ആ കഥ ഞാനിവിടെ ഉപേക്ഷിക്കുന്നു

ഒരു കഥ മനസില്‍ ജന്മമെടുത്തിട്ട് നാളുകള്‍ കഴിഞ്ഞു. മനസില്‍ നിന്നും അത് ഇനി അക്ഷരങ്ങളായി പിറവിയെടുക്കണം. അതൊരു പേറ്റുനോവാണ്. അസ്വസ്ഥമാക്കുന്ന, കഠിനമായ വേദന നല്‍കുന്ന ഒന്ന്.

കഴിഞ്ഞ രണ്ടുമാസമായി പലതവണ ലാപ്‌ടോപ്പിന്റെ മുന്നില്‍ ഇരുന്നിട്ടുണ്ട്. ഇന്നിത് എഴുതി തീര്‍ക്കണം എന്ന വാശിയോടെ. പക്ഷേ അക്ഷരങ്ങള്‍ക്ക് വിരല്‍ത്തുമ്പുകളില്‍ നിന്നും വാര്‍ന്നുവീഴാന്‍ ഒരു മടി. ഒരക്ഷരം പോലും ടൈപ്പ് ചെയ്യുവാന്‍ കഴിയാതെ പല പ്രാവശ്യം എഴുന്നേറ്റു പോകേണ്ടിവന്നു. എന്താണെന്ന് മനസിലാവുന്നതേയില്ല. ഇന്നേവരെ ഇങ്ങനെയൊരു അനുഭവം ഉണ്ടായിട്ടില്ല.

കഥ മനസില്‍ മുള പൊട്ടുന്നത് ഒരു ബസ് യാത്രക്കിടയിലാണ്. കെ എസ് ആര്‍ ടി സിയുടെ ലൊഫ്‌ലോറില്‍ ഒരു ചെറിയ യാത്ര. ബസ് യാത്രകള്‍ എനിക്കിഷ്ട്ടമാണ്. അവ എപ്പോഴും ആനന്ദകരങ്ങളാണ്. ബസില്‍ തിരക്ക് കുറവാണ്. വിശാലമായ ജാലകത്തിനോട് അടുത്തുള്ള സീറ്റില്‍ ഇരുന്ന് പുറത്തുള്ള കാഴ്ചകള്‍ ആസ്വദിക്കുകയാണ്.

പെട്ടെന്ന് ഒരു കാഴ്ചയിലേക്ക് എന്റെ ശ്രദ്ധ പതിഞ്ഞു. ബസ് മുന്നോട്ട് പോകുമ്പോള്‍ അതാ വഴിയുടെ ഓരത്തായി ആരെയോ കാത്ത് കണ്ണുകഴച്ചു നില്‍ക്കുന്ന ഒരു ബസ്സ്‌റ്റോപ്പ്. അവിടെ ഒരു പെണ്‍കുട്ടി മാത്രം. അവള്‍ സ്റ്റോപ്പിലെ ബഞ്ചില്‍ തലകുമ്പിട്ട് ഇരിക്കുകയാണ്. ഏകാന്തമായ സ്റ്റോപ്പില്‍ സുന്ദരിയായ ഒരു പെണ്‍കുട്ടി. അതെന്റെ മനസില്‍ ഒരു വിത്ത് നട്ടു.

യാത്രക്കിടയില്‍ കഥ വികസിച്ചു. അവളുടെ അരികിലേക്ക് തികച്ചും അപരിചിതനായ ഒരു ചെറുപ്പക്കാരന്‍ കടന്നു വരുന്നു. അവര്‍ പ്രണയത്തിലാകുന്നു. കഥയുടെ പശ്ചാത്തലവും ഗതിയും അതിവേഗമാണ് മനസില്‍ ഉടലെടുത്തത്. കഥയും കവിതയും അങ്ങിനെയാണ്. മഴപോലെ പെട്ടെന്ന് കടന്നു വരും. അതിന്റെ കുളിര്‍ വിടാതെ നമ്മെ പിന്തുടരുകയും ചെയ്യും.

പക്ഷേ ഞാനെത്ര ശ്രമിച്ചിട്ടും അത് പകര്‍ത്താന്‍ കഴിയുന്നില്ല. ഒരു സിനിമ പോലെ അതിലെ രംഗങ്ങള്‍ മനസില്‍ കളിച്ചു കൊണ്ടിരിക്കുകയാണ്. രണ്ട് മാസങ്ങളായി എന്നെ കബളിപ്പിച്ച് അക്ഷരങ്ങള്‍ മുങ്ങി നടക്കുകയാണ്. ചിലപ്പോള്‍ സമയമായിട്ടുണ്ടാവില്ല.

നല്ല ചൂടുള്ള കാപ്പി ഊതിക്കുടിച്ചു കൊണ്ടിരിക്കുമ്പോഴാണ് മായ വിളിക്കുന്നത്. ഇരുപത്തിയഞ്ച് വര്‍ഷങ്ങളെങ്കിലുമായിട്ടുണ്ടാകും തമ്മില്‍ കണ്ടിട്ട്. ഫേസ്ബുക്കില്‍ നിന്നും എന്റെ നമ്പര്‍ തപ്പിയെടുത്താണ് വിളി.

”നീയെവിടെയുണ്ട്, നമുക്കൊന്ന് കണ്ടാലോ?” അവള്‍ ചോദിച്ചു. വര്‍ഷങ്ങള്‍ എത്ര കഴിഞ്ഞാലും നല്ല സൗഹൃദങ്ങളുടെ ശക്തി ക്ഷയിക്കുന്നില്ല. കാണുന്നില്ലെങ്കിലും സംസാരിക്കുന്നില്ലെങ്കിലും അദൃശ്യങ്ങളായ ചില നൂലുകളാല്‍ അവ ബന്ധിക്കപ്പെട്ടിരിക്കുകയാണ്. എത്രയോ വര്‍ഷങ്ങള്‍ക്ക് ശേഷം ആ ശബ്ധം കേട്ട എന്റെ ആഹ്‌ളാദം പറഞ്ഞറിയിക്കുവാന്‍ സാധിക്കില്ല.

ബി ടി എച്ചിന്റെ ഒരു മൂലയിലെ മേശയില്‍ ഞങ്ങള്‍ മുഖാമുഖം ഇരുന്നു. അവള്‍ തടിച്ചിരിക്കുന്നു. മുഖത്തിന് വലിയ വ്യത്യാസങ്ങള്‍ ഒന്നുമില്ല. കുടുംബവുമൊക്കെയായി വിദേശത്താണ്. എത്രയോ തവണ നാട്ടില്‍ വന്നുപോയി. അന്നൊന്നും അവള്‍ക്ക് വിളിക്കുവാണോ കാണുവാനോ സൗകര്യമുണ്ടായില്ല. എന്റെ പരിഭവങ്ങള്‍ കേട്ട് ചിരിച്ച് അവള്‍ എന്റെ വിശേഷങ്ങള്‍ തിരക്കി. ഒരുപാട് സമയം ഞങ്ങള്‍ സംസാരിച്ചിരുന്നു.

”നിനക്കറിയുമോ, ഫിറോസിനെ ഞാന്‍ കണ്ടുമുട്ടുന്നത് ഒരു ബസ്സ്റ്റോപ്പില്‍ വെച്ചാണ്. ബസ് കയറുവാന്‍ ബസ്സ്റ്റോപ്പില്‍ ഒറ്റയ്ക്ക് കാത്തുനിന്ന ഒരു ദിവസമാണ് അവന്‍ എന്റെ ജീവിതത്തിലേക്ക് കടന്നു വരുന്നത്. ജീവിതം ഒരു നാടകമാണ്. സ്‌ക്രിപ്റ്റ് ഇല്ലാത്ത നാടകം. നാം വിചാരിക്കുന്നത് പോലൊന്നുമല്ല ജീവിതത്തില്‍ സംഭവിക്കുന്നത്” അവള്‍ പൊട്ടിച്ചിരിച്ചു.

എന്റെ ശബ്ധം നഷ്ട്ടപ്പെട്ടു. മനസില്‍ ഒരു വിസ്‌ഫോടനം നടന്നു. ഇവള്‍ ഒരു യക്ഷിയാണോ? കഴിഞ്ഞ രണ്ടുമാസം ഞാന്‍ ചുമന്ന് നടന്ന എന്റെ കഥ. എത്ര ശ്രമിച്ചിട്ടും ഒരു വരിപോലും പകര്‍ത്തുവാന്‍ കഴിയാഞ്ഞ ആ കഥ. ഇരുപത്തിഅഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം മായ എന്നെ ഒരു കാരണവുമില്ലാതെ തേടിയെത്തുന്നു. ഞങ്ങളുടെ സമാഗമം മുന്‍കൂട്ടികണ്ടെന്നപോലെ ആരോ കാഴ്ചകള്‍ രൂപപ്പെടുത്തുന്നു.

അവളെ ഞാന്‍ രണ്ട് മാസങ്ങള്‍ക്ക് ശേഷം കണ്ടു മുട്ടും എന്ന് ആര്‍ക്കെങ്കിലും അറിയാമായിരുന്നോ? അവളുടെ ജീവിതകഥ ആ ഒരു യാത്രയില്‍ എന്റെ മനസിലേക്ക് കടന്നു വന്നത് എങ്ങിനെയാണ്? ആരോ മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയിലെ കഥാപാത്രങ്ങള്‍ മാത്രമാണോ നാം?

എനിക്ക് ഈ പ്രപഞ്ചത്തെ മനസിലാക്കുവാന്‍ സാധിക്കുന്നതേയില്ല. ഓരോ സംഭവങ്ങള്‍ക്കും അതിന്റേതായ കാരണങ്ങളുണ്ടെന്ന് ഞാനിപ്പോള്‍ വിശ്വസിച്ചു തുടങ്ങുന്നു. ഒന്നും വെറുതെ സംഭവിക്കുന്നില്ല. നാം കാണുന്നതും കേള്‍ക്കുന്നതും ഭൂതവും വര്‍ത്തമാനവും ഭാവിയും എല്ലാം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. മനസിലാക്കുവാന്‍ ശ്രമിക്കുന്തോറും ഈ പ്രപഞ്ചം കൂടുതല്‍ സങ്കീര്‍ണ്ണമായി മാറുകയാണ്, ഊരാക്കുടുക്കായി വരിഞ്ഞുമുറുക്കുകയാണ്. ഇത് അവിശ്വസനീയമാണ്. എന്റെ തല പെരുക്കുന്നു.

ആ കഥ ഞാനിവിടെ ഉപേക്ഷിക്കുന്നു.

 

 

Leave a comment