ഗൊറില്ല മാര്‍ക്കറ്റര്‍ എന്ന ഒളിപോരാളി

ജെ കോണ്‍റാഡ് ലെവിന്‍സന്‍ പറഞ്ഞ ചെറിയൊരു കഥയാണ്.

നിര്‍ഭാഗ്യവാനായിരുന്ന ഒരു ബുക്ക്സ്റ്റോര്‍ ഉടമ ഉണ്ടായിരുന്നു. അയാളുടെ നിര്‍ഭാഗ്യം എന്തായിരുന്നു എന്നു വെച്ചാല്‍ വലിയ രണ്ട് ബുക്ക്സ്‌റോറുകള്‍ക്കിടയിലായിരുന്നു അയാളുടെ കട. ഒരു ദിവസം നമ്മുടെ ചെറിയ കടയുടമസ്ഥന്‍ കടയിലെത്തിയപ്പോള്‍ കാണുന്നത് അയാളുടെ വലതു വശത്തുള്ള കടയില്‍ തൂങ്ങുന്ന വലിയൊരു ബാനറായിരുന്നു. ”വാര്‍ഷിക വില്പ്പന 50% വിലക്കുറവില്‍.” ആ നിര്‍ഭാഗ്യവാന്റെ കടയുടെ മുന്‍ഭാഗം മുഴുവന്‍ ആ വലിയ ബാനര്‍ കവര്‍ന്നെടുത്തിരുന്നു.

അപ്പോഴതാ മറ്റൊരു ഗുലുമാല്‍ കൂടി. ഇടത് ഭാഗത്തുള്ള എതിരാളി മറ്റേ കടക്കാരന്റെ ബാനറിനെക്കാള്‍ വലുപ്പമുള്ള മറ്റൊരു ബാനര്‍ വലിച്ചു കെട്ടുന്നു ”വിപുലമായ കടകാലിയാക്കല്‍ വില്പ്പന 60% വിലക്കുറവില്‍.” രണ്ട് ബാനറും കൂടി നമ്മുടെ ചെറിയ കടക്കാരന്റെ  കടയുടെ മുന്‍ഭാഗം മുഴുവന്‍ അപഹരിച്ചു. നിര്‍ഭാഗ്യവാനായ ആ ചെറുകിട ബിസിനസുകാരന്‍ ഈ ഭീമന്മാരുടെ മത്സരത്തിനിടയില്‍ എന്ത് ചെയ്യാന്‍?
അയാളുടെ ഭാവന ഉണര്‍ന്നു. അയാള്‍ തന്റെ കൊച്ചു കടയെ മറച്ചു നിന്ന മറ്റ് ബാനറുകള്‍ക്ക് മുന്നിലായി ഒരു ചെറിയ ബാനര്‍ വെച്ചു. അതില്‍ വളരെ ലളിതമായി ഇങ്ങനെ എഴുതിയിരുന്നു.

”പ്രധാന പ്രവേശന കവാടം”

നമ്മുടെ ഈ കൊച്ചു കടക്കാരനാണ് യഥാര്‍ത്ഥ ഗൊറില്ല മാര്‍ക്കറ്റര്‍. തന്റെ ചുറ്റുമുള്ള ഭീമന്മാരോട് പൊരുതാന്‍ ധനബലം ഇല്ലാത്ത അയാള്‍ പ്രയോഗിച്ചത് ഗൊറില്ല മാര്‍ക്റ്റിംഗ് എന്ന ബ്രഹ്മാസ്ത്രമാണ്.

കയ്യില്‍ ആവശ്യത്തിന് പണമില്ല പക്ഷേ മാര്‍ക്കറ്റ് ചെയ്യണം

എങ്ങിനെ? ചെറുകിടക്കാര്‍ക്ക് മാര്‍ക്കറ്റിംഗ് വലിയൊരു കടമ്പ തന്നെയാണ്. മാര്‍ക്കറ്റിംഗിന് ശോഷിച്ച ബജറ്റ് മാത്രം ഉള്ള അവര്‍ എങ്ങിനെ തങ്ങളുടെ ഉത്പന്നങ്ങള്‍ ഉപഭോക്താക്കള്‍ക്ക് മുന്നിലെത്തിക്കും. പരമ്പരാഗതമായ മാര്‍ക്കറ്റിംഗ് രീതികള്‍ അവലംബിക്കുവാനുള്ള സാമ്പത്തിക ശേഷി ചെറുകിടക്കാര്‍ക്ക് ഇല്ല. പത്രപരസ്യങ്ങളോ ടെലിവിഷന്‍ പരസ്യങ്ങളോ ആലോചിക്കുവാന്‍ കൂടി വയ്യ.

വമ്പന്‍ കോര്‍പ്പറേറ്റുകള്‍ നിറഞ്ഞ മടിശീലയുമായി രംഗം വാഴുകയാണ്. പരസ്യങ്ങള്‍ക്കായി പണം വലിച്ചെറിയുവാന്‍ അവര്‍ക്ക് മടിയില്ല. പരമ്പരാഗതമായ എല്ലാ മാര്‍ഗ്ഗങ്ങളും അവര്‍ ഉപയോഗിക്കുന്നു പത്ര ടെലിവിഷന്‍ റേഡിയോ മാധ്യമങ്ങള്‍ എല്ലാം തന്നെ അവരുടെ പരസ്യങ്ങള്‍ കൊണ്ട് നിറഞ്ഞിരിക്കുന്നു. ഇതില്‍ എവിടെയാണ് ചെറുകിടക്കാര്‍ക്ക് നിരന്തരം പരസ്യങ്ങള്‍ നല്‍കുവാന്‍ കഴിയുക. വലുപ്പമുള്ള പോക്കറ്റുകളുള്ള വമ്പന്‍ സ്ഥാപനങ്ങള്‍ക്കല്ലാതെ ഇത്തരം പരസ്യങ്ങളെക്കുറിച്ച് ചിന്തിക്കൂടി വയ്യ.

ഗൊറില്ല മാര്‍ക്കറ്റിംഗ്

സാധാരണക്കാരനായ, ചെറുകിട കച്ചവടക്കാരന്റെ ആയുധമാണ് ഗൊറില്ല മാര്‍ക്കറ്റിംഗ്. ഭീമന്മാര്‍ ഭാരമുള്ള മാര്‍ക്കറ്റിംഗ് ആയുധങ്ങള്‍ പ്രയോഗിക്കുമ്പോള്‍ ഗൊറില്ല മാര്‍ക്കറ്റര്‍ പ്രയോഗിക്കുന്നത് മൃദുവായ മാര്‍ക്കറ്റിംഗ് ആയുധങ്ങളാണ്. ഗൊറില്ല മാര്‍ക്കറ്റര്‍ മാര്‍ക്കറ്റിങ്ങില്‍ പണം എത്ര കുറയ്കാന്‍ പറ്റും എന്നല്ല ചിന്തിക്കുന്നത് മറിച്ച് പണം എങ്ങിനെ പാഴാക്കാതിരിക്കാം എന്നതിനെക്കുറിച്ചാണ്.

ഗൊറില്ല മാര്‍ക്കറ്റിംഗില്‍ പണമല്ല നിക്ഷേപം. ഇവിടത്തെ നിക്ഷേപങ്ങള്‍ സമയം, ഊര്‍ജ്ജം, സര്‍ഗ്ഗാത്മകത, ഭാവന എന്നിവയാണ്. നിങ്ങളുടെ കയ്യില്‍ ഇവയുണ്ടോ എങ്കില്‍ ഏറ്റവും ചുരുങ്ങിയ ചിലവില്‍ എങ്ങിനെ മാര്‍ക്കറ്റ് ചെയ്യാം എന്നതിന് ഉത്തരമായി. ഗൊറില്ല മാര്‍ക്കറ്റിംഗ് പണമില്ലാതെ ചെയ്യുവാന്‍ സാധിക്കുകയില്ല. അതിനായുള്ള മൂലധനം നമ്മുടെ കയ്യില്‍ ആവശ്യമാണ്. പക്ഷേ ഉള്ള പണം പാഴാകാതെ മികച്ച രീതിയില്‍ ചിലവഴിച്ചു കൊണ്ട് വളരെ കൂടുതല്‍ പ്രയോജനം എങ്ങിനെ നേടിയെടുക്കാം എന്നതാണ് ഗൊറില്ല മാര്‍ക്കറ്റിംഗിന്റെ ലക്ഷ്യം.

ഗൊറില്ല മാര്‍ക്കറ്റിംഗ് ലാഭത്തെ ലക്ഷ്യമിടുന്നു

വലിയ പരസ്യങ്ങള്‍ നിരന്തരം ചെയ്യുക. എന്നിട്ട് എത്ര പേര്‍ തങ്ങളുടെ ഷോപ്പ് സന്ദര്‍ശിക്കുന്നു, എത്രപേര്‍ വെബ്‌സൈറ്റ് ഹിറ്റ് ചെയ്യുന്നു, എത്രപേര്‍ സോഷ്യല്‍ മീഡിയയില്‍ പ്രതികരിക്കുന്നു എന്ന വിശകലന രീതികളില്‍ പരമ്പരാഗത മാര്‍ക്കറ്റിംഗ് ശ്രദ്ധയൂന്നുമ്പോള്‍ ഗൊറില്ല മാര്‍ക്കറ്റിംഗിന്റെ ശ്രദ്ധ ഒന്നില്‍ മാത്രമാണ് ”ലാഭത്തില്‍.” മാര്‍ക്കറ്റിംഗ് വിജയകരമാണോ എങ്കില്‍ അതിന്റെ ഫലം ലാഭത്തില്‍ കാണണം. ലാഭത്തിന്റെ വലുപ്പമാണ് ഗൊറില്ല മാര്‍ക്കറ്റിംഗിന്റെ വിജയം. അതല്ല മാര്‍ക്കറ്റിംഗ് അത്തരമൊരു ലാഭം നല്‍കുന്നില്ലേ? എങ്കില്‍ അത് ഗൊറില്ല മാര്‍ക്കറ്റിംഗ് അല്ല തന്നെ.

ഉപഭോക്താവ് ജീവിതകാലം മുഴുവനുമുള്ള കൂട്ടുകാരനാണ്

ഇത് ഗൊറില്ല മാര്‍ക്കറ്റിംഗിന്റെ ആപ്തവാക്യമാണ്. ഒരിക്കല്‍ ഒരു ഉപഭോക്താവിനെ ലഭിച്ചു കഴിഞ്ഞാല്‍ അയാളെ നിലനിര്‍ത്തുക നല്ല മാര്‍ക്കറ്റിംഗ് തന്ത്രമാണ്. ആ ഉപഭോക്താവ് സ്ഥിരം ഉപഭോക്താവായി മാറുന്നു അയാളിലൂടെ മറ്റ് ഉപഭോക്താക്കള്‍ കടന്നു വരുന്നു. മാര്‍ക്കറ്റിംഗ് സര്‍ക്കിളിന് ഗൊറില്ല മാര്‍ക്കറ്റിംഗ് വലിയ പ്രാധാന്യമാണ് നല്‍കുന്നത്. പരമ്പരാഗത മാര്‍ക്കറ്റിംഗ് തന്ത്രങ്ങള്‍ പുതിയ ഉപഭോക്താക്കളെ ആകര്‍ഷിക്കുവാന്‍ മാത്രം നിരന്തരം ശ്രദ്ധ ചെലുത്തുമ്പോള്‍ ഗൊറില്ല മാര്‍ക്കറ്റിംഗ് രണ്ടിലും ഒരേസമയം ശ്രദ്ധയൂന്നുന്നു.

ഗൊറില്ല മാര്‍ക്കറ്റിംഗിന്റെ തത്വശാസ്ത്രം

നിരന്തരമായ പരസ്യങ്ങള്‍ ഇല്ലെങ്കില്‍ നിങ്ങളുടെ ഉത്പന്നം ആളുകളുടെ ശ്രദ്ധയില്‍ പെടുകയില്ല. പത്ര പരസ്യങ്ങളുടെ ആയുസ്സുകള്‍ കേവലം ഒരു ദിവസം മാത്രമാണ്. ദിവസവും വലിയ വലിയ പരസ്യങ്ങള്‍ മാധ്യമങ്ങളില്‍ വരുത്തുക ചെറിയ കളിയല്ല. പോക്കറ്റിന് അസാധാരണ വലുപ്പമുള്ള വന്‍കിടക്കാര്‍ക്ക് അതൊരു വിഷയമല്ല. എന്നാല്‍ ശുഷ്‌ക്കമായ പോക്കറ്റുള്ള സാധാരണ കച്ചവടക്കാര്‍ എന്ത് ചെയ്യും.

ഒരു ദിവസം അരപേജ് പത്രപരസ്യം കൊടുക്കുന്ന പണമുണ്ടെങ്കില്‍ ഒരു മാസം തുടര്‍ച്ചയായി ചെറിയ പരസ്യങ്ങള്‍ പത്രങ്ങള്‍ക്ക് നല്‍കാം. ഒരു ദിവസം മാത്രം വരുന്ന പരസ്യത്തിനേക്കാള്‍ കൂടുതല്‍ പ്രയോജനം കിട്ടുക നിരന്തരമായ ചെറിയ പരസ്യങ്ങള്‍ക്കായിരിക്കും. കൂടുതല്‍ തവണ ആവര്‍ത്തിക്കുന്ന ചെറിയ പരസ്യങ്ങള്‍ കൂടുതല്‍ ഫലവത്താണ്.

ടെലിവിഷന്‍ പരസ്യങ്ങളെക്കുറിച്ച് ചെറുകിടക്കച്ചവടക്കാര്‍ക്ക് ആലോചിക്കുവാന്‍ കൂടി വയ്യ. പണം ചൊരിയാതെ പ്രധാനപ്പെട്ട ചാനലുകളില്‍ പരസ്യം ചെയ്യുക അസാദ്ധ്യം. എന്നാല്‍ മുഖ്യ ചാനലുകളില്‍ നിന്നുമകന്ന് പ്രാദേശിക കേബിള്‍ ടിവികളില്‍ പരസ്യങ്ങള്‍ ചെയ്യുന്നത് ചെറുകിടക്കാര്‍ക്ക് ഗുണം ചെയ്യും. വലിയ പണചിലവില്ലാതെ തന്നെ ഇത് നിരന്തരമായി നല്‍കുവാന്‍ സാധിക്കും.

വലിയ കമ്പനികള്‍ ബ്രോഡ്കാസ്റ്റിംഗ് ഉപയോഗിക്കുമ്പോള്‍ ഗൊറില്ല മാര്‍ക്കറ്റിംഗ് നാരോകാസ്റ്റിംഗ്, മൈക്രോകാസ്റ്റിംഗ്, നാനോകാസ്റ്റിംഗ് എന്നിവയെ ആശ്രയിക്കുന്നു. അതായത് വലിയ കമ്പനികള്‍ വലിയ ഗ്രൂപ്പുകളെ ലക്ഷ്യം വെക്കുന്നു. എന്നാല്‍ ഗൊറില്ല മാര്‍ക്കറ്റിംഗ് ചെറിയ ഗ്രൂപ്പുകളാണ് മികച്ചത് എന്ന തത്വശാസ്ത്രത്തില്‍ വിശ്വസിക്കുന്നു.

നിങ്ങള്‍ ഒരു പ്രധാന ടിവി ചാനലില്‍ പരസ്യം നല്‍കുന്നു എന്ന് കരുതുക. അത് ബ്രോഡ്കാസ്റ്റിംഗ് ആണ്. നിങ്ങള്‍ സ്ത്രീകള്‍ക്ക് മാത്രമായുള്ള ഒരു കേബിള്‍ ചാനലില്‍ പരസ്യം നല്‍കുന്നു എങ്കില്‍ അതിനെ നാരോകാസ്റ്റിംഗ് എന്ന് വിളിക്കാം. സ്ത്രീകളുടെ സൗന്ദര്യത്തെ സംബന്ധിച്ച ഒരു കേബിള്‍ ടിവി പ്രോഗ്രാമില്‍ പരസ്യം നല്‍കുന്നുവെങ്കില്‍ അതിനെ നമുക്ക് മൈക്രോകാസ്റ്റിംഗ് എന്ന് വിശേഷിപ്പിക്കാം. ഇനി സ്ത്രീകളുടെ തൊലി രോഗങ്ങളെക്കുറിച്ചുള്ള ഒരു പ്രോഗ്രാമില്‍ പരസ്യം ചെയ്യുന്നു എങ്കില്‍ അത് നാനോകാസ്റ്റിംഗ് ആയി മാറും. ഗ്രൂപ്പ് എത്ര ചെറുതാണോ അത്രമാത്രം ഫോക്കസ് ആകും മാര്‍ക്കറ്റിംഗ് എന്ന് ഗൊറില്ല മാര്‍ക്കറ്റിംഗ് വിശ്വസിക്കുന്നു.

ഗൊറില്ല മാര്‍ക്കറ്റിംഗ് വ്യത്യസ്തമാണ്

പരമ്പരാഗത മാര്‍ക്കറ്റിംഗ് രീതികളില്‍ നിന്നും തികച്ചും വിഭിന്നമാണ് ഗൊറില്ല മാര്‍ക്കറ്റിംഗ്. ബജറ്റ് വളരെ കുറവാണ്. പണം ഒട്ടും പാഴാക്കാനില്ല. എന്നാലോ ചെയ്യുന്നതില്‍ നിന്നും മികച്ച ഫലം ലഭിക്കുകയും വേണം. ഇവിടെ വ്യത്യസ്തമായി ചിന്തിച്ചേ തീരൂ. കുറഞ്ഞ ചിലവില്‍ മാര്‍ക്കറ്റിംഗ് നടന്നേ തീരൂ.
അത് കൊണ്ട് ഗൊറില്ല മാര്‍ക്കറ്റിംഗ് എല്ലാ സങ്കേതങ്ങളും ഉപയോഗിക്കുന്നു. എല്ലാ വശങ്ങളില്‍ നിന്നുമുള്ള ആക്രമണമാണ് ഗൊറില്ല മാര്‍ക്കറ്റിംഗ്. ഒന്നോ രണ്ടോ മാര്‍ഗ്ഗങ്ങള്‍ മാത്രമല്ല ഗൊറില്ല മാര്‍ക്കറ്റിംഗ് തിരഞ്ഞെടുക്കുന്നത്. നൂറുകണക്കിന് സങ്കേതങ്ങളാണ്. പല തലങ്ങളില്‍, പല വശങ്ങളില്‍ നിന്നും ഉപഭോക്താവിനെ സമീപിക്കുകയാണ് ഗൊറില്ല മാര്‍ക്കറ്റിംഗ് ചെയ്യുന്നത്. ഗൊറില്ല മാര്‍ക്കറ്റിംഗ് സംസാരിക്കുന്നത് ഉപഭോക്താവിനെ കുറിച്ചാണ്. ഉപഭോക്താവിന് അറിയേണ്ടത് തനിക്ക് എന്ത് ലഭിക്കും എന്നതാണ്. അത് കൃത്യമായി സംവേദിക്കുവാന്‍ ഗൊറില്ല മാര്‍ക്കറ്റിംഗിന് കഴിയണം.

ഗൊറില്ല മാര്‍ക്കറ്റിംഗില്‍ സര്‍ഗ്ഗാത്മകതക്കാണ് പ്രാധാന്യം. നിങ്ങളുടെ ഗൊറില്ല മാര്‍ക്കറ്റിംഗ് തന്ത്രം നിങ്ങള്‍ നടപ്പില്‍ വരുത്തുമ്പോള്‍ അത് നിങ്ങള്‍ക്ക് വലിയ ലാഭം നല്‍കുന്നുണ്ടോ. ഉണ്ടെങ്കില്‍ അതാണ് മികച്ച സര്‍ഗ്ഗാത്മകത. എന്നാല്‍ ആ തന്ത്രം നിങ്ങള്‍ക്ക് ലാഭം കൊണ്ടു വരുന്നില്ലായെങ്കില്‍ അതിനെ നമുക്ക് സര്‍ഗ്ഗാത്മകമായ ഒന്നായി കാണുവാന്‍ സാധിക്കുകയില്ല.

പ്രതിബദ്ധത

നിങ്ങളുടെ മാര്‍ക്കറ്റിംഗ് തന്ത്രങ്ങളില്‍ നിങ്ങളുടെ പ്രതിബദ്ധത എന്താണ്? നിങ്ങള്‍ അതില്‍ ഉറച്ചു നില്ക്കുന്നുണ്ടോ? അതല്ല കുറച്ച് നാള്‍ ഒരു തന്ത്രം പരീക്ഷിക്കുന്നു. അതില്‍ നിന്നും പെട്ടെന്ന് ഫലം ലഭിക്കാതെ വരുമ്പോള്‍ അത് മാറ്റി മറ്റൊരു തന്ത്രം മെനയുന്നു. ഈ രീതി മികച്ച ഫലം നല്‍കും എന്ന് നിങ്ങള്‍ വിശ്വസിക്കുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി.

മാര്‍ക്കറ്റിംഗ് തന്ത്രങ്ങളുടെ ഫലപ്രാപ്തി അതില്‍ നിങ്ങള്‍ക്കുള്ള പ്രതിബദ്ധതയാണ്. ഒരൊറ്റ രാത്രി കൊണ്ട് ഒരു തന്ത്രവും വിജയം കാണുന്നില്ല. ക്ഷമയോടുള്ള കാത്തിരിപ്പും വിശ്വാസവും ആവശ്യമാണ്. ഒരു തന്ത്രം പരീക്ഷിച്ചാല്‍ അതില്‍ വിശ്വസിച്ച് കാത്തിരിക്കുവാനുള്ള പ്രതിബദ്ധതയാണ് മാര്‍ക്കറ്റിംഗില്‍ വിജയം നല്‍കുന്നത്. നടപ്പില്‍ വരുത്തിയ തന്ത്രം ദീര്‍ഘകാലം തുടര്‍ച്ചയായി മുന്നോട്ട് കൊണ്ടുപോകുവാനുള്ള മാനസികമായ തയ്യാറെടുപ്പ് ആവശ്യമുണ്ട്.

ഗൊറില്ല മാര്‍ക്കറ്റിംഗ് കൃത്യമായ, വ്യക്തമായ ഒരു പ്ലാനോടു കൂടിയാവണം ആരംഭിക്കേണ്ടത്. ആവര്‍ത്തനമാണ് മാര്‍ക്കറ്റിംഗില്‍ ഫലം ഉറപ്പുവരുത്തുന്നത്. ആവര്‍ത്തനമാണ് ഏറ്റവും പ്രാധാന്യം. നിങ്ങള്‍ വാഗ്ദാനം ചെയ്യുന്ന പ്രയോജനങ്ങള്‍ ഉപഭോക്താവ് കണ്ടു കൊണ്ടേയിരിക്കണം. ഒരു ദിവസം പരസ്യം നല്കി പിന്നീട് ആറു മാസത്തിന് ശേഷം മറ്റൊരു പരസ്യം. ഇത് വിജയം കാണില്ല. ഉപഭോക്താവിന്റെ തലച്ചോറില്‍ തങ്ങളുടെ ഉത്പന്നം പ്രതിഷ്ട്ടിക്കണം എന്നുണ്ടെങ്കില്‍ നിരന്തരമായ സംവേദനം ഉപഭോക്താക്കളുമായി ആവശ്യമാണ്.

ഗൊറില്ല മാര്‍ക്കറ്റിംഗിന്റെ ഏഴ് പടവുകള്‍

1. മാര്‍ക്കറ്റിംഗിന്റെ ഉദ്ദേശം നിശ്ചയിക്കുക

എന്താണ് തന്റെ മാര്‍ക്കറ്റിംഗ് കൊണ്ട് താന്‍ ലക്ഷ്യം വെക്കുന്നത്? എന്ന് മുന്‍കൂട്ടി നിശ്ചയിക്കണം. തന്റെ ഷോപ്പിലേക്ക് കൂടുതല്‍ ആളുകളെ ആകര്‍ഷിക്കുവാനാണോ? തന്റെ ടോള്‍ ഫ്രീ നമ്പറിലേക്ക് വിളിപ്പിക്കുകയാണോ? അതോ തന്റെ വെബ്‌സൈറ്റിലേക്ക് കൂടുതല്‍ ട്രാഫിക് കൊണ്ടു വരാനാണോ? എന്താണ് ഉദ്ദേശം എന്ന് നിര്‍വ്വചിച്ച് അതിനനുസൃതമായി വേണം മാര്‍ക്കറ്റിംഗ് തന്ത്രം രൂപപ്പെടുത്താന്‍.

2. എങ്ങിനെയാണ് നിങ്ങളുടെ ഉദ്ദേശം നിറവേറ്റുവാന്‍ പോകുന്നത്?

ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്ന പ്രയോജനങ്ങളും മറ്റ് എതിരാളികളുമായി താരതമ്യം ചെയ്യുമ്പോള്‍ തന്റെ ഉത്പ്പന്നങ്ങള്‍ക്കുള്ള മേന്മകളും സംവേദിക്കുവാന്‍ സാധിക്കണം.

3. നിങ്ങള്‍ ലക്ഷ്യം വെക്കുന്ന മാര്‍ക്കറ്റ് ഏതാണ്?

ഉത്പന്നം പൊസിഷന്‍ ചെയ്യുന്നത് ഏറ്റവും പ്രാധാന്യമുള്ള പ്രവര്‍ത്തിയാണ്. ആരാണ് നിങ്ങളുടെ ഉപഭോക്താക്കള്‍ എന്ന് കൃത്യമായി നിര്‍വ്വചിച്ച് അവരെ ലക്ഷ്യം വെക്കുന്ന തന്ത്രങ്ങളാകും വിജയം കൈവരിക്കുക. നിങ്ങളുടെ മാര്‍ക്കറ്റ് എതാണ് എന്ന വ്യക്തമായ ധാരണ ഉണ്ടാകുകയും അതിനനുസരിച്ച് മാര്‍ക്കറ്റിംഗ് തന്ത്രങ്ങള്‍ രൂപപ്പെടുത്തുകയും ചെയ്യേണ്ടതുണ്ട്.

4. ഏതൊക്കെ മാര്‍ക്കറ്റിംഗ് ആയുധങ്ങളാണ് ഉപയോഗിക്കുവാന്‍ പോകുന്നത്?

വിവിധങ്ങളായ സങ്കേതങ്ങള്‍ ഉപയോഗിക്കാം. ഇത് നിശ്ചയിക്കുന്നത് പോക്കറ്റിന്റെ കനം അനുസരിച്ചാണ്. തിരഞ്ഞെടുക്കുന്ന ആയുധങ്ങള്‍ അതീവ ശ്രദ്ധയോടെ ഉപയോഗിക്കണം. ഉപഭോക്താക്കളുടെ ശ്രദ്ധ പിടിച്ചു പറ്റുന്ന രീതിയില്‍ സര്‍ഗ്ഗാത്മകമായി വേണം ഇത്തരം ആയുധങ്ങളെ ഉപയോഗപ്പെടുത്തുവാന്‍.

5. മാര്‍ക്കറ്റില്‍ നിങ്ങളുടെ പ്രത്വേക ഇടം ഏതാണ്? എന്തിന് വേണ്ടിയാണ് നിങ്ങള്‍ നിലകൊള്ളുന്നത്?

തന്റെ ”നിഷ് മാര്‍ക്കറ്റ്” കണ്ടെത്താന്‍ കഴിയണം. ഉപഭോക്താവിന്റെ എന്ത് പ്രശ്‌നമാണ് താന്‍ അഭിസംബോധന ചെയ്യുന്നത് എന്ന വ്യക്തമായ ധാരണയും നിങ്ങള്‍ക്കുണ്ടാവണം. താന്‍ എന്തിന് വേണ്ടി നിലകൊള്ളുന്നുവോ അത് ഉപഭോക്താവിനെ ബോദ്ധ്യപ്പെടുത്തുവാന്‍ നിങ്ങള്‍ക്കാവണം.

6. നിങ്ങളുടെ ബിസിനസിനെ എങ്ങിനെ തിരിച്ചറിയാം?

ബിസിനസിന്റെ  ”ഐഡന്റിറ്റി” വളരെ പ്രാധാന്യമര്‍ഹിക്കുന്നു. എങ്ങിനെ ഉപഭോക്താക്കള്‍ നിങ്ങളുടെ ബിസിനസിനെ തിരിച്ചറിയും. എന്തൊക്കെ വ്യത്യസ്തതകളാണ്, സങ്കേതങ്ങളാണ് അതിനായി ഉപയോഗിക്കുക.

7. നിങ്ങളുടെ ബജറ്റ്

എത്ര പണമാണ് മാര്‍ക്കറ്റിംഗിനായി ചിലവഴിക്കുവാന്‍ ഉദ്ദേശിക്കുന്നത്. അത് മുന്‍കൂട്ടി കണക്കുകൂട്ടുന്ന മൊത്ത വരുമാനത്തിന്റെ ഒരു നിശ്ചിത ശതമാനമായി നിശ്ചയിക്കുക. കൃത്യമായ ഒരു ബജറ്റ് മാര്‍ക്കറ്റിംഗ് എങ്ങനെ വേണം എന്നതിനെക്കുറിച്ച് വ്യക്തമായ ഒരു ഉള്‍ക്കാഴ്ച നല്കും.

നിങ്ങള്‍ക്ക് ഒരു ഗൊറില്ല മാര്‍ക്കറ്റര്‍ ആകാം. വേണ്ടത് സര്‍ഗ്ഗാത്മകതയാണ്. ഭീമന്‍ കമ്പനികള്‍ പണം വാരി വിതറി മാര്‍ക്കറ്റിംഗ് ചെയ്യുമ്പോള്‍ അവര്‍ക്കിടയില്‍ സര്‍ഗ്ഗാത്മകതയിലൂടെ വിജയം കണ്ടെത്താം. ചെയ്യുന്നത് വ്യത്യസ്തമായി ചെയ്യുക എന്നതാണ് തന്ത്രം. ആളുകളുടെ ശ്രദ്ധ പിടിച്ചു പറ്റുന്ന മാര്‍ക്കറ്റിംഗ് രീതികള്‍ പരീക്ഷിക്കാം. ഇവിടെ ഭാവനയാണ് ഏറ്റവും ചിലവേറിയ വസ്തു. അമുലിന്റെ പരസ്യങ്ങള്‍ നോക്കുക. സമകാലിക സാമൂഹ്യ സംഭവങ്ങളെ കോര്‍ത്തിണക്കിക്കൊണ്ടുള്ള പരസ്യങ്ങള്‍. അവ ജനങ്ങള്‍ക്ക് പെട്ടെന്ന് മനസിലാകും. അവര്‍ക്ക് മനസിലാകുന്ന ഭാഷയിലൂടെ തങ്ങളുടെ ഉത്പന്നങ്ങള്‍ ജനഹൃദയങ്ങളിലേക്ക് പതിപ്പിക്കുന്ന തന്ത്രമാണ് അവര്‍ ചെയ്യുന്നത്.

നമ്മുടെ ഭാവന ഉണരട്ടെ. പണം പാഴാക്കാതെ മാര്‍ക്കറ്റിംഗ് ചെയ്യുവാനുള്ള തന്ത്രങ്ങള്‍ ഉരുത്തിരിയട്ടെ. വലിയ എതിരാളികളുമായി മല്ലിടുമ്പോള്‍ അതീവ ശ്രദ്ധയോടുള്ള ഗൊറില്ലാ യുദ്ധം പോലെയുള്ള ഒളിയാക്രമണങ്ങളാണ് നല്ലത്. ഭാവനയും സര്‍ഗ്ഗാത്മകതയും സമ്മേളിക്കുമ്പോള്‍ അതിശക്തമായ മാര്‍ക്കറ്റിംഗ് തന്ത്രങ്ങള്‍ ഉടലെടുക്കും. മാര്‍ക്കറ്റിംഗ് ചെയ്യാന്‍ പണമില്ല എന്ന് വിഷമിച്ചിരിക്കുവാന്‍ വരട്ടെ. ഗൊറില്ല മാര്‍ക്കറ്റിംഗ് തന്ത്രങ്ങള്‍ പഠിക്കുക. അവ പ്രയോഗിക്കുക. ഒരു തവണയല്ല നിരന്തരമായി ക്ഷമയോടെ. വൈറല്‍ ആകുന്ന ഒരു സാമൂഹ്യ മാധ്യമ പോസ്റ്റ് അല്ലെങ്കില്‍ ഒരു വീഡിയോ മതി നിങ്ങളുടെ ജീവിതം മാറ്റി മറിക്കാന്‍. ലക്ഷ്യത്തിലെത്താന്‍ പുതിയ മാര്‍ഗ്ഗങ്ങള്‍ തേടാന്‍ തയ്യാറെങ്കില്‍  ഗൊറില്ല മാര്‍ക്കറ്റിംഗ് നിങ്ങളെ ലക്ഷ്യത്തിലേക്ക് കൈപിടിച്ചു നടത്തും.

 

 

 

 

 

 

 

 

    

Leave a comment