സ്വപ്നവും യാഥാര്‍ത്ഥ്യവും തമ്മിലുള്ള ദൂരം

ഏതൊരു വ്യക്തിയുടേയും സ്വപ്നമാണ് നല്ലൊരു വീട് പണിയുക എന്നത്. അച്ഛന്റേയും സ്വപ്നത്തിന് വ്യത്യാസമുണ്ടായിരുന്നില്ല.

നമുക്ക് ഈ പഴയ വീട് പൊളിച്ചു കളഞ്ഞ് പുതിയതൊന്ന് പണിയാം. അച്ഛന്റെ ആഗ്രഹത്തിന് അമ്മയും സമ്മതം മൂളിയതോടെ വീട് പണിയുവാനുള്ള പ്രാരംഭ നടപടികള്‍ ആരംഭിച്ചു.

കയ്യിലുള്ള കരുതല്‍ ധനമൊക്കെ തിട്ടപ്പെടുത്തി ഞങ്ങള്‍ തീരുമാനിച്ചു ഒരു നില വീട് മതി. അതാകുമ്പോള്‍ ബജറ്റില്‍ ഒതുങ്ങും. ലോണ്‍ ഒന്നും എടുക്കേണ്ട. വലിയൊരു വീട് വീട്ടിലെ ജനസംഖ്യ വെച്ചു നോക്കുമ്പോള്‍ ആവശ്യവുമില്ല. ഒറ്റനില വീട് എന്ന ആശയം എഞ്ചിനീയര്‍ കടലാസിലേക്ക് പകര്‍ത്താന്‍ തുടങ്ങി.

പ്ലാന്‍ വരക്ക് തുടക്കം കുറിച്ചിട്ട് എഞ്ചിനീയര്‍ പറഞ്ഞു. എന്തുകൊണ്ട് നമുക്ക് രണ്ടുനിലയുടെ പ്ലാന്‍ പാസാക്കി ഇട്ടുകൂടാ. പിന്നീട് പണിതാല്‍ മതി. ഇപ്പോള്‍ പാസാക്കിയാല്‍ അത് നടക്കും. അല്ലെങ്കില്‍ പിന്നീട് മുകളിലെ നില കെട്ടാന്‍ സമയം ചിലപ്പോള്‍ മറ്റ് പ്രശ്‌നങ്ങള്‍ തലപൊക്കും. ഏതായാലും നമുക്ക് രണ്ട് നിലയുടെ പ്ലാന്‍ ആദ്യമേ തന്നെ അങ്ങ് പാസാക്കിയേക്കാം.

ഇരുനില വീടിന്റെ പ്ലാന്‍ പാസായി. വീടിന്റെ പണി തുടങ്ങി. ഒന്നാം നില പണി തീര്‍ന്നു. ഒരു ദിവസം ഞാന്‍ ഓഫീസില്‍ നിന്നും തിരികെ വരുമ്പോള്‍ കാണുന്നത് രണ്ടാം നില ഉയര്‍ന്നു തുടങ്ങുന്നതാണ്. എന്റെ കണ്ണുകള്‍ തള്ളി പുറത്തേക്ക് വന്നത് കണ്ടപ്പോള്‍ അച്ഛന്‍ പറഞ്ഞു. എന്തായാലും ഇപ്പോള്‍ പണിയുമ്പോഴേ ഇത് സാധിക്കൂ. മാറ്റിവെച്ചാല്‍ പിന്നീട് അത് നടക്കണമെന്നില്ല. അതുകൊണ്ട് അച്ഛനും കോണ്‍ട്രാക്ടറും കൂടി അങ്ങ് നിശ്ചയിച്ച് പണി തുടങ്ങി.

ഇനിയൊന്നും പറഞ്ഞിട്ട് കാര്യമില്ല. ഖജനാവ് കാലിയാണ്. ലോണ്‍ എടുക്കാതെ നിവൃത്തിയില്ല. പിറ്റേദിവസം ബാങ്കിലേക്കോടി. സുഹൃത്തായ ബാങ്ക് മാനേജര്‍ എല്ലാം വളരെ വേഗം ശരിയാക്കി തന്നു. ഒരു പൈസ പോലും കടമില്ലാതെ തീര്‍ക്കാന്‍ ഉദ്ദേശിച്ച വീട് ബാങ്കിന്റെ പെട്ടിക്കുള്ളിലായി.

രണ്ട് നിലയും പണിതീര്‍ന്നു. വീട്ടിലെ താമസം ആരംഭിച്ചു. മുകളിലെ നില വാടകയ്ക്ക് കൊടുത്തു. കുറെ നാള്‍ കഴിഞ്ഞപ്പോള്‍ അമ്മക്ക് അത് വാടകയ്ക്ക് നല്‍കുന്നതില്‍ ഇഷ്ട്ടമില്ലാതെയായി. പിന്നീടത് വെറുതെ കിടക്കാന്‍ തുടങ്ങി. മുകളിലെ അടുക്കള സ്റ്റോര്‍ ആയി മാറി. പഴയതും പുതിയതുമൊക്കെ കുത്തിനിറച്ച ഒന്ന്. നടുക്കത്തെ വലിയ ഹാളില്‍ തലങ്ങും വിലങ്ങും ഭാര്യ അഴകള്‍ കെട്ടി തുണികള്‍ തോരയിട്ടു. ഒരു മുറിയില്‍ ഞാനും എന്റെ പുസ്തകങ്ങളും.

വലിയ വീടിന്റെ മുകളിലെ നിലയിലെ മിന്നുന്ന ടൈലുകള്‍ ഇപ്പോള്‍ തൂങ്ങിക്കിടക്കുന്ന തുണികളെ നോക്കി വിശ്രമിക്കുകയാണ്. പണിയെടുക്കുന്ന പണം കൃത്യമായി ബാങ്കിന് നല്‍കുന്നുണ്ട്. ചിലപ്പോള്‍ തോന്നും അദ്ധ്വാനിക്കുന്നത് ലോണുകള്‍ അടച്ചു തീര്‍ക്കാന്‍ മാത്രമായിട്ടാണോയെന്ന്.

ഈ കഥകള്‍ മനസിന്റെ മുറത്തില്‍ നിന്നും പേറ്റിയെടുത്തത് കഴിഞ്ഞ ദിവസം ഒരു സുഹൃത്തുമായി സംസാരിച്ചു കൊണ്ടിരിക്കുമ്പോഴാണ്. അദ്ദേഹവും വലിയൊരു വീട് പണിതു. അവര്‍ മൂന്ന് പേരെ വീട്ടിലുണ്ടായിരുന്നുള്ളൂ. മനസിലുണ്ടായിരുന്ന സ്വപ്നഭവനം തന്നെയാണ് കെട്ടിപ്പൊക്കിയതും. റിട്ടയര്‍ ചെയ്തപ്പോള്‍ കിട്ടിയ കാശ് മുഴുവനും വിനിയോഗിച്ചു.

വെറും മൂന്ന് പേര്‍ക്ക് താമസിക്കാന്‍ എന്തിനിത്ര വലിയ വീട് എന്ന് തോന്നിത്തുടങ്ങിയത് പിന്നീടാണ്. വീടിന്റെ മുകള്‍ നിലയില്‍ കയറുന്നത് അപൂര്‍വ്വമായി. മകള്‍ കല്യാണം കഴിഞ്ഞു ഭര്‍ത്താവുമൊത്ത് കാനഡയില്‍ സ്ഥിരതാമസമാക്കി. ഇപ്പോള്‍ വീട്ടില്‍ സുഹൃത്തും ഭാര്യയും മാത്രം. വീട് അടിച്ച് തുടച്ചിടാനുള്ള ബുദ്ധിമുട്ട് ഭാര്യക്കാണ്. ആരും ഉപയോഗിക്കാത്ത വലിയൊരു ഭാഗം എന്നും വൃത്തിയാക്കിയിടേണ്ട ബുദ്ധിമുട്ട് നമുക്ക് ആലോചിക്കാവുന്നതേയുള്ളൂ.

ഞാനും എന്റെ ഈ സുഹൃത്തും കാപട്യസമൂഹത്തിന്റെ നേര്‍ചിത്രങ്ങളാണ്. നമുക്കാവശ്യമുള്ളതില്‍ കൂടുതല്‍ വലുപ്പമുള്ള വീട് മറ്റുള്ളവരെ കാണിക്കാനോ, നമ്മുടെ ഈഗോയെ തൃപ്തിപ്പെടുത്താനോ പണിതിടുക. ജീവിതകാലം മുഴുവന്‍ പണിയെടുത്ത് ലോണ്‍ അടക്കുക. ലോണ്‍ അടച്ചുകഴിയുമ്പോള്‍ തന്നെ അത് മറ്റൊരു വീട് പണിയാനുള്ള കാശ് കയ്യില്‍ നിന്നും പോയിട്ടുണ്ടാകും. അല്ലെങ്കില്‍ രണ്ടോ മൂന്ന് പേര്‍ക്ക് താമസിക്കുവാന്‍ വലിയൊരു മൈതാനം പോലുള്ള വീട് പണിയുക. അതിനെ പരിചരിക്കാനും നിലനിര്‍ത്താനുമായി അഹോരാത്രം ബുദ്ധിമുട്ടുക.

ജീവിതം എന്നെ പഠിപ്പിച്ച കഠിന പാഠങ്ങളിലൊന്ന് ഇതാണ്. എന്തും ആവശ്യത്തിന് മാത്രമായി ചെയ്യുക. നമ്മുടെ ജീവിതം മറ്റുള്ളവരെ കാണിക്കാനോ അവരെ അസൂയപ്പെടുത്തുവാനോ ഉള്ളതല്ല. അവരുടെ ജീവിതത്തെ നാം അസൂയയോടെ കാണേണ്ട കാര്യവുമില്ല. മറ്റുള്ളവരെ ബോധിപ്പിക്കാനുള്ള ജീവിതം നാം അവസാനിപ്പിക്കുമ്പോള്‍ യഥാര്‍ത്ഥ സന്തോഷവും സമാധാനവും നമ്മുടെ ജീവിതത്തിലേക്ക് കടന്നു വരും.

വലിയ ചില തിരിച്ചറിവുകളിലേക്ക് നമ്മെ കൂട്ടിക്കൊണ്ടു പോകുന്നത് അനുഭവങ്ങളാണ്. ആ അനുഭവങ്ങള്‍ തീഷ്ണങ്ങളാകാം. അതിന്റെ പൊള്ളലുകള്‍ നമ്മെ പുതിയ മനുഷ്യരാക്കും. മുന്നിലേക്കുള്ള യാത്രയില്‍ കൂട്ടിനായി സുഹൃത്തുക്കളെപ്പോലെ ഈ അനുഭവങ്ങള്‍ നമുക്കൊപ്പമുണ്ടാകും. സ്വപ്നവും യാഥാര്‍ത്ഥ്യവും തമ്മിലുള്ള ദൂരം ഈ അനുഭവങ്ങളുടേതാണ്.

 

Leave a comment