മകളുടെ മുഖത്ത് ചെറിയൊരു മുഖക്കുരു പ്രത്യക്ഷപ്പെട്ടിരിക്കുന്നു. വെളുത്ത മനോഹരമായ മുഖത്ത് ഒരു കുരുപോലും ഇല്ലായിരുന്നു. പെട്ടെന്നൊരു ദിവസം വില്ലനെപ്പോലെ അവന്‍ ഒരു മാസ് എന്‍ട്രി നടത്തി. അവനെ കണ്ടതോടെ സ്വതവേ ഉത്സാഹശാലിയായ മകളുടെ മുഖത്ത് മ്ലാനത പടര്‍ന്നു.
”എന്തുപറ്റി” ഞാന്‍ ചോദിച്ചു. അവള്‍ മുഖത്തേക്ക് വിരലുചൂണ്ടി പറഞ്ഞു ”കണ്ടില്ലേ, ഒരു മുഖക്കുരു വിരുന്നു വന്നിരിക്കുന്നു. ഇതിന് പുറകേ ഇനി കൂടുതല്‍ കുരുക്കള്‍ വരും. മുഖം വികൃതമാകും. അത്യാവശ്യമായി ഡോക്ടറെ കാണണം.” ”ഇതിന് ഡോക്ടറെയൊന്നും കാണേണ്ട ആവശ്യമില്ല. അത് വന്ന പോലെ തന്നെ പോകും. ഇതിലൊന്നും വലിയ ശ്രദ്ധ കൊടുക്കേണ്ട ആവശ്യമേയില്ല.” എന്റെ മറുപടി അവള്‍ക്ക് ഒട്ടുംതന്നെ ദഹിച്ച മട്ടില്ല.
രണ്ട് മൂന്ന് ദിവസങ്ങള്‍ കഴിഞ്ഞു. അവളുടെ ആവശ്യം ശക്തമായി. ഡോക്ടറെ കണ്ടേ തീരൂ. മുഖക്കുരു വലിയൊരു പ്രശ്‌നക്കാരനാണ്. ശരി ആയിക്കോട്ടെ വീട്ടിലെ പ്രശനം ഒഴിവാക്കാന്‍ ഡോക്ടറെ കാണിക്കാന്‍ ഞാന്‍ തയ്യാറായി. ഡോക്ടറുടെ ക്ലിനിക്കില്‍ ബീവറേജസ് ഔട്ട്ലെറ്റിലെ തിരക്ക്. ഒരുവിധം രജിസ്റ്റര്‍ ചെയ്തു. രെജിസ്‌ട്രേഷന്‍ ഫീസ് അഞ്ഞൂറ് രൂപ. ഡോക്ടറെ കണ്ട് മരുന്നെല്ലാം വാങ്ങിച്ച് പുറത്തിറങ്ങിയപ്പോള്‍ ആയിരത്തിമുന്നൂറ് രൂപ പൊട്ടിക്കിട്ടി. ഒരു ചെറിയ മുഖക്കുരു വരുത്തിവെച്ച അധികച്ചിലവ്.
മുഖത്തിന്റെ നിറം അല്പ്പം മങ്ങിയാല്‍, മുഖക്കുരു വന്നാല്‍ വലിയ പ്രശ്‌നങ്ങളാണ്. അങ്ങിനെയാണ് ആധുനിക ബിസിനസ് സംസ്‌ക്കാരം നമ്മെ പഠിപ്പിക്കുന്നത്. എല്ലാ പരസ്യങ്ങളും ശ്രദ്ധിക്കൂ. അത് പറയുന്നത് നിങ്ങള്‍ക്കെന്തോ കുഴപ്പമുണ്ട് എന്നല്ലേ? പാലുപോലെ വെളുത്ത മുഖത്ത് ഒരു മുഖക്കുരു പ്രത്യക്ഷപ്പെട്ടാല്‍ സൗന്ദര്യം മൊത്തം തകര്‍ന്നുപോയി. ആ സൗന്ദര്യം വീണ്ടെടുക്കാന്‍ ഞങ്ങളുടെ സോപ്പ്, ക്രീം എന്നിവ ഉപയോഗിക്കൂ. നിങ്ങളുടെ സൗന്ദര്യം വീണ്ടെടുക്കൂ.
നിങ്ങള്‍ വെളുത്തതല്ല എങ്കില്‍ കാര്യം മഹാകഷ്ട്ടം തന്നെ. അഴകില്ലാത്ത നിങ്ങള്‍ ഞങ്ങളുടെ ക്രീം ഉപയോഗിച്ച് വെളുപ്പ് നേടി ലാവണ്യവതിയാകൂ. അല്ലെങ്കില്‍ സൗന്ദര്യമില്ലാത്ത നിങ്ങളുടെ കാര്യം കഷ്ട്ടം തന്നെയാകും. കറുത്തിരിക്കുന്നത് എന്തോ മഹാപാതകം പോലെയാണ് എന്ന് പരസ്യത്തിലെ സുന്ദരി നമ്മെ നിരന്തരം ഓര്‍മ്മിപ്പിക്കുന്നു. നമ്മുടെ കുറവുകള്‍ ചൂണ്ടിക്കാട്ടി ഉത്പന്നം വില്‍ക്കുന്നത് ഇന്ന് സാധാരണമായിരിക്കുന്നു.
ഓരോ പരസ്യവും ശ്രദ്ധിക്കൂ. നമ്മുടെ കുറവുകള്‍ ചൂണ്ടിക്കാട്ടുവാന്‍ കമ്പനികള്‍ പരസ്പരം മത്സരിക്കുകയാണ്. ചെറിയ ചെറിയ കുറവുകള്‍ പോലും പര്‍വ്വതീകരിക്കപ്പെടുന്നു. കറുത്തിരിക്കുന്നത്, മുടിയില്ലാത്തത്, മുഖക്കുരു, ശരീരത്തിന് സുഗന്ധമില്ലാത്തത് അങ്ങനെ കുറവുകളുടെ ലിസ്റ്റ് നീളുകയാണ്. നമ്മുടെ ആത്മവിശ്വാസം തകര്‍ത്ത് ഉത്പന്നങ്ങള്‍ വില്‍ക്കുന്ന വിദഗ്ദമായ സൈക്ലോജിക്കല്‍ മൂവ്.
തങ്ങളുടെ മുഖത്തുണ്ടാകുന്ന ചെറിയ കുരുക്കള്‍ പോലും കുട്ടികളുടെ മനസില്‍ വലിയ സംഘര്‍ഷം ജനിപ്പിക്കുന്നു. രാവിലെ മുതല്‍ അവരുടെ കണ്ണുകളില്‍, ചെവികളില്‍ മുഴങ്ങുന്നത് ഇത്തരം പരസ്യവാചകങ്ങളാണ്. കറുത്തവര്‍ അപകര്‍ഷതാബോധം കൂടി വെളുക്കുവാന്‍ സോപ്പും ക്രീമും വാരിതേക്കുന്നു. വെളുത്തവര്‍ കൂടുതല്‍ വെളുക്കുവാന്‍ സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ തേടി പോകുന്നു. നമ്മളില്‍ ഭയം ജനിപ്പിച്ച് തങ്ങളുടെ ഉത്പന്നങ്ങള്‍ വിറ്റഴിക്കപ്പെടുന്ന തന്ത്രമാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കാധാരം.
ഇനിയൊരു തലമുറയെ നാം വാര്‍ത്തെടുക്കുന്നത് ഇങ്ങനെയായിരിക്കും. നിസാര കാര്യങ്ങള്‍ക്ക് പെട്ടെന്ന് പിരിമുറുക്കം ഉണ്ടാകുന്ന, മനസില്‍ നിരന്തര സംഘര്‍ഷം നിറഞ്ഞുനില്‍ക്കുന്ന, ഒന്നിനും ക്ഷമയില്ലാത്ത, ഇതാണ് സൗന്ദര്യമെന്നും വെയിലേറ്റാല്‍ അത് വാടിപ്പോകുമെന്നും കരുതുന്ന ഒരു തലമുറ. തങ്ങളുടെ അമ്മയും അമ്മൂമ്മയൊന്നും പറഞ്ഞുതരുന്ന പൊടികൈകള്‍ ഒന്നും അവര്‍ക്ക് വേണ്ട. ഒരു സണ്‍സ്‌ക്രീന്‍ ലോഷന്‍ വാങ്ങണമെങ്കില്‍ പോലും ചര്‍മ്മവിദഗ്ദ്ധന്റെ കുറിപ്പടി വേണം.
നമ്മുടെ കുറവുകള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. പക്ഷേ നാം ഭയപ്പെടേണ്ട. എന്തിനും ഏതിനുമുള്ള പ്രതിവിധികള്‍ ആഗോളഭീമന്മാര്‍ നമുക്ക് നല്‍കുന്നുണ്ട്. പട്ടണത്തിലെ കുട്ടികളുടെ വേവലാതികള്‍ ഗ്രാമത്തിലെ കുട്ടികളിലേക്കും പടരുന്നു. കറുപ്പിലോ വെളുപ്പിലോ മുഖക്കുരുവിലോ അല്ല സൗന്ദര്യം എന്ന് അവരോട് ആര് പറഞ്ഞുകൊടുക്കാന്‍? അവര്‍ക്ക് ചുറ്റും അലയടിക്കുന്ന സംഭാഷണങ്ങളിലൊക്കെയും അവരുടെ കുറവുകളാണ് ചൂണ്ടിക്കാട്ടുന്നത്, ശക്തികളല്ല. അവര്‍ ഇന്ന് ജീവിക്കുന്നത് ഭയന്നാണ് സൂര്യപ്രകാശത്തെ, മഴയെ, മുഖത്ത് നാമ്പിടുന്ന ചെറിയൊരു കുരുവിനെ അങ്ങനെ ഓരോന്നിനെയും.