പ്രവാസികള്‍ സംരംഭകരാകുമ്പോള്‍

സത്യന്‍ അന്തിക്കാടിന്റെ വരവേല്‍പ്പ് എന്ന സിനിമ മലയാളികള്‍ ഒരിക്കലും മറക്കില്ല. ഒരു പ്രവാസി സംരംഭകനായി മാറുന്നതും പിന്നീട് അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളുമാണ് സിനിമയുടെ പ്രമേയം. നര്‍മ്മത്തിന്റെ ഭാഷയിലാണ് കഥ പറയുന്നതെങ്കിലും പ്രവാസിയുടെ നെഞ്ചില്‍ പൊടിയുന്ന ചോര നമുക്കതില്‍ കാണാം.

ദീര്‍ഘകാലമായുള്ള പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് വരുന്ന പ്രവാസിയുടെ അടുത്ത ലക്ഷ്യം ഉപജീവനത്തിനായി എന്തെങ്കിലും സംരംഭം നാട്ടില്‍ തുടങ്ങുക എന്നതാണ്. അതിനായി തന്റെ സമ്പാദ്യം മുഴുവന്‍ വിനിയോഗിച്ച് ഒരു സംരംഭം ആരംഭിക്കുന്നു. വ്യക്തമായ ധാരണകളില്ലാതെ തുടങ്ങുന്ന അത്തരമൊരു സംരംഭം അയാളെ പ്രശ്‌നങ്ങളില്‍ നിന്നും പ്രശ്‌നങ്ങളിലേക്ക് കൂട്ടിക്കൊണ്ട് പോകുന്നു. അവസാനം ജീവിതകാലം മുഴുവന്‍ പണിയെടുത്ത് നേടിയ സമ്പാദ്യം മുഴുവന്‍ നഷ്ട്‌പ്പെട്ട് കടക്കെണിയില്‍ അകപ്പെടുന്നു. ഒരു ശരാശരി പ്രവാസിയുടെ ജീവിതത്തില്‍ സംഭവിക്കുന്നതിന്റെ നേര്‍ചിത്രം ഇതാണ്.

ഒരു സംരംഭത്തില്‍ നിക്ഷേപിക്കുന്നതിന് മുന്‍പ് പ്രവാസി തീര്‍ച്ചയായും താഴെ പറയുന്ന കാര്യങ്ങള്‍ ചെയ്തിരിക്കണം. കേരളത്തില്‍ ജനിച്ച് വളര്‍ന്ന ഒരു വ്യക്തിയാണെങ്കിലും കേരളത്തിലെ സംരംഭകത്വത്തെക്കുറിച്ചോ അതിന്റെ വെല്ലുവിളികളെക്കുറിച്ചോ വ്യക്തമായ ധാരണകള്‍ പ്രവാസികള്‍ക്ക് ഉണ്ടായിക്കൊള്ളണമെന്നില്ല. അതുകൊണ്ട് തന്നെ ”റിസ്‌ക് ഫാക്ടര്‍” വളരെ കൂടുതലാണ്. റിസ്‌ക് പരമാവധി കുറച്ച് കൊണ്ട് ബുദ്ധിപരമായി എങ്ങിനെ സംരംഭങ്ങള്‍ ആരംഭിക്കാം എന്ന് പ്രവാസികള്‍ മനസ്സിലാക്കേണ്ടതുണ്ട്.

ഉപദേശികളെ സൂക്ഷിക്കുക

ചാടിക്കയറി ഏതെങ്കിലും ബിസിനസ് തുടങ്ങിക്കളയരുത്. നമ്മുടെ കയ്യില്‍ പണമുണ്ടെങ്കില്‍ ഉപദേശകര്‍ക്ക് ഒരു പഞ്ഞവുമുണ്ടാകില്ല. അവര്‍ക്ക് യാതൊരു അറിവും ഇല്ലാത്ത കാര്യങ്ങളില്‍പ്പോലും അവര്‍ നമ്മളെ ഉപദേശിച്ച് കളയും. അതുകൊണ്ട് ഇത്തരം ഉപദേശികളുമായി അല്പ്പം അകലം പാലിക്കുന്നത് നല്ലതാണ്. കാര്യങ്ങളെക്കുറിച്ച് വ്യക്തമായി അറിവുള്ളവരില്‍ നിന്ന് മാത്രം ഉപദേശം സ്വീകരിക്കുക.

ഏത് സംരംഭം തിരഞ്ഞെടുക്കണം?

ആദ്യത്തെ ചോയ്‌സ് നമുക്ക് പ്രാവീണ്യമുള്ള മേഖല തന്നെയാവണം. കാരണം അറിവില്ലാത്ത കാര്യങ്ങള്‍ ചെയ്യുന്നതിനേക്കാള്‍ റിസ്‌ക് കുറവ് നമുക്ക് അറിയുന്ന കാര്യങ്ങള്‍ ചെയ്യുന്നതാണ്. തന്റെ കഴിവ് എന്തിലാണ് എന്ന് വിലയിരുത്തി സംരംഭം ഏതെന്ന് നിശ്ചയിക്കാന്‍ കഴിയണം. ഇനി അത്തരമൊരു സംരംഭത്തിന് വിജയ സാധ്യതയില്ലെങ്കില്‍ മാത്രം അടുത്തത് എന്ത് വേണമെന്ന് പരിഗണിക്കാം.

ആഴത്തിലുള്ള പഠനം അത്യാവശ്യം

നമ്മുടെ പരിഗണനയിലുള്ള സംരംഭത്തെക്കുറിച്ച് വളരെ ആഴത്തില്‍ പഠിക്കുക എന്നതാണ് നമുക്ക് പ്രാവീണ്യമോ വ്യക്തമായ അറിവോ ഇല്ലാത്ത മേഖലയാണ് അതെങ്കില്‍ നാം ചെയ്യേണ്ടത്. ഇതിനായി സമാനങ്ങളായ സംരംഭങ്ങള്‍ സന്ദര്‍ശിക്കുകയും അവയുടെ സംരംഭകരുമായി ആശയവിനിമയം നടത്തുകയും വേണം. ആ മേഖലയില്‍ പ്രാവീണ്യമുള്ള പ്രോഫഷണലുകളുടെ സഹായവും തേടാം. പൂര്‍ണ്ണമായ ഒരു ധാരണയില്ലാതെ, ആ മേഖലയില്‍ ആത്മവിശ്വാസം ഇല്ലാതെ നിക്ഷേപം നടത്തരുത്. ഈ പഠനത്തിനായി നാം വിനിയോഗിക്കുന്ന പണം ഒരു നഷ്ട്മാവില്ല എന്നത് തീര്‍ച്ചയാണ്. കാരണം ഭാവിയില്‍ നാം ഏറ്റുമുട്ടാന്‍ പോകുന്ന പല വെല്ലുവിളികളും അവയുടെ പരിഹാരങ്ങളും ഈ പഠനം നമ്മെ പഠിപ്പിക്കും.

നിക്ഷേപിക്കുന്ന പണത്തിന് അര്‍ഹമായ ലാഭം ലഭിക്കണം

കയ്യിലുള്ള പണം ഒരാള്‍ ബാങ്കില്‍ നിക്ഷേപിക്കുകയാണെങ്കില്‍ ലഭിക്കുന്ന പലിശയേക്കാള്‍ ഉയര്‍ന്ന ലാഭം ബിസിനസില്‍ നിന്നും ലഭിക്കേണ്ടത് ആവശ്യമാണ്. കാരണം ബിസിനസില്‍ നാം റിസ്‌ക് എടുക്കുന്നുണ്ട്. ആ റിസ്‌ക്കിന് ആനുപാതികമായുള്ള ലാഭം ലഭിച്ചേ തീരൂ. അല്ലെങ്കില്‍ ആ പണം സുരക്ഷിതമായി യാതൊരു റിസ്‌ക്കുമില്ലാതെ ബാങ്കില്‍ നിക്ഷേപിച്ചാല്‍ പോരെ? അതുകൊണ്ട് തന്നെ താന്‍ സംരംഭത്തില്‍ നിക്ഷേപിക്കുകയാണെങ്കില്‍ തനിക്ക് ലഭിക്കാനിടയുള്ള ലാഭം കണക്കുകൂട്ടിയിട്ട് വേണം സംരംഭം ആരംഭിക്കുവാന്‍. പലപ്പോഴും ഇത്തരമൊരു കണക്കുകൂട്ടല്‍ നടത്തുവാന്‍ നാം മറന്നുപോകുന്നു.

ആദ്യം ബിസിനസ് പിന്നീട് പരസഹായം

സംരംഭം തുടങ്ങുമ്പോള്‍ തന്നെ തന്റെ ബന്ധുക്കളേയും സുഹൃത്തുക്കളേയും സഹായിച്ചു കളയാം എന്ന ഒരു മനോഗതി പ്രവാസികള്‍ കാണിക്കാറുണ്ട്. ചിലപ്പോള്‍ ഇത് വലിയൊരു ആപത്തിലേക്ക് സംരംഭത്തെ എത്തിക്കും. ഒരു സംരംഭത്തിന്റെ വിജയം അതിന്റെ മനുഷ്യവിഭവശേഷിയിലാണ്. ഗുണനിലവാരമില്ലാത്ത, ആ മേഖലയെക്കുറിച്ച് അറിവില്ലാത്ത, ജോലി ചെയ്യുന്നതിന് ആവശ്യമായ നിപുണതകളില്ലാത്ത വ്യക്തികള്‍ ബിസിനസിന് ഒരു ഭാരമായി മാറും. ഇവരെ ഒഴിവാക്കുക അത്ര എളുപ്പമുള്ള പ്രവര്‍ത്തിയാകുകയില്ല. അതുകൊണ്ട് തന്നെ യോഗ്യതയുള്ളവരെ മാത്രം തനിക്കൊപ്പം കൂട്ടുക എന്ന ബുദ്ധിപരമായ നീക്കം സംരംഭകന്‍ നടത്തേണ്ടതുണ്ട്.

 

 

ചുരുക്കത്തില്‍ ഒരു പ്രവാസി ശ്രദ്ധിക്കേണ്ടത് ഇവയൊക്കെയാണ്.

• ഉപദേശികളില്‍ നിന്നും ആവശ്യമുള്ളത് മാത്രം സ്വീകരിക്കുക. പതിരുകള്‍ ഒഴിവാക്കുക.
• പഠിക്കാതെ ഒരു സംരംഭത്തിലും നിക്ഷേപിക്കരുത്.
• മുടക്കുന്ന പണത്തിന് അര്‍ഹമായ ലാഭം ലഭിക്കുമെന്ന് ഉറപ്പ് വരുത്തണം.
• യോഗ്യതയുള്ളവരെ മാത്രം ഒപ്പം ചേര്‍ക്കുക. ആദ്യം ബിസിനസ് പിന്നെ പരസഹായം.

ഇവ ശ്രദ്ധിച്ച് മുന്നോട്ട് പോയാല്‍ ഓരോ പ്രവാസിയും ചെയ്യുന്ന സംരംഭവും വിജയമാവും. മുടക്കുന്ന പണം ഒരിക്കലും നഷ്ട്‌പ്പെടുകയുമില്ല. ഇനി നമുക്ക് ഒരു കൈ നോക്കിയാലോ?

 

 

 

 

Leave a comment