അവര്‍ നാലുപേരും ആത്മാര്‍ത്ഥ സുഹൃത്തുക്കളായിരുന്നു. പരസ്പരം പങ്കു വെക്കാത്ത കാര്യങ്ങളൊന്നും അവരുടെ ജീവിതത്തില്‍ ഉണ്ടായിരുന്നില്ല എന്നു തന്നെ പറയാം. എവിടെ പോകുന്നതും അവര്‍ ഒരുമിച്ചായിരുന്നു. അദൃശ്യമായ അഭേദ്യമായ ഒരു ചരട് അവരെ തമ്മില്‍ ബന്ധിച്ചിരുന്നു. പക്ഷേ രസകരമായ വസ്തുത ഇവരുടെ സ്വഭാവങ്ങളിലും വിശ്വാസങ്ങളിലും ഉള്ള അന്തരമായിരുന്നു. വൈവിധ്യമായ ഈ സ്വഭാവ സവിശേഷതകള്‍ക്കിടയിലും അവരുടെ സൗഹൃദം ശക്തിമത്തായി നിലനിന്നു എന്നുള്ളത് അത്ഭുതകരമായി മറ്റുള്ളവര്‍ക്ക് എന്നും തോന്നിയിരുന്നു.
അവരിലൊരാള്‍ അതീവ ദൈവഭക്തനായിരുന്നു. മറ്റൊരാള്‍ യുക്തിവാദിയും. മൂന്നാമന്‍ ദൈവത്തില്‍ വിശ്വസിക്കുന്ന എന്നാല്‍ ഇടക്കൊക്കെ അവിശ്വസിക്കുകയും ചെയ്യുന്ന ഒരാള്‍. നാലാമനാകട്ടെ ദൈവം ഉണ്ടായാലും ഇല്ലമെങ്കിലും തന്റെ കാര്യങ്ങള്‍ മുറപോലെ നടന്നാല്‍ മതി എന്ന സ്വാര്‍ത്ഥത സൂക്ഷിക്കുന്ന ഒരാള്‍. ഇവര്‍ നാലുപേരും സുഹൃത്തുക്കളായി നിലനില്‍ക്കുന്നത് തന്നെ മറ്റുള്ളവരുടെ കണ്ണില്‍ ദൈവത്തിന്റെ വികൃതികളില്‍ ഒന്നായി കാണപ്പെട്ടിരുന്നു.
ഒരിക്കല്‍ അവരിലൊരാള്‍ പറഞ്ഞു ”ഈ ജീവിതം വളരെ വിരസമായി തോന്നുന്നു. സാഹസികമായ എന്തെങ്കിലും നമുക്ക് ചെയ്യണം. എവിടേക്കെങ്കിലും ഒരു യാത്ര പോയാലോ? ഈ മുഷിപ്പും മാറും ജീവിതം കൂടുതല്‍ ഊര്‍ജ്ജസ്വലവുമാകും.” ഈ നിര്‍ദ്ദേശം മറ്റുള്ളവര്‍ക്കും സ്വീകാര്യമായി. അപ്പോള്‍ ഒന്നാമന്‍ പറഞ്ഞു ”നമുക്ക് സ്വര്‍ഗ്ഗത്തിലേക്കൊരു യാത്ര പോകാം. ദൈവത്തെ കാണുകയും ചെയ്യാം. മനോഹരമായ ഒരു യാത്രയുമാകും ദൈവത്തെ നേരിട്ട് കാണുമ്പോള്‍ നിങ്ങളുടെ സംശയവും മാറും.”
പരസ്പരമുള്ള വാദപ്രതിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ഒടുവില്‍ അവര്‍ സ്വര്‍ഗ്ഗത്തിലേക്ക് പോകുവാന്‍ തീരുമാനമെടുത്തു. അതിനായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി അവര്‍ യാത്ര ആരംഭിച്ചു. അവര്‍ കരുതിയത് പോലെ അത്ര എളുപ്പമായിരുന്നില്ല സ്വര്‍ഗ്ഗത്തിലേക്കുള്ള ആ യാത്ര. കഠിനങ്ങളായ പല പരീക്ഷണങ്ങളും വഴിയില്‍ അവരെ കാത്തിരിപ്പുണ്ടായിരുന്നു. യാത്രയുടെ ദൈര്‍ഘ്യവും കാഠിന്യവും അവരെ തളര്‍ത്തി.
പോകുന്ന വഴിയില്‍ അവര്‍ ഒരു കൊടുംകാട്ടില്‍ പ്രവേശിച്ചു. തിങ്ങിനിറഞ്ഞ മരങ്ങള്‍ക്കിടയിലൂടെ അരിഷ്ട്ടിച്ച് കടന്നു വരുന്ന സൂര്യരശ്മികള്‍ നയിച്ച പാതയിലൂടെ അവര്‍ മുന്നോട്ടു നടന്നു. പെട്ടെന്ന് യുക്തിവാദിയായ രണ്ടാമന്‍ നിന്നു. അയാള്‍ മറ്റുള്ളവരോടായി പറഞ്ഞു ”ഞാനെന്തൊരു വിഡ്ഢിയാണ് ദൈവം ഇല്ല എന്നു വിശ്വസിക്കുന്ന ഞാന്‍ ദൈവത്തെ കാണുവാന്‍ നിങ്ങളോടൊത്ത് യാത്ര ചെയ്യുക. എന്തൊരു വൈരുദ്ധ്യമാണത്. ഈ വിഡ്ഢിത്തം തുടരാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഞാന്‍ ഇവിടെ വെച്ചു പിരിയുന്നു.” അയാള്‍ തിരികെ നടന്നു.
ബാക്കി മൂന്നുപേരും അവരുടെ യാത്ര തുടര്‍ന്നു. കാട് കടന്ന് അവര്‍ ഒരു മലയുടെ താഴ്വാരത്തിലെത്തി. ഇനി മലകയറി ഇറങ്ങണം. മൂന്നാമന്‍ മറ്റുള്ളവരോട് പറഞ്ഞു ”ഞാന്‍ തളര്‍ന്നു. ഈ യാത്ര പൂര്‍ത്തീകരിച്ചു ദൈവത്തെ കാണുവാന്‍ പറ്റും എന്നെനിക്ക് തോന്നുന്നില്ല. ഞാനും മടങ്ങുകയാണ്.” മൂന്നാമനും അവരെ പിരിഞ്ഞുപോയി.
ബാക്കിയുള്ളവര്‍ മുന്നോട്ട് പോയി. അവര്‍ വിശാലമായ ഒരു പുഴയുടെ തീരത്തെത്തി. ഇപ്പുറം നിന്നു നോക്കിയാല്‍ അക്കരെ കാണാത്ത വലിയൊരു പുഴ. രണ്ടാമന്‍ പരിക്ഷീണനായി പുഴയുടെ കരയില്‍ ഇരുന്നു. ”ഞാന്‍ ഇവിടെ എന്റെ യാത്ര ഉപേക്ഷിക്കുകയാണ്. ഫലമില്ലാത്ത ഒരു യാത്രയാണ് ഇത് എന്ന് എന്റെ മനസ് പറയുന്നു. എന്നെ ഇവിടെ വിട്ട് ആവശ്യമെങ്കില്‍ നിനക്ക് നിന്റെ യാത്ര തുടരാം.” അയാള്‍ ഒന്നാമനോട് പറഞ്ഞു.
ഒന്നാമന്‍ തന്റെ യാത്ര തുടര്‍ന്നു. എല്ലാ പ്രതിബന്ധങ്ങളേയും അതിജീവിച്ച് അയാള്‍ ഒടുവില്‍ സ്വര്‍ഗ്ഗ കവാടത്തിലെത്തി. മാലാഖമാര്‍ അയാളെ സ്വീകരിച്ച് ദൈവത്തിന്റെ അരികിലേക്ക് കൂട്ടിക്കൊണ്ടുപോയി. അയാള്‍ക്കിരിക്കുവാനായി ഒരു സിംഹാസനം അവര്‍ അവിടെ ഒരുക്കിയിരുന്നു. ദൈവവുമായുള്ള തന്റെ സംഭാഷണത്തിനിടയില്‍ അയാള്‍ ചോദിച്ചു ”യാത്രയില്‍ ഞങ്ങള്‍ നാലുപേരുണ്ടായിരുന്നു. പക്ഷേ ഇവിടെ ഒരുക്കിയിരുന്നത് അതിഥിയായ ഒരാള്‍ക്ക് ആവശ്യമുള്ള കാര്യങ്ങള്‍ മാത്രം. ഞാന്‍ മാത്രമേ ഇവിടെ എത്തുകയുള്ളൂ എന്ന് അങ്ങേക്ക് അറിയുമായിരുന്നോ?”
ദൈവം ചിരിച്ചു. കരുണയോടെ അയാളെ നോക്കി പറഞ്ഞു ”ഓരോ യാത്രയിലും ലക്ഷ്യത്തിലെത്തുന്നവരെ യാത്ര തുടങ്ങുമ്പോഴേ പ്രപഞ്ചം നിശ്ചയിക്കും. അത് പ്രപഞ്ച നിയമമാണ്. നിങ്ങള്‍ യാത്ര ആരംഭിച്ചപ്പോള്‍ തന്നെ ഈ സിംഹാസനം താങ്കള്‍ക്കായി ഇവിടെ ഒരുക്കിയിരുന്നു.”
നമുക്കൊപ്പം യാത്ര ആരംഭിക്കുന്നവര്‍ ലക്ഷ്യത്തിലെത്തുമ്പോഴേക്കും ഒപ്പമുണ്ടാവണം എന്നില്ല. പലരും വഴികളില്‍ കൊഴിയും. കാരണങ്ങള്‍ പലതാവാം. ആ കാരണങ്ങള്‍ നാം അറിയാതെ ഉടലെടുക്കും. താന്‍ ആരെ സ്വീകരിക്കണം എന്നത് ലക്ഷ്യം തീരുമാനിക്കും. ആ തീരുമാനത്തിന്റെ ബാക്കിപത്രം മാത്രമാണ് യാത്ര. നമ്മുടെ ലക്ഷ്യം തീരുമാനിച്ചാല്‍ യാത്ര ആരംഭിക്കുക. വഴിയില്‍ കൊഴിഞ്ഞു പോകുന്നവര്‍ നമ്മുടെ തെറ്റല്ല. അവരെയോര്‍ത്ത് പരിതപിക്കേണ്ടതില്ല, കുറ്റബോധം ചുമക്കേണ്ടതില്ല. ആര് ലക്ഷ്യത്തിലെത്തണം എന്നത് പ്രപഞ്ചത്തിന്റെ തീരുമാനമാണ്. അതില്‍ നമുക്ക് യാതൊരു പങ്കുമില്ല.
നാം യാത്ര തുടങ്ങിയപ്പോഴേ ലക്ഷ്യത്തിലെത്തുന്നവരെ പ്രപഞ്ചം തീരുമാനിച്ചു കഴിഞ്ഞു. യാത്ര തുടരുക.