തര്‍ക്കങ്ങള്‍ അപ്രസക്തമാകുന്ന സന്ദര്‍ഭങ്ങള്‍

ആലപ്പുഴ ബൈപാസിലെ ഹോട്ടല്‍ ആര്യാസില്‍ വണ്ടി നിര്‍ത്തി. നല്ല വിശപ്പുണ്ട്. ഉച്ചക്ക് ആഹാരം കഴിച്ചിട്ടില്ല. നെടുമുടിയില്‍ നിന്നും തിരിച്ചുള്ള വരവാണ്. സമയം ഏകദേശം നാലു മണിയായി.

ഭക്ഷണത്തിന് ഓര്‍ഡര്‍ കൊടുത്തു. കാത്തിരിപ്പിന്റെ ഇടവേളയില്‍ കണ്ണുകള്‍ ചുറ്റും കറങ്ങി. മിക്ക കസേരകളും നിറഞ്ഞിരിക്കുകയാണ്. തൊട്ടടുത്ത് കൃപാസനം ധ്യാനകേന്ദ്രം ഉണ്ട്. അവിടെ വന്നവര്‍ കൂട്ടമായി ആഹാരം കഴിക്കാന്‍ കയറിയിരിക്കുന്നു. വെയിറ്റര്‍മാര്‍ പറന്നു നടക്കുകയാണ്.

എന്റെ എതിര്‍വശം ഒരു ചെറുപ്പക്കാരന്‍ വന്നിരുന്നു. അടുത്ത മേശയില്‍ കുടുംബമുണ്ട്. അവിടെ കസേര തികയാത്തതിനാല്‍ എന്റെ മുന്നിലേക്ക് ഇരുന്നതാണ്. ഞാന്‍ നോക്കിയപ്പോള്‍ അയാള്‍ ചിരിച്ചു. തിരികെ ഒരു ചിരി നല്കി പരസ്പരം പരിചയപ്പെട്ടതിനു ശേഷം ഞാന്‍ ചോദിച്ചു ”ധ്യാനകേന്ദ്രത്തില്‍ വന്നതായിരിക്കും അല്ലേ?” (അല്പ്പം പുച്ഛം കലര്‍ന്നിരുന്നോ എന്ന് പിന്നീട് ചിന്തിച്ചപ്പോള്‍ തോന്നി).

”അതെ” അയാള്‍ തലകുലുക്കി. ”അമ്മച്ചിക്ക് സുഖമില്ല. റേഡിയേഷന്‍ കഴിഞ്ഞു. സ്ഥിതി അല്പ്പം മോശമാണ്. ഇവിടെ വരണം എന്ന് ഒരാഗ്രഹം പറഞ്ഞു. വന്ന് പ്രാര്‍ഥിച്ചാല്‍ എന്തെങ്കിലും ഫലമുണ്ടായാലോ. അതുകൊണ്ട് അമ്മച്ചിയുമായി വന്നതാണ്.”

ഞാന്‍ മറ്റേ മേശയില്‍ ഇരുന്ന അമ്മച്ചിയെ നോക്കി. മുടി മുഴുവന്‍ കൊഴിഞ്ഞിരിക്കുന്നു. അത് തലയിലേക്കിട്ട സാരിത്തലപ്പുകൊണ്ട് മറച്ചിട്ടുണ്ട്. മുഖമാകെ ക്ഷീണിച്ച് വിളറിയിരിക്കുന്നു. എനിക്ക് മനസില്‍ എന്തോ വിങ്ങുന്നതു പോലെ തോന്നി. ആ സ്ത്രീ അനുഭവിക്കുന്ന വേദന ഊഹിക്കാന്‍ കൂടിയാവില്ല. അദൃശ്യമായി ചൂഴ്ന്നുനില്ക്കുന്ന ഒരു സംഘര്‍ഷം ആ കുടുംബത്തെയാകെ ബാധിച്ചിരിക്കുന്നു.

ഞാന്‍ നിശബ്ദനായി ഭക്ഷണത്തിലേക്ക് ശ്രദ്ധ തിരിച്ചു. കൃപാസനം ധ്യാനകേന്ദ്രത്തിന് മുന്നിലൂടെ അല്പ്പം നേരത്തെ കടന്നു പോന്നപ്പോള്‍ അവിടെ വലിയ ആള്‍ക്കൂട്ടമായിരുന്നു. ആളുകള്‍ക്ക് ഇതെന്ത് പറ്റി. ഭക്തിയേയും വിവരക്കേടിനെയും ചൂഷണം ചെയ്യുന്ന ഇത്തരം കേന്ദ്രങ്ങള്‍ ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും പ്രവര്‍ത്തിക്കുന്നുണ്ടല്ലോ എന്ന് ഞാനപ്പോള്‍ പരിഹാസത്തോടെ ചിന്തിച്ചിരുന്നു..

ഈ ചെറുപ്പക്കാരന്‍ എന്റെ ചിന്തയില്‍ പൊടുന്നനെ തീ കോരിയിട്ടിരിക്കുന്നു. വളരെ അകലെ നിന്നും അമ്മച്ചിയുമായി ആ കുടുംബം അവിടെ എത്തിയത് ഒറ്റ പ്രതീക്ഷയുമായാണ്. എങ്ങനെയെങ്കിലും അമ്മച്ചിക്ക് രോഗമുക്തി നേടിക്കൊടുക്കണം. അത് മരുന്നാണോ മന്ത്രമാണോ ഫലിക്കുക എന്ന് അവര്‍ക്ക് അറിയില്ല. ചികിത്സക്കൊപ്പം മറ്റെല്ലാം മാര്‍ഗ്ഗങ്ങളും അവര്‍ നോക്കുന്നു. രോഗമുക്തിക്കാണ് പ്രാധാന്യം.

അയാളുടെ ഭക്ഷണവും എത്തി. അത് കഴിച്ചു കൊണ്ട് അയാള്‍ പറഞ്ഞു. ”ഞാനൊരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ്. മലയാളസാഹിത്യത്തില്‍ ബിരുദാനന്തര ബിരുദം നേടിയ ഒരാള്‍. എന്റെ ഭാര്യയും സര്‍ക്കാര്‍ ഉദ്യോഗസ്ഥയാണ്. എന്തുകൊണ്ടാണ് ഞങ്ങള്‍ ഇവിടെ വന്നത് എന്നാവും താങ്കള്‍ കരുതുക. അന്ധവിശ്വാസങ്ങളും പേറി നടക്കുന്ന ഒരു തലമുറ എന്നാവും ചിന്തയില്‍. ശരിയാണ്. പക്ഷേ ചില സന്ദര്‍ഭങ്ങളില്‍ നമ്മള്‍ ഇതെല്ലാം ചെയ്യേണ്ടി വരും. അല്ലെങ്കില്‍ നാമതിന് നിര്‍ബന്ധിതരാകും. അമ്മച്ചിയുടെ രോഗം മാറണം അതിനായി എന്തും ശ്രമിക്കുക എന്നതാണ് ഞങ്ങളുടെ ഇപ്പോഴത്തെ മാനസികാവസ്ഥ. യുക്തി അവിടെ വഴി മാറുന്നു.” അയാള്‍ പറഞ്ഞു നിര്‍ത്തി.

ഇവിടെ തര്‍ക്കങ്ങള്‍ക്ക് പ്രസക്തിയുണ്ടോ? ഇല്ല. ആവശ്യം വളരെ വ്യക്തമാണ്. മരുന്നിനൊപ്പം മന്ത്രവും ഫലിക്കുമോ എന്ന് ശ്രമിക്കുക. മന്ത്രത്തില്‍ തന്നെ നല്ല മന്ത്രവും ചീത്ത മന്ത്രവുമുണ്ടോ? ഉണ്ടെങ്കില്‍ തന്നെ അത് എങ്ങിനെ വേര്‍തിരിച്ചറിയും. നല്ല മന്ത്രവും മോശം മന്ത്രവും ചെയ്യുന്നത് ആരൊക്കെയാണ്? അത് എങ്ങിനെ കണ്ടു പിടിക്കും. അല്ലെങ്കില്‍ എല്ലാം മോശവും തട്ടിപ്പുമാണോ? ഞങ്ങളുടെ മന്ത്രങ്ങളും തന്ത്രങ്ങളും ശരി നിങ്ങളുടേത് തെറ്റ് എന്ന് ആര്‍ക്ക് എങ്ങിനെ ഉറപ്പിച്ചു പറയാന്‍ കഴിയും. അല്ലെങ്കില്‍ എല്ലാം വിഡ്ഢിത്തമോ?

അസഹ്യമായ മാനസിക വേദനയില്‍ പിടയുന്ന ഒരു വ്യക്തിക്കോ കുടുംബത്തിനോ യുക്തിസഹമായി ചിന്തിക്കാന്‍ കഴിയണം എന്നില്ല. കടുത്ത പിരിമുറുക്കത്തിലാണ് മനസ്സ്. എങ്ങനെയെങ്കിലും രക്ഷപ്പെടുക എന്നതാണ് ലക്ഷ്യം. വെള്ളത്തില്‍ മുങ്ങിത്താണു കൊണ്ടിരിക്കുന്ന ഒരാള്‍ പലകയാണോ വഞ്ചിയാണോ ബോട്ടാണോ തന്റെ അരികില്‍ എത്തിയത് എന്ന് നോക്കിയല്ല രക്ഷപ്പെടാന്‍ പോകുന്നത്. എന്തായാലും അതില്‍ കയറുക തന്നെ. അത് ദൈവമോ ചെകുത്താനോ ആകട്ടെ. ജീവന്‍ തിരിച്ചു കിട്ടിയാല്‍ മതി.

ചില സന്ദര്‍ഭങ്ങളില്‍ ഭക്തിയും വിഭക്തിയും തീരുമാനിക്കുന്നത് നമ്മുടെ ആവശ്യങ്ങളാണ്. യുക്തിയും ശാസ്ത്രവും അവിടെ മാറിനില്‍ക്കുന്നു. അറിവും അറിവുകേടും വിഷയമാകുന്നില്ല. തര്‍ക്കങ്ങള്‍ അപ്രസക്തമാകുന്നു. ഇതും അത്തരമൊരു സന്ദര്‍ഭം.

യാത്ര പറഞ്ഞ് ഇറങ്ങുന്നതിന് മുന്‍പ് അമ്മച്ചിയെ ഒന്നുകൂടി നോക്കി. അവര്‍ എന്നെ നോക്കി മനോഹരമായി ചിരിച്ചു. അമ്മച്ചിയുടെ രോഗം എളുപ്പം ഭേദമാകട്ടെ എന്ന് മനസ്സില്‍ ഉരുവിട്ട് കൊണ്ട് ഞാന്‍ പുറത്തേക്കിറങ്ങി.

 

Leave a comment