മൂന്ന് യാത്രികര്‍

ഒന്നാമത്തെ യാത്രികന്‍

എന്റെ വണ്ടിയുടെ മുന്നില്‍ സഞ്ചരിക്കുകയാണ് ആ ബൈക്ക് യാത്രികന്‍. നല്ല സ്പീഡിലാണ് സഞ്ചാരം. പെട്ടെന്ന് ബൈക്കിന്റെ വേഗത കുറയുന്നു. എന്റെ വണ്ടി ബൈക്കില്‍ ഇടിക്കാതിരിക്കുവാന്‍ ഞാന്‍ വളരെ പാടുപെട്ടു. പക്ഷേ അദ്ദേഹം അത് ശ്രദ്ധിക്കുന്നില്ല. ശരീരം ഞെരിപിരി കൊള്ളുകയാണ്. കാരണം ഒരു കൈ പോക്കറ്റിന്റെ ആഴങ്ങളിലേക്കിട്ട് അവിടെക്കിടന്ന് അടിക്കുന്ന മൊബൈല്‍ എടുക്കുന്ന തിരക്കിലാണ്. ഫോണ്‍ പോക്കറ്റില്‍ നിന്നുമെടുത്ത് ഹെല്‍മെറ്റിന്റെ ഉള്ളിലേക്ക് തിരുകിക്കയറ്റുന്നു. സംസാരിച്ചു കൊണ്ട് മെല്ലെ ബൈക്ക് ഓടിക്കുന്നു.

സംസാരത്തിന്റെ ഏറ്റക്കുറച്ചിലുകള്‍ക്കനുസരിച്ച് കാറ്റില്‍ ഊയലാടുന്നത് പോലെ ബൈക്ക് റോഡില്‍ നൃത്തം വെക്കുന്നു. പിന്നിലുള്ള വണ്ടികള്‍ ബൈക്കില്‍ ഇടിക്കാതിരികാന്‍ അതീവ ശ്രദ്ധ ചെലുത്തി യാത്ര ചെയ്യുന്നു. ബൈക്ക് യാത്രികന്‍ തന്റേതായ ഒരു ലോകത്തിലാണ്. താന്‍ റോഡിലാണെന്നും ബൈക്ക് ഓടിക്കുകയാണെന്നും അയാള്‍ മറന്നു പോയിരിക്കുന്നു.

രണ്ടാമത്തെ യാത്രികന്‍

ഇദ്ദേഹം യാത്ര ചെയ്യുന്നത് കുടുംബത്തോടൊപ്പമാണ്. ബൈക്കിന്റെ പെട്രോള്‍ ടാങ്കിന് മുകളില്‍ ഇളയ പെണ്‍കുട്ടി ഇരിക്കുന്നു. അമ്മയും മൂത്ത പെണ്‍കുട്ടിയും പിന്നില്‍. ഈ യാത്രികന്‍ ഒരു പോക്കറ്റ് റോഡില്‍ നിന്നും പ്രധാന റോഡിലേക്ക് കയറുകയാണ്. വണ്ടി പ്രധാന റോഡിന്റെ ഏകദേശം പകുതി എത്തിയപ്പോഴാണ് ഇദ്ദേഹത്തിന്റെ മൊബൈല്‍ ഫോണ്‍ അടിക്കുന്നത്.

അദ്ദേഹം വണ്ടി റോഡിന്റെ മധ്യത്തില്‍ നിര്‍ത്തി. പോക്കറ്റില്‍ നിന്നും മൊബൈല്‍ എടുത്ത് സംസാരിച്ചു തുടങ്ങി. റോഡിനു കുറുകെ അദ്ദേഹത്തിന്റെ വണ്ടി ഇരിക്കുന്നത് കൊണ്ട് എനിക്ക് മുന്നോട്ട് പോകാന്‍ സാധിക്കാതെ ഞാന്‍ വണ്ടി നിര്‍ത്തി. തിരക്കുള്ള സമയമാണ്. എന്റെ വണ്ടിയുടെ പിന്നിലായി മറ്റ് വണ്ടികളും വന്നു ചേരുകയാണ്. അക്ഷമരായ അവര്‍ ഹോണ്‍ മുഴക്കിത്തുടങ്ങി. നമ്മുടെ കഥാനായകന്‍ കൂസലില്ലാതെ സംഭാഷണം തുടരുകയാണ്.

അമ്മയും മകളും എന്നെ ഒന്ന് നോക്കിയിട്ട് നിസ്സഹായരായി കണ്ണുകള്‍ പറിച്ചെടുത്ത് നോട്ടം വേറെ എങ്ങോട്ടോ പതിപ്പിച്ചു. അവസാനം അദ്ദേഹം സംഭാഷണം അവസാനിപ്പിച്ച് മെല്ലെ വണ്ടി മുന്നോട്ടെടുത്തു. അദ്ദേഹത്തിന്റെ കണ്ണുകള്‍ രൂക്ഷമായി എന്റെ മുഖത്ത് പതിഞ്ഞു. ഞാന്‍ സംസാരിക്കുമ്പോള്‍ ഹോണ്‍ മുഴക്കാന്‍ നീയൊക്കെ ആര് എന്ന ഭാവം ആ മുഖത്ത് ഞാന്‍ നിറഞ്ഞു നില്ക്കുന്നു.

മൂന്നാമത്തെ യാത്രികന്‍

ഇദ്ദേഹം രസികനായ ഒരു കഥാപാത്രമാണ്. ഞാനും മകളും ഒരുമിച്ച് സഞ്ചരിക്കുമ്പോഴാണ് ഇദ്ദേഹത്തെ റോഡില്‍ കണ്ടു മുട്ടുന്നത്. ഞങ്ങളുടെ വണ്ടിക്ക് മുന്നില്‍ റോഡില്‍ തെന്നി തെന്നി ബൈക്ക് ഓടിച്ച് ഇദ്ദേഹം സഞ്ചരിക്കുകയാണ്. എന്തുകൊണ്ട് ഇദ്ദേഹം ഇങ്ങനെ ഡ്രൈവ് ചെയ്യുന്നു എന്ന് എനിക്ക് മനസിലാകുന്നില്ല. അദ്ദേഹത്തിന്റെ വണ്ടിയില്‍ ഇടിക്കാതിരിക്കാന്‍ ഞാന്‍ പരമാവധി ശ്രദ്ധിക്കുന്നുണ്ട്. എതിരെ നിരനിരയായി വണ്ടികള്‍ വന്നുകൊണ്ടിരിക്കുന്നതു കൊണ്ട് ഓവര്‍ടേക്ക് ചെയ്തു പോകാനും കഴിയുന്നില്ല.

അപ്പോള്‍ മകളാണ് എന്നോട് പറയുന്നത് ”അച്ഛന്‍ അത് കണ്ടോ. അയാള്‍ പോക്കറ്റില്‍ നിന്നും എന്തോ എടുത്ത് തിന്നുകൊണ്ടിരിക്കുകയാണ്. അത് കൊണ്ടാണ് വണ്ടി ഇങ്ങനെ ആടിക്കളിക്കുന്നത്.” ശരിയാണ് ഞാനും കണ്ടു. ഇടക്കിടെ അദ്ദേഹം ഷര്‍ട്ടിന്റെ പോക്കറ്റില്‍ കയ്യിടുന്നു. എന്തോ എടുത്ത് ഹെല്‍മെറ്റ് വച്ചിരിക്കുന്ന മുഖത്ത് വായിലേക്ക് കടത്തുന്നു. അത് തിന്നുകൊണ്ട് നിറഞ്ഞാസ്വദിച്ച് ബൈക്ക് ഓടിച്ച് കൊണ്ടിരിക്കുകയാണ്.

പിന്നില്‍ വന്ന ഒരു കാറുകാരന്‍ ക്ഷമ നശിച്ചു ഹോണ്‍ മുഴക്കി കാര്‍ വേഗതയില്‍ മുന്നോട്ടെടുത്തു. ഡാന്‍സിംഗ് ബൈക്കിന്റെ മുകളില്‍ ഇരുന്ന ബൈക്കുകാരന്‍ പെട്ടെന്ന് പേടിച്ച് ബൈക്ക് റോഡിന്റെ അരികിലേക്കൊതുക്കി. ബൈക്ക് മറിയാതെ നിന്നത് ഭാഗ്യം. അവിടെനിന്ന് കൈയ്യുയര്‍ത്തി വേഗതയില്‍ പാഞ്ഞ കാറുകാരനെ എന്തൊക്കെയോ പറയുന്നു.

നാം നടക്കുന്നതും വണ്ടികള്‍ ഓടിക്കുന്നതും ഒരു പോലെയാണ്. നടന്നു കൊണ്ട് ചെയ്യുന്ന എല്ലാ പ്രവര്‍ത്തികളും വാഹനം ഓടിച്ചുകൊണ്ടും നാം ചെയ്യും. മൊബൈല്‍ ഫോണില്‍ സംസാരിക്കും, ആഹാരം കഴിക്കും, ചുറ്റും നോക്കി കാഴ്ചകള്‍ കാണും. റോഡിലെ മറ്റുള്ള വണ്ടികളും യാത്രക്കാരും നമുക്കൊരു പ്രശ്‌നമല്ല. നമ്മുടെ ജീവന്‍ തന്നെ നമുക്കൊരു പ്രശ്‌നമല്ല പിന്നയല്ലേ മറ്റുള്ളവരുടെ ജീവന്‍.

നാം കണ്ട മൂന്ന് യാത്രികരും ഈ സമൂഹത്തിന്റെ ഒരു പരിശ്ചേദമാണ്. ഇതിന്റെ ഏറിയും കുറഞ്ഞുമുള്ള മനോവ്യാപാരങ്ങള്‍ നമ്മെ ഓരോരുത്തരേയും ഭരിക്കുന്നുണ്ട്. ഇത് അറിവുകേടില്‍ നിന്ന് ഉദയം കൊണ്ടതോ അതോ അഹങ്കാരത്തില്‍ നിന്നോ? നാം സ്വയം കണ്ടെത്തേണ്ട ഉത്തരമാണ്.

 

Leave a comment