വാക്കുകള്‍ കൊണ്ട് നടത്തുന്ന കൊലപാതകങ്ങള്‍

ഹേമയും ഞാനും ടീ ഫാക്ടറിയുടെ ഒരു മൂലയിലുള്ള കസേരകളില്‍ ഇരിപ്പു പിടിച്ചു. ടീ ഫാക്ടറിയില്‍ നല്ല മസാല ചായ കിട്ടും. ഹേമക്ക് അത് വളരെ ഇഷ്ട്ടമാണ്. അതുകൊണ്ട് ഞങ്ങളുടെ കണ്ടുമുട്ടല്‍ അവിടെയാവാം എന്ന് തീരുമാനിച്ചു.

ഞങ്ങള്‍ സഹപാഠികളായിരുന്നു. എറണാകുളം ഔവര്‍ കോളേജില്‍ ട്യൂഷന് ഒരുമിച്ച് ക്ലാസ്സിലുണ്ടായിരുന്നവര്‍. പഠനമൊക്കെ കഴിഞ്ഞ് പലവഴിക്ക് പിരിഞ്ഞതില്‍ പിന്നെ വല്ലപ്പോഴും മാത്രം കണ്ടുമുട്ടുന്നവര്‍. ചിലരുമായുള്ള ചങ്ങാത്തങ്ങള്‍ അങ്ങനെ നിലനില്‍ക്കും. എപ്പോഴും വിളിക്കണമെന്നോ കാണണമെന്നോ ഒന്നുമില്ല. ബന്ധത്തിന്റെ അദൃശ്യമായ ഒരു ചരട് അവിടെയുണ്ട്, യാതൊരു നിബന്ധനകളുമില്ലാതെ, വാശികളുമില്ലാതെ.

മസാല ചായയുടെ രുചി നുണഞ്ഞ് പരദൂഷണം പുരോഗമിക്കുമ്പോള്‍ ആന്റണിയുടെ വിളി വന്നു. അവനും ഏറണാകുളത്തുണ്ട്. ഞാന്‍ എവിടെയാണെന്ന് അറിയാന്‍ വിളിച്ചതാണ്. ”നീ ടീ ഫാക്ടറിയിലേക്ക് വരൂ. ഇവിടെ ഹേമയുമുണ്ട്” ഞാന്‍ പറഞ്ഞു. അവന്‍ കൂടി വരുന്നു എന്ന് പറഞ്ഞപ്പോള്‍ ഹേമക്ക് ഉത്സാഹമായി. കാത്തിരുന്ന് കുറച്ചു കഴിഞ്ഞപ്പോള്‍ അവനെത്തി.

”എന്ത് പറ്റി നിനക്ക്. ഇതെന്ത് തടിയാണ്. നിന്നെ കാണുമ്പോള്‍ എനിക്ക് തന്നെ ശ്വാസം മുട്ടുന്നു” വര്‍ഷങ്ങള്‍ക്ക് ശേഷം ഹേമയെ കണ്ട അവന്റെ ആദ്യ പ്രതികരണം വാക്കുകളായി കൊഴിഞ്ഞു വീണു.

സന്തോഷത്തോടെ അവന്റെ വരവും കാത്തിരുന്ന ഹേമയുടെ മുഖത്തേക്ക് ഞാന്‍ പാളി നോക്കി. ബലൂണിലെ കാറ്റഴിച്ചു വിട്ടപോലെയായിരിക്കുന്നു ഹേമ. അവളുടെ ഉത്സാഹം അപ്രത്യക്ഷമായിരിക്കുന്നു. ഒരു കൊടുംകാറ്റു പോലെ സങ്കടം ആ മുഖത്തെ സന്തോഷം കവര്‍ന്നെടുത്തിരിക്കുന്നു. അവളുടെ മൂഡ് മാറിയിരിക്കുന്നു. അവന്‍ ചറപറ എന്തൊക്കെയോ സംസാരിച്ചു കൊണ്ടിരിക്കുന്നു. എന്തൊക്കെയോ മറുപടി പറഞ്ഞെന്നു വരുത്തി വീട്ടില്‍ എത്തേണ്ട ഒരാത്യാവശ്യമുണ്ടെന്ന് പറഞ്ഞ് ഹേമ പെട്ടെന്ന് സ്‌കൂട്ടായി.

”നീ എന്ത് പണിയാണ് കാണിച്ചത്? വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടുമുട്ടുന്ന ഒരാളോട് ഇങ്ങിനെയാണോ സംസാരിക്കുക. അവള്‍ക്ക് നല്ല തടിയുണ്ട് എന്നത് വാസ്തവം തന്നെ. അതിലെന്താണ് പ്രശ്‌നം? വേറെ എത്രയോ നല്ല കാര്യങ്ങള്‍ സംസാരിക്കുവാന്‍ കിടക്കുന്നു. നീയവളുടെ മൂഡ് കളഞ്ഞില്ലേ? ഞാന്‍ ചോദിച്ചു.

”ഞാന്‍ സത്യമല്ലേ പറഞ്ഞത്. അതിലെന്ത് തെറ്റ്?” ആന്റണിയുടെ മറുചോദ്യം.

ശരിയാണ് നമ്മള്‍ സത്യമേ പറയൂ. നമ്മള്‍ പരസ്പരം കാണുമ്പോള്‍ പറയുന്ന ഈ സത്യങ്ങളെക്കുറിച്ച് ഒന്ന് ആലോചിച്ച് നോക്കാം. തടിയൊക്കെ കുറഞ്ഞ് മെലിഞ്ഞ ഒരു സുഹൃത്തിനെ കാണുമ്പോള്‍ നമ്മുടെ പ്രതികരണം മിക്കവാറും ഇങ്ങിനെയായിരിക്കും.

”അയ്യോ, ഇതെന്ത് പറ്റി. തടിയൊക്കെ പോയി ആകെ മെലിഞ്ഞ് കോലം കെട്ട് പോയല്ലോ. അസുഖം വല്ലതുമുണ്ടോ?

തടി കുറക്കാന്‍ ജിമ്മിലൊക്കെ പോയി ശരീരം ഒന്ന് സ്ലിം ആക്കി തുടങ്ങിയിരിക്കുകയാണ്. അപ്പോഴാണ് ഈ ചൊറിഞ്ഞ ചോദ്യം. മെലിഞ്ഞവന്‍ തടി വെച്ചാലും തടിച്ചവന്‍ മെലിഞ്ഞാലും നമ്മള്‍ വെറുതെ വിടുകയില്ല.

”തലമുടിയൊക്കെ ആകെ നരച്ചല്ലോ. ഇപ്പോള്‍ കണ്ടാല്‍ നിന്റെ ഭാര്യയുടെ അച്ഛനാണെന്നേ പറയൂ. എന്ത് പറ്റിയെടാ നിനക്ക്” അല്ലെങ്കില്‍ ”മൊത്തം കഷണ്ടിയായല്ലോ. കണ്ടാല്‍ കിളവനെപ്പോലെയുണ്ട്.” അല്ലെങ്കില്‍ ”നീയാകെ കറുത്തു പോയല്ലോ. ആ മുഖശോഭയൊക്കെ പോയി.” ഇതൊക്കെ നമ്മുടെ ചെറിയ ചില വികൃതികള്‍ മാത്രം.

എത്ര ഉത്സാഹത്തോടെ വരുന്നവനാണെങ്കിലും ഈ ചോദ്യങ്ങള്‍ കേട്ടാല്‍ വീണിതല്ലോ കിടക്കുന്നു ധരണിയില്‍ ശോണിതവുമണിഞ്ഞല്ലോ ശിവ ശിവ എന്ന മട്ടിലാവും പിന്നീടുള്ള കാര്യങ്ങള്‍.

മലയാളിയുടെ വിശേഷങ്ങള്‍ ഇങ്ങനെയാണ്. ഒരാളേയും നമ്മള്‍ വെറുതെ വിടുകയില്ല. സംഭാഷണത്തിനിടയില്‍ ഇങ്ങനെ എന്തെങ്കിലും പറഞ്ഞില്ലെങ്കില്‍ നമുക്ക് മനസ്സമാധാനമില്ല. നമ്മുടെ ദൃഷ്ട്ടി ആദ്യം സ്‌കാന്‍ ചെയ്യുന്നത് ബാഹ്യരൂപമാണ്. നെഗറ്റീവ് ആയുള്ള ഇത്തരം പരാമര്‍ശങ്ങള്‍ നമ്മുടെ ട്രേഡ്മാര്‍ക്കുകള്‍ ആയി മാറിയിരിക്കുന്നു. കറുത്ത വര്‍ഗ്ഗക്കാരനെ ഇകഴ്ത്തുന്ന വെളുത്ത വര്‍ഗ്ഗകാരന്റെ മനോവൈകല്യം അറിയാതെയെങ്കിലും നമ്മെ ബാധിച്ചിരിക്കുന്നു.

ഹേമയെ കാണുമ്പോള്‍ ആന്റണി ഇങ്ങനെ പറഞ്ഞിരുന്നെങ്കില്‍ ”നീയിപ്പോള്‍ കൂടുതല്‍ സുന്ദരിയായിരിക്കുന്നു. അന്ന് നിനക്കിത്ര തടിയുണ്ടായിരുന്നില്ല. പക്ഷേ നിനക്കിതാണ് നല്ലതെന്ന് എനിക്ക് തോന്നുന്നു. മുഖമൊക്കെ ആകെ തുടുത്തിരിക്കുന്നു. കൊള്ളാം.” ഹേമയുടെ ദിനം എത്ര സുന്ദരമാകുമായിരുന്നു. അല്ലെങ്കില്‍ അവന് ഈ കാര്യം ശ്രദ്ധിക്കാതെ വിട്ടുകളയാമായിരുന്നു. ഹേമയുടെ മനസ്സില്‍ കൂടുതല്‍ തീ കോരിയിട്ടതല്ലാതെ അവന്‍ പറഞ്ഞ വാക്കുകള്‍ കൊണ്ട് എന്ത് പ്രയോജനം.

നമ്മള്‍ സാഡിസ്റ്റുകളായി മാറിയിരിക്കുന്നു. നല്ല വാക്കുകള്‍ ഒരു വ്യക്തിയെ പ്രചോദിപ്പിക്കുന്നത് പോലെ തന്നെ മോശം വാക്കുകള്‍ അവരെ തളര്‍ത്തും. തന്റെ മുടി കൊഴിയുന്നതില്‍ അതീവ ദുഃഖമുള്ള ഒരാളെ കൂടുതല്‍ ദുര്‍ബലനാക്കുവാനെ അയാളുടെ കഷണ്ടിയെക്കുറിച്ചുള്ള പരാമര്‍ശം സഹായിക്കുകയുള്ളൂ. പറയുന്നയാള്‍ക്കും കേള്‍ക്കുന്നയാള്‍ക്കും ദോഷമല്ലാതെ ഗുണമുണ്ടാക്കുന്ന കാര്യങ്ങള്‍ ഒന്നും തന്നെ ഈ ഭാഷണങ്ങളില്‍ സംഭവിക്കുന്നില്ല.

മനുഷ്യനില്‍ മാറ്റങ്ങള്‍ വന്നുകൊണ്ടേയിരിക്കുന്നു. മെലിഞ്ഞ ആള്‍ തടിക്കും. തടിച്ച ആള്‍ മെലിയും. കറുത്ത മുടി വെളുക്കും. മുടി പോവുകയും വരികയും ചെയ്യും. ചിലപ്പോള്‍ ആളുകള്‍ കറുക്കുകയും വെളുക്കുകയും ചെയ്യും. കാലങ്ങള്‍ കടന്നു പോകവേ ഇതൊക്കെ സ്വാഭാവികമായി സംഭവിച്ചു കൊണ്ടിരിക്കും. ഒരാളെ കാണുമ്പോള്‍ നാം പറയുന്ന വാക്കുകള്‍ എന്തുകൊണ്ട് അവര്‍ക്ക് സന്തോഷം നല്കുന്നതായിക്കൂടാ?

ഇത്തരം വാക്കുകളും പരാമര്‍ശങ്ങളും നമുക്ക് ഉപേക്ഷിക്കാം. പകരം മറ്റുള്ളവര്‍ക്ക് സന്തോഷം നല്‍കുന്ന വാക്കുകള്‍ പറയാന്‍ ശ്രദ്ധ ചെലുത്താം. മറ്റൊരാളുടെ ആത്മവിശ്വാസവും സന്തോഷവും വര്‍ദ്ധിപ്പിക്കുവാന്‍ നല്ല വാക്കുകളെ നാം ഉപയോഗിക്കുമ്പോള്‍ അത് നമ്മുടെ വ്യക്തിത്വത്തെ കൂടുതല്‍ സുന്ദരമാക്കുന്നു.

 

Leave a comment