അയാള്‍ എന്റെ മുന്നില്‍ വന്നിരുന്നപ്പോള്‍ ഞാന്‍ ഒന്നു ഞെട്ടി. ഏകദേശം ആറടിയില്‍ കൂടുതല്‍ ഉയരമുള്ള കരിങ്കല്ലില്‍ കടഞ്ഞെടുത്ത പോലൊരു രൂപം. തലയില്‍ ഒറ്റ രോമം പോലുമില്ല. ജീവിതത്തില്‍ ആദ്യമായി ഒരു നീഗ്രോയെ നേരില്‍ കാണുകയാണ്.
അയാള്‍ ചിരിച്ചു എന്റെ നേര്‍ക്ക് കൈകള്‍ നീട്ടി ”ഞാന്‍ ഹെന്റി. നൈജീരിയയില്‍ നിന്നാണ്” നല്ല ഇംഗ്ലീഷില്‍ അയാള്‍ പറഞ്ഞു. കാരിരുമ്പ് പോലുള്ള ആ കൈകളില്‍ പിടിച്ച് ഞാന്‍ കുലുക്കി.
ആദ്യമായി കൊച്ചിയില്‍ നിന്നും ബോംബെയിലേക്ക് നടത്തിയ ട്രെയിന്‍ യാത്രയിലാണ് അങ്ങിനെ ഹെന്റിയെ പരിചയപ്പെടുന്നത്. സമയം റെയില്‍പാളം പോലെ നീണ്ടുനിവര്‍ന്ന് മുന്നില്‍ കിടക്കുന്നതു കൊണ്ട് ആ ട്രെയിന്‍ യാത്ര ബോംബൈയില്‍ അവസാനിച്ചപ്പോഴേക്കും ഞങ്ങള്‍ നല്ല സുഹൃത്തുക്കളായിക്കഴിഞ്ഞു. വളരെ സരസനായ വ്യക്തി. അയാളെ പരിചയപ്പെടുന്ന ആര്‍ക്കും ഒരിഷ്ട്ടം തോന്നും.
ബോംബൈയില്‍ ഇറങ്ങി യാത്ര പറഞ്ഞു പിരിയുന്നതിന് മുന്‍പ് രണ്ടുപേരും ഫോണ്‍ നമ്പറുകള്‍ പരസ്പരം കൈമാറി. നാട്ടില്‍ മടങ്ങിയെത്തിയാല്‍ തീര്‍ച്ചയായും വിളിക്കും എന്ന് പറഞ്ഞാണ് ഹെന്റി പിരിഞ്ഞത്. ആ അദ്ധ്യായം അവിടെ അവസാനിച്ചു എന്ന് ഞാന്‍ കരുതി. ഹെന്റി ഇതൊന്നും ഓര്‍ക്കുകയോ വിളിക്കുകയോ ചെയ്യില്ല എന്നു തന്നെ ഞാന്‍ വിശ്വസിച്ചു.
മാസങ്ങള്‍ കടന്നുപോയി. ഈ സംഭവങ്ങള്‍ മനസില്‍ നിന്നും മാഞ്ഞേ പോയി. ജോലിയുടെ തിരക്കിനിടയില്‍ ഒരു ദിവസം ആ വിളി എത്തി. മറുതലക്കല്‍ നൈജീരിയയില്‍ നിന്നും ഹെന്റി. വിശേഷങ്ങള്‍ പരസ്പരം കൈമാറിയതിനു ശേഷം ഹെന്റി പറഞ്ഞു. ‘ എന്റെ ഒരു സുഹൃത്ത് ഹാരി ബിസിനസ് ആവശ്യങ്ങള്‍ക്കായി കൊച്ചിയിലേക്ക് വരുന്നു. വേണ്ട സൗകര്യങ്ങള്‍ ചെയ്ത് കൊടുക്കണം. അവന്‍ അവിടെയെത്തി ബാക്കി കാര്യങ്ങള്‍ സംസാരിക്കും.”
ഹെന്റിയുടെ സുഹൃത്താണ്, നൈജീരിയയിലെ വലിയ ബിസിനസുകാരനാണ്. ഒരു കുറവും ഉണ്ടാകുവാന്‍ പാടില്ല. ഞാന്‍ ഹോട്ടല്‍ മുറി ബുക്ക് ചെയ്തു. എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ ഹാരി എത്തിച്ചേര്‍ന്നു. എന്നെ കണ്ടപ്പോള്‍ എന്തെന്നില്ലാത്ത സന്തോഷം. ഓടിവന്ന് കെട്ടിപ്പിടിച്ചു. ഹെന്റിയോടുള്ള അതേ വാത്സല്യം ഹാരിയോടും ഞാന്‍ കാണിച്ചു. രണ്ട് ദിവസം ഹാരിയെ ഞാന്‍ കൊച്ചി മുഴുവന്‍ കൊണ്ടുനടന്നു കാണിച്ചു.
ഓണത്തിന്റെ സമയമാണ്. തിരുവോണത്തിന്റെ അന്ന് ഹാരിയേയും കൂട്ടി ഞാന്‍ വീട്ടില്‍ എത്തി. ആദ്യമായി ഒരു നീഗ്രോയെ കണ്ട അതിശയവും സന്തോഷവും എന്റെ വീട്ടുകാര്‍ക്ക്. എന്റെ കുടുംബത്തോടൊപ്പം വാഴയിലയില്‍ ജീവിതത്തില്‍ ആദ്യമായി ഹാരി ഓണസദ്യയുണ്ടു. സ്പൂണുമായി ഇലയില്‍ ഹാരി നടത്തുന്ന മല്‍പ്പിടിത്തം രസകരമായിരുന്നു. ഞാനും കുടുംബവും അങ്ങനെ ആദ്യമായി ഒരു വിദേശിയോടൊപ്പം സദ്യ കഴിച്ചു.
അന്ന് രാത്രി തമ്മില്‍ കണ്ടപ്പോള്‍ ഹാരി ആഗമനോദ്ദേശം വെളിപ്പെടുത്തി. നാട്ടിലെ വലിയൊരു രാഷ്ട്രീയകാരന്റെ മകനാണ് ഹാരി. ധാരാളം പണം കൈവശമുണ്ട്. അത് നാട്ടില്‍ സൂക്ഷിക്കുന്നത് വലിയ അപകടമാണ്. അതുകൊണ്ട് ആ പണം മറ്റേതെങ്കിലും നാട്ടില്‍ സുരക്ഷിതമായി എത്തിക്കണം. ഹെന്റിയാണ് എന്റെ കാര്യം പറഞ്ഞത്. ഇന്ത്യയില്‍ പണം എത്തിക്കുവാനുള്ള എല്ലാ കാര്യങ്ങളും അവര്‍ ചെയ്യും. എംബസിയുടെ ഡിപ്ലോമാറ്റിക് ബാഗിലായിരിക്കും പണം എത്തുക. ഡിപ്ലോമാറ്റിക് ബാഗായത് കൊണ്ട് പരിശോധനകള്‍ ഒന്നും ഉണ്ടാകില്ല. എന്റെ ജോലി ഈ പണം വാങ്ങിക്കുക എന്നതാണ്. നല്ലൊരു കമ്മീഷന്‍ എനിക്ക് ലഭിക്കും.
ആദ്യമായിട്ടാണ് ഇതൊക്കെ കേള്‍ക്കുന്നത്. തുക കേട്ടപ്പോള്‍ ഞാനൊന്ന് ഞെട്ടി. മനസില്‍ ഒരു ലഡ്ഡു പൊട്ടി. ഇനിയൊരു പണിക്കും പോകേണ്ടതില്ല. അഞ്ചു തലമുറക്കെങ്കിലും കഴിയുവാനുള്ള തുക കൈയ്യില്‍ കിട്ടും. അന്നത്തെ രാത്രി ദിവാസ്വപ്നങ്ങളുടേതായിരുന്നു. അന്ന് ഞാന്‍ സഞ്ചരിക്കാത്ത രാജ്യങ്ങളില്ല. അനുഭവിക്കാത്ത ആര്‍ഭാടങ്ങളില്ല. അന്നത്തെ രാത്രിപോലൊരു രാത്രി ജീവിതത്തില്‍ പിന്നീട് ഉണ്ടായിട്ടുമില്ല.
പിറ്റേന്ന് രാവിലെ നൈജീരിയയില്‍ നിന്നും ഹെന്റിയുടെ അടുത്ത വിളിയെത്തി. ഹാരി ഇന്ന് രാത്രി തിരിച്ചു പോരും. ഹാരിയുടെ കയ്യില്‍ ഒരു പതിനായിരം രൂപ കൊടുക്കണം. കോടീശ്വര പുത്രനായ ഹാരിക്ക് എന്തിന് എന്റെ പതിനായിരം രൂപ? കൊച്ചിയില്‍ വന്ന് എന്റെ പണത്തിന് ഉണ്ടുറങ്ങി, നാടൊക്കെ ചുറ്റി ഇനി തിരിച്ചു പോകുമ്പോള്‍ പോക്കറ്റ് മണിയും ഞാന്‍ കൊടുക്കണം. എനിക്ക് എന്തോ പന്തികേട് മണുത്തു. അതുകൊണ്ട് ആ കോടീശ്വരന്‍ കൊച്ചിയില്‍ നിന്നും വെറും കൈയ്യോടെ മടങ്ങി. സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ എന്റെ സ്വപ്നങ്ങളുടെ അസ്ഥികൂടങ്ങളും കുഴിച്ചിട്ട് ഞാനും പഴയ ജോലിയിലേക്ക് മടങ്ങി. ഒരു നിമിഷം കൊണ്ടല്ലേ നെയ്തുകൂട്ടിയ സ്വപ്നങ്ങള്‍ തകര്‍ന്നടിഞ്ഞത്.
എന്നെയാര്‍ക്കും പറ്റിക്കാനാകില്ല എന്ന അഹംഭാവം അതോടെ അസ്തമിച്ചു. പക്ഷേ ഈ അനുഭവം ജീവിതത്തില്‍ വലിയൊരു പാഠമായി. പലരും പല രൂപത്തില്‍, പല വേഷത്തില്‍ നമുക്കരികില്‍ എത്തുന്നുണ്ട്. നിതാന്തമായ ജാഗ്രത പുലര്‍ത്തിയില്ലെങ്കില്‍ നാം കബളിക്കപ്പെടാം. നാമെത്ര ബുദ്ധിമാന്മാര്‍ ആയിട്ടും കാര്യമില്ല. പ്രലോഭനങ്ങളില്‍ കാലിടറി വീഴുവാന്‍ സാദ്ധ്യത വളരെ അധികമാണ്.