത്രീയേയും മകനെയും തന്റെ വരുമാനത്താല്‍ സംരക്ഷിക്കുക. അവരുടെ ചികിത്സക്കായി പൊരിവെയിലിലും കനത്ത മഞ്ഞിലും മഴയിലും റിക്ഷ ചവിട്ടി പണം ഉണ്ടാക്കുക. തന്നെക്കുറിച്ച് ചിന്തിക്കാതെ, തനിക്കായി ഒന്നും ബാക്കിവെക്കാതെ ജീവിതം മറ്റുള്ളവര്‍ക്കായി സമര്‍പ്പിക്കുക.
തീര്‍ത്തും അവിശ്വസനീയമാണ് എന്ന് തോന്നാവുന്ന ഒരു കഥ. ഇത് പോലുള്ള ആളുകളെ നാം കണ്ടിട്ടില്ല എന്നത് തന്നെ കാരണം. മുന്നില്‍ നിന്ന് കൈനീട്ടുന്നവനു പോലും ഒരു നാണയത്തുട്ട് ഇട്ട് നല്‍കാന്‍ പത്ത് വട്ടം ചിന്തിക്കുന്ന നമുക്ക് ഇത്തരം അനുഭവങ്ങള്‍ അവിശ്വസനീയമായി തോന്നിയില്ലെങ്കിലേ അത്ഭുതമുള്ളൂ. ചില വ്യക്തികള്‍ക്ക് മുന്നില്‍ നമ്മുടെ തല കുനിയുന്നതും അവരെ നമിക്കുന്നതിനും അവരുടെ പ്രവര്‍ത്തികള്‍ മാത്രമേ കാരണമുള്ളൂ.
ഇത്തരം സന്തോഷങ്ങളെ തേടുന്നവര്‍ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വങ്ങളാണ്. സഹജീവികള്‍ക്കായി ജീവിതം മാറ്റിവെക്കുന്നവര്‍. തിരിച്ച് ഒന്നും പ്രതീക്ഷിക്കാതെ നന്മ ചെയ്യുന്നവര്‍. അവര്‍ വാര്‍ത്തകളില്‍ നിറയുന്നില്ല. അവരെ ആരും തിരിച്ചറിയുന്നില്ല. ഒന്നിനും വേണ്ടിയല്ലാതെ സ്വന്തം ജീവിതം മറ്റുള്ളവര്‍ക്കായി സമര്‍പ്പിക്കുന്നവരെ നമുക്ക് എന്ത് വിളിക്കാം?
ലോകത്തിലെ ഏറ്റവും വലിയ സന്തോഷവാന്‍ ആരാണ്? ലോകത്തിലെ ഏറ്റവും വലിയ പണക്കാരനാണോ ഏറ്റവും വലിയ സന്തോഷവാന്‍? പണമാണോ പ്രതാപമാണോ പ്രശസ്തിയാണോ സന്തോഷം നല്‍കുന്നത്. അങ്ങിനെയെങ്കില്‍ ചിലപ്പോള്‍ ലോകത്തെ ഏറ്റവും വലിയ സന്തോഷവാന്‍ അമേരിക്കന്‍ പ്രസിഡന്റ് ആകാം. ലോകത്തിലെ ഏറ്റവും സമ്പത്തുള്ള, അധികാരമുള്ള രാജ്യത്തിന്റെ സര്‍വ്വസൈന്യാധിപന്‍. അയാളെക്കാള്‍ സന്തോഷമുള്ള ആരുണ്ട്?
പക്ഷേ അയാള്‍ ശരിക്ക് ഉറങ്ങുന്നുണ്ടോ? അതോ ഉത്തരവാദിത്വങ്ങള്‍ മനസില്‍ കൂടുതല്‍ കൂടുതല്‍ സംഘര്‍ഷം ഉണര്‍ത്തുന്നുണ്ടോ? ഏത് സമയവും ആഹ്‌ളാദവാനായി ഇരിക്കുവാന്‍ പണവും പ്രശസ്തിയും അയാളെ സഹായിക്കുന്നുണ്ടോ? ഇല്ല എന്ന് തന്നെ ഉത്തരം. ഈ ലോകത്തെ ഏറ്റവും വലിയ സന്തോഷവാന്‍ ഏറ്റവും കൂടുതല്‍ സമ്പത്തോ പ്രശസ്തിയോ ഉള്ള ആളല്ല.
മനസില്‍ നിറഞ്ഞ സന്തോഷമുള്ളവനാണ് ഏറ്റവും വലിയ ഭാഗ്യവാന്‍. നമ്മുടെ സന്തോഷങ്ങളെ നാം തിരിച്ചറിയുന്നുണ്ടോ? നമുക്കുണ്ടാകുന്ന ഓരോ ചെറിയ വിജയങ്ങളിലും നാം സന്തോഷിക്കുന്നുണ്ടോ? അതോ ഇനിയും കിട്ടാത്തതിനെക്കുറിച്ചുള്ള വിലാപമാണോ മനസില്‍. കിട്ടുന്നതില്‍ ആഹ്‌ളാദിക്കുന്നതിന് പകരം കിട്ടാത്തതിനെക്കുറിച്ച് വിലപിക്കുവാനാണ് നമുക്കിഷ്ട്ടം. അത് സ്വഭാവത്തിന്റെ ഒരു ഭാഗമായിക്കഴിഞ്ഞു. സന്തോഷം എന്തോ വലുതിന് വേണ്ടി നാം മാറ്റിവെച്ചുകൊണ്ടിരിക്കുകയാണ്.
നല്‍കുന്നതില്‍ നാം സന്തോഷം കണ്ടെത്തിത്തുടങ്ങുമ്പോള്‍ നമ്മുടെ ജീവിതത്തിന് മാറ്റം വന്നുതുടങ്ങും. നമുക്കായി മാത്രം അല്ലെങ്കില്‍ നമ്മുടെ കുടുംബത്തിനായി മാത്രം ജീവിക്കുന്നതില്‍ മാത്രമല്ല കാര്യം. സഹജീവികളുടെ ദുഃഖങ്ങളില്‍, അവരുടെ ആവശ്യങ്ങളില്‍ നമ്മുടെ ശ്രദ്ധ വരുമ്പോള്‍ ജീവിതത്തിന് പുതിയൊരു അര്‍ത്ഥം കൈവരുന്നു. തിരിച്ചൊന്നും പ്രതീക്ഷിക്കാതെ ആ റിക്ഷാക്കാരനെപ്പോലെ നാം പ്രവര്‍ത്തിക്കുമ്പോള്‍ ലോകത്തിലെ ഏറ്റവും വലിയ സന്തോഷവാന്മാര്‍ നമ്മളായി മാറുന്നു.
ലോകത്തിലെ മുഴുവന്‍ സമ്പത്തും നമുക്ക് സന്തോഷം കൊണ്ടുവരില്ല. ഈ പ്രപഞ്ചം നിറയുന്ന പ്രശസ്തിയും അളവറ്റ സന്തോഷം നല്‍കില്ല. നമ്മുടെ പ്രവര്‍ത്തികളാണ് നമ്മുടെ സന്തോഷം നിശ്ചയിക്കുന്നത്. തനിച്ച് അല്‍പ്പസമയം ഇരിക്കുവാന്‍ കഴിയുന്നില്ലായെങ്കില്‍, മനസമാധാനത്തോടെ ഉറങ്ങാന്‍ സാധിക്കുന്നില്ലായെങ്കില്‍, സന്തോഷത്തോടെ കുടുംബത്തിനൊപ്പം സമയം ചിലവഴിക്കാന്‍ കഴിയുന്നില്ലായെങ്കില്‍ ഒരു സമ്പത്തുകൊണ്ടും പ്രശസ്തികൊണ്ടും യാതൊരു കാര്യവുമില്ല.
മനസില്‍ സന്തോഷമില്ലേ? നിരാശ മനസിനെ കീഴടക്കുന്നുണ്ടോ? അല്‍പ്പസമയം പുറത്തേക്കിറങ്ങുക. സഹജീവികളെ കാണുക. അവര്‍ക്കായി കുറച്ചു സമയം ചിലവഴിക്കുക. അവര്‍ക്ക് താങ്ങാവുക. സന്തോഷം താനേ എത്തും. അതിനായി നാം പണത്തിനോ പ്രശസ്തിക്കോ പിന്നാലേ ഓടേണ്ടതില്ല. എല്ലാം നമ്മെ തേടി വന്നുകൊള്ളും.
ലോകത്തിലെ ഏറ്റവും വലിയ സന്തോഷവാന്‍ ചിലപ്പോള്‍ ഞാനോ നിങ്ങളോ ആയി മാറാം.