മാറ്റുവിന്‍ ചട്ടങ്ങളെ

ആനന്ദ് ബിരുദപഠനം കഴിഞ്ഞതിന് ശേഷം പി എസ് സി പരീക്ഷകളും ബാങ്ക് ടെസ്റ്റുകളും ഒരുപാട് എഴുതി. ഒരു സര്‍ക്കാര്‍ ജോലി ആനന്ദിന്റെ സ്വപ്നമായിരുന്നു. സമയദോഷം കൊണ്ടാവാം ഒന്നും വിജയിക്കാതെ പോയത് എന്ന് അവന്‍ സമാധാനിച്ചു. പരീക്ഷകള്‍ എഴുതി മടുത്തപ്പോള്‍ കൂട്ടുകാരനുമൊത്ത് ഒരു മോട്ടോര്‍ വര്‍ക്ക്ഷോപ്പ് ആരംഭിച്ചു.

കൂട്ടുകാരനുമായി യോജിച്ച് പോകുവാനുള്ള ബുദ്ധിമുട്ടും കഠിനമായ സാമ്പത്തിക പ്രശ്‌നങ്ങളും കൂടി ബിസിനസിന് താഴിട്ടു. നാട്ടില്‍ നില്‍ക്കാന്‍ നിവര്‍ത്തിയില്ലാതെയായപ്പോള്‍ ആനന്ദ് ഗള്‍ഫിലേക്ക് പോയി. ഇപ്പോള്‍ മിഡില്‍ ഈസ്റ്റിലെവിടെയോ ജോലിയെടുക്കുന്നു.

കേരളത്തില്‍ ഇത്തരം ആനന്ദുമാര്‍ ധാരാളം. നാട്ടില്‍ തന്നെ നിക്കാന്‍ മോഹിച്ച് എന്നാല്‍ നിവൃത്തികേടു കൊണ്ട് നാടും വീടും വിട്ടുനില്‍ക്കുന്ന ചെറുപ്പക്കാര്‍. ഒരു ഗതിയുണ്ടായിരുന്നെങ്കില്‍ ഇവര്‍ ഈ നാടുപേക്ഷിച്ച് എങ്ങോട്ടും പോകില്ല. പക്ഷേ സാഹചര്യങ്ങള്‍ അവര്‍ക്ക് പ്രതികൂലമാകുന്നു.

കേരളത്തിലെ ഏകദേശം നാല്‍പ്പത്തിയഞ്ച് ലക്ഷം വരുന്ന തൊഴിലില്ലാത്ത ചെറുപ്പക്കാര്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് നല്കി ജോലിക്കായി കാത്തിരിപ്പാണ്. ഭാരതത്തില്‍ ഏറ്റവുമധികം തൊഴില്‍രഹിതര്‍ ഉള്ള സംസ്ഥാനം സാക്ഷരതയില്‍ നൂറുമേനി കൊയ്ത കേരളമാണ്. മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ നമ്മുടെ തൊഴിലില്ലായ്മ 7.4% ആണ്. ദേശീയ ശരാശരിയുടെ മൂന്നിരട്ടി.

ഈ സംസ്ഥാനത്താണ് സര്‍ക്കാര്‍ ജോലി ലഭിച്ചിട്ട് നാട്ടില്‍ പണിയെടുക്കാതെ നീണ്ട അവധിയെടുത്ത് പണം സമ്പാദിക്കാന്‍ പോകുന്ന മിടുക്കന്മാരുള്ളത്. സര്‍ക്കാര്‍ ജനങ്ങളുടെ പണം മുടക്കി പരീക്ഷയും ഇന്റര്‍വ്യൂവും നടത്തി ജോലിയില്‍ നിയമിക്കുന്ന ഇവര്‍ ജോലിയില്‍ നിന്നും നീണ്ട ഒരവധിയെടുത്ത് അപ്രത്യക്ഷരാകുന്നു. ഗള്‍ഫിലൊക്കെ പോയി അത്യാവശ്യം നല്ല പണമൊക്കെ സമ്പാദിച്ച് വന്ന് വീണ്ടും സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിക്കുന്നു. സര്‍ക്കാരിന് യാതൊരു പ്രശ്‌നവുമില്ല. പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള എല്ലാ ആനുകൂല്യങ്ങളും ഒരു മടിയും കൂടാതെ നല്‍കും. പണം ജനങ്ങളുടെ അല്ലേ. കാട്ടിലെ തടി തേവരുടെ ആന. വലിയെടാ വലി.

പി എസ് സി ലിസ്റ്റിന്റെ അങ്ങേ തലക്കല്‍ പെട്ട് പോകുന്ന ചിലരുണ്ട്. നമ്മുടെ ഗള്‍ഫിന് പോകുന്ന വിദ്വാന്മാര്‍ക്ക് ജോലി ലഭിച്ചതിന്റെ ഫലമായി ലിസ്റ്റില്‍ നിന്നും ഔട്ട് ആകുന്ന ഹതഭാഗ്യര്‍. ഇവര്‍ ഇല്ലാതിരുന്നെങ്കില്‍ ആ ജോലി ലഭിക്കേണ്ടവര്‍. അവര്‍ക്ക് ജോലി ലഭിക്കുകയുമില്ല ജോലി ലഭിച്ചവര്‍ അത് ചെയ്യുകയുമില്ല. മറ്റുള്ളവരുടെ ജീവിതം കൊണ്ടൊരു കളി. യൂണിയനുകള്‍ക്ക് ജോലിക്കാരുടെ കാര്യങ്ങളിലെ ശ്രദ്ധയുള്ളൂ. ജോലിയില്ലാതെ പുറത്ത് നില്‍ക്കുന്നവന് എന്ത് യൂണിയന്‍.

സര്‍ക്കാര്‍ ജോലി ലഭിച്ചിട്ട് കൃത്യതയോടെ സത്യസന്ധമായി പണിയെടുക്കാത്തവരും സര്‍ക്കാര്‍ ജോലി കിട്ടിയിട്ട് നീണ്ട അവധിയെടുത്ത് മുങ്ങുന്നവരും ചെയ്യുന്നത് ക്രിമിനല്‍ കുറ്റം തന്നെയാണ്. ഭാരതത്തിലെ ഏറ്റവും കൂടുതല്‍ തൊഴിലില്ലായ്മ നിലനില്‍ക്കുന്ന ഒരു സംസ്ഥാനത്ത് ഇപ്പോള്‍ കൈകാര്യം ചെയ്യുന്ന പോലെ ഇത്ര ലളിതമായി കൈകാര്യം ചെയ്യേണ്ട ഒരു വിഷയമാണോ ഇത്. കരകയറിപ്പോകേണ്ട എത്ര കുടുംബങ്ങളെയാണിവര്‍ പട്ടിണിയിലേക്കും ദുരിതത്തിലേക്കും തള്ളിയിടുന്നത്.

ഒരു ജോലിക്കായി പെരുംവെയിലില്‍ വരിനിന്ന് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യുന്ന ഓരോ യുവാവിന്റെയും യുവതിയുടെയും സ്വപ്നങ്ങളാണിവര്‍ കരിച്ചുകളയുന്നത്. മദ്യത്തിന്റെയും ഇന്ധനത്തിന്റെയും നികുതിയില്‍ നിന്ന് ഉപജീവനം കഴിക്കുന്ന ഒരു നാടിന്റെ പിച്ചച്ചട്ടിയില്‍ കയ്യിട്ടുവാരുന്ന ഇവര്‍ക്ക് സര്‍ക്കാര്‍ എന്തിന് ആനുകൂല്യങ്ങള്‍ നല്കണം. ജോലിക്കായി അലഞ്ഞ്തിരിയുന്നവന്റെ മുഖത്ത് നോക്കി കൊഞ്ഞനംകുത്തുന്ന ഈ വ്യവസ്ഥിതി എന്ന് അവസാനിക്കും.

ഉപജീവനം കണ്ടെത്താന്‍ ഗള്‍ഫില്‍ പോകുന്ന ആനന്ദ്മാരും ഇവരും തമ്മില്‍ ഒരു താരതമ്യമേ ഉദിക്കുന്നില്ല. നാട്ടില്‍ നില്‍ക്കാന്‍ കൊതിച്ച് എന്നാല്‍ യാതൊരു രക്ഷയും ഇല്ലാതെ മണലാരണ്യത്തില്‍ പോയി കഷ്ട്‌പ്പെടുന്ന ആനന്ദ്മാര്‍. കിട്ടിയ ജോലി പോക്കറ്റിലിട്ട് സുരക്ഷിതമായി സര്‍ക്കാരിനേയും ജനങ്ങളേയും കബളിപ്പിച്ച് മുങ്ങി നടക്കുന്ന അതിബുദ്ധിമാന്മാരായ ഉദ്യോഗസ്ഥര്‍. ചട്ടങ്ങള്‍ തിരുത്തേണ്ട കാലം എന്നേ അതിക്രമിച്ചുകഴിഞ്ഞു.

ഇവരെയൊക്കെ ജോലിയില്‍ നിന്നും പിരിച്ചുവിട്ട് ജോലി തേടി നടക്കുന്ന ചെറുപ്പക്കാര്‍ക്ക് ജോലി നല്കിയാല്‍ എക്‌സ്‌ചേഞ്ചിലെ കണക്കിലെങ്കിലും അല്പ്പം കുറവ് വരും. കുറെ കുടുംബങ്ങള്‍ രക്ഷപ്പെടുകയും ചെയ്യും. പക്ഷേ മാറ്റുവിന്‍ ചട്ടങ്ങളെ എന്ന് വിളിച്ച് പറയാന്‍ ഇവിടെ ആരുണ്ട്?

 

Leave a comment