വ്യത്യസ്തമായ മാര്‍ക്കറ്റിംഗിന് ശക്തമായ 7 തന്ത്രങ്ങള്‍

ശക്തമായതും ചെലവിനേക്കാള്‍ പ്രയോജനം ലഭിക്കുകയും ചെയ്യുന്ന ചില പരസ്യ തന്ത്രങ്ങള്‍ നിലവിലുണ്ട്. ഇവ മറ്റ് പരസ്യങ്ങളെപ്പോലെ തുടര്‍ച്ചയായി ഉപയോഗപ്പെടുത്തുന്നതല്ല. പരസ്യം കാണുന്ന വ്യക്തിയെ അമ്പരപ്പിക്കുവാനും രസിപ്പിക്കുവാനും കൗതുകപ്പെടുത്തുവാനും തികച്ചും വ്യത്യസ്തമായ രീതിയില്‍ ഒരിക്കലും മനസില്‍ മായാത്ത മുദ്ര പതിപ്പിക്കുവാനും ഇത്തരം പരസ്യ തന്ത്രങ്ങള്‍ക്ക് കഴിവുണ്ട്. പരമ്പരാഗതമായ തന്ത്രങ്ങളില്‍ നിന്നും അമ്പേ വ്യത്യസ്തങ്ങളാണിവ. ഇത്തരം ചില തന്ത്രങ്ങളെ നമുക്ക് പരിചയപ്പെടാം.

  1. Ambient Marketing

നിങ്ങള്‍ ഫുട്പാത്തിലൂടെ നടക്കുകയാണ്. പെട്ടെന്ന് ഫുട്പാത്തിന്‍റെ അരികിലായി വലിയൊരു ഐസ്ക്രീം കപ്പ് കാണുന്നു. അതില്‍ നിറഞ്ഞിരിക്കുന്ന ഐസ്ക്രീം ഫുട്പാത്തില്‍ ഒഴുകി പരക്കുന്നു. ആദ്യം നിങ്ങളൊന്ന് അമ്പരക്കുന്നു. കാരണം അത്തരത്തിലൊന്ന് നിങ്ങളവിടെ പ്രതീക്ഷിച്ചിട്ടേയില്ല. കഴിഞ്ഞ ദിവസം നിങ്ങളതിലൂടെ കടന്നു പോയപ്പോള്‍ അതവിടെ ഉണ്ടായിരുന്നില്ല. എവിടെനിന്നോ അത് പെട്ടെന്ന് പ്രത്യക്ഷപ്പെട്ടപോലെ.

ആദ്യമനുഭവപ്പെട്ട ഞെട്ടല്‍ കൗതുകമായി രൂപാന്തരപ്പെടുന്നു. ഇപ്പോള്‍ നിങ്ങള്‍ക്ക് മനസിലാകുന്നു ഐസ്ക്രീം ഫുട്പാത്തിലേക്ക് ഒഴുകി പരക്കുന്നതല്ല മറിച്ച് അങ്ങിനെ തോന്നിപ്പിക്കുന്ന ഒരു പരസ്യ ശില്പമാണ്. ഐസ്ക്രീമിന്‍റെ പേര് അതില്‍ എഴുതിയിട്ടുണ്ട്. ആദ്യം നിങ്ങള്‍ക്കതൊരു അത്ഭുതമായിരുന്നു പിന്നീട് കൗതുകമായി ഇപ്പോള്‍ നിങ്ങള്‍ തിരിച്ചറിയുന്നു അതൊരു രസകരമായ പരസ്യമാണ്.

നിങ്ങളുടെ മനസ്സില്‍ നിന്നും ഇനി ആ രൂപം മാറ്റുവാന്‍ വലിയ ബുദ്ധിമുട്ടാണ്. ഒരൊറ്റ പരസ്യത്തിലൂടെ ആ ബ്രാന്‍ഡ് നിങ്ങളുടെ തലച്ചോറില്‍ നുഴഞ്ഞു കയറിയിരിക്കുന്നു. ഇനി ഐസ്ക്രീം എന്ന് കേള്‍ക്കുമ്പോഴും ഓര്‍മ്മിക്കുമ്പോഴും ആ ബ്രാന്‍ഡ് നാമവും (Brand Name) കൂടി അതിനൊപ്പം ഓര്‍മ്മ വരും. ഉപഭോക്താക്കളുടെ ശ്രദ്ധ പെട്ടെന്ന് ആകര്‍ഷിക്കുന്ന, അവരില്‍ താല്പ്പര്യം ജനിപ്പിക്കുന്ന, അവരെ ആശ്ചര്യപ്പെടുത്തുന്ന ഈ തന്ത്രമാണ് Ambient Marketing.

Ambient Marketing തന്ത്രം പരീക്ഷിക്കുന്നത് എവിടെയുമാകാം. ഉപഭോക്താക്കള്‍ പ്രതീക്ഷിക്കാത്തിടത്ത്, അവരുടെ ശ്രദ്ധ പെട്ടെന്ന് പിടിച്ചു പറ്റുന്ന രീതിയില്‍ പരസ്യങ്ങള്‍ സ്ഥാപിക്കുക. അപ്രതീക്ഷിതമായി കാണുന്ന ഈ പരസ്യങ്ങള്‍ അവരില്‍ അതിശയം ഉണര്‍ത്തും. വ്യത്യസ്തമായ അത്തരം പരസ്യം മനസ്സില്‍ ദീര്‍ഘകാലം തങ്ങിനില്ക്കും. മുടക്കുന്ന പണത്തെക്കാള്‍ മൂല്യം തിരികെ ലഭിക്കുന്നതാവും ഇത്തരം പരസ്യങ്ങള്‍.

  1. Stealth Marketing

 നിങ്ങളിപ്പോള്‍ മെട്രോ ട്രെയിനില്‍ കയറിയിരിക്കുകയാണ്. നല്ല തിരക്ക്. ഇരിക്കുവാന്‍ സ്ഥലമില്ല. നിങ്ങള്‍ മുകളില്‍ നിന്നും തൂങ്ങിക്കിടക്കുന്ന സ്ട്രാപ്പില്‍ പിടിച്ചു നില്ക്കുകയാണ്. അപ്പോളതാ നിങ്ങള്‍ കാണുന്നു ആ സ്ട്രാപ്പില്‍ മനോഹരമായ ഒരു ചിത്രവും ഒരു ബ്രാന്‍ഡിന്‍റെ പേരും.

നിങ്ങള്‍ ഇത് കാണുന്നുണ്ടെങ്കിലും അതൊരു പരസ്യമായി നിങ്ങള്‍ക്കനുഭവപ്പെടുന്നതേയില്ല. സ്ട്രാപ്പിന്‍റെ ഡിസൈനായി മാത്രമേ നിങ്ങള്‍ക്കത് തോന്നുന്നുള്ളൂ. പക്ഷേ നിങ്ങളുടെ യാത്രയിലുടനീളം നിങ്ങളത് കണ്ടുകൊണ്ടിരിക്കുന്നു. ആ ബ്രാന്‍ഡ് ഇതാ നിങ്ങളറിയാതെ മനസ്സില്‍ സ്ഥാനമുറപ്പിച്ചു കഴിഞ്ഞു.

ഇത്തരം പരസ്യ തന്ത്രത്തെ Stealth Marketing എന്ന് വിശേഷിപ്പിക്കാം. നിങ്ങള്‍ ഒരു പേപ്പര്‍ കപ്പില്‍ ചായ കുടിക്കുകയാണ്. ആ കപ്പ് നിങ്ങള്‍ ശ്രദ്ധിക്കുമ്പോള്‍ അതില്‍ ഒരു ലോഗോ കാണുന്നു. കൂടാതെ ആ കപ്പിന്‍റെ നിറം ആ ബ്രാന്‍ഡിന്‍റെ തീമുമായി ലയിച്ചു ചേരുന്ന ഒന്നാണ്. നിങ്ങളുടെ സമ്മതമില്ലാതെ തന്നെ ആ ബ്രാന്‍ഡ് നിങ്ങളിലേക്ക് കുടിയേറിക്കഴിഞ്ഞു. ഉപഭോക്താക്കളുടെ അവബോധമില്ലാതെ തന്നെ ഇത്തരം പരസ്യങ്ങള്‍ക്ക് അവരുടെ മനസിനെ സ്വാധീനിക്കുവാന്‍ സാധിക്കും.

  1. Viral / Buzz Marketing

നിങ്ങള്‍ ഇന്‍സ്റ്റഗ്രാമോ ഫേസ്ബുക്കോ നോക്കിക്കൊണ്ടിരിക്കുകയാണ്. പെട്ടെന്ന് ഒരു വീഡിയോ നിങ്ങളുടെ ശ്രദ്ധയില്‍പ്പെടുന്നു. ധാരാളം ആളുകള്‍ അത് സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തു കൊണ്ടിരിക്കുകയാണ്. അത് വളരെപ്പെട്ടെന്ന് വൈറല്‍ ആയി മാറിക്കഴിഞ്ഞിരിക്കുന്നു. നിങ്ങള്‍ അത് കാണുന്നു ഷെയര്‍ ചെയ്യുന്നു. പതിനായിരങ്ങള്‍, ലക്ഷങ്ങള്‍ ആ വീഡിയോ കാണുകയും ഷെയര്‍ ചെയ്യുകയും ചെയ്തുകൊണ്ടിരിക്കുന്നു.

ഇത് നിങ്ങള്‍ പലപ്പോഴും കണ്ടിട്ടുള്ള, അനുഭവിച്ചിട്ടുള്ള കാര്യമാണ്. ചില പരസ്യങ്ങള്‍ അവയുടെ ഉള്ളടക്കം കൊണ്ട് ശ്രദ്ധ നേടുകയും വൈറല്‍ ആയി മാറുകയും ചെയ്യുന്നു. ഉപഭോക്താക്കളുടെ ശ്രദ്ധ വളരെപ്പെട്ടെന്ന് അത്തരം പരസ്യങ്ങള്‍ പിടിച്ചെടുക്കുന്നു. അതിന്‍റെ വ്യത്യസ്തത പ്രേക്ഷകര്‍ പെട്ടെന്ന് തിരിച്ചറിയുകയും അവരറിയാതെ തന്നെ പരസ്യ കാമ്പയിന്‍റെ ഭാഗമാകുകയും ചെയ്യുന്നു.

ഇത്തരം പരസ്യങ്ങളില്‍ പ്രേക്ഷകരെ വിനോദിപ്പിക്കുവാനുള്ള, രസിപ്പിക്കുവാനുള്ള അല്ലെങ്കില്‍ വാര്‍ത്താപ്രാധാന്യമുള്ള എന്തെങ്കിലും കാണും. ചില വ്യക്തികളുടെ വീഡിയോകള്‍ പെട്ടെന്ന് വൈറലാകുന്നത് ശ്രദ്ധിച്ചിട്ടില്ലേ. പലപ്പോഴും ഇത്തരം കാമ്പയിനുകള്‍ വളരെയധികം ചിന്തിച്ച്, തയ്യാറെടുത്ത് അവതരിപ്പിക്കുന്നതാണ്. അതിന്‍റെ ഉദ്ദേശവും വൈറല്‍ ആകുക എന്നത് തന്നെയാണ്. Viral / Buss മാര്‍ക്കറ്റിംഗ് ഉപഭോക്താക്കളുടെ പരസ്പരമുള്ള ആശയവിനിമയത്തിലൂടെയോ ഇത്തരം വൈറല്‍ പരസ്യങ്ങളിലൂടെയോ സംഭവിക്കപ്പെടുന്നു.

  1. Guerrilla Projection Advertising

രാത്രിയില്‍ നിങ്ങള്‍ നഗരത്തിലെ തിരക്കേറിയ ഒരു റോഡില്‍ കൂടി നടക്കുകയാണ്. ആളുകളെക്കൊണ്ട് എല്ലായിടവും തിങ്ങിനിറഞ്ഞിരിക്കുന്നു. ധാരാളം വാഹനങ്ങള്‍ ഇരുവശങ്ങളിലേക്കുമായി ഓടിക്കൊണ്ടിരിക്കുന്നു. പെട്ടെന്നതാ നഗരത്തില്‍ തലയുയര്‍ത്തി നില്ക്കുന്ന ഒരു കെട്ടിടത്തില്‍ ഒരു ഭീമാകാരമായ ചിത്രം തെളിയുന്നു. നഗരത്തില്‍ നിറഞ്ഞു നിന്നിരുന്ന ജനക്കൂട്ടം മുഴുവന്‍ സ്തബ്ധരാകുന്നു. അതൊരു പരസ്യമാണ്. ആര്‍ക്കും ഊഹിക്കുവാന്‍ പോലും സാധിക്കാത്ത രീതിയില്‍ ഒരു ഒളിയാക്രമണം.

ഇത് ചലിക്കുന്നതോ ചലിക്കാത്തതോ ആയ പരസ്യമാകാം. ഇത് കെട്ടിടത്തിലേക്ക് പ്രൊജക്റ്റ്‌ ചെയ്യുന്നത് മറ്റൊരിടത്ത് നിന്നാകാം. ഇതിന് കെട്ടിട ഉടമയുടെയോ അധികൃതരുടെയോ അനുമതി ഉണ്ടാവണമെന്നില്ല. ഏവര്‍ക്കും അത്ഭുതം ജനിപ്പിക്കുന്ന രീതിയിലാവും ഇത്തരം പരസ്യങ്ങളുടെ പ്രദര്‍ശനം.

എവിടെയും ഇത് സംഭവിക്കാം. ഒരു പാലത്തിന്‍റെ തൂണുകളില്‍ പെട്ടെന്ന് ഒരു ഉത്പന്നത്തിന്‍റെ ചിത്രം തെളിയാം. ഇത് ഏവരെയും ഞെട്ടിക്കും. പെട്ടെന്ന് ജനശ്രദ്ധ പിടിച്ചെടുക്കും. വാര്‍ത്താപ്രാധാന്യം ലഭിക്കും. ഇതാണ് Gurrilla Projection Advertising എന്ന തന്ത്രം.

  1. Wild Posting

നഗരത്തിലെ ആ നീളമുള്ള മതില്‍ നിങ്ങള്‍ എത്രയോ പ്രാവശ്യം കണ്ടിരിക്കുന്നു. തികച്ചും വിരസമായ ചായമടിച്ച ഒന്ന്. ആരും അതിലൊന്നും ചെയ്യാത്തതെന്ത് എന്ന് നിങ്ങള്‍ പലപ്രാവശ്യം ചിന്തിച്ചിട്ടുള്ളതുമാണ്. ഒരു ദിവസം നിങ്ങള്‍ ബസ്സില്‍ യാത്ര ചെയ്യുമ്പോള്‍ അതാ ആ മതിലില്‍ പുതിയൊരു പരസ്യം പ്രത്യക്ഷപ്പെട്ടിരിക്കുന്നു.

ആ പരസ്യത്തിനൊരു പ്രത്യേകതയുണ്ട്. ഒരേ പോസ്റ്ററുകള്‍ തന്നെയാണ് ആവര്‍ത്തിച്ച് ഒട്ടിച്ചിട്ടുള്ളത്. ആ നീളമുള്ള മതില്‍ നിറച്ചും ഒരേ പോസ്റ്ററിന്‍റെ ആവര്‍ത്തനമാണ്. നിങ്ങളുടെ കണ്ണില്‍ നിന്നും ആ കാഴ്ച മായുന്നില്ല.

ഈ തന്ത്രമാണ് Wild Posting / Fly Posting. ജനസാന്ദ്രതയുള്ള ഏതിടത്തും ഇത് പരീക്ഷിക്കാം. പെട്ടെന്ന് ശ്രദ്ധ നേടാനും ഉപഭോക്താക്കളുടെ മനസില്‍ ബ്രാന്‍ഡിന്‍റെ ചിത്രം പതിയാനും ഇത് സഹായിക്കും.

  1. Street Marketing

സീബ്രാ ലൈനിലൂടെ തെരുവ് മുറിച്ചു കടക്കുന്നവര്‍ കാണുന്നത് അതിനൊപ്പം വരച്ചു ചേര്‍ത്തിരിക്കുന്ന ഒരു ലോഗോ കൂടിയാണ്. ആ തെരുവില്‍ സീബ്രാ ലൈന്‍ കടന്നു പോകുന്നവര്‍ക്ക് ആ ലോഗോ ശ്രദ്ധിക്കാതിരിക്കാന്‍ കഴിയുകയില്ല. ദിവസവും ഇത് കടന്നു പോകുന്നവരുടെ മനസില്‍ നിന്നും ആ ലോഗോ പിന്നീട് മായുകയേയില്ല.

തെരുവില്‍ ചെയ്യുന്ന ഈ പരസ്യതന്ത്രത്തെ Street Marketing എന്ന് വിളിക്കാം. തെരുവില്‍ എവിടെ വേണമെങ്കിലും ഇതാകാം. ഉത്പന്നങ്ങളേയും സേവനങ്ങളേയും മാര്‍ക്കറ്റ് ചെയ്യാന്‍ ഈ രീതി ഉപയോഗിക്കാം. തിരക്കുള്ള തെരുവീഥികളില്‍ ഈ തന്ത്രം പരീക്ഷിക്കാം.

  1. Grassroot Marketing

പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ഇത് ഏറ്റവും താഴെ തട്ടില്‍ നിന്നുമാരംഭിക്കുന്ന മാര്‍ക്കറ്റിംഗാണ്. ഇവിടെ നിങ്ങള്‍ വലിയ ഗ്രൂപ്പുകളില്‍ ശ്രദ്ധ നല്കുന്നില്ല. അതിനുപകരം ചെറിയ ഗ്രൂപ്പുകളിലേക്ക് നിങ്ങളുടെ സന്ദേശം എത്തിക്കുകയാണ്. അവര്‍ നിങ്ങളുടെ ബ്രാന്‍ഡ് മറ്റുള്ളവരിലേക്ക് പടര്‍ത്തും.

ചെറിയ രീതികളിലാണ് ഇതിന്‍റെ പ്രവര്‍ത്തനമെങ്കിലും മികച്ച ഫലം നല്കാന്‍ ഈ മാര്‍ക്കറ്റിംഗ് രീതിക്ക് കഴിയും. ഒരു ട്രെയ്നര്‍ ആദ്യം തന്നെ പ്രൊമോട്ട് ചെയ്യന്നത് ചെറിയ ഗ്രൂപ്പുകളിലായിരിക്കും. അവര്‍ക്ക് സേവനം നല്കി മെല്ലെ മെല്ലെ തന്‍റെ ഗ്രൂപ്പ്‌ വികസിപ്പിക്കുന്നു. ചെറിയ ഗ്രൂപ്പുകളില്‍ നിങ്ങള്‍ക്ക് നിങ്ങളുടെ കഥകളും വീഡിയോകളും പങ്കുവെക്കാം. നിങ്ങളുടെ ഉത്പന്നത്തിന്‍റെ, സേവനത്തിന്‍റെ കഥ പതിയെ വലിയ ഗ്രൂപ്പുകളിലേക്ക് വഴിമാറും.

മാര്‍ക്കറ്റിംഗിനായി വ്യത്യസ്ത വഴികള്‍ തേടുക

നിങ്ങള്‍ സാധാരണ കാണാറുള്ള പരമ്പരാഗതമായ മാര്‍ക്കറ്റിംഗ് ശൈലിയില്‍ നിന്നും വിഭിന്നങ്ങളാണ് മുകളില്‍ കണ്ട മാര്‍ഗ്ഗങ്ങളെല്ലാം തന്നെ. കുറഞ്ഞ ചെലവില്‍ വലിയ പ്രയോജനം നേടുക എന്നതാണ് തന്ത്രം. വിപണിയിലെ മല്ലന്മാരുമായി മത്സരിക്കുമ്പോള്‍ ഒളിപോരാട്ടമാണ് നല്ലത്. കാരണം അവര്‍ക്കൊപ്പം മത്സരിക്കാന്‍ നിങ്ങളുടെ പോക്കറ്റിന് കനം വേണം. അല്ലെങ്കില്‍ വ്യത്യസ്തമായ വഴികള്‍ തേടണം.

ചിന്തിക്കുവാനുള്ള വാതായനങ്ങള്‍ തുറന്നിടുകയാണ് ഇവിടെ ചെയ്യുന്നത്. വ്യത്യസ്തമായി ചിന്തിച്ചു തുടങ്ങിയാല്‍ നൂതനങ്ങളായ ആശയങ്ങള്‍ ഉണരും. പരസ്യം നിങ്ങളുടെ സര്‍ഗ്ഗാത്മകതയാണ്. അത് പൊട്ടിമുളക്കേണ്ടത് മനസിലാണ്. അതൊരു ജോലിയല്ല. മറിച്ച് ആവശ്യകത അലട്ടുമ്പോള്‍ അത് നിങ്ങളെ ചിന്തിക്കുവാന്‍ പ്രേരിപ്പിക്കണം. ആ ചിന്തയില്‍ നിന്ന് മനോഹരങ്ങളായ ആശയങ്ങള്‍ ഉടലെടുക്കണം. അവയെ പരീക്ഷിക്കുവാന്‍ മടിക്കേണ്ടതില്ല. നിങ്ങളുടേതായ പുതിയ തന്ത്രങ്ങള്‍ കണ്ടെത്തുക. അതിനായി ചിന്തിക്കാന്‍ നിങ്ങള്‍ മനസിലാക്കിയ ഈ തന്ത്രങ്ങള്‍ സഹായകരമാകും.

 

Leave a comment