ആകസ്മികതകളാല്‍ തീര്‍ക്കപ്പെട്ട ഉദ്യാനം

ബാംഗ്ലൂര്‍ നിന്ന് കൊച്ചിയിലേക്കുള്ള ഒരു ബസ് യാത്രയിലാണ് ആന്‍ഡിയെ പരിചയപ്പെടുന്നത്. എന്റെ അടുത്ത സീറ്റിലായിരുന്നു ആന്‍ഡി. മലയാളിയുടെ സ്വതസിദ്ധമായ ഉള്‍വലിവോടെ ഒരു ചിരി മാത്രം സമ്മാനിച്ചു ഞാന്‍ ഒതുങ്ങിയിരുന്നു. ആന്‍ഡി എന്റെ നേര്‍ക്ക് കൈ നീട്ടി ”ഞാന്‍ ആന്‍ഡി” എന്ന് പറഞ്ഞു.

എന്റെ കൈയ്യും അറിയാതെ നീണ്ടു വെളുത്ത് മെലിഞ്ഞ ആ കൈകളില്‍ തൊട്ടു. ആന്‍ഡിയുടെ മുഖം നിറയെ പുഞ്ചിരിയാണ്. ആന്‍ഡി നോര്‍വേയില്‍ നിന്നാണ്. ഇന്ത്യയെക്കുറിച്ച് കേട്ട് കാണാന്‍ ഇറങ്ങി തിരിച്ചിരിക്കുകയാണ്. ഒറ്റക്കൊരു യാത്ര.

”ഇന്ത്യയെക്കുറിച്ച് എന്ത് തോന്നുന്നു?” ഞാനൊരു കുസൃതി ചോദ്യം എറിഞ്ഞു.

ആന്‍ഡി ചിരിച്ചു ”പ്രവചനാതീതമായ ഒരു രാജ്യം.” എനിക്ക് ആ മറുപടി വളരെ കൗതുകകരമായി തോന്നി.

”എന്ത് കൊണ്ടാണ് അങ്ങിനെ തോന്നിയത്” ഞാന്‍ ആന്‍ഡിയെ വിടാനുള്ള ഭാവമില്ല.

”ഞങ്ങളുടെ നാട്ടിലൊക്കെ ജീവിതം വളരെയൊക്കെ നിര്‍വ്വചനീയമാണ്. അത് യാന്ത്രികവുമാണ്. ഒരു പുഴ ഒഴുകും പോലെ അത് ഇരുകരകള്‍ക്കിടയിലൂടെ അങ്ങിനെ ഒഴുകിക്കൊണ്ടിരിക്കും. പ്രക്രിയകളുടെ ഒരു പരിക്രമണം മാത്രമാകുന്നു അവിടെയുള്ള ജീവിതം. പക്ഷേ ഇവിടെ ജിവിതം വളരെ വ്യത്യസ്തമാണ്. ജീവിതം സംഭവങ്ങളാല്‍ സമ്പന്നമാണ്. ആകസ്മികതകള്‍ ഏതൊരു നിമിഷവും കടന്നു വരാം. ഓരോ മനുഷ്യനും സ്വതന്ത്രനാണ്. സംഭവങ്ങളാല്‍ ചുറ്റപ്പെട്ട ഈ ജീവിതത്തിന്റെ വൈവിധ്യത ഞങ്ങളുടെ നാട്ടില്‍ എനിക്ക് അനുഭവിക്കുവാന്‍ സാധിച്ചിട്ടില്ല. അതുകൊണ്ട് ഈ നാട് വളരെ വ്യത്യസ്തമാണ്. ഇവിടുത്തെ മനുഷ്യരും. ഞാനതിഷ്ട്ടപ്പെടുന്നു.”

ആന്‍ഡിയുടെ വാക്കുകളുടെ ആഴം അന്ന് എനിക്ക് അളക്കുവാന്‍ കഴിഞ്ഞില്ല. സംഭവങ്ങളുടേയും ആകസ്മികതകളുടേയും ആവാസവ്യവസ്ഥയില്‍ വളരുന്ന ഒരാള്‍ക്ക് പുറത്തു നിന്ന് അതിനെ കാണുന്ന ഒരു വ്യക്തിയുടെ ഉള്‍ക്കാഴ്ച ഉണ്ടാവണമെന്നില്ല. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ നമ്മള്‍ തന്നെയാണ് ഈ സംഭവങ്ങളും ആകസ്മികതകളും അതിനെ വേറിട്ട് കാണുവാന്‍ സാധിക്കുക നിസാരമായ ഒരു ദൗത്യമല്ല.

ജീവിതം തന്നെ സംഭവങ്ങളുടെ ഒരു കുത്തൊഴുക്കാണ് എന്ന് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ? തിരക്കഥയില്ലാത്ത ഒരു സിനിമപോലെ അത് അവ്യക്തതയുടെ വലിയൊരു കാന്‍വാസില്‍ കളിച്ചു കൊണ്ടിരിക്കുകയാണ്. ഒരു സംഭവവും വ്യക്തമല്ല. ചിലപ്പോള്‍ അതീവ ലളിതവും മറ്റ് ചിലപ്പോള്‍ അതിസങ്കീര്‍ണ്ണവുമായ ഒരുതരം കളി. കളിക്കുന്നവനും സംഭവങ്ങളുടെ ഭാഗമാണ്. അതിനെ അടര്‍ത്തിമാറ്റുക അസാദ്ധ്യം.

ചുറ്റും അനര്‍ഗ്ഗളം ഒഴുകി നടക്കുന്ന ഈ സംഭവങ്ങള്‍ നമ്മെത്തേടി എത്തുകയാണ്. അതില്‍ നിന്നും ഒഴിഞ്ഞുമാറുക എളുപ്പമല്ല തന്നെ. ഒന്നില്‍ നിന്നും ഒഴിഞ്ഞു മാറുമ്പോള്‍ അടുത്തതെത്തുന്നു. കോര്‍ത്തിണക്കപ്പെട്ട ഈ സംഭവങ്ങളുമായി നിരന്തരമായ ഒരു പോരാട്ടത്തിലാണ് നാം. സ്വതന്ത്രനായ മനുഷ്യന്റെ പോരാട്ടം. സ്വതന്ത്രനായ മനുഷ്യന്‍ എന്ന് പറയുമ്പോള്‍ ഈ സംഭവങ്ങളെ നമ്മുടേതായ രീതിയില്‍ നേരിടാന്‍ സ്വാതന്ത്രമുള്ളവന്‍ എന്നര്‍ത്ഥം.

നിര്‍വ്വചിക്കപ്പെട്ട പ്രക്രിയകളുള്ള ഒരു ജനസമൂഹത്തിന് ഇത്തരം സംഭവങ്ങളുടെ പരിമാണം വളരെ കുറവായിരിക്കും. അവരുടെ ജീവിതം യന്ത്രങ്ങള്‍ ചലിക്കും പോലെ ഒരേരീതിയില്‍ ചലിച്ചുകൊണ്ടിരിക്കുന്നു. സംഭവങ്ങളുടേയും ആകസ്മികതകളുടേയും പരിമാണം തുലോം കുറവും അവരെ സംഭ്രമിപ്പിക്കാത്തതുമാകുന്നു. ദൈനംദിന പ്രവര്‍ത്തികള്‍ അളന്നെടുക്കുന്നത് പോലെ കൃത്യമായ രീതിയില്‍ സംഭവിച്ചു കൊണ്ടേയിരിക്കുന്നു.

ആന്‍ഡി ബസ് കയറണം എന്ന് വിചാരിച്ച് എത്തുന്നു. നോര്‍വേയില്‍ ബസ് കാത്തുനില്‍ക്കുന്ന ആന്‍ഡിയുടെ മുന്നിലേക്ക് കൃത്യസമയത്ത് ബസ് എത്തുന്നു. ആന്‍ഡി സമയത്ത് ഓഫീസില്‍ എത്തുന്നു. നാം ഇവിടെ ബസ് കാത്തു നില്‍ക്കുന്നു എന്ന് കരുതുക. ബസ് വരാം, വരാതിരിക്കാം. സമയത്ത് എത്താം, എത്താതിരിക്കാം. എത്തിയില്ലെങ്കില്‍ നമ്മുടെ സംഭവങ്ങള്‍ ആരംഭിക്കുകയാണ്. അടുത്ത ബസിനു പുറകെയുള്ള ഓട്ടം. സമയത്ത് ഓഫീസില്‍ എത്താനുള്ള പെടാപ്പാട്. എത്തിയില്ലെങ്കില്‍ കേള്‍ക്കുന്ന ചീത്തയെക്കുറിച്ചുള്ള ആധി. സംഭവങ്ങളും ആകസ്മികതകളും ഓരോ നിമിഷവും നമ്മെ കാത്തിരിക്കുകയാണ്. ഈ ഭൂമിയിലെ പല ജനതക്കും കിട്ടാത്ത ചില മഹാഭാഗ്യങ്ങള്‍ പോലെ. ആകസ്മികതകളാല്‍ തീര്‍ക്കപ്പെട്ട ഒരു ഉദ്യാനം. അതില്‍ ചുറ്റി നടക്കുന്ന പഥികര്‍ മാത്രമാകുന്നു നാം.

 

 

 

Leave a comment