ആ ചെറുപ്പക്കാരന്‍ പ്രതീക്ഷയോടെ എന്റെ കണ്ണുകളിലേക്ക് നോക്കി.
”സര്‍, ഇത്ര നല്ലൊരു ഉത്പന്നം സാറിന് ജീവിതത്തില്‍ കിട്ടില്ല. നമ്മുടെ ബ്ലഡ് ഷുഗര്‍ വരെ നിയന്ത്രണത്തിലാക്കുന്ന ലോകോത്തര നിലവാരമുള്ള കാപ്പിപ്പൊടിയാണ്.”
എന്റെ മുന്നിലിരുന്ന അതിമനോഹരമായ പാക്കറ്റിലേക്ക് ഞാന്‍ നോക്കി. അതിന്റെ കവറില്‍ വലിയ അക്ഷരങ്ങളില്‍ എഴുതിയിട്ടുമുണ്ട് ബ്ലഡ് ഷുഗര്‍ നിയന്ത്രണവിധേയമാക്കാന്‍ കഴിവുള്ള കാപ്പിപ്പൊടിയാണ് അതെന്ന്.
”ഇതാരാണ് താങ്കളോട് പറഞ്ഞത് കാപ്പി ബ്ലഡ് ഷുഗര്‍ നിയന്ത്രിക്കുമെന്ന്” ഞാന്‍ ചോദിച്ചു.
”എന്റെ അച്ഛന്‍ ഉപയോഗിക്കുന്നത് ഈ കാപ്പിയാണ് സര്‍, കഴിഞ്ഞ ആറു മാസമായി അദ്ദേഹത്തിന്റെ ഷുഗര്‍ പൂര്‍ണ്ണ നിയന്ത്രണത്തിലാണ്. ഇതെന്റെ വ്യക്തിപരമായ അനുഭവമാണ്.”
”അച്ഛന്‍ ഇപ്പോള്‍ ഷുഗറിന്റെ മരുന്ന് കഴിക്കുന്നുണ്ടോ.”
”ഇന്‍സുലിന്‍ എടുക്കുന്നുണ്ട്. അതിന്റെ കൂടെ കാപ്പിയും കുടിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം പരിശോധിച്ചപ്പോഴും എല്ലാം നോര്‍മലാണ്.”
ഞാന്‍ നിസ്സഹായനായി അയാളുടെ മുഖത്തേക്ക് നോക്കി. ബിരുദാനന്തരബിരുദം കഴിഞ്ഞ പയ്യനാണ്.
”ശരി, ഇതിനെന്താണ് വില”
”മൂവായിരം രൂപയേയുള്ളൂ സര്‍, അന്‍പത് കപ്പ് കാപ്പി ഉണ്ടാക്കാം. സാറായത് കൊണ്ട് എനിക്ക് രണ്ടായിരത്തി അഞ്ഞൂറ് രൂപ തന്നാല്‍ മതി.”
ഇത് പോലെ എത്രയോ ഉത്പന്നങ്ങള്‍ ആരൊക്കെ എവിടെയൊക്കെ വില്‍ക്കുന്നു.
ഇതിന്റെ ഗുണ നിലവാരം ആര് പരിശോധിക്കുന്നു. ഇവയൊക്കെ കഴിച്ചാല്‍ എന്തൊക്കെ ശരീരത്തിന് സംഭവിക്കുന്നു. മനുഷ്യന് കഴിക്കാന്‍ നല്‍കുന്ന ഇവയിലൊക്കെ അടങ്ങിയിരിക്കുന്നത് എന്താണ്? ആര്‍ക്കറിയാം. പണത്തിനോടുള്ള ആര്‍ത്തി മൂക്കുമ്പോള്‍ പറയുന്നതൊക്കെ വിശ്വസിക്കും. തരുന്നതൊക്കെ ഒന്നും നോക്കാതെ വാങ്ങിക്കഴിക്കും. അത് കാപ്പിയാകാം, ചായയാകാം, പ്രോട്ടീന്‍ പൌഡര്‍ ആകാം, ഗുളികകള്‍ ആകാം. കാശുണ്ടാക്കാനുള്ള വെഗ്രതയില്‍ നാമിതൊക്കെ തിന്നുകയും മറ്റുള്ളവരെ തീറ്റിക്കുകയും ചെയ്യും.
ഇതിലൊക്കെ അടങ്ങിയിട്ടുള്ളത് എന്താണ്? വില്‍ക്കാന്‍ വരുന്നവര്‍ക്ക് അറിയുമോ? വാങ്ങുന്നവര്‍ക്ക് അറിയുമോ? ആര്‍ക്കും എന്തും വില്‍ക്കാന്‍ സാധിക്കുന്ന ഒരു വിപണിയായി കേരളം മാറിക്കഴിഞ്ഞു. എത്ര ലളിതമായാണ് പറയുന്നത് കാപ്പി ബ്ലഡ് ഷുഗര്‍ നിയന്ത്രിക്കുമെന്ന്. വിദ്യാഭ്യാസമില്ലാത്ത ഒരു വ്യക്തിയാണ് പറയുന്നതെങ്കില്‍ കരുതാം ആരെങ്കിലും പറഞ്ഞു പറ്റിച്ചതാണെന്ന്.
രണ്ട് രൂപ പോലും വിലയില്ലാത്ത ഒരു സ്പൂണ്‍ കാപ്പിപ്പൊടിക്ക് അന്‍പത് രൂപ മുടക്കുവാന്‍ മനസ് അനുവദിക്കാത്തതു കൊണ്ടും ഇത് ശരീരത്തിനുള്ളില്‍ ചെന്നാല്‍ എന്താണ് സംഭവിക്കുന്നത് എന്ന് അറിവില്ലാത്തതു കൊണ്ടും ഞാന്‍ പതിയെ സ്‌കൂട്ടായി.
ബ്ലഡ് ഷുഗര്‍ നിയന്ത്രിക്കുവാന്‍ കാപ്പിയും കൂടെ വെറുതെ ഇന്‍സുലിനോ ഗുളികകളോ ഉപയോഗിക്കുന്നവരും കേരളത്തില്‍ ധാരാളം കാണും. കാരണം നമ്മള്‍ അങ്ങിനെയാണ്. സാക്ഷരകേരളം എന്ന് പേര് മാത്രമേ ഉള്ളൂ. പണം കിട്ടിയാല്‍ തിന്നുന്നത് എന്ത് എന്നുപോലും നോക്കില്ല. നാളെ ഈ പണം മുഴുവന്‍ ചിലവഴിച്ചാലും പോയ ആരോഗ്യം തിരികെ പിടിക്കുവാനും പറ്റില്ല.
വളരെ അടുത്ത ഒരു സുഹൃത്തിന്റെ ഫോണ്‍ വിളി. ദയവായി കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലിലേക്ക് വരണം. അദ്ദേഹത്തിന്റെ വളരെ പ്രധാനപ്പെട്ട ഒരു സുഹൃത്തിനെ പരിചയപ്പെടുത്താനാണ്.
ഞാന്‍ ഹോട്ടലിലെ എക്‌സിക്യൂട്ടീവ് ലോഞ്ചില്‍ തണുത്തു വിറച്ചിരുന്നു. എന്റെ സുഹൃത്തും സുഹൃത്തിന്റെ സുഹൃത്തും അതാ എത്തുന്നു. അദ്ദേഹം ദുബായില്‍ നിന്ന് എത്തിയതേയുള്ളു. എന്റെ സുഹൃത്ത് ഞങ്ങളെ പരസ്പരം പരിചയപ്പെടുത്തി.
വളരെ ലാഭകരമായ ഒരു ബിസിനസ് അവസരം പരിചയപ്പെടുത്താന്‍ വിളിച്ചതാണ്. രണ്ട് ലക്ഷം രൂപയോളം മാത്രമേ മുതല്‍മുടക്കുള്ളൂ. സാര്‍വ്വദേശീയ ടൂര്‍ പാക്കേജൂകള്‍ അടക്കം സ്വിസ്സ് മെയ്ഡ് വാച്ചുകളും ശരീരത്തിന്റെ മെറ്റബോളിസം വരെ ശരിയാക്കുന്ന ഉത്പന്നങ്ങളും വരെ കമ്പനിയില്‍ ഉണ്ട്. രണ്ട് സുഹൃത്തുക്കളെക്കൂടി ബിസിനസിലേക്ക് ചേര്‍ത്താല്‍ മതി. ലക്ഷങ്ങള്‍ ഒഴുകിയെത്താന്‍ തുടങ്ങും. അദ്ദേഹത്തിന്റെ അച്ഛനും കമ്പനിയുടെ ഉത്പന്നം കഴിക്കുന്നുണ്ടാകും എന്ന് ഞാന്‍ മനസ്സില്‍ വിചാരിച്ചതേയുള്ളൂ. അപ്പോഴേക്കും അതാ അദ്ദേഹം അത് പറഞ്ഞുകഴിഞ്ഞു (പിതാക്കന്മാര്‍ ഇത്തരം ഉത്പന്നങ്ങളുടെ പൊതുവായ ബ്രാന്‍ഡ് അംബാസഡര്‍മാര്‍ ആണെന്ന് തോന്നുന്നു).
ഒരു വെള്ളപേപ്പറില്‍ അദ്ദേഹം പിരമിഡ് വരച്ചു തുടങ്ങി. താഴെ നിരനിരയായി ചേരുന്നവരില്‍ നിന്നുമുള്ള ലക്ഷങ്ങള്‍ കടലാസില്‍ ചിത്രങ്ങളായി തെളിഞ്ഞു. പക്ഷേ ഒരു കുഴപ്പമുണ്ട് കമ്പനിയുടെ നിയമം അനുസരിച്ച് ഒന്‍പതരലക്ഷത്തിലധികം രൂപയില്‍ കൂടുതല്‍ ഒരാഴ്ചയില്‍ കമ്മീഷന്‍ ആയി നല്‍കാന്‍ സാധിക്കില്ല (അത് കഷ്ട്ടമായിപ്പോയി). അതുകൊണ്ട് ഓരോ ആഴ്ചയിലും താങ്കള്‍ക്ക് കിട്ടുന്ന തുക ഒന്‍പതര ലക്ഷം മാത്രമായി നിജപ്പെടുത്തിയിരിക്കുന്നു. അതില്‍ കൂടുതല്‍ തരാന്‍ കമ്പനിക്ക് നിവൃത്തിയില്ല.
ഞാന്‍ എന്റെ സുഹൃത്തിന്റെ മുഖത്തേക്ക് ദയനീയമായി നോക്കി. അദ്ദേഹം ആരാധനയോടെ സുഹൃത്ത് പറയുന്നത് കേള്‍ക്കുകയാണ്. എന്റെ ഭാഗ്യം എന്ന നിലയില്‍ അദ്ദേഹം ഇടക്കിടെ എന്നെ നോക്കി കണ്ണുകള്‍ വികസിപ്പിച്ച് പുഞ്ചിരിക്കുന്നുമുണ്ട്.
കഴിഞ്ഞ പതിനൊന്ന് വര്‍ഷങ്ങളായി ബിസിനസ് നടത്തി രാവും പകലും കഷ്ട്ടപ്പെടുന്ന എന്നോട് എന്തേ വിജയാ നമുക്കീ ബുദ്ധി നേരത്തെ തോന്നാഞ്ഞത്? എന്ന് അദ്ദേഹം ചോദിക്കുന്നത് പോലെ എനിക്ക് തോന്നി.
തടിയനങ്ങാതെ എങ്ങിനെ സുഭിക്ഷമായി ജീവിക്കാം എന്ന വിഷയത്തില്‍ ഗവേഷണത്തിന് കേരളത്തില്‍ അനന്തമായ സാധ്യതകളുണ്ട്.