കോട്ടയത്തു നിന്നും എറണാകുളത്തേക്കുള്ള ട്രെയിനില്‍ ഇരിക്കുമ്പോള്‍ അയാളുടെ മനസ് ആകെ അസ്വസ്ഥമായിരുന്നു. ജീവിതത്തിലെ വലിയൊരു പ്രതിസന്ധിയെ അഭിമുഖീകരിക്കുകയായിരുന്നു അയാളപ്പോള്‍. ഉണ്ടായിരുന്ന ജോലി നഷ്ട്ടപ്പെട്ടു. ഇനിയെന്ത് ചെയ്യണം എന്നതിന് യാതൊരു രൂപവുമില്ല. മനസ് കഠിനമായ വ്യഥയില്‍ വെന്തുരുകുന്നു.
വീട്ടില്‍ അയാള്‍ക്ക് വലിയ ഉത്തരവാദിത്വങ്ങളുണ്ട്. പ്രായമായ അച്ഛനും അമ്മയും അയാള്‍ക്കൊപ്പമാണ് കൂടാതെ ഭാര്യയും കുട്ടിയും. വീടിന്റെ വായ്പ്പയും മറ്റ് ബാദ്ധ്യതകളും പുറമേ. ഓര്‍ക്കുമ്പോള്‍ അയാള്‍ക്ക് ഭ്രാന്തു പിടിക്കുന്നതു പോലെ തോന്നി. അയാള്‍ തന്റെ ഇരുകൈകളും കൊണ്ട് തലയില്‍ അമര്‍ത്തിപ്പിടിച്ചു. തന്റെ ജീവിതത്തിന്റെ ഏറ്റവും വലിയ നിര്‍ണ്ണായകാവസ്ഥയിലൂടെയുള്ള ആ യാത്ര അയാളെ ആകെ ഉലച്ചു.
മുന്നില്‍ ഇനി ആത്മഹത്യ അല്ലാതെ മറ്റൊരു വഴിയില്ല എന്നയാള്‍ മനസ് വെന്തുരുകുന്ന ദുഃഖത്തോടെ ആലോചിച്ചു. തന്നെ മാത്രം ആശ്രയിച്ചു കഴിയുന്ന കുടുംബത്തില്‍ തന്റെ ജോലി പോയ വാര്‍ത്ത ഉണ്ടാക്കുന്ന പ്രത്യാഘാതം അയാള്‍ക്ക് ഊഹിക്കാം. ജീവിതം അവസാനിപ്പിക്കുക തന്നെയാണ് ഉത്തമം. വേദനകളില്ലാത്ത, ഉത്തരവാദിത്വങ്ങളില്ലാത്ത ഒരു ലോകത്തേക്കുള്ള യാത്ര ഈ യാതനകളില്‍ നിന്ന് തനിക്ക് ശാശ്വതമായ ഒരു വിടുതല്‍ നല്കും. ഒന്ന് ദീര്‍ഘമായി നിശ്വസിച്ച് അയാള്‍ തന്റെ ഇരിപ്പിടത്തില്‍ ചാരിയിരുന്ന് കണ്ണുകള്‍ ചേര്‍ത്തടച്ചു.
വണ്ടി എറണാകുളം സ്റ്റേഷനില്‍ എത്തി. ഒരു സ്വപ്നാടകനെപ്പോല്‍ അയാള്‍ കവാടത്തിലേക്ക് നടന്നു. അയാളുടെ ചിന്തകള്‍ക്ക് കൃത്യമായ ഒരു രൂപം ഉണ്ടായിരുന്നില്ല. ഈ ഭൂമി തനിക്കന്യമായ ഒന്നാണ് എന്നയാള്‍ നേരത്തേ തീരുമാനിച്ചിരുന്നല്ലോ. തിരക്കിട്ട് പായുന്ന നൂറുകണക്കിന് ആളുകള്‍ക്കിടയില്‍ വായുവിലൂടെ ഒഴുകി നീങ്ങുന്നപോലെ അയാള്‍ സ്റ്റേഷന്റെ പുറത്തേക്കിറങ്ങി.
ഒരു ചെറിയ കുട്ടി അയാള്‍ക്ക് മുന്നിലേക്ക് ഓടി വന്നു. തന്റെ കൈകള്‍ അയാള്‍ക്ക് നേരെ ഉയര്‍ത്തിപ്പിടിച്ച് അവന്‍ ഭിക്ഷ യാചിച്ചു. യാന്ത്രികമായി അയാള്‍ തന്റെ കൈകള്‍ പോക്കറ്റിലേക്കിട്ട് കയ്യില്‍ തടഞ്ഞ ഒന്നു രണ്ട് നാണയത്തുട്ടുകള്‍ അവന്റെ കൈകളിലേക്ക് ഇട്ടുകൊടുത്തു. അവന്‍ അയാളെ നോക്കി മനോഹരമായി ചിരിച്ചു. പിന്നീട് അയാളെ അത്ഭുതപ്പെടുത്തികൊണ്ട് തന്റെ കൈയിലിരുന്ന ഒരു ചെറിയ മിഠായി അവന്‍ അയാള്‍ക്ക് നേരെ നീട്ടി.
അവന്റെ കയ്യില്‍ നിന്നും അയാള്‍ ആ മിഠായി വാങ്ങിച്ചു. അവന്റെ ചുണ്ടുകളില്‍ വിടര്‍ന്നു നിന്ന നിഷ്‌കളങ്കത അയാളുടെ മുഖത്തും ഒരു പുഞ്ചിരി വിരിയിച്ചു. അവന്‍ തിരിഞ്ഞു സ്റ്റേഷന്റെ ഒരു വശത്ത് തൂണും ചാരിയിരിക്കുന്ന തന്റെ അമ്മയുടെ അരികിലേക്ക് ഓടിപ്പോയി. അയാളുടെ ചിന്തകളില്‍ പിന്നീട് അവന്‍ മാത്രമാണ് ഉണ്ടായിരുന്നത്. ബസ്സില്‍ വീട്ടിലേക്ക് സഞ്ചരിക്കുന്ന സമയത്ത് അയാള്‍ ചിന്തിച്ചത് മുഴുവന്‍ അപരിചിതനായ ആ ബാലനെക്കുറിച്ചായിരുന്നു.
തന്റെ ജോലി പോയ കാര്യമോ, ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ച കാര്യമോ അയാള്‍ പെട്ടെന്ന് മറന്നു പോയി. ആ ചിന്തകള്‍ക്ക് മേലെ മറ്റൊരു ചിന്ത അധീശത്വം സ്ഥാപിച്ചു. തന്റെ നീണ്ട ട്രെയിന്‍ യാത്രയില്‍ ചിന്തിച്ചു കൂട്ടിയതൊക്കെ ആ ബാലനെക്കുറിച്ചുള്ള ചിന്തയില്‍ അയാള്‍ക്ക് നഷ്ട്ടപ്പെട്ടു. വീട്ടില്‍ ചെന്നു കയറുമ്പോള്‍ അയാള്‍ ശാന്തനായിരുന്നു. പിറ്റേദിവസം മുതല്‍ അയാള്‍ പുതിയൊരു ജോലി അന്വേഷിച്ചു. ഒരാഴ്ച്ചക്കുള്ളില്‍ അയാള്‍ പുതിയ ജോലിയില്‍ പ്രവേശിച്ചു. ജീവിതം വീണ്ടും ആഹ്‌ളാദഭരിതമായി.
ഒരു ചിന്തയും ശാശ്വതമല്ല. ഒന്നും നിലനില്‍ക്കുന്നുമില്ല. നാം എടുക്കുന്ന പല തീരുമാനങ്ങളും നൈമിഷികങ്ങളാണ്. തൊട്ടടുത്ത നിമിഷം സംഭവിക്കുന്ന എന്തെങ്കിലും ഒന്ന് അതിനെ മാറ്റിമറിക്കും. കഠിനമായ നിരാശയില്‍ മുഴുകുമ്പോള്‍ നാം ഒറ്റക്കിരിക്കുവാന്‍ ഇഷ്ട്ടപ്പെടുന്നു (ഇത് തന്നെ വൈരുദ്ധ്യമാണ് നിരാശയില്‍ നാം ”ഇഷ്ട്ടപ്പെടുന്ന” ഒന്ന്). ഒറ്റക്കിരുന്ന് ചിന്തിക്കുമ്പോള്‍ ചിന്തകള്‍ തീവ്രമാകുന്നു. നമ്മെ ഭ്രാന്തതതയിലേക്ക് നയിക്കുന്നു.
നിരാശ മനസില്‍ നിഴല്‍ മൂടുമ്പോള്‍ നാം പുറത്തേക്കിറങ്ങുക. ഇഷ്ട്ടപെട്ട എന്തെങ്കിലും ചെയ്യുക. ഇഷ്ട്ടപ്പെട്ടവരുമായി സമയം ചിലവഴിക്കുക. അപ്പോള്‍ കടന്നു വരുന്ന നല്ല ചിന്തകള്‍ മറ്റ് ചിന്തകളുടെ തീവ്രതയെ ഇല്ലാതെയാക്കും. നിരാശ ചിന്തകളെ നല്ല ചിന്തകള്‍ കൊണ്ട് കഴുകിക്കളയാന്‍ നമുക്ക് കഴിയും. അത് ഒറ്റക്കിരുന്ന് ചിന്തിച്ചാല്‍ കഴിയില്ല. ചിലപ്പോള്‍ ഒരു പാട്ട് കേള്‍ക്കുന്നത്, കളിക്കുന്നത്, സിനിമ കാണുന്നത്, കുട്ടികളുമായി സമയം ചിലവിടുന്നത് ഇതെല്ലാം നമ്മുടെ ചിന്തകളെ മാറ്റിമറിക്കും. ചിന്തകളെ കൂടുകൂട്ടുവാന്‍ അനുവദിക്കാതിരിക്കുക തന്നെ മാര്‍ഗ്ഗം. ജീവിതം നഷ്ട്ടപ്പെട്ടു എന്ന തോന്നലില്‍ നിന്നും ജീവിതം കൂടുതല്‍ മനോഹരമായി എന്നതിലേക്ക് ഒരു ചെറിയ ചിന്തയുടെ ദൂരം മാത്രമേ ഉള്ളൂ.
ഇനി ദുഃഖം വരുമ്പോള്‍. നിരാശ മനസില്‍ തളം കെട്ടുമ്പോള്‍. പുറത്തേക്കിറങ്ങുക ഈ വിശാലമായ ലോകത്തിലേക്ക് മനസ് തുറന്നിടുക. പുതിയ ചിന്തകള്‍ക്ക് ഇടം നല്കുക. വലിയൊരു മാന്ത്രികനാണ് ദൈവം. ഒരു ചെറുചിന്തയാല്‍ തേങ്ങലും ചിരിയും വിരിയിക്കുന്ന മായാജാലക്കാരന്‍.