കംബോഡിയന്‍ രാജാവ്, തായ് ലാന്‍ഡ് രാജാവ്, സഭയുടെ രാജാവ്

കംബോഡിയ എന്ന രാജ്യത്ത് രാജാവിനെ പരിഹസിച്ചാല്‍ പിന്നീട് വാസം കാരാഗൃഹത്തില്‍. അവിടുത്തെ സര്‍ക്കാര്‍ പാസാക്കിയ നിയമമാണ്.

തായ് ലാന്‍ഡിലും സമാനമായ നിയമമുണ്ട്. രാജാവിനെയോ കുടുംബാംഗങ്ങളേയോ പരിഹസിച്ചു പോയാല്‍ നേരെ ജയിലിലേക്ക് ഉല്ലാസയാത്ര പോകാം. പിന്നെ തിരിച്ചിറങ്ങുമ്പോള്‍ ഒരു പതിനഞ്ചു കൊല്ലം കഴിയും.

വടക്കന്‍ കൊറിയയിലെ ജനങ്ങള്‍ക്ക് കിം ജോങ്ങ് ഉന്‍നെ കളിയാക്കുന്ന കാര്യം ചിന്തിക്കുവാന്‍ കഴിയുമോ?

ലോകം ഇങ്ങിനെയൊക്കെയാണ്. ഭരണാധികാരികള്‍ തങ്ങളെ വിമര്‍ശിക്കുന്നവരേയും പരിഹസിക്കുന്നവരേയും ഇഷ്ട്ടപ്പെടുന്നില്ല എന്നതൊരു യാഥാര്‍ത്ഥ്യമാണ്.

പാക്കിസ്ഥാന്‍ കൂടി ഈ ലിസ്റ്റിലേക്ക് കടന്നു വന്നു കഴിഞ്ഞു. വിമര്‍ശനങ്ങളെ സഹിഷ്ണുതയോട് കൂടി നേരിടുന്ന ഭരണാധികാരികള്‍ വളരെ കുറവാണ്.

നമ്മുടെ ഇന്ത്യ വ്യത്യസ്തമാണ്. ഇവിടെ ആര്‍ക്കും ആരേയും വിമര്‍ശിക്കാം, പരിഹസിക്കാം. അവയെ ഇത്ര സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റോട് കൂടി കാണുന്ന ഒരു സമൂഹം ഈ ഭൂമുഖത്ത് വേറെ ഉണ്ടാകുമോ എന്ന് സംശയമാണ്. മോഡിയാകട്ടെ പിണറായിയാകട്ടെ വാക്കുകളുടേയും തൂലികകളുടേയും മൂര്‍ച്ച നിരന്തരം അറിഞ്ഞുകൊണ്ടിരിക്കുകയാണ്. നമ്മുടെ സ്വാതന്ത്ര്യം അപരിമിതമാണ്.

കിരീടവും ചെങ്കോലും അംഗവസ്ത്രവുമൊക്കെ രാജാവിന്റെ അധികാര ചിഹ്നങ്ങള്‍ മാത്രമാണ്. മറ്റുള്ളവരില്‍ നിന്നും രാജാവിനെ വ്യത്യസ്തനാക്കുവാന്‍ കണ്ടെത്തിയ ചെറിയൊരു ബ്രാണ്ടിംഗ് തന്ത്രം മാത്രം. കിരീടം വെച്ചില്ലെങ്കിലും രാജാവ് രാജാവ് തന്നെ. പക്ഷേ ജനങ്ങളുടെ മനസില്‍ ഒരു രൂപം പതിയണം. ആ രൂപത്തിന് എന്തെങ്കിലും പ്രത്വേകത വേണം. ഒരു യു എസ് പി എന്നു പറയാം. ആ മേക്ക്ഓവര്‍ മാത്രമാണ് ഈ അധികാര ചിഹ്നങ്ങള്‍ നടപ്പാക്കുന്നത്.

ഈ അധികാര ചിഹ്നങ്ങളെ പരിഹസിക്കുന്നത് രാജാക്കന്മാര്‍ തങ്ങളെ പരിഹസിക്കുന്നതിന് തുല്യമായാണ് കണ്ടിരുന്നത്. അത് രാജ്യദ്രോഹക്കുറ്റമായി മാറുന്നു. രാജാവ് വിമര്‍ശനങ്ങള്‍ക്ക് അതീതനാണ്. രാജാവിനേയും പ്രവര്‍ത്തികളേയും പരിഹസിച്ചു കൂടാ. തന്റെ സാമ്രാജ്യത്യത്തിനെതിരെയുള്ള ഇത്തരം ശബ്ധങ്ങള്‍ അടിച്ചമര്‍ത്തുവാന്‍ രാജാക്കന്മാര്‍ എക്കാലവും ശ്രമിച്ചു പോന്നിരുന്നു.

അധികാരം നഷ്ട്ടപ്പെടുമോ എന്ന ഭയം വിമത ശല്യങ്ങളെ അടിച്ചൊതുക്കുവാന്‍ പ്രേരിപ്പിച്ചു. ജനങ്ങളില്‍ അറിവ് വളരുന്നതിനെ ഭയപ്പെട്ടിരുന്ന ഭരണാധികാരികള്‍ ചരിത്രത്തില്‍ ഉണ്ടായിരുന്നു.

കംബോഡിയയിലേയും തായിലാന്റ്‌റിലേയും ഭരണാധികാരികളുടേയും മാനസിക നിലയും വ്യത്യസ്തമല്ല. എതിര്‍ക്കുന്ന ശബ്ദങ്ങളെ അവര്‍ ഭയക്കുന്നു.

ഭയമാണ് കാരണം.

അധികാരത്തിന്റെ അപ്പക്കഷ്ണം നഷ്ട്ടപ്പെടുമോ എന്ന ഭയം.

പുല്‍ത്തൊഴുത്തില്‍ പിറന്ന ദരിദ്രനായ യേശുക്രിസ്തുവിന്റെ അധികാരത്തിലിരിക്കുന്ന ശിഷ്യന്മാര്‍ക്കും ഈ ഭയമാണ്.

യേശു രാജാവായിരുന്നില്ല. അവന് അധികാര ചിഹ്നങ്ങള്‍ ഉണ്ടായിരുന്നില്ല. അവന്‍ വിമതനായിരുന്നു.

അവന്റെ ശബ്ധത്തെ, പ്രവര്‍ത്തികളെ അധികാരികള്‍ ഭയപ്പെട്ടു.

അവന് അവര്‍ നല്‍കിയത് അധികാരത്തിന്റെ ചിഹ്നമായിരുന്നില്ല. മറിച്ച് പീഡനത്തിന്റെ മുള്‍ക്കിരീടമായിരുന്നു.

ശിഷ്യന്മാര്‍ക്ക് ഇന്ന് അംഗവസ്ത്രവും കിരീടവും അംശവടിയുമൊക്കെയുണ്ട്.

അവ അധികാരത്തിന്റെ ചിഹ്നങ്ങള്‍ മാത്രമാകുന്നു.

അവരെ ബ്രാന്‍ഡ് ചെയ്തിരിക്കുന്ന ചിഹ്നങ്ങള്‍. മുള്‍ക്കിരീടവുമായി ആള്‍ത്താരയില്‍ കുരിശില്‍ തൂങ്ങിക്കിടക്കുന്ന കര്‍ത്താവിന്റെ രൂപത്തിന് താഴെ ഈ രാജാക്കന്മാര്‍ സര്‍വ്വചിഹ്ന വിഭൂഷിതരായി നില്‍ക്കുന്നു.

കര്‍ത്താവിനില്ലാതിരുന്ന ചെങ്കോല്‍ അവരുടെ കയ്യിലുണ്ട്. അതുകൊണ്ട് അവര്‍ക്ക് വിമര്‍ശനങ്ങളെ ഭയമാണ്. പരിഹാസങ്ങള്‍ അവരെ ഞെട്ടിക്കുന്നു.

ബിഷപ്പ് ഫ്രാങ്കോയുടെ കയ്യിലെ അംശവടി വെറുമൊരു അധികാരചിഹ്നം മാത്രമാണ്. രാജാവിന്റെ കയ്യിലെ ചെങ്കോല്‍ പോലെ.

ഏകാധിപതികള്‍ ആകുവാന്‍ ശ്രമിക്കരുത്. ഇതൊരു ജനാധിപത്യ രാഷ്ട്രമാണ്.

കയ്യിലെ അധികാരം ഉപയോഗിച്ച് തെണ്ടിത്തരം കാട്ടുമ്പോള്‍ അതിനുള്ള ശിക്ഷ ഏറ്റുവാങ്ങാന്‍ കൂടി തയ്യാറാവണം.

ബിഷപ്പിനെ അധികാരത്തില്‍ നിന്ന് മാറ്റി നിര്‍ത്തിയിരുന്നുവെങ്കില്‍ പരിഹാസങ്ങളില്‍ നിന്നും അംശവടി ഒഴിവായേനെ. അധികാരത്തില്‍ ഇരിക്കുന്നവന്‍ കുറ്റം ചെയ്യുമ്പോള്‍ കിരീടവും ചെങ്കോലും വരെ വിമര്‍ശനപാത്രമാകും.

അധികാരചിഹ്നങ്ങള്‍ പരിഹാസത്തിന് വിധേയമാകുന്നത് ഉപയോഗിക്കുന്നവന്റെ വിവരക്കേട് കൊണ്ടാണ്. കര്‍ത്താവിനെ ഓര്‍ക്കുമ്പോള്‍ ഞങ്ങളുടെ ഉള്ളില്‍ മൂന്ന് ചിഹ്നങ്ങളേ ഉള്ളൂ.

ചോര കിനിയുന്ന മുള്‍ക്കിരീടവും ചാട്ടവാറും അവനെ തൂക്കിയ കുരിശും.

സഹനത്തിന്റെ ഈ ചിഹ്നങ്ങള്‍ ഒഴിച്ച് മറ്റെല്ലാം വിമര്‍ശന വിധേയമാണ്.

 

 

Leave a comment