ഒരു കിടു ബ്രാന്‍ഡിന്‍റെ കഥ

ഒരു കിടു ബ്രാന്‍ഡിന്‍റെ കഥ

ഈ ശീലം തന്‍റെ നാശത്തിലേക്കാണെന്ന് അയാള്‍ക്ക്‌ മനസ്സിലായി. പട്ടാള സേവനത്തിന്‍റെ കാലഘട്ടത്തില്‍ ആഭ്യന്തരയുദ്ധം തീഷ്ണമായിരുന്ന സമയത്ത് അയാള്‍ക്ക്‌ യുദ്ധത്തില്‍ മുറിവേല്‍ക്കുകയുണ്ടായി. കഠിനമായ വേദന ശമിപ്പിക്കാന്‍ അയാള്‍ അഭയം പ്രാപിച്ചത് മോര്‍ഫിനെയായിരുന്നു. ഒരു കെമിസ്റ്റും ഡ്രഗ്ഗിസ്റ്റുമായിരുന്ന അയാള്‍ക്ക്‌ മോര്‍ഫിന്‍ ലഭിക്കുവാന്‍  വളരെ എളുപ്പമായിരുന്നു. കാലക്രമേണ അയാള്‍ അതിന് അടിമയായി. അത്യാപത്തിലേക്കുള്ള ഈ പോക്കില്‍ നിന്നും മുക്തി നേടാന്‍ അയാള്‍ ആത്മാര്‍ഥമായി ആഗ്രഹിച്ചു.

ഈ സമയത്താണ് ഒരു ഡോക്ടര്‍ പുതിയൊരു അവകാശ വാദവുമായി രംഗത്തെത്തുന്നത്. ലഹരിക്ക്‌ അടിമയായവരെ കൊക്ക (Coca – Cocaine) കൊണ്ട് സുഖപ്പെടുത്താന്‍ കഴിയുമെന്നായിരുന്നു ഡോക്ടറുടെ വാദം. ഇത് കേട്ട അയാളുടെ തലയില്‍ എന്തോ ആശയം മിന്നി. പിന്നീട് എന്തൊക്കെയോ ഗവേഷണങ്ങളില്‍ അയാള്‍ തുടര്‍ച്ചയായി മുഴുകി. എങ്ങിനെയെങ്കിലും ഈ വൃത്തികെട്ട ശീലത്തില്‍ നിന്നും പുറത്തു കടന്നേ പറ്റൂ. നിരന്തരമായ പരീക്ഷണങ്ങള്‍ക്കൊടുവില്‍ അയാള്‍ കൊക്ക ഇലകളും (Coca Leaves) കോള കുരുക്കളും (Kola Nuts) ഉപയോഗിച്ച് ഫ്രഞ്ച് കൊക്ക വൈന്‍ (French Coca Wine)  നിര്‍മ്മിച്ചു.

ഒപ്പിയം ആസക്തി, ദഹനക്കേട്‌, തലവേദന, പുരുഷത്വമില്ലായ്മ, നാഡി സംബന്ധമായ പ്രശ്നങ്ങള്‍ തുടങ്ങിയവക്കൊക്കെ ഫ്രഞ്ച് കൊക്ക വൈന്‍ ഫലപ്രദമായ ഔഷധമാണെന്ന് അയാള്‍ അവകാശപ്പെട്ടു. ജോണ്‍ സ്റ്റിത് പെമ്പര്‍ട്ടണ്‍ (John Stith Pemberton) എന്ന ആ മനുഷ്യന്‍ താന്‍ കണ്ടുപിടിച്ച ഈ ഔഷധ പാനീയം (Medicinal Beverage) യുണൈറ്റഡ് സ്റ്റേറ്റ്സിലെ അറ്റ്‌ലാന്‍റ  നഗരത്തില്‍ വില്‍ക്കാന്‍ ആരംഭിച്ചു. അത് അധികകാലം മുന്നോട്ട് പോയില്ല. അറ്റ്‌ലാന്‍റ ആല്‍ക്കഹോള്‍ (Alcohol) നിരോധിച്ചപ്പോള്‍ ഫ്രഞ്ച് കൊക്ക വൈനിന്‍റെ ഉല്‍പ്പാദനവും വില്‍പ്പനയും പ്രതിസന്ധിയിലായി.

നിരോധനം മൂലം ജോണ്‍ സ്റ്റിത് പെമ്പര്‍ട്ടണ് തന്‍റെ പാനീയത്തില്‍ നിന്നും ആല്‍ക്കഹോളിന്‍റെ ഘടകം ഒഴിവാക്കേണ്ടി വന്നു. ആല്‍ക്കഹോള്‍ ഇല്ലാത്ത ഫ്രഞ്ച് കൊക്ക വൈനാണ് ഇന്ന് നാം കുടിക്കുന്ന കൊക്ക-കോളയായി (Coca – Cola) രൂപാന്തരപ്പെട്ടത്. വീടിന്‍റെ പിന്നില്‍ സജ്ജീകരിച്ച മൂന്ന് കാലുകളുള്ള ഒരു സാധാരണ പിച്ചള കെറ്റിലിലാണ് ലോകം കീഴടക്കിയ ആ ഫോര്‍മുല പെമ്പര്‍ട്ടണ്‍ പാകപ്പെടുത്തിയത്.

ഭൂമിയിലെ ഏറ്റവും വിജയിക്കപ്പെട്ട ബ്രാന്‍ഡുകളില്‍ ഒന്നായ കൊക്ക-കോളയുടെ (Coca – Cola) ബ്രാന്‍ഡ്‌ നാമം (Brand Name) കണ്ടെത്തിയതും ലോഗോ (Logo) തയ്യാറാക്കിയതും തലേക്കല്ലന്മാരായ ആഡ് ഏജന്‍സികളൊന്നും തന്നെ ആയിരുന്നില്ല. പെമ്പര്‍ട്ടണിന്‍റെ അക്കൗണ്ടന്‍റായ ഫ്രാങ്ക് റോബിന്‍സനാണ് (Frank Robinson) Coca, Kola എന്നീ രണ്ടു വാക്കുകള്‍ ചേര്‍ത്തു വെച്ച് ബ്രാന്‍ഡ്‌ സൃഷ്ടിച്ചത്. പരസ്യങ്ങള്‍ നല്‍കുമ്പോള്‍ രണ്ട് “C” അടുത്തടുത്ത് വരുന്നത് ആകര്‍ഷകമായിരിക്കുമെന്ന് റോബിന്‍സണ്‍ കണക്കുകൂട്ടി. അതോടെ Coca-Cola ബ്രാന്‍ഡ്‌ പിറന്നു. തന്‍റെ മനോഹരമായ വടിവൊത്ത കയ്യക്ഷരത്തില്‍ റോബിന്‍സണ്‍ ലോഗോയും എഴുതിയുണ്ടാക്കി. യാതൊരു മാറ്റവുമില്ലാതെ ആ ലോഗോ ഇന്നും നിലനിര്‍ത്തിയിരിക്കുന്നു.

കൊക്ക-കോളയുടെ ആദ്യ വര്‍ഷത്തെ ബിസിനസ് നിങ്ങള്‍ക്ക് വളരെ രസകരമായി തോന്നാം. ശീതള പാനീയമായ (Soft Drink) കൊക്ക-കോള ആദ്യമായി വില്‍ക്കുന്നത് 1886 മെയ്‌ 8 ന് അറ്റ്‌ലാന്‍റയിലെ ജേക്കബ്‌സ് ഫാര്‍മസിയിലാണ്. ഏകദേശം ഒന്‍പതെണ്ണമായിരുന്നു ഒരു ദിവസത്തെ വില്‍പ്പന. ആദ്യ വര്‍ഷത്തെ വില്‍പ്പന മൊത്തം അന്‍പത് ഡോളര്‍. കോള ഉണ്ടാക്കുവാന്‍ ചെലവായത് എണ്‍പത് ഡോളറും. ആദ്യ വര്‍ഷം കച്ചവടം നഷ്ടത്തില്‍ കലാശിച്ചു

ജോണ്‍ സ്റ്റിത് പെമ്പര്‍ട്ടണ് ഒരിക്കലും കൊക്ക-കോള നല്‍കിയ സൗഭാഗ്യം അനുഭവിക്കാന്‍ സാധിച്ചില്ല. കൊക്ക-കോളയുടെ അവകാശം അയാള്‍ ഗ്രിഗ്ഗ്സ് കാന്‍ഡ്.ലറെന്ന (Griggs Candler) അമേരിക്കന്‍ ബിസിനസുകാരന് ചെറിയൊരു തുകയ്ക്ക് വിറ്റു. ലോകത്തിന്‍റെ രസഗ്രന്ഥികളെ കൊതിപ്പിച്ച ആ രഹസ്യ ഫോര്‍മുല അറ്റ്‌ലാന്‍റ നഗരത്തില്‍ ഏറ്റവും സുരക്ഷിതമായ ഒരു ഇരുമ്പറക്കുള്ളില്‍ മറഞ്ഞിരിക്കുന്നു.

ഒരിക്കല്‍ മാത്രം കൊക്ക-കോള തങ്ങളുടെ ഫോര്‍മുലയില്‍ മാറ്റം വരുത്തി എന്നിട്ട് ന്യൂ കോക്ക് (New Coke) വിപണിയിലെത്തിച്ചു. കോളയുടെ ആരാധകര്‍ കലി കൊണ്ടു. കൊക്ക-കോളയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പരാജയമായി ന്യൂ കോക്ക് മാറി. കേവലം മൂന്ന് മാസമേ എടുത്തുള്ളൂ  പഴയ ഫോര്‍മുല തിരികെയെത്താന്‍.

കൊക്ക-കോളയുടെ ആദ്യത്തെ പരസ്യ വാചകം ശ്രദ്ധിക്കൂ.

“Coca-Cola. It’s delicious! It’s refreshing! It’s thrilling! energizing!”

Leave a comment