നമ്പി നാരായണന്റെ ആത്മകഥയിലൂടെ സഞ്ചരിക്കുകയാണ്. ഓര്‍മ്മകളുടെ ഭ്രമണപഥത്തിലൂടെയുള്ള ആ യാത്ര വേറിട്ട ഒരനുഭവമാകുന്നു. ആ യാത്രയില്‍ മനസില്‍ തട്ടിയ ഒരു അനുഭവം അദ്ദേഹത്തിന്റെ വാക്കുകളില്‍ തന്നെ വിവരിക്കാം.
”മൂന്ന് മേശകള്‍ക്ക് ചുറ്റുമിരുന്നുള്ള റിസര്‍ച്ച് പരിപാടികള്‍ പൊടി പൊടിച്ചു. TERLS വളര്‍ച്ചയുടെ പടികള്‍ കയറിത്തുടങ്ങി. അങ്ങനെയിരിക്കെ ഒരുദിനം ഞാനൊരു ഡിസൈന്‍ രൂപപ്പെടുത്തുകയായിരുന്നു, പൈറോ കട്ടിംഗ് ഡിവൈസ്.
റോക്കറ്റിന്റെയും വിമാനത്തിന്റെയുമൊക്കെ ഉള്ളിലുള്ള പാരച്യൂട്ടുകളില്‍ ഉപയോഗിക്കുന്ന കേബിള്‍ കട്ടര്‍. കയറുകള്‍ എമര്‍ജന്‍സിയായി മുറിക്കുന്ന ഡിവൈസാണ് പൈറോ കട്ടിംഗ് ഡിവൈസ്. ഇത് പരീക്ഷണ വിമാനങ്ങളിലും പിന്നെ പറന്നുയര്‍ന്ന എല്ലാ റോക്കറ്റുകളിലും ഉപയോഗിച്ചുവരുന്ന ഡിവൈസാണ്. ഇതിന്റെ ഡിസൈന്‍ എന്റെതാണ്.
അന്നൊരിക്കല്‍ അതിന്റെ എക്‌സ്‌പ്ലോസീവ് ബോള്‍ട്ട് ഡിസൈന്‍ ചെയ്യുന്ന സമയം മുറിയിലേക്ക് ഒരാള്‍ കടന്നുവന്നു. വെളുത്ത കുര്‍ത്തയും പൈജാമയും കോലാപ്പൂരി ചെരുപ്പും ധരിച്ച തേജസ്വിയായ ഒരാള്‍. അദ്ദേഹം എനിക്കരികിലേക്ക് നടന്നുവന്നു. പിന്നാലെ കലാം സാറും സത്യയും എച്ച്.ജെ.എസ്. മൂര്‍ത്തി സാറും. അദ്ദേഹത്തിന്റെ പിന്നില്‍ നിന്ന കലാം സാര്‍ എന്നെ കൈ കൊണ്ട് ആംഗ്യം കാണിച്ചു. എഴുന്നേറ്റുനില്‍ക്കാന്‍. എനിക്ക് പക്ഷേ അത് മനസിലായില്ല. വന്നയാളെ എനിക്ക് പരിചയവുമില്ല.
അയാള്‍ എന്റെ അരികില്‍ വന്നുനിന്ന് ഞാന്‍ വരക്കുന്നത് സൂഷ്മമായി നോക്കിനിന്നു. ഞാനതൊന്നും ശ്രദ്ധിക്കാതെ ഗൗരവമായി തുടര്‍ന്നു. കുറച്ചുനേരം കഴിഞ്ഞ് കൗതുകത്തോടെ ചോദിച്ചു.
”നിങ്ങള്‍ എന്താണ് ഉണ്ടാക്കുന്നത്”
ഞാന്‍ നിവര്‍ന്ന് നോക്കി. എന്നിട്ട് വിശദീകരിച്ചു.
ഇത് ഒരു എക്‌സ്‌പ്ലോസീവ് ബോള്‍ട്ട് ആണെന്നും പൈറോടെക് ഡിവൈസിന് വേണ്ടിയാണെന്നും പറഞ്ഞു. അപ്പോള്‍ അദ്ദേഹത്തിന്റെ മുഖം പ്രസന്നമാകുന്നത് ഞാന്‍ തിരിച്ചറിഞ്ഞു. പക്ഷേ പിന്നില്‍നിന്ന് ആംഗ്യം കാട്ടുന്ന കലാം സാറും സത്യയും വല്ലാതെ പരിഭ്രമിക്കുന്നതായി എനിക്ക് തോന്നി. എന്റെ ജോലിക്കിടയില്‍ വന്നു ഇങ്ങനെ ചോദിക്കുന്ന ആള്‍ ആരെന്ന് ചോദിക്കാന്‍ എനിക്ക് തോന്നി.
ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു.
”നിങ്ങള്‍ ആരാണ്”
അദ്ദേഹം ചെറുപുഞ്ചിരിയോടെ പറഞ്ഞു.
”They call me Vikram’
എനിക്ക് വിക്രം എന്നൊരാളെ അറിയില്ലായിരുന്നു. വല്ല കേന്ദ്രമന്ത്രിയോ മറ്റോ ആയിരിക്കുമെന്ന് കരുതിയ ഞാന്‍ ചോദിച്ചു. എന്തു ചെയ്യുന്നു എന്ന്. അപ്പോള്‍ അദ്ദേഹം പറഞ്ഞു. ഞാന്‍ ഈ ഓര്‍ഗനൈസേഷന്റെ ചെയര്‍മാനായി ജോലിചെയ്യുന്നുവെന്ന്. അല്‍പ്പനേരം കസേരയില്‍ ഞാന്‍ ഒട്ടിപ്പിടിച്ചുപോയി. കണ്ണുകള്‍ പുറത്തേക്ക് തള്ളി. കാണാന്‍ കാത്തിരുന്ന, ബഹുമാനത്തോടെ മനസില്‍ കൊണ്ടുനടന്ന വിക്രം സാരാഭായി ആണ് മുന്നില്‍ നില്‍ക്കുന്നത്.”
ഇന്ത്യന്‍ ബഹിരാകാശ പദ്ധതിയുടെ പിതാവ് എന്നറിയപ്പെടുന്ന ആ മനുഷ്യന്‍ നിങ്ങള്‍ ആരാണ് എന്ന ചോദ്യത്തിന് പറഞ്ഞ ഉത്തരം ”അവര്‍ എന്നെ വിക്രം എന്ന് വിളിക്കുന്നു” എന്നായിരുന്നു. സമാനതകളില്ലാത്ത ഒരു വ്യക്തിത്വമായിരുന്നു വിക്രം സാരാഭായി എന്ന ജീനിയസ്. എന്നും എളിമയും സ്‌നേഹവും കരുതലും സൂക്ഷിച്ച ഒരു മഹാമനുഷ്യന്‍.
നേതാക്കള്‍ വിക്രം സാരാഭായിയെ കണ്ടുപഠിക്കണം. ഔന്നത്യത്തില്‍ നില്ക്കുമ്പോഴും തന്റെ എളിമ കൈവെടിയാതെ പെരുമാറാന്‍ കഴിയുന്ന നേതാക്കള്‍ വളരെ വിരളമാണ്. അധികാരം ഭരിക്കാനുള്ള അവകാശമാണ് എന്ന് കരുതുന്നവര്‍ തങ്ങള്‍ക്ക് മേലെ മറ്റാരും ഇല്ല എന്ന ധാര്‍ഷ്ട്യത്തിലേക്ക് അ:ധപതിക്കുന്നു. അവര്‍ അഭിരമിക്കുന്നത് അവരവരുടെ പദവികളുടെ പളപളപ്പിലാണ്. പദവി ഒരു അലങ്കാരമായി അവര്‍ കരുതുന്നു. അധികാരം അവരെ ദുഷിപ്പിക്കുന്നു.
ഇന്നത്തെ നേതാക്കളുടെ റോള്‍ മോഡലുകള്‍ വിക്രം സാരാഭായിയെപ്പോലുള്ളവരോ എ പി ജെ അബ്ദുല്‍ കലാമിനെപ്പോലുള്ളവരോ ഒന്നുമില്ല. ഔന്നത്യം കൂടുംതോറും എളിമയല്ല ഇന്ന് വര്‍ദ്ധിക്കുന്നത് മറിച്ച് ധാര്‍ഷ്ട്യമാണ്. അധികാരത്തിലുള്ളവന്‍ ജന്മിയും മറ്റുള്ളവര്‍ കുടിയാനും ആകുന്ന അവസ്ഥ. വ്യവസ്ഥിതി മാറിയിട്ടും കാലം മാറിയിട്ടും അത് ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ തുടരുകയാണ്.
മനുഷ്യകുലം നിലനില്‍ക്കുന്നിടത്തോളം കാലം വിക്രം സാരാഭായിയെപ്പോലുള്ള അപൂര്‍വ്വ വ്യക്തിത്വങ്ങള്‍ ഓര്‍മ്മിക്കപ്പെടും. എളിമയുള്ളവര്‍ മനുഷ്യമനസില്‍ പ്രതിഷ്ട്ടിക്കപ്പെടും. അല്ലാത്തവര്‍ ചവറ്റുകുട്ടകളിലും. കാലം അതാണ് നമുക്ക് പറഞ്ഞു തരുന്നത്.