ടീച്ചറിന്റെ കണ്ണിന് ഓപ്പറേഷന്‍ വേണം. അതിന്റെ കാശ് ഞാന്‍ കൊടുക്കാം എന്ന് പറഞ്ഞിട്ടുണ്ട്” അമ്മ എന്നോട് പറയുകയാണ്. അമ്മയുടെ അടുത്ത സുഹൃത്ത് ആയ ടീച്ചറിന്റെ കാര്യമാണ്. ഞാന്‍ മറുത്തൊന്നും പറയുകയില്ല എന്ന് അമ്മക്കറിയാം എങ്കിലും എന്നോട് പറയാതെ ഒന്നും ചെയ്യാറില്ല.
ഞാനൊന്നും മിണ്ടിയില്ല. അമ്മക്കറിയാം എന്റെ മൗനം സമ്മതത്തിന്റെ ലക്ഷണമാണ്. പൊതുവേ അമ്മ ചെയ്യണം എന്നു പറയുന്ന കാര്യങ്ങളില്‍ ഞാന്‍ എതിരഭിപ്രായങ്ങള്‍ പറയാറില്ല. ഞാന്‍ മാത്രമല്ല ഭാര്യയും മകളും അങ്ങിനെ തന്നെയാണ്. അച്ഛന്‍ മരിച്ചതിന് ശേഷവും അമ്മക്ക് വീട്ടിലുള്ള സ്വാതന്ത്ര്യത്തിനോ അവകാശങ്ങള്‍ക്കോ ഒരു കുറവും വരരുത് എന്ന് ഞങ്ങള്‍ എടുത്ത തീരുമാനമാണ്. അതങ്ങിനെ നടന്നു പോകുന്നു.
അമ്മ ജനിച്ചത് ഒരു പാവപ്പെട്ട കുടുംബത്തിലായിരുന്നു. സ്വന്തം പ്രയത്‌നത്താല്‍ പഠിച്ചു ടി ടി സി എടുത്തു ഒരു പ്രൈമറി സ്‌കൂള്‍ അദ്ധ്യാപികയായി. പിന്നീട് അവിടത്തെ ഹെഡ്മിസ്ട്രസ്സ് ആയി പെന്‍ഷന്‍ പറ്റി. ഞങ്ങളുടെ പകലും രാത്രികളുമെല്ലാം അമ്മയെ ചുറ്റിപറ്റി തന്നെയായിരുന്നു.
ജീവിതത്തിന്റെ പല പ്രതിസന്ധി ഘട്ടങ്ങളിലും അമ്മയുടെ അസാധാരണ ധൈര്യം ഞങ്ങളെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. അച്ഛന് കാന്‍സര്‍ ആണെന്ന് സ്ഥിതീകരിച്ച സമയം തളര്‍ന്നു പോയ ഞങ്ങളെ കൂട്ടിപ്പിടിച്ച് അച്ഛനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന അമ്മയുടെ മനോസ്ഥിരതയും പോരാട്ടവീര്യവും പിന്നീട് പലപ്പോഴും ആലോചിക്കുമ്പോള്‍ എന്നെ ഞെട്ടിച്ചിട്ടുണ്ട്.
ഓരോ വീട്ടിലും അമ്മയുണ്ട്. കുടുംബത്തിന്റെ വെളിച്ചമായി, മാര്‍ഗ്ഗദീപമായി അതങ്ങനെ തെളിഞ്ഞു നില്‍ക്കുന്നു. എന്താണ് എന്ന് നിര്‍വ്വചിക്കാന്‍ കഴിയാത്ത, അതി നിഗൂഡമായ ഒരു ഊര്‍ജ്ജപ്രവാഹമാണ് അമ്മ. ഒരു വീടിന്റെ തൂണിലും തുരുമ്പിലും ദൈവമല്ല അമ്മയാണ് നിറഞ്ഞു നില്‍ക്കുന്നത്. സാമാന്യമായ ഒരു വിശേഷണങ്ങളും യോജിക്കാത്ത അത്യസാധാരണമായ ഒരു പ്രതിഭാസമായി അമ്മ എന്ന രണ്ടക്ഷരം ഈ പ്രപഞ്ചത്തില്‍ നിലകൊള്ളുന്നു.
അമ്മയെ നാം ശ്രദ്ധിച്ചിട്ടുണ്ടോ? സംശയമാണ്. ഇത്തരമൊരു വ്യക്തിത്വം ലോകത്തില്‍ മറ്റൊന്നുമില്ല. ഒരു ദിവസം അമ്മ കടന്നു പോകുന്ന പാത നാം ഒന്ന് ശ്രദ്ധിച്ചാല്‍ ഈ അസാധാരണത്വം നമുക്ക് ബോദ്ധ്യമാകും. സൂര്യന് മുന്നേ ഉണര്‍ന്ന് എല്ലാവരും കിടന്നു കഴിഞ്ഞു പായയിലേക്ക് ചായുന്ന അമ്മയെന്ന സ്ത്രീയെ ഒരു ചായത്തിനും കാന്‍വാസിലേക്ക് പകര്‍ത്തുവാന്‍ സാധിക്കുകയില്ല. ജീവിതത്തിന്റെ ഓരോ പരീക്ഷണങ്ങളേയും എത്രമാത്രം മെയ് വഴക്കത്തോടെ, തന്മയത്വത്തോടെ, ആത്മധൈര്യത്തോടെയാണ് ആ സ്ത്രീ നേരിടുന്നത്.
നാം തളര്‍ന്നു പോകുന്ന സമയങ്ങളില്‍ നമുക്കരികില്‍ സ്വാന്തനമായി, കൈപിടിച്ച് നമ്മെ മെല്ലെ ഉയര്‍ത്തിക്കൊണ്ടു വരുന്നതില്‍ അമ്മ കാണിക്കുന്ന സാമര്‍ത്ഥ്യം ചെറുതല്ല. കുടുംബത്തിലെ ഓരോ വ്യക്തിയേയും ഇത്രമാത്രം മനസിലാക്കിയ മറ്റൊരാള്‍ ഉണ്ടാവില്ല. ഓരോരുത്തരുടെ ഇഷ്ട്ടാനിഷ്ട്ടങ്ങള്‍ അറിഞ്ഞ്, ഓരോരുത്തരേയും തൃപ്തിപ്പെടുത്തി, എല്ലാവരേയും ഒരുമിപ്പിച്ച് മുന്നോട്ട് കൊണ്ടുപോകുന്ന ആ നിപുണത നാം തിരിച്ചറിയുന്നുണ്ടോ? അതൊരു എളുപ്പമുള്ള പ്രവര്‍ത്തിയാണോ? ഒരിക്കലുമല്ല. ലോകത്തെ ഏറ്റവും മികച്ച മാനേജ്മെന്റ് വിദഗ്ദനു പോലും ഒരു കുടുംബത്തെ ഇങ്ങനെ നയിക്കുവാന്‍ കഴിയില്ല.
മകളുണ്ടായത്തിനു ശേഷം എന്റെ ഭാര്യയില്‍ വന്ന മാറ്റം അത്ഭുതത്തോടെ കണ്ടു നിന്ന ഒരാളാണ് ഞാന്‍. അമ്മയായതില്‍ പിന്നെ അവള്‍ അടിമുടി മാറി. മറ്റൊരു വ്യക്തിത്വത്തിലേക്കുള്ള പരിണാമം. നാം കണ്ടു നില്‍ക്കുമ്പോള്‍ ഈ പരിവര്‍ത്തനം സംഭവിക്കുകയാണ്. ഇത് ആരും പറഞ്ഞു നല്‍കേണ്ട ആവശ്യമില്ല. പ്രകൃതിയില്‍ സ്വാഭാവികമായി ഇത് സംഭവിക്കപ്പെടുന്നു. പക്ഷേ ഈ രൂപാന്തരത്വം ആ വ്യക്തിയുടെ ബോധ തലത്തിലും പ്രവര്‍ത്തിയിലും സംഭവിപ്പിക്കുന്ന മാറ്റങ്ങള്‍ നാം ചിന്തിക്കുന്നതിലും അപ്പുറമാണ്.
അമ്മയുടെ സ്വാതന്ത്ര്യമാണ് കുടുംബത്തിന്റെ അഭിവൃദ്ധിയുടെ മൂലക്കല്ല്. യൗവ്വനവും വാര്‍ദ്ധക്യവും നമുക്ക് വേണ്ടി ഉഴിഞ്ഞുവെച്ചിട്ടുള്ളവരാണ് ഓരോ അമ്മയും. അവരുടെ ചിന്തകളില്‍ മറ്റൊന്നുമില്ല. നാം മാത്രമേയുള്ളൂ. ചിലപ്പോള്‍ വാര്‍ദ്ധക്യത്തില്‍ അവരുടെ ചില ചെയ്തികള്‍ നമുക്ക് അലോസരം ഉണ്ടാക്കുന്നുണ്ടാവാം. അവയെ ക്ഷമിക്കുവാന്‍ നാം പരിശീലിക്കണം. നമ്മുടെ ചെയ്തികള്‍ സൃഷ്ട്ടിച്ച അലോസരങ്ങള്‍ അവര്‍ മറികടന്ന പോലെ നമുക്കും അതിന് കഴിയും. കുടുംബത്തിന്റെ വെളിച്ചമാണ് ഓരോ അമ്മയും. അത് കെടാതെ സൂക്ഷിക്കേണ്ട ഉത്തരവാദിത്വം നമ്മുടേതാണ്.
ഈ സമയം രണ്ട് വരി കവിത നാവിന്‍തുമ്പിലൂറുന്നു ”അമ്മ തന്‍ അര്‍ത്ഥമറിയാന്‍ ഗര്‍ഭ പാത്രത്തിന്റെ ശാസ്ത്രമറിയണോ?”