ദര്‍ബാര്‍ ആര്‍ട്ട് ഗാലറിയിലേക്ക് ഞാന്‍ കടന്നു ചെല്ലുമ്പോള്‍ അവിടം ശബ്ധമുഖരിതമായിരുന്നു. വിശാലമായ ഹാളിന്റെ ചുമരില്‍ പതിച്ചു വെച്ച ചിത്രങ്ങളില്‍ നിന്നകന്ന് ചിത്രകാരന്മാര്‍ ഗാഡമായ ചര്‍ച്ചയിലായിരുന്നു. ആണ്‍കുട്ടികളും പെണ്‍കുട്ടികളുമായ നിരവധി ചിത്രകാരന്മാര്‍. അവര്‍ വരച്ച ചിത്രങ്ങളാണ് ആ വലിയ മുറി നിറച്ചും. കാന്‍വാസില്‍ കോറിയിട്ട ഭാവനകള്‍ വെളുത്ത ചുമരുകളിലൂടെ ഒഴുകിയിറങ്ങി ഒരു മലവെള്ളപാച്ചില്‍ പോലെ ഈ പ്രപഞ്ചമാകെ പരക്കുകയാണ്.
ഞാന്‍ ചുറ്റും നോക്കി. പരിചയമുള്ള ആരുമില്ല. മനോഹരങ്ങളായ ആ ചിത്രങ്ങളിലൂടെ കണ്ണും മനസ്സും ഓടിച്ച് മുന്നോട്ട് നീങ്ങുന്ന അപരിചിതരായ കുറച്ചുപേര്‍. അവര്‍ നിശബ്ദരായി ചിത്രകാരന്മാരുടെ മനസ്സുകളെ പിന്തുടരുകയാണ്. ചിത്രങ്ങളെ വായിച്ചെടുക്കുക എളുപ്പമല്ല. അതിന് ചിത്രകാരന്റെ മനസ്സും നമ്മുടെ മനസ്സുമായി താദാത്മ്യം പ്രാപിക്കേണ്ടതുണ്ട്. ആരും ആരേയും ശ്രദ്ധിക്കാതെ അതിനായി ശ്രമിച്ചുകൊണ്ടേയിരിക്കുന്നു.
ചിത്രങ്ങളില്‍ മനസ്സുടക്കിയപ്പോള്‍ പെട്ടെന്ന് അത് സംഭവിച്ചു. അഗാധമായ ഒരു ശാന്തതയിലേക്ക് ഞാന്‍ ഊര്‍ന്നിറങ്ങി. അത് അസംഭവ്യമാണ് എന്ന് പലപ്പോഴും ഞാന്‍ ഭയപ്പെട്ടിരുന്നതാണ്. പക്ഷേ ഇതാ ഈ നിമിഷത്തില്‍ തിരമാലകള്‍ സമുദ്രത്തിന്റെ ഗര്‍ഭത്തിലേക്ക് മടങ്ങിപ്പോയിരിക്കുന്നു. മൗനത്തിന്റെ സമുദ്രഗുഹയിലേക്ക് ചിന്തകള്‍ ഉള്‍വലിഞ്ഞിരിക്കുന്നു. ആരും നമ്മെ തിരിച്ചറിയാത്തൊരിടത്ത്, ആരും നമ്മോട് സംവേദിക്കാന്‍ ഇല്ലാത്തൊരിടത്ത് അത് സംഭവ്യമാണ് എന്നിതാ ഞാനിപ്പോള്‍ മനസ്സിലാക്കുന്നു.
ആള്‍കൂട്ടത്തിന് നടുവില്‍ ധ്യാനത്തിലേക്ക് ലയിക്കുക. അതൊരു ദിവ്യാനുഭവമാണ്. കണ്ണുകള്‍ കാഴ്ചയിലേക്ക് സമര്‍പ്പിക്കപ്പെട്ടിരിക്കുന്നു. കാഴ്ച ഹൃദയത്തിലേക്ക് ആനന്ദത്തെ കൂട്ടിക്കൊണ്ടുവരുന്നു. ഒരു പൂവ് ഇതള്‍ വിരിയുന്നപോലെ ഓരോ ചിത്രവും ഉള്ളില്‍ ആനന്ദം വിരിയിക്കുകയാണ്. മനസ്സിനെ വിഹല്വതകളില്‍ നിന്നും അത് മോചിപ്പിക്കുന്നു. ഇപ്പോള്‍ ഞാനിതാ മൗനത്തിന്റെ വാത്മീകത്തിനുള്ളിലാണ്. ഈ ബഹളങ്ങള്‍ക്ക് നടുവില്‍ അതൊരു അത്ഭുതമാണ്. എങ്കിലും അതിവിടെ സംഭവിച്ചിരിക്കുന്നു.
എന്റെ മനസ്സ് വലിയൊരു കാന്‍വാസ് ആയി മാറിയിരിക്കുന്നു. ഓരോ ചിത്രകാരനും അതിലേക്ക് കടുത്ത നിറങ്ങള്‍ കോരിയൊഴിച്ചു കൊണ്ടിരിക്കുകയാണ്. ചിത്രകാരാ, നിങ്ങളുടെ വിരലുകള്‍ തീര്‍ച്ചയായും ദൈവത്തിന്റെതാണ്. ദൈവമല്ലാതെ മറ്റാര്‍ക്ക് ഇങ്ങനെ വരയ്ക്കുവാന്‍ കഴിയും. മറ്റാര്‍ക്ക് അനിര്‍വ്വചനീയമായ ആനന്ദത്തിലേക്ക് കാഴ്ചക്കാരനെ നയിക്കാന്‍ കഴിയും. എന്റെ ഹൃദയം മന്ത്രിച്ചു കൊണ്ടിരുന്നു.
പെട്ടെന്ന് ഒരു കൈ എന്റെ തോളിലേക്ക് വീഴുന്നു. ആരോ പേര് ചൊല്ലി വിളിക്കുകയാണ്. അതിവിദൂരതയില്‍ നിന്നും കേട്ട ഒരു ശബ്ദം പോലെ എനിക്കതിനെ തോന്നി. ഒളിഞ്ഞിരുന്ന തിരമാലകള്‍ വര്‍ദ്ധിതശക്തിയോടെ തിരിച്ചു വന്നു. ആകാശത്തിലേക്ക് കൈകള്‍ വിരിച്ചുനില്‍ക്കുന്ന ഒരു വൃക്ഷത്തിന്റെ സ്വാസ്ഥ്യതണലില്‍ നിന്നും ഒരു കൊടുംകാറ്റിന്റെ കൈകളിലേക്ക് ഞാനിതാ എടുത്തെറിയപ്പെട്ടിരിക്കുന്നു. എന്നില്‍ നിന്നും അത്രയും നേരം ഞാന്‍ അനുഭവിച്ചു കൊണ്ടിരുന്ന സ്‌നേഹസുഗന്ധം അപ്രത്യക്ഷമായിരിക്കുന്നു. മൗനത്തിന്റെ മണ്‍കുടമിതാ ക്ഷണനേരംകൊണ്ട് ഉടഞ്ഞുപോയിരിക്കുന്നു.
സുഹൃത്തേ, നീയെന്തിനെന്നെ ഉണര്‍ത്തി. ദൈവത്തിന്റെ വിരലുകളില്‍ തൂങ്ങി ഞാന്‍ നടക്കുകയായിരുന്നല്ലോ. നീയെന്നെ നിറങ്ങളുടെ ലോകത്തുനിന്നും വലിച്ചിറക്കിയതെന്തിനാണ്? എന്നിലെ ആനന്ദത്തെ എറിഞ്ഞുടച്ചതെന്തിനാണ്? അപരിചിതരുടെ നടുവില്‍ നിശബ്ദതയിലേക്കും ധ്യാനത്തിലേക്കും പ്രവേശിക്കുക എളുപ്പമാണ്. അവിടെ ആള്‍കൂട്ടത്തിന് നടുവിലും നാം ഒറ്റക്കാണ്. എന്നാല്‍ ഒരു പരിചിതന്‍ മാത്രമേ അടുത്തുള്ളുവെങ്കിലും നാം വലിയൊരു ആള്‍കൂട്ടത്തിന് നടുവിലാണ്.
നിറഞ്ഞ ജനമുള്ള ഒരു തെരുവില്‍ കൂടി നിങ്ങള്‍ നടക്കുകയാണ് എന്ന് വിചാരിക്കുക. തികച്ചും അപരിചിതരായ ആളുകള്‍. ആരും നിങ്ങളെ തിരിച്ചറിയുന്നില്ല. ആരും നിങ്ങളോട് സംസാരിക്കുന്നില്ല. ആള്‍കൂട്ടത്തിന് നടുവില്‍ നിങ്ങള്‍ പുഴയില്‍ ഉപേക്ഷിക്കപ്പെട്ട ഒരു തോണിയാകുന്നു. നിങ്ങളുടെ അസ്ത്വിത്വം പോലും അവിടെ ചോദ്യചിഹ്നമാകുന്നു. ആദ്യമൊക്കെ നിങ്ങള്‍ നിങ്ങളോട് തന്നെ സംസാരിച്ചു കൊണ്ടിരിക്കും. ക്രമേണ ചിന്തകള്‍ ഭാരമില്ലാത്ത മേഘങ്ങള്‍ പോലെയായി പറന്നകലും. അവസാനം ഒരു ശലഭത്തിന്റെ ചിറകടിപോലെ മൗനം നിശബ്ദമായി കടന്നുവരും. നിങ്ങള്‍ പോലുമറിയാതെ നിങ്ങള്‍ ധ്യാനത്തിലേക്ക് മെല്ലെ പ്രവേശിക്കും. ഇലത്തുമ്പില്‍ നിന്നും ഇറ്റുവീഴുന്ന ജലകണം മണ്ണിനെ സ്പര്‍ശിക്കുന്നതിന് മുന്‍പുള്ള സ്വാതന്ത്ര്യം നിങ്ങള്‍ അനുഭവിക്കും.
അപരിചിതമായവര്‍ നമുക്ക് ആനന്ദം നല്‍കുന്നത് എത്ര മഹത്തരമായ പ്രവര്‍ത്തിയാണ്.