വിപണി ബ്രാന്‍ഡുകളുടെ വാട്ടര്‍ലൂ ആകുമ്പോള്‍

കിരണ്‍ ഓയോ വഴിയാണ് ഹോട്ടലില്‍ മുറി ബുക്ക് ചെയ്തത്. സ്ഥലത്തെത്തിയപ്പോള്‍ രാത്രിയായി. നേരെ ഹോട്ടലിലേക്ക് ചെന്ന് പണമടച്ച് റൂമിലേക്ക് ചേക്കേറി.

മുറി കണ്ട കിരണ്‍ ഒന്ന് ഞെട്ടി. സാധാരണ മുറിയുടെ പകുതി പോലും വലുപ്പമില്ലാത്ത ഒന്ന്. തിങ്ങിഞെരുങ്ങി കഴിഞ്ഞുകൂടാം. ഓയോയില്‍ ബുക്ക് ചെയ്തത് കൊണ്ട് വാടക കുറവാണ്. പക്ഷേ ബുക്ക് ചെയ്യുന്നവര്‍ക്ക് ഹോട്ടല്‍ നല്‍കുന്ന മുറികള്‍ ഇത്തരമാണ്. മുറിയെക്കുറിച്ച് പരാതിപ്പെട്ട കിരണിനോട് മാനേജര്‍ പറഞ്ഞു. ഇവിടെ മറ്റ് മുറികളൊന്നും ഒഴിവില്ല. ഈ ഒരു മുറി മാത്രമേ ഒഴിവുള്ളൂ. മറ്റ് ഗത്യന്തരമില്ലാതെ കിരണിന് അന്നവിടെ കഴിയേണ്ടി വന്നു. ഇനി ഓയോ വഴി ബുക്ക് ചെയ്യില്ല എന്ന പ്രതിഞ്ജ എടുത്തിട്ടാണ് കിരണ്‍ ഹോട്ടല്‍ വിട്ടത്.

ഇനി അന്നയുടെ കഥ നോക്കാം.

സൂപ്പര്‍ മാര്‍ക്കെറ്റില്‍ കയറിയ അന്ന കറിപ്പൊടികള്‍ ഷെല്‍ഫില്‍ നിന്നും എടുക്കുകയാണ്. ഒപ്പമുള്ള ഭര്‍ത്താവ് ഷെല്‍ഫിലുള്ള ഒരു ബ്രാന്‍ഡ് നോക്കി അതെടുക്കാന്‍ അന്നയോട് പറഞ്ഞു. അന്ന മറുപടി പറഞ്ഞു ”ഏതെടുത്താലും വിഷമാണ്. ഒന്നും വിശ്വസിക്കാന്‍ പറ്റില്ല.”

ഒന്നും വിശ്വസിക്കാന്‍ പറ്റില്ലേ? അങ്ങിനെ ഒരു മാനസികാവസ്ഥയിലേക്ക് കസ്റ്റമര്‍ എങ്ങിനെ മാറ്റപ്പെടുന്നു? നമുക്ക് ചുറ്റും രൂപം കൊള്ളുന്ന ഒരു സാമൂഹ്യ വ്യവസ്ഥിതി ബ്രാന്‍ഡുകളുടെ വിശ്വാസ്യതയെ ബാധിക്കുന്നുണ്ടോ? തീര്‍ച്ചയായും ആഴത്തിലുള്ള ഗവേഷണം ആവശ്യമുള്ള ഒരു വസ്തുത തന്നെയാണിത്.

കസ്റ്റമര്‍ അവിശ്വാസിയായി മാറുന്നു

എന്തുകൊണ്ട് അന്ന അത്തരമൊരു ചിന്താഗതിയില്‍ എത്തി? ഒന്നും വിശ്വസിച്ച് കഴിക്കാന്‍ കൊള്ളില്ല എന്ന വിശ്വാസം ജനങ്ങളില്‍ രൂഡമൂലമായിക്കൊണ്ടിരിക്കുന്ന ഒരു സമൂഹത്തില്‍ ജനങ്ങള്‍ എത്ര നല്ല ബ്രാന്‍ഡിനെപ്പോലും വിശ്വാസത്തിലെടുക്കാതെയായി മാറും. മായമുള്ള ഭക്ഷണമാണ് പൊതുവായി ലഭ്യമാകുന്നത് എന്ന് ജനം ഇന്ന് വിശ്വസിക്കുന്നു. ഞങ്ങള്‍ നിങ്ങള്‍ക്ക് നല്‍കുന്നത് മികച്ച മേന്‍മയുള്ള ഭക്ഷണമാണ് എന്ന് ബ്രാന്‍ഡുകള്‍ പറയുകയും സമൂഹത്തില്‍ രോഗങ്ങള്‍ വര്‍ദ്ധിക്കുകയും ചെയ്യുമ്പോള്‍ അവകാശവാദവും അനുഭവവും തമ്മില്‍ പൊരുത്തപ്പെടാതെ വരുന്നു.

കസ്റ്റമര്‍ മേന്മ എങ്ങിനെ തിരിച്ചറിയും?

ഇന്ന് മാര്‍ക്കെറ്റില്‍ എല്ലാം ലഭ്യമാണ്. മേന്മയുള്ളതും, ഇല്ലാത്തതും, നല്ലതും, മോശവും എല്ലാം. ഇത് തമ്മില്‍ തിരിച്ചറിയാന്‍ കസ്റ്റമര്‍ക്ക് മാര്‍ഗ്ഗങ്ങള്‍ ഒന്നും തന്നെയില്ല. ആര്‍ക്കും എന്തും കൊണ്ടു വന്നു വില്‍ക്കാം എന്ന അവസ്ഥ. അത്തരമൊരു വിപണിയില്‍ ജനങ്ങള്‍ക്ക് മികച്ചവ ലഭ്യമാക്കണമെന്ന് ആര്‍ക്കും നിര്‍ബന്ധമില്ല. നല്ല ഉല്‍പ്പന്നങ്ങള്‍ക്കൊപ്പം മോശം ഉല്‍പ്പന്നങ്ങളും വിറ്റഴിക്കപ്പെടുന്നു. മായം കലര്‍ന്ന ഉല്‍പ്പന്നങ്ങള്‍ കസ്റ്റമറുടെ ആരോഗ്യം അപകടത്തിലാക്കുന്നു. കസ്റ്റമര്‍ നല്ലതിനേയും മോശമായതിനേയും തിരിച്ചറിയാന്‍ കഴിയാതെ എല്ലാത്തിനെയും അവിശ്വസിക്കുന്നു. ഉയര്‍ന്ന ഗുണമേന്മയുള്ള നല്ല ബ്രാന്‍ഡുകളെപ്പോലും ഈ ചിന്ത മോശമായി കാണുവാന്‍ കസ്റ്റമറെ പ്രേരിപ്പിക്കുന്നു.

മേന്മക്ക് പ്രാധാന്യമില്ലാത്ത വ്യവസ്ഥിതിയില്‍ ബ്രാന്‍ഡുകള്‍ നിലനില്‍ക്കില്ല

വിപണിയില്‍ മേന്മക്ക് പ്രാധാന്യം ഇല്ല എന്നിരിക്കട്ടെ. എത്ര നല്ല ബ്രാന്‍ഡും ശക്തമായ കിടമത്സരത്തില്‍ അകപ്പെടും. കാരണം അവരും ഗുണമേന്മയില്ലാത്ത ബ്രാന്‍ഡുകളോട് മത്സരിക്കേണ്ടി വരുന്നു. വില കുറവുള്ള ഗുണമേന്മയില്ലാത്ത ബ്രാന്‍ഡുകളുടെ ഒപ്പം അവരും പ്രതിഷ്ട്ടിക്കപ്പെടുന്നു. കസ്റ്റമറെ സംബന്ധിച്ചിടത്തോളം വിലക്കൂടുതല്‍ മേന്മ ഉറപ്പുനല്‍കുന്നു എന്നതിന് യാതൊരു ഗാരണ്ടിയും നല്കുന്നില്ലല്ലോ. അവര്‍ക്ക് ഇത് രണ്ടും ഒന്നുതന്നെ. ആരാണ് ഇത് പരിശോധിച്ച് ഇത് ഗുണമേന്മ ഉറപ്പു നല്‍കുന്ന ബ്രാന്‍ഡ് ആണ് എന്ന് സാക്ഷ്യപ്പെടുത്തുന്നത്.

സമൂഹത്തില്‍ ഗുണമേന്മ ഒരു അളവുകോല്‍ അല്ലാതായി മാറുമ്പോള്‍ ഒരു ബ്രാന്‍ഡും വലുതോ ചെറുതോ അല്ല. എല്ലാം സമം തന്നെ. കൂടുതല്‍ പരസ്യം ചെയ്യുന്ന ബ്രാന്‍ഡുകള്‍ നോക്കി കസ്റ്റമര്‍ വാങ്ങുന്നത് ഉല്‍പ്പന്നത്തിന്റെ ഗുണമേന്മയില്‍ വിശ്വാസം ഉണ്ടായത് കൊണ്ടല്ല. അത് പരസ്യത്തിന്റെ ശക്തിയാണ്. നാളെ മറ്റൊരു ബ്രാന്‍ഡ് കൂടുതല്‍ സ്വാധീനമുള്ള പരസ്യവുമായി വന്നാല്‍ കസ്റ്റമര്‍ ആ ഉല്‍പ്പന്നത്തിന്റെ പിന്നാലെ പോകും. പരസ്യവും ഗുണമേന്മയു\മായി ആരും ബന്ധപ്പെടുത്തുന്നില്ല എന്ന് സാരം.

തുറന്ന വിപണി

ആര്‍ക്കും എന്തും കൊണ്ടുവന്ന് വില്‍ക്കാം. വിപണിയുടെ അവസ്ഥ അതാണ്. ആരാണ് ഇവ പരിശോധിച്ച് ജനങ്ങളുടെ ആരോഗ്യത്തിന് പ്രശ്‌നമില്ലാത്ത ഉല്‍പ്പന്നമാണ് എന്ന് പറയുന്നത്? അത്തരം സംവിധാനങ്ങള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാത്ത ഒരു സമൂഹത്തില്‍ ബ്രാന്‍ഡുകള്‍ യഥാര്‍ത്ഥത്തില്‍ അഭിമുഖീകരിക്കുന്നത് ചോര ചീന്തുന്ന വലിയൊരു യുദ്ധത്തെയാണ്. ചിലപ്പോള്‍ നമുക്ക് തോന്നും ഇത്തരമൊരു വിപണി ഇങ്ങിനെ തുറന്ന് കിടക്കുന്നത് ബിസിനസുകള്‍ക്ക് നല്ലതാണെന്ന്. പക്ഷേ യാഥാര്‍ത്ഥ്യം നേരെ തിരിച്ചാണ്. ഒന്നിനേയും വിശ്വസിക്കാന്‍ പറ്റില്ല എന്ന ചിന്താഗതി കസ്റ്റമറില്‍ വളര്‍ന്നു തുടങ്ങിയാല്‍ അത് ബിസിനസുകളെ ദോഷകരമായി ബാധിക്കും. ബ്രാന്‍ഡുകള്‍ നാശത്തിലേക്ക് നയിക്കപ്പെടും.

നല്ലതും ചീത്തയും തിരിച്ചറിയുക കസ്റ്റമറുടെ അവകാശമാണ്. ഈ അവകാശത്തെ സംരക്ഷിക്കുന്ന ബ്രാന്‍ഡുകള്‍ക്ക് മാത്രമേ നിലനില്‍പ്പുള്ളൂ. തങ്ങള്‍ നന്നായി പരസ്യം ചെയ്യുന്നുണ്ട്. ആളുകള്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നുണ്ട്. അതുകൊണ്ട് തന്നെ അല്‍പ്പം മേന്മ കുറഞ്ഞിരുന്നാലും കുഴപ്പമില്ല എന്ന് ബ്രാന്‍ഡുകള്‍ ചിന്തിച്ചു തുടങ്ങും. മാര്‍ക്കറ്റില്‍ നന്നായി വില്‍പ്പന നടക്കുന്ന ഒരു ബ്രാന്‍ഡ് പെട്ടെന്ന് ഇത്തരമൊരു ചിന്താഗതിയിലേക്ക് പോകുകയും ഉല്‍പ്പന്നങ്ങളുടെ ഗുണമേന്മ കുറക്കുകയും ചെയ്താല്‍ ആര്‍ക്ക് ഇത് കണ്ടെത്താനാകും? ജനങ്ങളുടെ ആരോഗ്യവും, ക്ഷേമവും നിലനിര്‍ത്തുകയും പരിപോഷിപ്പിക്കുകയും ചെയ്യുന്ന ഒരു സാമൂഹ്യ വ്യവസ്ഥിതിയുടെ അഭാവം യഥാര്‍ത്ഥത്തില്‍ ബ്രാന്‍ഡുകളുടെ വാട്ടര്‍ലൂ ആണ്. അത് ബ്രാന്‍ഡുകള്‍ തിരിച്ചറിയുന്നില്ല എന്നു മാത്രം.

വിപണിയാണ് പ്രശ്‌നം

യഥാര്‍ത്ഥത്തില്‍ കസ്റ്റമര്‍ ബ്രാന്‍ഡുകളെ അവിശ്വസിക്കുകയല്ല ചെയ്യുന്നത്. അവര്‍ അവിശ്വസിക്കുന്നത് വിപണിയെയാണ്. വിപണി വിശ്വാസയോഗ്യമല്ല. അവിടെ എന്തും ലഭിക്കും. അത് തിരിച്ചറിയാന്‍ കസ്റ്റമര്‍ക്ക് മുന്നില്‍ മാര്‍ഗ്ഗങ്ങള്‍ യാതൊന്നുമില്ല. ഒരേ ഉല്‍പ്പന്നങ്ങള്‍ പല പേരില്‍, പല വിലയില്‍, പല ഗുണമേന്മയില്‍ ലഭ്യം. ഏത് നല്ലത്? ഏത് മോശം? കസ്റ്റമര്‍ ചിന്താക്കുഴപ്പത്തിലാണ്. ഈ ചിന്താക്കുഴപ്പം ബ്രാന്‍ഡുകളുടെ വിശ്വാസ്യതയേയും ബാധിക്കുന്നു. തങ്ങളെ പരിരക്ഷിക്കുന്ന ഒരു സാമൂഹ്യ വ്യവസ്ഥിതിയുടെ അഭാവം വിപണിയെ അവിശ്വസിക്കാന്‍ അവരെ പ്രേരിപ്പിക്കുന്നു.

കെണികള്‍ നിറഞ്ഞ വിപണി

വല്ലപ്പോഴും മാത്രം നടക്കുന്ന പരിശോധനകള്‍. അതില്‍ പിടിക്കപ്പെട്ടാലും എളുപ്പത്തില്‍ ഊരിപ്പോരുന്ന ഉല്‍പ്പന്നങ്ങള്‍ അല്ലെങ്കില്‍ മറ്റൊരു പേരില്‍ അവ വിപണിയിലേക്ക് തിരിച്ചെത്തുന്നു. ഗുണമേന്മയുടെ അളവുകോലുകള്‍ നടപ്പിലാക്കപ്പെടാത്ത വിപണി അപകടകരങ്ങളായ കെണികള്‍ ഒളിച്ചിരിക്കുന്ന ഒരു ഭൂപ്രദേശം പോലെയാകുന്നു. എങ്ങിനെ നടന്നാലും കെണിയില്‍ വീഴും എന്നുറപ്പുള്ള കസ്റ്റമര്‍ ഒന്നിനേയും വിശ്വസിക്കില്ല. പരസ്യങ്ങള്‍ പോലും കാലക്രമേണ വിശ്വസിക്കുവാന്‍ അവര്‍ മടിക്കും. ഏറ്റവും കൂടുതല്‍ പരസ്യങ്ങള്‍ ചെയ്യുന്നവര്‍ തങ്ങളുടെ ബുദ്ധിയേയും ശക്തിയേയും ആരോഗ്യത്തേയും ജീവിതത്തേയും രക്ഷിക്കുവാനല്ല മറിച്ച് ഏറ്റവും കൂടുതല്‍ ലാഭം ഉണ്ടാക്കുവാനാണ് ശ്രമിക്കുന്നതെന്ന് അവര്‍ കരുതിത്തുടങ്ങും. കാരണം വിപണിയെ അവര്‍ക്ക് വിശ്വാസമില്ല. ആ വിപണിയിലേക്ക് എത്തുന്ന ഒന്നിനേയും വിശ്വാസത്തിലെടുക്കുവാന്‍ അവര്‍ മടികാണിച്ചു തുടങ്ങും.

എത്ര നല്ല ഉല്‍പ്പന്നം വിപണിയിലെത്തിച്ചാലും രക്ഷപ്പെടാന്‍ കഴിയാത്ത അവസ്ഥ ഇത്തരം വിപണികളില്‍ ബിസിനസുകള്‍ക്കുണ്ടാകും. സെക്കന്റ് ഹാന്‍ഡ് സാധനങ്ങള്‍ വില്‍ക്കുന്ന ഒരു വിപണിയില്‍ നിങ്ങള്‍ നിങ്ങളുടെ ഏറ്റവും പുതിയതും, മികച്ചതുമായ ഉല്‍പ്പന്നം വില്‍ക്കാന്‍ ശ്രമിച്ചു നോക്കൂ. നിങ്ങള്‍ എന്തു പറഞ്ഞാലും കസ്റ്റമര്‍ വിശ്വസിക്കുകയില്ല. നിങ്ങള്‍ വില്‍ക്കുന്നത് സെക്കന്റ് ഹാന്‍ഡ് തന്നെയെന്നും അവരെ പറ്റിക്കുകയാണെന്നും അവര്‍ പറയും. നിങ്ങള്‍ ഉല്‍പ്പന്നം വില്‍ക്കാന്‍ ശ്രമിക്കുന്ന വിപണി അതാണ്. അതുതന്നെ ഇവിടേയും സംഭവിക്കും.

നല്ല ഉല്‍പ്പന്നങ്ങള്‍ പരാജയപ്പെടുവാന്‍ സാധ്യത കൂടുന്നു

ഇത്തരമൊരു വിപണിയില്‍ കസ്റ്റമര്‍ക്ക് മികച്ച ഉല്‍പ്പന്നങ്ങള്‍ ലഭ്യമാക്കണമെന്ന സദുദ്ദേശത്തോടെ ഒരു ബിസിനസ് ആരംഭിച്ചു ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ എത്തിച്ചാല്‍ വിജയിക്കും എന്ന് ഉറപ്പുണ്ടോ? സാദ്ധ്യതകള്‍ വളരെ വിരളമാണ്. അത്തരം മികച്ച ഉല്‍പ്പന്നങ്ങളും മത്സരിക്കേണ്ടത് നിലവാരമില്ലാത്ത ഉല്‍പ്പന്നങ്ങളോടാണ്. കസ്റ്റമറുടെ കണ്ണില്‍ നിലവാരമില്ലാത്ത ആ ഉല്‍പ്പന്നങ്ങളും നിങ്ങളുടെ ഉല്‍പ്പന്നങ്ങളും തമ്മില്‍ എന്ത് വ്യത്യാസം? ആരിതിന്റെ ഗുണദോഷങ്ങള്‍ കണ്ടെത്തുന്നു. രണ്ടുല്‍പ്പന്നങ്ങള്‍ അതിന്റെ ഗുണമേന്മകളില്‍ എങ്ങിനെ വ്യത്യാസപ്പെട്ടിരിക്കുന്നു എന്ന സാങ്കേതിക ജ്ഞാനം കസ്റ്റമര്‍ക്ക് ഇല്ല. അത്തരം അളവുകോലുകള്‍ നടപ്പിലാക്കേണ്ട സംവിധാനം അപര്യാപ്തമാണ്. ഇവിടെ മത്സരം സമന്മാര്‍ തമ്മിലല്ല. ചിലപ്പോള്‍ ഗുണമേന്മ കൂടിയ വളരെ മികച്ച ഒരു ബ്രാന്‍ഡിനെക്കാള്‍ വില്‍പ്പന ഗുണമേന്മയില്ലാത്ത ഒരു ബ്രാന്‍ഡിനാകാം. വിപണി അത്രമാത്രം മലീമസമായിരിക്കുന്നു.

ശുദ്ധീകരണം അനിവാര്യം

ജനങ്ങള്‍ക്ക് ലഭിക്കുന്ന ഉല്‍പ്പന്നങ്ങളുടെ ഗുണമേന്മ ഉറപ്പു വരുത്തുന്ന കര്‍ശനമായ സംവിധാനങ്ങള്‍ക്കേ നല്ല ബ്രാന്‍ഡുകളെ രക്ഷപ്പെടുത്തുവാന്‍ കഴിയൂ. പരസ്യങ്ങള്‍ നല്കി ഉല്‍പ്പന്നത്തിന്റെ വില്‍പ്പന എല്ലാസമയവും പിടിച്ചു നിര്‍ത്താന്‍ കഴിയും എന്നത് മോഹം മാത്രമാണ്. ശുദ്ധീകരിക്കപ്പെട്ട വിപണി ഗുണമേന്മയുള്ള ബ്രാന്‍ഡുകള്‍ തമ്മില്‍ ആരോഗ്യകരമായ ഒരു മത്സരം സൃഷ്ട്ടിക്കുന്നു. കസ്റ്റമര്‍ക്കും ബിസിനസുകള്‍ക്കും ഇത് ഗുണകരമാകുന്നു. മികച്ച ഉല്‍പ്പന്നങ്ങള്‍ സൃഷ്ട്ടിക്കുവാനാകും പിന്നീട് മത്സരം. ഗുണമേന്മയില്ലാത്തവ വിപണിയില്‍ നിന്നും പുറന്തള്ളപ്പെടും. നിയമത്തിന്റെ ഒരു കണ്ണ് ഗുണമേന്മയില്‍ ശ്രദ്ധയൂന്നിയാല്‍ വിപണിയില്‍ വലിയൊരു വിപ്ലവം സൃഷ്ട്ടിക്കപ്പെടും.

ഏതൊരു ഉല്‍പ്പന്നത്തിന്റെ കാര്യമെടുത്താലും ഇത് വാസ്തവമാണ്. മോശമായ വിപണി മോശമായ ഉല്‍പ്പന്നങ്ങള്‍ സൃഷ്ട്ടിക്കുവാന്‍ ഉല്‍പ്പാദകനെ പ്രേരിപ്പിച്ചു കൊണ്ടേയിരിക്കും. ഉയര്‍ന്ന ലാഭത്തിനായി തങ്ങളുടെ സാമൂഹ്യ പ്രതിബദ്ധത സംരംഭകര്‍ അടിയറ വെക്കും. വിപണിയുടെ സ്വഭാവം സംരംഭകനെ കീഴടക്കും. നിലനില്‍ക്കാനുള്ള പോരാട്ടം മാത്രമാകും ലക്ഷ്യം. ജനങ്ങളെ പിന്തുണക്കാത്ത ഒരു സാമൂഹ്യ വ്യവസ്ഥിതിയില്‍ സത്യസന്ധരായ സംരംഭകര്‍ക്ക് മാത്രമായി നിലനില്‍പ്പില്ല. വിപണി എന്താവശ്യപ്പെടുന്നുവോ അത് നല്കുവാനായി അവര്‍ നിര്‍ബന്ധിതരാകും. അല്ലെങ്കില്‍ വിപണിയുടെ ഈ അവസ്ഥ അവര്‍ മുതലെടുത്തു തുടങ്ങും.

വരുത്തര്‍ കടന്നെത്തും

വിപണിയേയും തദ്ദേശ ബ്രാന്‍ഡുകളേയും വിശ്വസിക്കുവാന്‍ സാധ്യമല്ലാത്ത അവസ്ഥയില്‍ കസ്റ്റമര്‍ വിദേശ ബ്രാന്‍ഡുകള്‍ തേടിപ്പോകും. ഇത് തദ്ദേശ ബ്രാന്‍ഡുകളെ തകര്‍ച്ചയിലേക്ക് നയിക്കും. നല്ല ഗുണമേന്മയുള്ള വിദേശ ബ്രാന്‍ഡുകള്‍ കൃത്യമായ മാനദണ്ഡങ്ങള്‍ പാലിച്ച് കസ്റ്റമര്‍ക്ക് പ്രാപ്യമായ വിലയില്‍ വിപണിയിലെത്തട്ടെ. കളിയില്‍ മാറ്റം വരും. നാം കലക്കിയ വിപണി നമ്മുടെ തന്നെ അന്ത്യം കുറിക്കും. തുറന്ന് കിടക്കുന്ന ആഗോള വിപണി വലിയൊരു വെല്ലുവിളി തന്നെയാണ്. നാം ശുദ്ധീകരിക്കുവാന്‍ തയ്യാറാകാത്ത നമ്മുടെ വിപണിയെ വരുത്തരായ ഉല്‍പ്പന്നങ്ങള്‍ ശുദ്ധീകരിക്കും. കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കുന്ന നമ്മുടെ തന്ത്രങ്ങള്‍ക്ക് ദീര്‍ഘയുസ്സില്ല എന്ന് ഇനിയെങ്കിലും മനസിലാക്കിയില്ലെങ്കില്‍ തദ്ദേശ ബ്രാന്‍ഡുകളുടെ നിലനില്‍പ്പ് വലിയൊരു ചോദ്യചിഹ്നമാകും. മൂന്നരക്കോടി ജനസംഖ്യയുള്ള വിശാലമായ ഈ വിപണിയില്‍ എന്തുകൊണ്ട് സംരംഭങ്ങള്‍ വിജയിക്കുന്നില്ല എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താന്‍ ചൊവ്വാഗ്രഹത്തില്‍ പോകേണ്ട ആവശ്യമില്ല. ഇതാ ഈ മൂക്കിനു താഴെ അതിന്റെ ഉത്തരമുണ്ട്.

 

 

 

 

 

Leave a comment